Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ

വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: മാല പൊട്ടിച്ച പ്രതിയെ പിടിക്കാൻ ഗൂഗിൾ പൊലീസിന് വഴി കാട്ടിയായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടാൻ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം ഗൂഗിളിൽ പൊലീസ് കണ്ടെത്തിയത്. തമ്മനം സ്വദേശിനിയായ ജുവാന(65)യുടെ ഒന്നര പവൻ തൂക്കം വരുന്ന മാല ബൈക്കിലെത്തിയ ഒരാൾ കവർച്ച ചെയ്തു എന്ന പരാതിയിൽ അന്വേഷണം നടത്തുമ്പോഴാണ് തെളിവ് ഗൂഗിൾ തന്നെ പൊലീസിന് കാട്ടി കൊടുത്തത്. സംഭവത്തിൽ എറണാകുളം പോണേക്കര സ്വദേശി ലിവിൻ(30) പൊലീസ് പിടിയിലായി.

വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതി വയോധികയുടെ മാല കവർന്നത്. മോഷണം നടത്തിയ മാല പിന്നീട് മര പൊത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ 10.43 നാണ് സംഭവം. ജുവാന തമ്മനത്തെ വീട്ടിൽ നിന്നും ഇന്ദിരാ റോഡിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം സ്‌ക്കൂട്ടറിലെത്തിയ ലിവിൻ പോണേക്കരയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും കഴുത്തിൽ കിടന്നിരുന്ന മാല ഇയാൾ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

മാല പോയതോടെ നിലവിളിച്ചു കൊണ്ട് അടുത്തുള്ള പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് വയോധിക എത്തി. സ്റ്റേഷനിൽ വിവരം പറഞ്ഞതോടെ ഉടൻ തന്നെ പൊലീസ് പാർട്ടി സംഭവ സ്ഥലത്തേക്കെത്തി പരിശോധന നടത്തി. പരിശോധനയിൽ സമീപത്തെ സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം പാടിവട്ടത്തുള്ള സ്റ്റിച്ചിങ് യൂണിറ്റിലെ വാഹനമാണെന്ന് തിരിച്ചറിഞ്ഞു. ഈ സ്ഥാപനത്തിന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ പ്രതി സഞ്ചരിച്ചിരുന്ന വാഹനം സ്ഥാപനത്തിന്റെ മുന്നിൽ ഇരിക്കുന്ന ചിത്രം കിട്ടി. ഇതോടെ പൊലീസ് സ്ഥാപനത്തിലെത്തുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മോഷണത്തിന് ശേഷം ഇയാൾ സ്വർണം ഒളിപ്പിച്ചത് ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം ഒഴിഞ്ഞു കിടക്കുന്ന ഹൗസിങ് ബോർഡിന്റെ പറമ്പിലെ കുറ്റിക്കാട്ടിലെ മര പൊത്തിലായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് സ്വർണം വീണ്ടെടുത്തു. സ്റ്റിച്ചിങ് സ്ഥാപനത്തിലേക്ക് ബട്ടൺസ് വാങ്ങാനായി പാലാരിവട്ടത്തേക്ക് പോയ സമയത്താണ് മാല പൊട്ടിച്ചതെന്നും സാമ്പത്തിക ബാധ്യത തീർക്കാനായിട്ടാണ് മാല പൊട്ടിച്ചതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ റിച്ചാർഡ് വർഗ്ഗീസ്, എസ്‌ഐമാരായ ആൽബി എസ് പുതുക്കാട്ടിൽ, രവികുമാർ, ജോസി, എഎസ്ഐ അനിൽ, സ്‌ക്വാഡ് അംഗങ്ങളായ ഇഗ്‌നേഷ്യസ്, മഹേഷ്, പ്രശാന്ത്, സനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP