കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെ ആക്രമണം. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയെ രണ്ടു പേർ ആക്രമിച്ച് മാല പൊട്ടിച്ചു. വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ച ശേഷം ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി മണ്ടൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം നടന്നത്. പുലർച്ചെ 5.40-ന് പഴയങ്ങാടിയിൽ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾപോലും കോച്ചിലേക്ക് വരാത്തതിനാൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.

എസ് 8 കോച്ചിലെ 54-ാം ബർത്തായിരുന്നു യുവതിയുടേത്. വണ്ടി നിർത്തിയിട്ടിരുന്നത് ഷൊർണൂരാണെന്ന് സംശയിക്കുന്നു. ശൗചാലയത്തിൽ പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്. ശ്വാസം മുട്ടി. ഇതിനിടയിൽ കഴുത്തിലെ മാല പൊട്ടിച്ചു. മൽപ്പിടിത്തത്തിൽ ലോക്കറ്റ് കൊണ്ട് കഴുത്തിൽ മുറിഞ്ഞു. മാലയുടെ ബാക്കി കഷണവുമായി രണ്ടുപേർ ഇറങ്ങിയോടി. ശൗചാലയത്തിൽ അതിനുമുൻപ് പോകുമ്പോഴും അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ സമയത്തൊന്നും പൊലീസോ റെയിൽവേ സുരക്ഷാസേനയോ അതിലൂടെ വന്നിട്ടില്ല. സംഭവത്തിനുശേഷം ഭയന്നുവിറച്ച് പിന്നീട് ഉറങ്ങിയില്ല. ആരോടും പറഞ്ഞില്ല. പേടി മാറ്റാൻ അച്ഛനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. പഴയങ്ങാടിയിൽ വണ്ടിയിറങ്ങിയ ശേഷമാണ് പരാതി നൽകിയത്.