- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28-ാം ജന്മദിനം ആഘോഷിക്കാൻ കൊടുങ്ങല്ലൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിലേക്ക് പോയ ഡോക്ടർ; അച്ചനും അമ്മയുമായി ഫോണിൽ സംസാരിച്ചത് അരമണിക്കൂർ മുമ്പ്; ചതിച്ചത് ഗൂഗിൾ മാപ്പ് തന്നെ; അദ്വൈതും അജ്മലും നൊമ്പരമാകുമ്പോൾ
പറവൂർ: ചതിച്ചത് ഗൂഗിൾ മാപ്പ് തന്നെ. ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ വഴി അവസാനിച്ചതറിയാതെ, വെള്ളക്കെട്ടെന്ന് കരുതി മുന്നോട്ടോടിച്ച കാർ പുഴയിൽ വീണാണ് രണ്ട് യുവ ഡോക്ടർമാർ മുങ്ങി മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂർ ക്രാഫ്റ്റ് എ.ആർ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരായ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടമാല പാലത്തറ ബോധിനഗർ തുണ്ടിയിൽ വീട്ടിൽ ഡോ. എം.എസ്. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. എറിയാട് സ്വദേശി ഡോ. ഹാസിഖ്, മെയിൽ നഴ്സ് കോട്ടയം സ്വദേശി ജിസ്മോൻ, പലാക്കാട് കരുണ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനി തമന്ന എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചു പേരും അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനു ശേഷം കൊച്ചിയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. പറവൂർ ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്കു സമീപം പെരിയാറിന്റെ കൈവഴിയിൽ ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം.
മകനുമായി ഒരു മണിക്കൂറോളം ഫോണിൽ സംസാരിക്കുകയും ജന്മദിനാശംസകൾ നേരുകയും ചെയ്ത മാതാപിതാക്കൾ അടുത്ത മണിക്കൂറിൽ കേട്ടത് ഏകമകന്റെ വിയോഗ വാർത്ത.കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ മംഗള ഭാനുവിന്റെയും കൊറ്റംകുളങ്ങര വി.എച്ച്.എസ്.എസ് റിട്ട. ക്ലാർക്ക് കെ. സുപ്രിയയുടെയും ഏക മകനാണ് ഗോതുരുത്ത് കായലിൽ കാർ മറഞ്ഞ് മരിച്ച ഡോ. അദ്വൈത്.
അദ്വൈതിന്റെ 28-ാം ജന്മദിനമായിരുന്നു ഇന്നലെ. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്ത് ജന്മദിനം ആഘോഷിക്കാൻ കൊച്ചിയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. എത്ര ജോലിതിരക്കിനിടയിലും എന്നും മാതാപിതാക്കളുമായി കുറച്ച് നേരം സംസാരിക്കാൻ അദ്വൈത് സമയം കണ്ടെത്തുമായിരുന്നു. കഴിഞ്ഞ ദിവസം ജന്മദിനം ആശംസിക്കാനായി മാതാപിതാക്കൾ അദ്വൈതിനെ വിളിക്കുകയും മൂവരും തമ്മിൽ പതിവിലേറെ ഒരുമണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു.തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടം.
ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾക്കിടയിലാണ് അദ്വൈതിന്റെ അപ്രതീക്ഷിത വിയോഗം. നാലു വർഷം മുൻപ് പാലക്കാട് കരുണ മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബിഎസ് പാസായത്. തുടർന്ന് ഹൗസ് സർജൻസിക്കു ശേഷം പാലത്തറയിലെ എൻ.എസ് സഹകരണ ആശുപത്രി കൊട്ടിയം ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. നാല് മാസം മുൻപാണ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
ഗൂഗിൾ മാപ്പ് കാണിച്ച റോഡിലൂടെ വഴിതെറ്റി ഗോതുരുത്തിൽ എത്തിയ ഇവർ വെള്ളക്കെട്ടാണെന്ന് കരുതി പുഴയിലേക്ക് കാർ ഇറക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. പുഴ നിറയെ വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടായിരുന്നു. പുഴയിൽ വീണ കാറിൽ നിന്ന് ഡോ. ഹാസിഖും ജിസ്മോനും നീന്തി കരയോട് അടുത്ത് എത്തിയിരുന്നു. അവരെയും ഒഴുക്കിൽപെട്ട തമന്നയെയും പ്രദേശത്തുണ്ടായിരുന്ന അബ്ദുൾ ഹഖ് നീന്തിച്ചെന്ന് വടംകെട്ടി കരയിൽ എത്തിക്കുകയായിരുന്നു.
മതിലകം പാപ്പനിവട്ടം സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്സയുടെയും മകനാണ് ഡോ. അജ്മൽ. സഹോദരങ്ങൾ: ഡോ. അജ്മി, അൽഫാസ്.