Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ലബുകളും വായനശാലകളും സാംസ്കാരിക സംഘടനകളും ഏറ്റടുത്തു; ബാലസംഘവും ഡിവൈഎഫ്ഐയും നാടകം പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു; സോഷ്യൽമീഡിയയിലും തരംഗമായി; പുതുതായി ബുക്കിങ്ങ് വേണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് നിരവധി കോളുകൾ; ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയിൽപെട്ട് പിൻവലിച്ച കിത്താബ് നാടകം വൻ ഹിറ്റ്!

ക്ലബുകളും വായനശാലകളും സാംസ്കാരിക സംഘടനകളും ഏറ്റടുത്തു; ബാലസംഘവും ഡിവൈഎഫ്ഐയും നാടകം പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു; സോഷ്യൽമീഡിയയിലും തരംഗമായി; പുതുതായി ബുക്കിങ്ങ് വേണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് നിരവധി കോളുകൾ; ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയിൽപെട്ട് പിൻവലിച്ച കിത്താബ് നാടകം വൻ ഹിറ്റ്!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ഓരോ തുള്ളിചോരയിൽനിന്നും ഒരായിരംപേർ എഴുനേൽക്കുമെന്ന' മുദ്രാവാക്യമൊക്കെ പഴഞ്ചനായെങ്കിലും എന്തിനെ അടിച്ചമർത്തുന്നുവോ അതിനെതിരെ ശക്തമായ വികാരവും പ്രതിപ്രവർത്തനവും ഉണ്ടാകുമെന്നതാണ് ചരിത്രം. തസ്ലീമ നസ്രീന്റെ 'ലജ്ജ' നോവൽ തൊട്ട് നമ്മുടെ നാട്ടിലെ 'ക്രിസ്തുവിന്റെ ഒന്നാം തിരുമുറിവ്' നാടകംവരെയുള്ള വിവാദങ്ങൾ ഓർത്തുനോക്കുക. നിരോധനവും ഭീഷണികളും അവയുടെയൊക്കെ പ്രശസ്തി വർധിപ്പിച്ചിട്ടേയുള്ളൂ. അതുപോലെ തന്നെയാണ് ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് സംസ്ഥാന സ്്കൂൾ കലോൽസവത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട റഫീഖ് മംഗലശ്ശേരിയുടെ നാടകം 'കിത്താബും'.
ഒരു വേദി നിഷേധിച്ചാൽ നാടകത്തിന് ആയിരം വേദികളൊരുങ്ങുമെന്ന പ്രഖ്യാപനത്തോടെ കിത്താബ് നാടകം ഇന്നലെ വീണ്ടും അരങ്ങിലെത്തി. വർഗീയവാദികളുടെ തീട്ടൂരങ്ങൾക്ക് കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അടിയറ വയ്ക്കാൻ പുതുതലമുറ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് ബാലസംഘം ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് കിത്താബ് വീണ്ടും തുറന്നത്. സമ്മേളന വേദിയായ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിനു മുന്നിലാണ് നാടകം അരങ്ങേറിയത്. ജില്ലാ പ്രസിഡന്റ് ഡി.അനന്തലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം തനിമ ചോരാതെ 'കിത്താബ് ' തുറന്നു വച്ചപ്പോൾ അറിയാനും ആസ്വദിക്കാനും നാട് ഒഴുകിയെത്തി.

തുടർന്നും നാടകം അവതിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളാണ് സംവിധായകൻ റഫീഖ് മംഗലശ്ശേരിയെ തേടിയെത്തുന്നത്.
നിരവധി ക്ലബുകളും വായനശാലകളും സാംസ്കാരിക സംഘടനകളും നാടകം ഏറ്റടുത്തുകഴിഞ്ഞു. സിപിഎം സംഘടനയായ ബാലസംഘവും ഡിവൈഎഫ്ഐയും നാടകം പ്രചരിപ്പിക്കാൻ ഇപ്പോൾ മുന്നിൽ നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇപ്പോൾ കിത്താബ് തരംഗമാണ്.

ആലപ്പുഴയിലെ അവതരണത്തിന് സമാപനം കുറിച്ച് 'ഒരു വേദി നിഷേധിച്ചാൽ നാടകത്തിന് ആയിരം വേദികളൊരുങ്ങുമെന്ന' മുഖ്യകഥാപാത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്ത കാണികൾ നിലയ്ക്കാത്ത കൈയടികളുമായി നാടകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പള്ളിയിൽ ബാങ്ക് വിളിക്കാനും മലകയറാനും പെൺകുട്ടികൾക്ക് എന്താണ് തടസമെന്ന നാടകത്തിലെ ചോദ്യം സദസ് ഏറ്റെടുത്തു. അവതരണത്തിനുശേഷം കാണികൾ ആസാദി മുദ്രാവാക്യം മുഴക്കിയത് വർഗീയവാദികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന പ്രഖ്യാപനമായി.

