- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല; അതിൽ ബ്രാഹ്മണ- അബ്രാഹ്മണ ഭേദമില്ല; പൂജ മുഴുവനാക്കാനുള്ള മേൽശാന്തിയുടെ ശ്രമം മന്ത്രി അയിത്തമായി തെറ്റിദ്ധരിച്ചു; വിശദീകരണവുമായി അഖില കേരളാ തന്ത്രിസമാജം
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണൻ ക്ഷേത്രത്തിൽ വെച്ച് ജാതിവിവേചനം നേരിട്ടു എന്ന വിഷയത്തിൽ ആരോപണം തള്ളി അഖില കേരള തന്ത്ര സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണെന്നാണ് അഖില കേരള തന്ത്രസമാജം വിശദീകരിക്കുന്നത്. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്ന് തന്ത്രിസമാജം വിശദീകരിച്ചു.
പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്കു കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കർമ്മം പൂർത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും തന്ത്രസമാജം പ്രസ്താവനയിൽ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നു.
യാഥാർത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർദ്ദ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളിൽ യഥാർത്ഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്നും അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും തന്ത്രിസമാജം സംഭവം വിശദീകരിച്ചിട്ടുണ്ട്.
പാർട്ടി ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചാണ് മന്ത്രിയക്ക് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്. പാർട്ടിയുടെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം ടി.പി. സുനിൽകുമാറാണ് ക്ഷേത്രം ട്രസ്റ്റിയുടെ ചെയർമാൻ. ഇദ്ദേഹമുൾപ്പടെ അഞ്ചംഗ ട്രസ്റ്റിയിലെ പാരമ്പര്യേതര വിഭാഗത്തിൽപെട്ട നാലുപേരും ഇടതുപക്ഷത്തുനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മന്ത്രിക്കുണ്ടായ അപമാനത്തിൽ പാർട്ടി പ്രാദേശിക നേതാക്കൾ പ്രതിസ്ഥാനത്തായി.
പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു മന്ത്രി അപമാനിക്കപ്പെട്ട സംഭവത്തിൽ ക്ഷേത്ര കമ്മിറ്റിക്കെതിരെ അന്നുതന്നെ വിമർശനമുയർന്നിരുന്നു. ആചാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് ഇത് അധികമാരുമറിയാതെ അന്ന് അവസാനിപ്പിക്കുകയായിരുന്നു. ജനുവരി 26ന് വൈകീട്ടാണ് പയ്യന്നൂർ നഗരത്തിനു സമീപത്തെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിന് മന്ത്രിയെത്തിയത്. പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം ഊഴം കാത്തിരുന്ന മന്ത്രി അപമാനിക്കപ്പെടുന്ന സാഹചര്യമാണ് അവിടെയുണ്ടായത്.
മേൽശാന്തി ആദ്യം വിളക്ക് കൊളുത്തിയശേഷം ദീപം കീഴ്ശാന്തിക്ക് നൽകി. ഇദ്ദേഹവും കൊളുത്തിയശേഷം മന്ത്രിക്ക് കൊടുക്കാതെ വിളക്ക് താഴെവെച്ചതാണ് മാസങ്ങൾക്കുശേഷം മന്ത്രിതന്നെ പൊതുവേദിയിൽ വെളിപ്പെടുത്തിയയത്. പൂജാരിമാർ വിളക്ക് കൊളുത്തിയശേഷം മറ്റൊരാൾക്ക് നൽകുന്നത് ആചാരലംഘനമാണെന്നാണ് വിശ്വാസം. ഇതെല്ലാം അറിയുന്ന ക്ഷേത്ര കമ്മിറ്റിക്കാർ എന്തിന് മന്ത്രിയെ അവിടേക്ക് കൊണ്ടുവന്നുവെന്നാണ് പാർട്ടിയുമായി ബന്ധമുള്ളവർതന്നെ ചോദിക്കുന്നത്. പൂജാരിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിലും മന്ത്രി അപമാനിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ല.
ടി.എം. മധുസൂദനൻ എംഎൽഎയും ക്ഷേത്ര കമ്മിറ്റി ചെയർമാനും അന്നുതന്നെ അബദ്ധം മനസ്സിലാക്കി. വിളക്ക് മന്ത്രിക്ക് നൽകാതെ താഴെവെച്ച നടപടിയിൽ മന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ വെച്ചുനീട്ടിയ വിളക്ക് നിരസിച്ചുതന്നെ മന്ത്രി രോഷം പ്രകടിപ്പിച്ചു. അധികമാരുമറിയാതെ കെട്ടടങ്ങിയ വിവാദമാണ് ഇപ്പോൾ വീണ്ടും സജീവമായത്.