റായ്പൂർ: ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം നേരാവണ്ണം കത്താതിരുന്നതിന് മുൻസിപ്പൽ ക്ലർക്കിന് സസ്പെൻഷൻ. മുൻസിപ്പൽ ക്ലർക്കിന്റെ ശ്രദ്ധക്കുറവാണ് കോലത്തിൽ തീപടരാതിരിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ബുധനാഴ്ച വൈകീട്ട് രാവണന്റെ കോലം കത്തിച്ചപ്പോഴാണ് പത്തുതലകൾക്കും യാതൊന്നും സംഭവിക്കാതിരുന്നത്. ഇതാണ് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചത്.

ഛത്തീസ്‌ഗഡിലെ ധംതാരി ജില്ലയിലാണ് വേറിട്ട സംഭവം നടന്നത്. അസിസ്റ്ററ്റ് ഗ്രേഡ് മൂന്ന് ആയി ജോലി ചെയ്യുന്ന രാജേന്ദ്ര യാദവിനെ സസ്പെൻഡ് ചെയ്യാൻ ധംതാരി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറാണ് ഉത്തരവിട്ടത്. രാവണന്റെ കോലം തയ്യാറാക്കുന്നതിൽ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. മുൻസിപ്പാലിറ്റിയുടെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേൽപ്പിച്ചെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.