കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരൻ കാർ നിർത്തി ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമൊഴിവായി. ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി ആദർശ് ഉടൻ കാർ നിർത്തി പുറത്തിറങ്ങി ദൂരെക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കാറിന്റെ ഡ്രൈവർ സീറ്റിലെ ലോക്ക് തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതാണ് വൻ ദുരന്തമൊഴിവാക്കിയത്. ആദർശ് ഇറങ്ങിയ ഉടനെ കാർ കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് ഏതാണ്ട് നൂറ് മീറ്റർ അകലെയുള്ള കണ്ണൂർ ഫയർഫോഴ്‌സെത്തി തീയണച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.

നാട്ടുകാരും പൊലിസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാർ കത്തിയതു കാരണം. ഈ റൂട്ടിൽ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ സ്ഥലത്ത് കാർ കത്തിയതിനെ തുടർന്ന് കുറ്റിയാട്ടുർ സ്വദേശികളായ ദമ്പതികൾ വെന്തുമരിച്ചിരുന്നു. അതിന്റെ നടുക്കം വിട്ടു മാറും മുൻപെയാണ് ഇതേ സ്ഥലത്ത് തന്നെ കാർ വീണ്ടും കത്തിയത്.

സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗവും പരിശോധനടത്തിവരികയാണ് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന പ്രാഥമിക സൂചന. കണ്ണൂർ ടൗൺ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള മിലിട്ടറി ക്യാന്റീൻ റോഡരികിലാണ് അപകടമുണ്ടായത്. വൈകുന്നേരങ്ങളിൽ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്. തൊട്ടടുത്തു നിരവധി ബസുകൾ പാർക്ക് ചെയ്യുന്ന ബസ് സ്റ്റാൻഡുമുണ്ട്.