Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കോവിഡിൽ നഷ്ടം 200 കോടി; 45ൽ വിജയിച്ചത് 10 ചിത്രങ്ങൾ മാത്രം; അമ്പതുകോടിക്ക് അടുത്ത് നേടിയ അയ്യപ്പനും കോശിയും, അഞ്ചാംപാതിരയും; ലാലേട്ടനും തിരിച്ചടി; ഒ ടി ടിയിൽ ഹിറ്റായി ഹലാൽ ലൗ സ്റ്റോറി; മഹാമാരിയിൽ ഒലിച്ചുപോയ 2020ലെ മലയാള സിനിമയുടെ ബാലൻസ് ഷീറ്റ് ഇങ്ങനെ

കോവിഡിൽ നഷ്ടം 200 കോടി; 45ൽ വിജയിച്ചത് 10 ചിത്രങ്ങൾ മാത്രം; അമ്പതുകോടിക്ക് അടുത്ത് നേടിയ അയ്യപ്പനും കോശിയും, അഞ്ചാംപാതിരയും; ലാലേട്ടനും തിരിച്ചടി; ഒ ടി ടിയിൽ ഹിറ്റായി ഹലാൽ ലൗ സ്റ്റോറി; മഹാമാരിയിൽ ഒലിച്ചുപോയ 2020ലെ മലയാള സിനിമയുടെ ബാലൻസ് ഷീറ്റ് ഇങ്ങനെ

എം മാധവദാസ്

കോവിഡ് മഹാമാരിമൂലം പത്തുമാസമായി അടച്ചിട്ടിരിക്കുന്ന തീയേറ്റുകൾ. റിലീസുകൾ പെട്ടിയിലായതോടെ ഉണ്ടായത് കോടികളുടെ നഷ്ടം. ഒപ്പം അടിക്കടിയുണ്ടാവുന്ന ചലച്ചിത്ര പ്രവർത്തകരുടെ മരണങ്ങളും. തീയേറ്ററിൽ ടിക്കറ്റ് മുറിക്കുന്നവൻ തൊട്ട് സൂപ്പർ താരങ്ങളെ വരെ ശരിക്കും പ്രതിസന്ധിയിലാക്കിയ വർഷമായിരുന്നു കടന്നുപോയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സമാനതകൾ ഇല്ലാത്ത കടമ്പകൾ. പക്ഷേ പുതുവർഷത്തിൽ, തീയേറ്ററുകൾ വൈകാതെ തുറക്കുമെന്ന വാർത്തയും, കോവിഡ് വാക്സിൻ അടുത്തെത്തിയതും, മറ്റ് വ്യവസായങ്ങൾക്ക് എന്നപോലെ ചലച്ചിത്രലോകത്തും പ്രതീക്ഷയേകുന്നുണ്ട്. അതോടൊപ്പം ഒ ടി ടി റിലീസിന്റെ പുതിയ സാധ്യതകൾ പതുക്കെ മലയാളത്തിലേക്കും കടക്കുന്നുണ്ട്. പ്രതിസന്ധിക്കിടയിലും മലയാള സിനിമ അതിജീവിക്കുന്നുവെന്ന് ചുരുക്കം.

ഒരുപാട് പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2020ലേക്ക് നടന്നു കയറിയത്. ആദ്യ രണ്ട് മാസങ്ങൾ മലയാളസിനിമാ വ്യവസായത്തെ സംബന്ധിച്ച് നല്ല നാളുകളായിരുന്നു. ഇക്കാലയളവിൽ റിലീസ് ചെയ്ത 30 സിനിമകളിൽ അഞ്ചെണ്ണവും ഹിറ്റായി. നാളുകൾക്ക് ശേഷം തിയേറ്ററുകളിൽ തുടർച്ചയായി ആളുകൾ കയറുന്ന ചിത്രവുമായാണ് മോളിവുഡ് പുതുവർഷത്തെ വരവേറ്റത്. എന്നാൽ സ്വപ്നസമാനം എന്നു വിശേഷിപ്പിക്കാവുന്ന തുടക്കത്തെ കോവിഡ് അട്ടിമറിച്ചു. സാധാരണ 150തോളം ചിത്രങ്ങൾ റിലീസ് ആകാറുള്ള മലയാളത്തിൽ കോവിഡിൽ തീയേറ്റർ അടഞ്ഞു കിടക്കുന്നതിനാൽ 45 ചിത്രങ്ങൾ മാത്രമാണ് ഇത്തവണ പുറത്തിറങ്ങിയത്. അതിൽ ആകട്ടെ അഞ്ചു ചിത്രങ്ങൾ ഒ ടി ടി റിലീസുമായിരുന്നു. പതിവുപോലെ അതിൽ വെറും പത്തുചിത്രങ്ങൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്.

