Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

അനിമോനെ പ്രതിയാക്കി കേസെടുക്കും; മദ്യനയത്തിൽ ഉഹാപോഹം പ്രചരിപ്പിച്ച് തൊടുപുഴക്കാരൻ പണപ്പിരിവിന് ശ്രമിച്ചെന്ന വിലയിരുത്തലിൽ നിയമ നടപടികൾ; മുതലാളിമാരുടെ സംഘടനയിലെ ബാക്കിയാരേയും തൽകാലം കുറ്റാരോപിതരാക്കില്ല; ബാർ കോഴയിൽ പഴിയൊഴിവാക്കാൻ കരുതലോടെ സർക്കാർ

അനിമോനെ പ്രതിയാക്കി കേസെടുക്കും; മദ്യനയത്തിൽ ഉഹാപോഹം പ്രചരിപ്പിച്ച് തൊടുപുഴക്കാരൻ പണപ്പിരിവിന് ശ്രമിച്ചെന്ന വിലയിരുത്തലിൽ നിയമ നടപടികൾ; മുതലാളിമാരുടെ സംഘടനയിലെ ബാക്കിയാരേയും തൽകാലം കുറ്റാരോപിതരാക്കില്ല; ബാർ കോഴയിൽ പഴിയൊഴിവാക്കാൻ കരുതലോടെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് കേസെടുത്തേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് തദ്ദേശ മന്ത്രി എംബി രാജേഷ് ഡിജിപി പരാതി നൽകിയത്. ബാർ മുതലാളിയായ അനിമോൻ തൊടുപുഴയെ പ്രതിയാക്കിയാകും കേസ് വരിക. മദ്യ നയത്തിൽ ഊഹാപോഹ പ്രചരണം നടത്തി സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചെന്ന കേസാകും ചുമത്തുക. വിശദ നിയമോപദേശം തേടിയാകും ഈ വിഷയത്തിൽ പൊലീസ് നടപടികൾ എടുക്കുക.

സംഭവത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഡിജിപിയെ സമീപിച്ചത്. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം എന്നാണ് പൊലീസ് മേധാവിക്ക് പരാതിയിലെ ആവശ്യം. സംഭവം ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. ഈ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്. അന്വേഷണം പ്രഖ്യാപിച്ചതിലൂടെ അഴിമതിയിൽ സർക്കാരിന് പങ്കില്ലെന്ന് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഡൽഹി മോഡൽ അഴിമതിയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.

ശബ്ദരേഖയുമായി ആരെങ്കിലും കോടതിയിൽ പോകാനുള്ള സാധ്യത സർക്കാർ കാണുന്നുണ്ട്. ഇതുകൂടി മനസ്സിലാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ കോടതി നിർദ്ദേശ പ്രകാരം അന്വേഷണം നടത്തേണ്ടി വന്നുവെന്ന ഭാവി വിലയിരുത്തലും സർക്കാരിന് ഒഴിവാക്കാം. കേസുണ്ടായാൽ തന്നെ കോടതിയിൽ കേസെടുത്ത കാര്യം ബോധ്യപ്പെടുത്താനും കഴിയും. ഇതും സർക്കാരിന് പ്രതിരോധമായി ഭാവിയിൽ മാറും. ഇതെല്ലാം കണക്കിലെടുത്താണ് കേസെടുക്കാനുള്ള നീക്കം.

അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിങ് ഫണ്ടിന് വേണ്ടിയാണെന്നും സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയിലെ ബാക്കിയുള്ളവരെല്ലാം ഈ വാദത്തെ അംഗീകരിക്കുമെന്നും ഉറപ്പാക്കും. അനിമോനെ ഒറ്റപ്പെടുത്തി ആരോപണത്തിന്റെ മുനയൊടിക്കലാണ് സിപിഎം ആലോചന. ഇതിന് കരുത്ത് പകരുന്നതാണ് സുനിൽകുമാറിന്റെ പ്രസ്താവന. അതിനിടെ ശബ്ദരേഖ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. അനിമോനെതിരെ കേസെടുക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇത്.

മദ്യനയത്തിന്റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾപോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ മദ്യനയത്തിൽ ഇങ്ങനെ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്ന് പറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നു എന്നുള്ളത് ഗൗരവമായാണ് കാണുന്നത്. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകും - മന്ത്രി വിശദീകരിച്ചു. ഒരുതരത്തിലും ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല. മദ്യനയം സർക്കാരാണ് ആവിഷ്‌ക്കരിക്കുന്നത്. അതിന്റെ ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ. ആ ചർച്ച നടക്കുന്നതിന് ഒരുമാസം മുൻപ് തന്നെ മാധ്യമങ്ങളിൽ സ്ഥിരമായി വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വാർത്തകളുടെ പശ്ചാത്തലത്തിൽ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി അക്കാര്യത്തിൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ശബ്ദരേഖ കലാപരിപാടി കഴിഞ്ഞ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണ്. തെറ്റായ പ്രവണതകളെ കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ചർച്ചകളിലേക്ക് കടക്കാത്തത്. മദ്യനയത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉറവിടം എന്താണെന്ന് അറിയില്ല. ഐടി പാർക്കിൽ അനുമതി നൽകുന്ന കാര്യം കഴിഞ്ഞ മദ്യനയത്തിൽ ഉള്ളതാണ്. തെറ്റായ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകാം ചിലർ പണപ്പിരിവിന് ഇറങ്ങിയതെന്നും മന്ത്രി പറയുന്നു. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.

''പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം'' ശബ്ദസന്ദേശത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP