അഞ്ചൽ: അഞ്ചലിൽ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി.അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.12 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിക്ക് ആരോഗ്യപരമായി പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. എങ്കിലും പരിശോധനയ്ക്കായി കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ വൈകീട്ട് അഞ്ചരമണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.

അമ്മ വീട്ടിൽ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛൻ വീട്ടിൽ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാൽ, ഇരുവരുടെ പക്കൽ കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തെരച്ചിൽ നിർത്തി.

പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചിൽ പുനരാരംഭിച്ചു.പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. റബ്ബർ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്.

അതേസമയം കുട്ടി എങ്ങനെയാണ് കുന്നിൻ മുകളിലെ റബർ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.