- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
കൊച്ചി: വാഹനാപകടത്തിൽ രണ്ടു യുവഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് കാരണമാണെന്ന് സൂചന. പറവൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാൻ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോയി. കാർ പുഴയിലേ്കും വീണു.
എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോയ ഇവർ വഴി തെറ്റി കടൽവാതുരുത്ത് കടവിലേക്കുള്ള റോഡിലേക്ക് കയറുകയായിരുന്നു. റോഡ് അവസാനിക്കുന്നിടത്തു പുഴയാണെന്നു മനസ്സിലാകാതിരുന്നതാണ് അപകടകാരണമെന്നു പറയുന്നു. എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. അപകടം നടന്ന ഉടനെ കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും മുങ്ങിത്താഴ്ന്നു. ഇതാണ് രണ്ടു പേരുടെ ജീവനെടുത്തത്.
നാലു ഡോക്ടർമാരും ഒരു നേഴ്സും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. കനത്ത മഴയെത്തുടർന്ന് കാഴ്ച വ്യക്തമായിരുന്നില്ല. പുഴയിൽ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാർ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. റോഡിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നാണ് കരുതിയത്. അതിവേഗത്തിലെത്തിയ കാർ പുഴയിലേക്ക് ചാടി.
കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മതിലകം പാമ്പിനേഴത്ത് അജ്മൽ (27), കൊല്ലം സ്വദേശി അദ്വൈത് (27) എന്നിവരാണു മരിച്ചത്. ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ഞായറാഴ്ച പുലർച്ചെ 12.30ന് ഗോതുരുത്ത് കടൽവാതുരുത്തിൽ പെരിയാറിന്റെ കൈവഴിയിലാണ് അപകടം. മൂന്നു ഡോക്ടർമാരും ഒരു മെയിൽ നഴ്‌സും ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡോ.ഖാസിക്, മെയിൽ നഴ്‌സായ ജിസ്‌മോൻ, മെഡിക്കൽ വിദ്യാർത്ഥിനിയായ തമന്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഗോതുരുത്ത് കടൽവാതുരുത്തിൽ അപകടം കണ്ട അബ്ദുൾ ഹക്ക് എന്ന സുഹൃത്തുക്കളെ ഫോണിൽ കാര്യമറിയിച്ചു. കയർ സംഘടിപ്പിച്ച് ഹക്കിന്റെ അരയിൽകെട്ടി പുഴയിലേക്ക് എടുത്തുചാടി. ആദ്യം കൂട്ടത്തിലുണ്ടായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് രണ്ടുപേരെക്കൂടെ രക്ഷപ്പെടുത്തി. മരിച്ച രണ്ടുപേർ ഒഴുക്കിൽപ്പെട്ട് ദൂരേക്കുപോയി. പുഴയിലെ അടിയൊഴുക്കും മഴയെത്തുടർന്നുള്ള തണുപ്പും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.
മൂന്നുപേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മറ്റുരണ്ടുപേർ പൂർണ്ണമായും മുങ്ങിപ്പോയിരുന്നു. അവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹക്ക് പറഞ്ഞു. പിന്നീട് ഫയർഫോഴ്സ് എത്തി രണ്ടുമണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വടംകെട്ടി വലിച്ചായിരുന്നു കാർ പുഴയിൽനിന്ന് പുറത്തെടുത്തത്.
നേരത്തെ ഒരു ഓട്ടോറിക്ഷ വഴിതെറ്റി വന്ന് പുഴയിൽ വീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട മൂന്നു പേരെ ക്രാഫ്റ്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.