Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്ത് വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു; ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ ക്വട്ടേഷൻ കൊടുക്കുന്നു, ഇതല്ലേ സംഭവം? വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന്റെ ഗൂഢാലോചന പുറത്ത്; വെളിപ്പെടുത്തലുമായി മുൻ ലോക്കൽ സെക്രട്ടറി

ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്ത് വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു; ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ ക്വട്ടേഷൻ കൊടുക്കുന്നു, ഇതല്ലേ സംഭവം? വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന്റെ ഗൂഢാലോചന പുറത്ത്; വെളിപ്പെടുത്തലുമായി മുൻ ലോക്കൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫൊറൻസിക് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിൽ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇപ്പോൾ, ഇരട്ടക്കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രംഗത്തെത്തി. സിപിഎം വിട്ട്‌സിപിഐയിൽ ചേർന്ന ഡി സുനിലാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സിപിഎം നേതാവും എംഎൽഎയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സുനിൽ പറയുന്നു. ബൈക്കിൽ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ 2020 ഓഗസ്റ്റ് 30ന് രാത്രിയിൽ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തി 9 പേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പൊലീസ് കുറ്റപത്രം നൽകിയത്

കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച സിപിഎം ഗൗരവത്തോടെയാണ് സംഭവം ചർച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നൽകി. സിപിഎം നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോൾ കേരള പൊലീസ് തന്നെ കേസ് തെളിയിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം

ഡി സുനിലിന്റെ പോസ്റ്റിൽ പറയുന്നത്:

'തിരുവോണനാളിൽ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് തെറി വിളിച്ചത് നിങ്ങൾ തന്നെയല്ലേ... ഞങ്ങൾ ആണോ?. ആ തിരുവോണനാളിൽ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാൽ അറിയാം എന്തുകൊണ്ട് തെറിവിളി കേൾക്കേണ്ടി വന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ ക്വട്ടേഷൻ കൊടുക്കുന്നു ഇതല്ലേ സംഭവം?. ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങൾ വാഴ്‌ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങൾക്ക് വസ്തുതകൾ നന്നായി അറിയാം'-സുനിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

കൊലപാതകത്തിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകം എന്നാരോപിച്ച് കോൺഗ്രസിന്റെ നേതാക്കൾക്കും ഓഫീസുകൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് തുടക്കത്തിൽ വ്യക്തമാക്കിയ പൊലീസിന് സിപിഎം ഭീഷണിക്കും സമ്മർദ്ദത്തിനും പിന്നാലെ നിലപാട് മാറ്റേണ്ടിവന്നു.

സിപിഎമ്മിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ഒരു സിപിഎം എംഎൽഎയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും അടൂർ പ്രകാശ് എംപി തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി. എന്നാൽ അടൂർ പ്രകാശ് എംപിക്കെതിരെയും സിപിഎം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനും ശ്രമമുണ്ടായി. സംഭവത്തിൽ വാമനപുരം എംഎൽഎയുടെയും മകന്റെയും പങ്ക് അന്വേഷണവിധേയമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണം എന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.

ഡി സുനിലിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം:

സിപിഎം നെല്ലനാട് ലോക്കൽ കമ്മിറ്റിക്ക് വ്യക്തിപരമായ ചില കാരണങ്ങളാൽ മറുപടി എഴുതാൻ വൈകിയതാണ്.. അല്ലാതെ ഭയന്നു മാറി നിന്നതല്ല. ഞാൻ എന്റെ പ്രദേശത്ത് സംഘടനാ പ്രവർത്തനം നടത്തി ആ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയാണ് ഞാൻ നേതൃസ്ഥാനത്തേക്ക് കടന്നുവന്നത്. അതിന്റെ ഭാഗമായി ഞാൻ നിരന്തരം വേട്ടയാടലും ആക്രമണങ്ങൾക്കും വിധേയനായി അപ്പോഴും ഞാൻ ഒരു ഭീഷണിക്കുമുന്നിലും പതറിയിട്ടില്ല. അതുകൊണ്ട് സ്‌നേഹപൂർവ്വം ഒരു കാര്യം ഓർമ്മപെടുത്താം എന്നെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാം എന്ന് കരുതണ്ട...

ഇനി വിഷയത്തിലേക്ക് വരാം.. എന്നെ നിങ്ങളുടെ പാർട്ടി പുറത്താക്കുന്നത് വരെ ഞാൻ ശരിയായിരുന്നു. എനിക്കെതിരെ നടപടി എടുത്തതിനുശേഷം നിങ്ങളുടെ ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറി നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ എന്താണ് പറഞ്ഞത് മെമ്പർഷിപ്പ് കൃത്യമായി തരാത്തതിന് ചെറിയൊരു നടപടി എന്നാണ്. എനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാനില്ലാതെ വല്ലാതെ പതറുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്. എന്റെ നിലവിലെ സംഘടനാപ്രവർത്തനം നിങ്ങളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട് എന്ന് എനിക്കറിയാം അതുകൊണ്ടാണല്ലോ വ്യക്തിപരമായ ആക്ഷേപങ്ങൾ ഇപ്പോൾ പറയുന്നത്. നിങ്ങൾ പറഞ്ഞാലേ എനിക്കും പറയാൻ പറ്റൂ അതുകൊണ്ട് നമ്മൾക്ക് ഇത് തുടരാം.

