Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

അൻസിയുടെയും അൻജനയുടെയും ആഷിക്കിന്റെയും ജീവനെടുത്ത വാഹനാപകടം; ഡ്രൈവർ അറസ്റ്റിൽ; മാള സ്വദേശി അബ്ദുൾ റഹ്മാൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്; കേസെടുത്തതുകൊലപാതകം അല്ലാത്ത നരഹത്യയ്ക്ക്; സഞ്ചാരികളായ യുവാക്കളും മദ്യപിച്ചിരുന്നതായി തെളിഞ്ഞു

അൻസിയുടെയും അൻജനയുടെയും ആഷിക്കിന്റെയും ജീവനെടുത്ത വാഹനാപകടം; ഡ്രൈവർ അറസ്റ്റിൽ; മാള സ്വദേശി അബ്ദുൾ റഹ്മാൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്; കേസെടുത്തതുകൊലപാതകം അല്ലാത്ത നരഹത്യയ്ക്ക്; സഞ്ചാരികളായ യുവാക്കളും മദ്യപിച്ചിരുന്നതായി തെളിഞ്ഞു

ആവണി ഗോപാൽ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിൽ. മാള സ്വദേശി അബ്ദുൽ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുൽ റഹ്മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട പാലാരിവട്ടത്തെ കാറപകടത്തിൽ ഇന്ന് ഒരാൾ കൂടി മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കെ എ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് മരിച്ചിരുന്നു.

അതിനിടെ വാഹനാപകടത്ത തുടർന്ന് കൊച്ചിയിലെ ഹോട്ടലുകളിലെ ബാറുകളുടെ പ്രവർത്തന സമയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. വാഹനാപകടം പൊലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോർട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലെ ഡി ജെ പാർട്ടിക്ക് ശേഷമാണ് ഇവർ മടങ്ങിയതെന്നാണ് കണ്ടെത്തൽ. ഇരുവരുടെയും മരണത്തിന് തൊട്ടടുത്ത ദിവസം ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് സസ്പെൻഡ് ചെയ്തിരുന്നു. പ്രവർത്തന സമയം കഴിഞ്ഞും ഈ ബാറിൽ മദ്യം വിളമ്പിയിരുന്നു എന്നാണ് കണ്ടെത്തിൽ.

അതേസമയം യുവാക്കളിൽ നടത്തിയ രക്ത പരിശോധനയിൽ ഇവർ നന്നായി മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന നമ്പർ 18 എന്ന ഹോട്ടലിൽ നിന്നാണ് അർധരാത്രി ഇവർ ഡിജെ പാർട്ടി കഴിഞ്ഞ മടങ്ങിയതെന്ന് വ്യക്തമായത്. ഹോട്ടൽ സംഘടിപ്പിച്ച ഡിജെ പാർട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാർട്ടിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഹോട്ടലിൽ നിന്ന് ഇവർ മടങ്ങിയതിനുശേഷമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

എന്നാൽ ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു. അതിന് നാലുദിവസം മുമ്പ് എക്സൈസ് ഇവിടെ രാത്രി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് പാർട്ടി നടക്കുന്നെന്ന വിവരത്തെത്തുടർന്നായിരുന്നു ഇത്. എന്നാൽ പരിശോധനയിൽ ഒന്നും കിട്ടിയില്ല.

നിശ്ചിത സമയപരിധി കഴിഞ്ഞും മദ്യം വിതരണം ചെയ്തു എന്നതിന്റെ പേരിലാണ് ബാർ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഈ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തെക്കുറിച്ചും അപകടത്തിന് മുമ്പുള്ള മണിക്കൂറുകളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നത്. ഈ ഹോട്ടലിലെ ചില പാർട്ടികളെക്കുറിച്ച് സംശയങ്ങളുയർന്ന പശ്ചാത്തലത്തിൽ മുമ്പും പല തവണ എക്സൈസ് അന്വേഷണം നടത്തിയിട്ടുണ്ട്.

നവംബർ ഒന്നാം തീയതി എറണാകുളം ബൈപ്പാസിൽ വൈറ്റിലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ മുഹമ്മദ് ആഷിഖാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കേരളത്തിലെ മോഡലിങ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അൻസി കബീറും, അഞ്ജന ഷാജനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP