കൊല്ലം: കടയ്ക്കലിൽ മൺവെട്ടി കൊണ്ട് ഭാര്യയുടെ അടിയേറ്റ് 59കാരൻ മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജുവാണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്.

പ്രിയങ്കയെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു സജുവും ഭാര്യ പ്രിയങ്കയും. വാടക വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം.ഹോം നഴ്‌സായിരുന്നു ഇവർ. ഒന്നര വർഷത്തിനിടെ പല വാടക വീടുകൾ മാറി താമസിക്കേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. ഈ വീടുകളിലെത്തി സജു പ്രശ്‌നമുണ്ടാക്കുന്നതായിരുന്നു കാരണം.

ഇന്നും സജു മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.