ഇനി റിയൽ എസ്റ്റേറ്റ് ബന്ധത്തെ സംബന്ധിച്ച് ചർച്ച ചെയ്യാം. തണ്ണീർത്തടം നികത്തി തേക്ക് മോഷണം നടത്തി വൻതോതിൽ ഭൂമി കയ്യേറ്റം നടത്തുന്ന ഒരു എൽ സി സെക്രട്ടറി ഒരുഭാഗത്ത്. 10 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കി നാടാകെ ഭൂമി വാങ്ങിക്കൂട്ടുന്ന മറ്റൊരു എൽ സി സെക്രട്ടറി. ഭൂമി തരം മാറ്റാനും, വസ്തു കച്ചവടം, പാറ, മണ്ണ് നിലംനികത്തൽ, കോറികളിൽ സീനിയോറിറ്റിക്ക് വരെ റേറ്റ് പറഞ്ഞു ഉറപ്പിക്കുന്ന ഏരിയ സെക്രട്ടറി. ഇതെല്ലാം നിങ്ങൾക്കും അറിയാം ഈ നാട്ടിലെ ജനങ്ങൾക്കും അറിയാം. പാവം നിങ്ങൾ ന്യായീകരണ തൊഴിലാളികൾ..... നിങ്ങളുടെ ഏരിയ കമ്മിറ്റി അംഗത്തെയും ഏരിയാ സെക്രട്ടറിയേയും പൊലീസ് 14/ 2/ 2022 ന് പിടിച്ചതും പെറ്റി അടിച്ചതും മദ്യപിച്ച് വാഹനം ഓടിച്ചതുകൊണ്ടാണ് എന്ന് ഞങ്ങൾ ആരോടും പറയുന്നില്ല അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്.

മദ്യപാനത്തെ സംബന്ധിച്ച് നിങ്ങൾ വലിയ പ്രസംഗം നടത്തുമ്പോൾ ചില കാര്യങ്ങൾ പറയാതെ പോകുന്നത് ശരിയല്ല. നിങ്ങളുടെ വലിയ ജനപ്രതിനിധി വീട്ടിലേക്ക് കയറി പോകുന്നത് മദ്യപന്മാരുടെ ഇടയിൽ കൂടി അവരുടെ ശർദ്ധിലിൽ ചവിട്ടി കൊണ്ടല്ലേ. നിങ്ങളുടെ പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗം മുതൽ പാർട്ടി അംഗം വരെ ഈ ലോക്ക് ഡൗൺ കാലത്ത് നടത്തിയ മദ്യ കച്ചവടത്തിന്റെ ലാഭം ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് അറിയാം. പിന്നെ കഞ്ചാവിന്റെ വിതരണത്തെയും ഉപയോഗത്തെയും സംബന്ധിച്ച് അന്വേഷണം നടത്താം. അന്വേഷണ ഏജൻസികൾ എല്ലാം നിങ്ങളുടെ കയ്യിൽ ഉണ്ടല്ലോ.

അന്വേഷണം നടത്തിയാൽ ആരൊക്കെയാണ് അകത്താക്കുന്നത് എന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ ഞാൻ പറയണമെങ്കിൽ അതും പറയാം നിങ്ങൾ പറഞ്ഞതുപോലെ ഫോട്ടോസും വീഡിയോസും ഇടുന്ന കളിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് പിന്നെ നിങ്ങളുടെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള നേതാക്കന്മാരെ സംബന്ധിച്ച് ഞാനൊന്നും പറയുന്നില്ല....2020 തിരുവോണനാളിൽ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് തെറി വിളിച്ചത് നിങ്ങൾ തന്നെയല്ലേ. ഞങ്ങൾ ആണോ?. ആ തിരുവോണനാളിൽ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാൽ അറിയാം എന്തുകൊണ്ട് തെറിവിളി കേൾക്കേണ്ടിവന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ ക്വട്ടേഷൻ കൊടുക്കുന്നു ഇതല്ലേ സംഭവം?. ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങൾ വാഴ്‌ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങൾക്ക് വസ്തുതകൾ നന്നായി അറിയാം. കൂടെ നടക്കുമ്പോഴും , കൂട്ടിരിക്കുമ്പോഴും ഒരുമിച്ച് അത്താഴമുണ്ണുമ്പോഴും നിങ്ങളിൽ പലരുടേയും കണ്ണ് മറ്റവന്റെ സ്വകാര്യതകളിലേക്കാണല്ലോ കസ്തൂരിമാനിന്റെ കസ്തൂരിക്ക് മാത്രമേ മണം കാണുകയുള്ളൂ മലത്തിന് നല്ല നാറ്റം തന്നെ ആയിരിക്കും. അതും നിങ്ങൾക്ക് മണം ആണെങ്കിൽ ചുമന്ന് നടന്നോളൂ..... ഞങ്ങളുടെ മേൽ ചാരാൻ നിൽക്കണ്ട ......

സംവാദം തുടരണമെന്ന ആഗ്രഹത്തോടെ
ഡി സുനില്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP