- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ ശക്തി ചോർന്നിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താൻ ഏതെങ്കിലും സംഘടന ആസൂത്രണം ചെയ്തതാണോ ട്രെയിൻ ആക്രമണം എന്ന് സംശയം; ട്രെയിനിലെ ഒരു ബോഗി പൂർണമായും കത്തിച്ചുകൊണ്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിന് ലക്ഷ്യമിട്ടു; ആസൂത്രണം പാളാൻ കാരണം മതിയായ പരിശീലനക്കുറവ്; ലക്ഷ്യം ദക്ഷിണേന്ത്യയെന്ന് മൊഴി? എലത്തൂർ കേസിന് അട്ടിമറി സ്വഭാവം തന്നെ
കോഴിക്കോട് : ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇത് ഗൂഢാലോചനയ്ക്ക് തെളിവാണ്. ഷാരൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ കേന്ദ്ര ഏജൻസികളും പല നിഗമനത്തിൽ എത്തുന്നുണ്ട്. ഡൽഹിയിൽ അന്വേഷണം അവർ ഊർജ്ജിതമാക്കി. സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്താതെ പൊലീസ് അന്വേഷണം തുടരുന്നതിൽ കേന്ദ്ര ഏജൻസികൾക്ക് അതൃപ്തിയുണ്ട്. അതിനിടെ ദക്ഷിണേന്ത്യയിൽ പ്രശ്‌നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ താൻ ചെയ്ത ആക്രമണമാണിതെന്ന നിലപാടിൽ തുടരുകയാണ് പ്രതി. അസുഖം പറഞ്ഞ് ചോദ്യങ്ങൾക്ക് മറുപടിയും നൽകുന്നില്ല. വിദഗ്ധ പരിശോധനകൾക്ക് പ്രതിയെ വിധേയമാക്കും.
ഡൽഹിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്‌പ്രസിൽ ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ഡൽഹിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത്.
ഷൊർണൂരിലെത്തിയശേഷം ഓട്ടോറിക്ഷ വിളിച്ചാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിലെത്തി പെട്രോൾ വാങ്ങിയത്. അതേ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരികെ വന്നിറങ്ങിയ ഷാരൂഖ് സെയ്ഫി അവിടെനിന്നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറിയത്. എന്നാൽ, ഇതേദിവസം പതിനഞ്ചുമണിക്കൂറോളം സമയം ഷാരൂഖ് സെയ്ഫി അപ്രത്യക്ഷനായത് ദുരൂഹത കൂട്ടുന്നു. സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് 3.10 നാണ് ഷാരൂഖ് സെയ്ഫി ഷൊർണൂരിൽ വന്നിറങ്ങിയത്. റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് പെട്രോൾ വാങ്ങാൻ ഓട്ടോ പിടിച്ചത്. അതേ ഓട്ടോറിക്ഷയിൽ തിരികെ വന്നു. പിന്നീട് രണ്ടിനു രാത്രി ഏഴു കഴിഞ്ഞാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറുന്നത്. ഇതിനിടയിൽ ഇയാൾ എവിടെ പോയി എന്നത്് ദുരൂഹമാണ്.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആറു പെട്രോൾ പമ്പുകൾ ഉണ്ടായിട്ടും ഒന്നര കിലോമീറ്റർ മാറിപ്പോയി പെട്രോൾ വാങ്ങിയതും ആസൂത്രിതമായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്നതു സംബന്ധിച്ചും വ്യക്തത വരാനുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പെട്രോൾ പമ്പിലെത്തിയ അന്വേഷണ സംഘം പ്രതി പെട്രോൾ വാങ്ങുന്നതിന്റെ സി.സി.ടി വി ദൃശ്യങ്ങൾ ശേഖരിച്ചതായി പെട്രോൾ പമ്പ് ഉടമ വ്യക്തമാക്കി. പെട്രോൾ നൽകിയപ്പോൾ സംശയം തോന്നിയില്ലെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. റെയിൽവേ സ്റ്റേഷനിൽ പ്രതി വന്നിറങ്ങിയതിന്റെ സിസി.ടി വി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്
സംഭവത്തിന് ഇതുവരെ തീവ്രവാദ സ്വഭാവം കണ്ടെത്താനായിട്ടില്ലെന്നാണ് യുഎപിഎ ചുമത്താത്ത നടപടിയിലൂടെ കേരളാ പൊലീസ് നൽകുന്ന സൂചന. എന്നാൽ ആക്രമണത്തിനു പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസികൾ. എൻ.ഐ.എ. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. തങ്ങളുടെ ശക്തി ചോർന്നിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താൻ ഏതെങ്കിലും സംഘടന ആസൂത്രണം ചെയ്തതാണോ ട്രെയിൻ ആക്രമണം എന്നതും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ട്രെയിനിലെ ഒരു ബോഗി പൂർണമായും കത്തിച്ചുകൊണ്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. മൂന്നു കുപ്പി പ്രെടോൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ, ആസൂത്രണം പാളി. ഇതുമൂലമാകം ബാഗും മൊബൈലും നഷ്ടപ്പെട്ടതെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും ആവശ്യംവന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി: എം.ആർ അജിത്കുമാർ പറഞ്ഞു.
ട്രെയിൻ കത്തിക്കാൻ പ്രെടോൾ വാങ്ങിയത് ഷൊർണൂരിൽനിന്നാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തീവയ്പുണ്ടായ എലത്തൂർ, കണ്ണൂരിൽ സൂക്ഷിച്ചിരിക്കുന്ന ഡി 1 കോച്ച്, ഷൊർണൂരിലെ പ്രെടോൾ പമ്പ് എന്നിവിടങ്ങളിൽ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുപോകും. ഡൽഹിയിൽനിന്ന് ഷൊർണൂരിലെത്തിയതു മുതൽ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറുന്നതുവരെ പ്രതി എന്തുചെയ്യുകയായിരുന്നെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, സംഭവത്തിൽ മറ്റാർക്കും ഇക്കാര്യത്തിൽ പങ്കില്ലെന്ന് ആവർത്തിക്കുകയാണ് സെയ്ഫി. തോന്നലിന്റെ പുറത്താണ് തീവച്ചതെന്നും കേരളത്തിലെത്തിയത് യാദൃച്ഛികമായാണെന്നും പ്രതി പറയുന്നു. അന്വേഷണവുമായി സഹകരിക്കുന്നുമില്ല. സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അയാൾ.