തിരക്കഥാകൃത്തും സംവിധായകനുമായ റഫീഖ് മംഗലശേരി നൽകിയ തിരക്കഥ നാലുദിവസംകൊണ്ടാണ് കുട്ടികൾ പരിശീലിച്ചത്. നാടകപ്രവർത്തകൻ ശിവകുമാർ തായങ്കരിയുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. ഷാഹിനയും ഉമ്മുക്കുൽസുവുമായി ആർച്ച ബി അനിലും ബീയാത്തുവായി അനന്തലക്ഷ്മിയും മുക്രിയായി അതുൽ രാധാകൃഷ്ണനും അൻഷാദിന്റെ വേഷത്തിൽ ശ്രീശങ്കറും അരങ്ങിലെത്തി. സേതു സത്യൻ, അളകനന്ദ, ഷിഞ്ജിത എന്നിവരും വേഷമിട്ടു. വേനൽത്തുമ്പി കലാജാഥ അംഗങ്ങളാണ് അരങ്ങിലെത്തിയത്. വൻപൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

നേരത്തെ കിത്താബ് നാടകം സംസ്ഥാനം മുഴുവൻ അവതരിപ്പിക്കാൻ തയ്യാറെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും'' എന്നാണ് സച്ചിൻ ദേവിന്റെ കുറിപ്പ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാടക വേദിക്ക് മുന്നിലിരുന്ന് 'കിത്താബി'ൽ കഥാപാത്രങ്ങളായ വിദ്യാർത്ഥികൾ കരഞ്ഞത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി നിലപാട് അറിയിച്ചത്. 'അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്..കിത്താബിന്റെ ചർച്ചകൾ കോഴിക്കോട് ജില്ല കലോത്സവവേദിയിൽനിന്നും തുടങ്ങിയപ്പോൾ തന്നെ അർത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങൾ.. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേർക്കുന്നു..വിദ്യാർത്ഥികൾ അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും.. ഒപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ഇനിയും ഏറ്റെടുക്കും,' എന്നാണ് സച്ചിൻ ദേവ് കുറിച്ചത്

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മേമുണ്ട എച്ച്എസ്എസ് അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ നാടകമാണ് കിത്താബ്. മതവിരുദ്ധത ആരോപിച്ച് ഒരു വിഭാഗം വർഗീയ വാദികൾ സ്‌കൂളിലേക്ക് മാർച്ച് നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ നാടകം സംസ്ഥാന കലോത്സവത്തിൽ നിന്ന് പിൻവലിച്ചു. ഇതിനെതിരെ കുട്ടികൾ കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.

മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ ബാങ്ക് വിളിക്കാൻ അനുവദിക്കുന്നില്ല എന്നതായിരുന്നു നാടകത്തിലെ പ്രമേയം. പുരുഷന്മാരുടെ വാരിയെല്ലിൽ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന് നാടകത്തിൽ ഉപ്പ ഉമ്മയോട് പറയുന്നുണ്ട്. അതുകൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയേ ഉണ്ടാകുകയുള്ളൂ എന്ന് കിതാബ് ഉയർത്തി കൊണ്ട് നാടകത്തിൽ പറയുന്നുണ്ട്. ഇത് കേട്ട മകൾ പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീക്കൂള്ളുവെന്ന് വിളിച്ചു പറയയുന്നു. പുരുഷൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി ഭക്ഷണം സ്ത്രീ കഴിച്ചാൽ മതിയെങ്കിൽ വസ്ത്രത്തിന്റെ പകുതി മാത്രം സ്ത്രീ ധരിച്ചാൽ പോരെയെന്നാണ് ചോദ്യം. എന്നാൽ ബുദ്ധി പകുതിയാണെങ്കിൽ വസ്ത്രം ഇരട്ടി ധരിക്കണമെന്ന് കിത്താബിലുണ്ടെന്ന് പിതാവ് ഓർമ്മിപ്പിക്കുന്നു. സ്വർഗത്തിൽ പുരുഷന്ഹൂറിമാരെ കിട്ടുന്നതുപോലെ സ്ത്രീകൾക്ക് ഹൂറന്മാരെ കിട്ടുമോയെന്നും നാടകം ചോദിച്ചത് വലിയ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP