- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല; ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും; ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
തൊടുപുഴ: ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് സി വി വർഗീസ് പറഞ്ഞു. നിർമ്മാണ നിരോധനത്തിൽ പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു കൊണ്ടാണ് വർഗീസിന്റെ പരാമർശം. അടിമാലിയിൽ ഇന്നലെ നടന്ന പാർട്ടി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി പ്രസംഗം.
''നിയമപരമായ വ്യവസ്ഥതകൾ ഉപയോഗിച്ച് പാർട്ടി ഇക്കാര്യങ്ങളെ നേരിടും. സിപിഎമ്മിന് ഇതിൽ ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനിയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമ്മാണ നിരോധനം മാറും. ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാൻ വച്ച പൈസ നൽകി സഖാക്കൾ നിർമ്മിച്ച ഓഫിസുകളാണിത്'' സി വി വർഗീസ് യോഗത്തിൽ പറഞ്ഞു. ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിലെ അനധികൃത പാർട്ടി ഓഫീസ് നിർമ്മാണത്തിനെതിരായ കേസുകൾ പരിഗണിക്കുമ്പോഴായിരുന്നു, വിഷയത്തിൽ പരസ്യ പ്രസ്താവന നടത്തരുതെന്ന് ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കോടതി നിർദ്ദേശം നടപ്പാക്കുക മാത്രമാണ് അമിക്കസ്ക്യൂറിയും ജില്ലാ കലക്ടറും ചെയ്യുന്നത്. ഇവർക്കെതിരെ പരസ്യപ്രസ്താവന പാടില്ലെന്നും കോടതി വാക്കാൽ നിർദേശിച്ചിരുന്നു. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം. പരസ്യപ്രസ്താവനകൾ നീതിനിർവഹണത്തെ തടസപ്പെടുത്തലായി കാണേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കലക്ടർ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ ഓഫീസ് നിർമ്മാണവുമായി സിപിഎം മുന്നോട്ടുപോകുകയായിരുന്നു. തുടർന്നാണ് സ്റ്റോപ്പ് മെമോ കർശനമായി നടപ്പാക്കാൻ ജില്ല കലക്ടറോട് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ കോടതി നിർദ്ദേശം നിലനിൽക്കെ അന്നുരാത്രിപോലും നിർമ്മാണം തുടർന്നു. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി കേസിൽ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയെ കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇതിനുശേഷം പല തവണ ജില്ലാ കലക്ടർക്കും അമിക്കസ്ക്യൂറിക്ക് നേരെയും ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പരസ്യപ്രസ്താവനകൾ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകൾ പാടില്ലയെന്നാണ് മൂന്നാർ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേകബഞ്ച് നിർദ്ദേശം നൽകിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് കോടതിയെ രേഖാമൂലം അറിയിക്കണം. കോടതി ഉത്തരവ് നടപ്പിലാക്കുകയാണ് ജില്ലാകലക്ടറും അമിക്കസ് ക്യൂറിയും നിർവഹിക്കുന്നത്.
ഇവർക്കെതിരെ ഇത്തരത്തിൽ എന്തെങ്കിലും പരസ്യപ്രസ്താവനകൾ നടത്തുകയാണെങ്കിൽ അത് നിർവഹണം തടസപ്പെടുത്തലായി കണക്കാക്കുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിലും ഹൈക്കോടതി അതൃപ്തി അറിയിച്ചു.