Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു

കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു

മറുനാടൻ ഡെസ്‌ക്‌

പൂണെ: പൂണെയിൽ പോർഷെ കാറിൽ അമിത വേഗത്തിലോടിച്ച് അപകടം വരുത്തി രണ്ട് എഞ്ചിനീയർമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരനെ രക്ഷിക്കാൻ രക്ഷകർത്താക്കൾ ശ്രമിച്ചതിന്റെ സൂചനകൾ പുറത്ത്. പണത്തിന്റെ ബലത്തിൽ കൗമാരക്കാരനെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ് ശക്തമായി നടന്ന്. അപകടമുണ്ടായ സമയത്ത് വാഹനം ഓടിച്ചത് മറ്റൊരു ആളാണെന്ന് വരുത്താനാണ് ശ്രമം നടന്നത്. താനാണ് വാഹനം ഓടിച്ചതെന്ന് ഡ്രൈവർ പൊലീസിനെ അറിയിച്ചിരുന്നു. ഇങ്ങനെ പൊലീസിനോട് പറയണമെന്ന് 17കാരന്റെ മാതാവും പിതാവും ഡ്രൈവറോട് ആവശ്യപ്പെട്ടു. കുറ്റം ഏൽക്കുന്നതിന് പകരമായി പണം പ്രതിഫലമായി നൽകാമെന്ന് ഇവർ ഓഫറും നൽകി.

തന്റെ ഡ്രൈവറാണ് കാറോടിച്ചതെന്ന് ചോദ്യംചെയ്യലിൽ 17കാരൻ പൊലീസിനോട് പറഞ്ഞു. അപകടസമയത്ത് ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ഇതിനെ പിൻതാങ്ങി. തുടർന്ന് വ്യാഴാഴ്ച ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ അപകടമുണ്ടാക്കിയതെന്ന് സംശയിക്കുന്ന 17കാരൻ മുൻപും കാറുകൾ ഓടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ പിതാവിന്റെ പേരിലുള്ള ഒരു ഓഡി കാർ 17കാരൻ ഓടിച്ചിട്ടുണ്ട്.

എന്നാൽ അപകടമുണ്ടാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച 17കാരന് ബർഗറും പിസയും വാങ്ങിനൽകി എന്ന ആരോപണത്തെ പൂണെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ തള്ളി. മെയ്‌ 19ന് നടന്ന അപകടത്തെ തുടർന്ന് 17കാരന്റെ പിതാവ് വിശാൽ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അപകടം നടക്കുമ്പോൾ തന്റെ മകനല്ല പോർഷെ കാറോടിച്ചിരുന്നതെന്നും കുടുംബ ഡ്രൈവറായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ രണ്ട് സുഹൃത്തുക്കളും വിശാലിന്റെ വാദങ്ങളെ പിന്തുണച്ചിട്ടുണ്ട്.

പ്രതിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുടെ റിപ്പോർട്ട് കേസിന്റെ അന്വേഷണത്തിന് പ്രധാനമല്ലെന്ന് പൂണെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ വ്യാഴാഴ്ച പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പറയാനാവില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.

പൂണെയിലെ കല്ല്യാണി നഗറിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച 17കാരൻ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.

യുവാക്കളെ ഇടിച്ചിട്ട കാർ റോഡിലെ നടപ്പാതയിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17കാരനെ മണിക്കൂറുകൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു.

കർണാടകയിൽ നിന്നുള്ള ആറ്മാസത്തേക്കുള്ള താൽക്കാലിക രജിസ്ട്രേഷൻ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്‌ട്രേഷൻ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടര കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ ശനിയാഴ്ച അപകടമുണ്ടാക്കിയത്. 24 വയസ് മാത്രം പ്രായമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP