- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഇടിഞ്ഞ് താഴ്ന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ക്വാട്ടേഴ്‌സ് ഇടിഞ്ഞു താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്. മൂന്ന് നില കെട്ടിടമാണ് അപകടത്തിൽ പെട്ടത്. തറ നിരപ്പിൽ നിന്ന് നാലടിയോളം കെട്ടിടം താഴ്ന്നു.
തെക്കേനടയിൽ പാഞ്ചജന്യം ഗസ്റ്റ് ഹൗസിന് പിറകിലുള്ള ജീവനക്കാരുടെ ക്വാട്ടേഴ്സിൽ ഒന്നാണ് തകർന്നത്. മൂന്നു നില കെട്ടിടത്തിന്റെ താഴെ നിലയുടെ ചുമരുകൾ തകർന്നതോടെ കെട്ടിടം ഒന്നാകെ താഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം
താഴെത്തെ നിലയിൽ താമസക്കാർ ആരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ക്ഷേത്രം കാവൽക്കാരുടെ രണ്ട് കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്. ശബ്ദം കേട്ട് ഇവർ ഇറങ്ങിയോടി .കെട്ടിടം പിറകിലേക്ക് ചെരിഞ്ഞത് കാരണം കോണി വഴി ആളുകൾക്ക് രക്ഷപെടാൻ കഴിഞ്ഞു.
ഏകദേശം അര നൂറ്റാണ്ട് ഓളം പഴക്കമുള്ള കെട്ടിടങ്ങളാണ് എല്ലാം. പില്ലറുകൾ ഇല്ലാതെ വെട്ടു കല്ലിൽ ചെമ്മണ്ണിൽ പണിത കെട്ടിടങ്ങൾ ആണ്. എ ബി സി എന്നീ വിഭാഗങ്ങളിൽ ആയി 45 കെട്ടിടങ്ങൾ ആണ് ഇവിടെ ഉള്ളത്. അതിൽ സി 12 എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം ഏതു നേരവും നിലം പൊത്താം എന്നുള്ളതിനാൽ സമീപത്തെ രണ്ട് കെട്ടിടങ്ങളിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിച്ച് ദേവസ്വത്തിന്റെ താമരയൂർ ക്വട്ടേഴ്‌സിലേക്ക് മാറ്റി.
ഒരു കെട്ടിടം തകർന്ന സഹചര്യത്തിൽ മറ്റു കെട്ടിടങ്ങളിലെ താമസവും സുരക്ഷിതമല്ലാത്തതുകൊണ്ട് താമസക്കാർക്ക് നോട്ടീസ് നൽകി ഉടനെ ഒഴിപ്പിക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ അറിയിച്ചു. ദേവസ്വം ചെയർമാൻ ഡോ. വിജയൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.