തിരുവനന്തപുരം : സോളാർ പീഡന കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി കോടതി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി തള്ളിയാണ് കോടതി നടപടി.

എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

എംഎ‍ൽഎ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡനെതിരായ ആരോപണം. ഇത് സംബന്ധിച്ച് സിബിഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകുകയായിരുന്നു.

തിരുവനന്തപുരം സി.ജി.എം. കോടതി പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കുകയും തുടർന്ന് പരാതി തള്ളുകയുമായിരുന്നു. കേസിൽ തെളിവില്ലെന്ന സിബിഐ. റിപ്പോർട്ടിന് അംഗീകാരം നൽകിയാണ് ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കിയത്.

സോളർ ലൈംഗികാരോപണത്തിൽ കോൺഗ്രസ് നേതാക്കളെ കുടുക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്നു സിബിഐയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. കോൺഗ്രസ് എംപി ഹൈബി ഈഡനെതിരായ ആരോപണത്തിൽ തെളിവില്ലെന്നു കണ്ടെത്തി കഴിഞ്ഞ ഡിസംബറിലാണ് മജിസ്ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിലാണ് സിപിഎം നേതാക്കളുടെ പങ്കിനെപ്പറ്റി പരാമർശമുള്ളത്.

ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ അന്തിമ റിപ്പോർട്ടിലും സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബി കേസിലെ വിലയിരുത്തൽ പുറത്തു വരുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് ഉമ്മൻ ചാണ്ടിക്ക് വിനയായതെന്ന വിലയിരുത്തലിനിടെയാണ് ഹൈബിക്കെതിരായ കേസിലെ കണ്ടെത്തലും ചർച്ചയാകുന്നത്.

പുതുതായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നതിങ്ങനെ ''...ഫെനി ബാലൃകൃഷ്ണൻ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ (പരാതിക്കാരിയുടെ) പേരിലുണ്ടായിരുന്ന 50 സാമ്പത്തിക തട്ടിപ്പു കേസുകളിൽ അഭിഭാഷകനായിരുന്നു. ചില രാഷ്ട്രീയക്കാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നു 2013ൽ പരാതിക്കാരി ഫെനിയോടു പറഞ്ഞു. എന്നാൽ പരാതി നൽകാൻ ഉപദേശിച്ചപ്പോൾ അവർ കേട്ടില്ല. പരാതി നൽകാതിരിക്കുന്നതിനുവേണ്ടി രാഷ്ട്രീയ നേതാക്കളുമായി വിലപേശി പണം നേടാനാണ് അവർ ശ്രമിച്ചത്. ഉറപ്പു ലഭിച്ച പണം കിട്ടാതെ വന്നപ്പോൾ അവർ ഹൈബി അടക്കമുള്ള നേതാക്കൾക്കെതിരെ പരാതി നൽകി. സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ തന്നെ സമീപിച്ചു കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയുമായി മുന്നോട്ടു പോകാൻ പരാതിക്കാരിയെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെനി വെളിപ്പെടുത്തി.''

പരാതിക്കാരി എഴുതിയ ഒരു കത്ത് കണ്ടിരുന്നെന്നും അതിൽ ഹൈബിക്കെതിരായി പ്രത്യേക ആരോപണം ഇല്ലായിരുന്നുവെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയതായി സിബിഐ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ ആരോപണത്തിനു നേരിട്ടുള്ള തെളിവോ സാഹചര്യത്തെളിവോ കണ്ടെത്താനായില്ലെന്നും അന്തിമ റിപ്പോർട്ടിലുണ്ട്. അങ്ങനെയാണ് ഹൈബി കുറ്റവിമുക്തനായത്. സോളാർ പീഡനക്കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ് കിട്ടിയിരുന്നു.

2018 ൽ ക്രൈം ബ്രാഞ്ചിൽ നിന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പരാതിക്കാരിയുടെയും അടൂർ പ്രകാശിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളിൽ സിബിഐ സംഘം കൂടുതൽ പരിശോധനകളും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ഹൈബി ഈഡൻ എംപിക്കും പിന്നാലെ അടുർ പ്രകാശ് എംപിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. അതിന് ശേഷം ഉമ്മൻ ചാണ്ടിയേയും കെസി വേണുഗോപാലിനേയും അടക്കം കുറ്റവിമുക്തരാക്കി.

സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. 2012 ലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. പത്തനംതിട്ടയിലെ പ്രമാടത്തുള്ള സ്റ്റേഡിയത്തിൽ വെച്ചു പീഡിപ്പിച്ചെന്നും ബെംഗളൂരുവിലേക്കു ക്ഷണിച്ചെന്നുമാണ് പരാതിക്കാരി ആരോപിച്ചത്. സംഭവം നടന്ന് ആറു വർഷത്തിനു ശേഷം, 2018 ലാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെയണ് 2018 ൽ പിണറായി വിജയൻ സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സിബിഐ. അന്വേഷണം ആരംഭിച്ചത്.

സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിക്ക് പിന്നാലെ ലൈംഗികമായി ചൂഷണവും നടന്നു എന്നാണ് പരാതിക്കാരി നൽകിയിരുന്ന മൊഴി. ആറ് എഫ്.ഐ.ആറുകളിൽ ആദ്യം അന്വേഷിച്ചത് ഹൈബി ഈഡന്റെ കേസായിരുന്നു. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എംഎൽഎ.ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ഇതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നിരുന്നു. എന്നാൽ മൊഴിയിൽ പറയുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.