കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. വളപട്ടണത്ത് ക്ഷേത്ര ഉത്സവത്തിനെത്തിയ സ്ത്രീകളും, കുട്ടികളുമടക്കം അൻപതോളം പേർ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. ചിറക്കൽ പുഴാതി തെരു ശ്രീ ഗണപതി മണ്ഡപം ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ അന്നദാനം നടന്നിരുന്നു.

അന്നദാനത്തിൽ പങ്കെടുത്തവരിൽ ചിലർ ക്ഷേത്രപറമ്പിൽ നിന്ന് ഐസ്‌ക്രീമും കഴിച്ചിരുന്നു. ഇതിനു ശേഷമാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 50 ഓളം പേർക്ക് ഛർദ്ദി, വയറിളക്കം , ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
ഛർദ്ദിയും, വയറിളക്കത്തെ തുടർന്ന് രാത്രിയോടെ അൻവിത (8) യെ ചാലമിംസ് ആശുപത്രിയിലും ദേവിക (9) യെ ധർമ്മശാലയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രപറമ്പിൽ വെച്ച് കഴിച്ച ഐസ്‌ക്രീമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐസ്‌ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന പരാതിയെതുടർന്ന് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.