കോഴിക്കോട്: എലത്തൂർ തീവെപ്പു കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നും. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്കു തിരിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നോടെയാണ് ഇയാൾ പിടിയിലായതെന്നാണു വിവരം.

ഇവിടെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പൊലീസ് പിടികൂടിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പൊലീസ് എത്തിയത് അറിഞ്ഞ് ഇറങ്ങിയോടിയെ പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഷെഹരൂഖ് സെയ്ഫിയെ പരിക്കേറ്റ നിലയിലാണ് കാണപ്പെട്ടത്. മുഖത്ത് ശരീരത്തും പൊള്ളലേറ്റ പാടുകളുമുണ്ട്, മഹാരാഷ്ട്ര പൊലീസിന്റെയും ആർപിഎഫിന്റെയും സഹായവും പൊലീസിന് കിട്ടിയിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. കേസിൽ കുടുതൽ പേർക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എലത്തൂരിൽ നിന്നും ട്രെയിൻ മാർഗ്ഗത്തിൽ ഇയാൾ രത്‌നഗിരി എത്തിയത്. എലത്തൂരിൽ തീവണ്ടിക്ക് ഇയാൾ തീവെച്ചതിന് പിന്നിൽ വ്യക്തി താൽപ്പര്യങ്ങൾക്ക് അപ്പുറത്തേക്ക് കാരണങ്ങൾ ഉണ്ടെന്നാണ് സൂചനകൾ.

കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് തീർച്ചപ്പെടുത്താനാകൂ. ഷാരൂഖ് സെയ്ഫിയാണു പ്രതിയെന്ന് നിഗമനത്തിൽ ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു. ഇത് എല്ലാ റെയിൽവേ സ്റ്റേഷനിലേക്കും റെയിൽവേ പൊലീസിലേക്കും വിവിധ സംസ്ഥാന പൊലീസിലേക്കും അയച്ചിരുന്നു.

രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്. ഇന്നലെ രാത്രി പിടിയിലായ പ്രതിയെ ഇന്ന് കേരളത്തിലേക്ക് എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നേരത്തെ പ്രതി ഉത്തരേന്ത്യക്കാരനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. പ്രതിയെന്നു സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയുടെ വിവരങ്ങൾ തേടി കേരള പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സംഘങ്ങൾ ഉത്തർപ്രദേശിലെ ഗസ്സിയാബാദിലെത്തിയിരുന്നു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഡൽഹിയിൽ എത്തി. എന്നാൽ, ഇതിനിടെ, ഷാറുഖ് സെയ്ഫി എന്ന യുവാവിനെ ഉത്തർപ്രദേശ് എടിഎസ് ചോദ്യം ചെയ്തു വിട്ടയച്ചു.

അതേസമയം തീവെപ്പുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ റെയിൽവേ പൊലീസ് ചൊവ്വാഴ്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയിരുന്നു. തീവണ്ടിയിൽനിന്ന് ലഭിച്ച പെട്രോളൊഴിച്ച പ്ലാസ്റ്റിക് കുപ്പി, യാത്രക്കാരുടെ കത്തിക്കരിഞ്ഞ വസ്തുക്കൾ എന്നിവയും ഫൊറൻസിക് റിപ്പോർട്ട്, വിരലടയാള വിദഗ്ധരുടെ റിപ്പോർട്ട്, മഹസ്സർ റിപ്പോർട്ട്, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയ രേഖകളുമാണ് നൽകിയത്.

കോഴിക്കോട് റെയിൽവേ പൊലീസിലെ ഇൻസ്പെക്ടർ സുധീർ മനോഹർ ആണ് ഇവ കോടതിയിലെത്തിച്ചത്. നേരത്തേ പ്രഥമവിവരറിപ്പോർട്ട് (എഫ്.ഐ.ആർ.) കോടതിയിൽ ഹാജരാക്കിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കാവ് ഐ.ജി. ഓഫീസിൽ അവലോകനയോഗം ചേർന്നിരുന്നു.

ഇതിനിടെ തീവണ്ടിയിലെ തീവെപ്പിൽ പൊള്ളലേറ്റ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരെ ചൊവ്വാഴ്ച തീവ്രപരിചരണവിഭാഗത്തിൽനിന്ന് മാറ്റി. തൃശ്ശൂർ മണ്ണുത്തിക്കടുത്ത് മുക്കാട്ടുകരയിലെ തെറ്റെക്കാടൻ വീട്ടിൽ പ്രിൻസ്, ഭാര്യ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി മങ്ങാട്ട് വീട്ടിൽ അശ്വതി, തളിപ്പറമ്പിനടുത്ത് പാലകുളങ്ങര 'പ്രണവ'ത്തിൽ പി. ജ്യോതീന്ദ്രനാഥ് എന്നിവരെയാണ് പ്ലാസ്റ്റിക് സർജറിക്കുശേഷം റൂമിലേക്ക് മാറ്റിയത്. മുഖത്തും കഴുത്തിലും തോളത്തും കൈയ്ക്കും പാദങ്ങളിലുമൊക്കെയാണ് ഇവർക്ക് പൊള്ളലേറ്റത്.