ആലപ്പുഴ: ആലപ്പുഴയിൽ വിവാഹപ്പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ, മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയർത്തിയ പന്തൽ അഴിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ലൈനിൽനിന്നാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.