ആലപ്പുഴ: മാവേലിക്കരയിലെ കണ്ടിയൂരിൽ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകട കാരണത്തിൽ അവ്യക്തത. കാറിന്റെ എൻജിൻ കാബിൻ ഭാഗത്തു തകരാർ കണ്ടെത്തിയിട്ടില്ലെന്നും വാഹനം പരിശോധിച്ച മോട്ടർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ 35) എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നൽകുന്ന സൂചന.

ഷോർട്ട് സർക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഫോറൻസിക് വിദഗ്ദ്ധർ പരിശോധിക്കുന്നുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ വന്ന ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

ഷോർട്ട് സർക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ എൻജിൻ ഭാഗത്തുനിന്ന് തീപടർന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇത് എൻജിൻ ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. വയറുകളോ ഫ്യൂസുകളോ പോയിട്ടില്ല. സംഭവത്തിൽ അസ്വാഭാവികതയുണ്ട്. വയറിങ് എല്ലാം കത്തി. കാറിൽ സിഗരറ്റ് ലാമ്പ് ഉണ്ടായിരുന്നു. ഇൻഹേലർ ഉപയോഗിക്കുന്ന ആളായിരുന്നു മരിച്ച കൃഷ്ണപ്രകാശ് എന്നും വിവരം ലഭിച്ചിട്ടുണ്ട്.

''വിശദമായ പരിശോധനയ്ക്കു ശേഷമെ കൃത്യമായ വിവരം പറയാൻ സാധിക്കൂ. 2017 മോഡൽ വാഹനമായതിനാൽ തന്നെ കാലപ്പഴക്കം കൊണ്ടാകാൻ സാധ്യതയില്ല. ഇലക്ട്രിക് സിസ്റ്റത്തിൽ ഉൾപ്പെടെ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം.'' എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണു സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ്, പതിവുപോലെ കടയടച്ച ശേഷം വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറിൽ തീ പടരുകയായിരുന്നു.

അവിവാഹിതനായ കൃഷ്ണ പ്രകാശ് സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം. വീടിന്റെ വാതിലും ഗേറ്റും തുറന്നിടുന്നതായിരുന്നു പതിവെന്ന് അയൽവാസികൾ പറയുന്നു. കാറിന് സമീപത്തേക്ക് എത്താൻ കഴിയാത്ത തരത്തിൽ തീ പടർന്നത് കണ്ടതോടെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു.

അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കൃഷ്ണ പ്രകാശിനെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. സമീപം നിന്നിരുന്ന മരങ്ങളിലേക്ക് ഉൾപ്പെടെ ചെറിയ രീതിയിൽ തീപടർന്നിരുന്നു.