മുണ്ടൂർ മാടനും കോശിയും നിറഞ്ഞാടിയ വർഷം

അയപ്പനും കോശിയും. 2020ലെ മലയാള ബോക്സോഫീസിനെ സജീവമാക്കിയത് ഈ ചിത്രമായിരുന്നു. 50 കോടിയോളം രൂപ ഈ ചിത്രം ഗ്രോസ് കളക്ഷൻ നേടിയെന്നാണ് കണക്കാക്കുന്നത്. പൂർവാശ്രമത്തിലെ മുണ്ടുർ മാടനായ അയ്യപ്പൻ എന്ന പൊലീസുകാരനായി ബിജുമേനോനും, കോശിയെന്ന പണക്കാരനായ എക്സ്മിലിട്ടറിക്കാരനായ പൃഥ്വീരാജും നിറഞ്ഞാടിയ ചിത്രം. മനുഷ്യന്റെ ഈഗോ എന്ന ഒരു വികാരത്തിൽ പടിച്ച് ചിത്രമൊരുക്കിയ സച്ചി ഓർമ്മയായതും, ശ്രദ്ധേയമായ വേഷം ചെയ്ത അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചതും, ഈ വർഷത്തിന്റെയല്ല എക്കാലത്തെയും തിരമലയാളത്തിന്റെ നഷ്ടക്കണക്കുകളിൽ വേണം ഉൾപ്പെടുത്താൻ.

അയ്യപ്പനും കോശിയും കഴിഞ്ഞാൽ തീയേറ്റുകളിലെ പണം വാരിപ്പടമായത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയത് അഞ്ചാംപാതിരയാണ്. 2020 ജനുവരിയിൽ തീയേറ്ററുകളിൽ എത്തിയ അഞ്ചാം പാതിര 45 കോടിയുടെ കളക്ഷനാണ് നേടിയത്. . മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥയും എഴുതിയ അഞ്ചാം പാതിര ഒരു പക്കാ ക്രൈം ത്രില്ലർ സിനിമയായിരുന്നു. കുഞ്ചാക്കോ ബോബൻ, ഷറഫുദീൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ഓരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു .

വരനെ ആവശ്യമുണ്ട് എന്ന ചിത്രം വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ഒരു ഫാമിലി എന്റെർറ്റൈനെർ ആയിരുന്നു അനൂപ് സത്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ദുൽഖക്കർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ശ്രദ്ധേയമായ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ വിജയമായി. 34 കോടിയാണ് ഈ ചിത്രം നേടിയത്.

മെഗാഹിറ്റാകുമെന്ന് കരുതി കൊട്ടിഘോഷിച്ച് ഇറങ്ങിയ മമ്മൂട്ടിയുടെ ഷൈലോക്കിന് പക്ഷേ അത്ര ഉയരാൻ ആയില്ല. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ, കോമഡി, ത്രില്ലർ ചിത്രമായിരുന്നു . സിനിമ നിർമ്മാതാക്കൾക്ക് പണം പലിശക്ക് കൊടുക്കുന്ന കൊള്ളപലിശക്കാരനായിട്ടായിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. കലാഭവൻ ഷാജോൺ, സിദ്ദിഖ്, മീന, ബൈജു എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. 36 കോടിരൂപയുടെ തീയേറ്റർ കളക്ഷനും ചിത്രത്തിന് ഉണ്ടായി.

അൻവർ റഷീദ് സംവിധാനം ചെയ്ത ഫഹദ്ഫാസിൽ ചിത്രം ട്രാൻസ് ആയിരുന്നു 2020ലെ മികച്ച ചിത്രങ്ങളിൽ ഒന്ന്. രണ്ടാം പകുതിയിലെ കുറച്ച് കിളിപോയ രംഗങ്ങളും, മൂന്നുമണിക്കൂർ ദൈർഘ്യവും ഇല്ലായിരുന്നില്ലെങ്കിൽ സൂപ്പർ ഹിറ്റ് ആവുമായിരുന്ന ചിത്രമായിരുന്നു ഇത്. പക്ഷേ ബോക്സോഫീസിൽ ശരാശരി പ്രകടനമാണ് ഈ ചിത്രം കാഴ്ചവെച്ചത്. ടൊവീനോ തോമസിന്റെ ഫോറൻസിക്കും 2020ൽ പ്രേക്ഷകരെ ആകർഷിച്ചു. അതേ മോദിൽ ഇറങ്ങിയ അഞ്ചാംപാതിരയുടെ അടുത്തെത്താൻ ചിത്രത്തിന് കഴിഞ്ഞില്ല.

ആദ്യം വേണ്ടത്ര പബ്ലിസിറ്റിയില്ലാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം പിന്നീട് തിരിച്ചുവരുന്ന കാഴ്ചക്കും 2020 സാക്ഷിയായി. നടൻ മുഹമ്മദ് മുസ്തഫ തിരക്കഥയും സംവിധാനവും നിർവഹിച്ച റൊമാന്റിക് ചിത്രമായിരുന്നു മാർച്ചിൽ പുറത്തിറങ്ങിയ കപ്പേള. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം കുറച്ചു നാളുകൾ മാത്രമേ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ സാധിച്ചുള്ളൂ. പക്ഷേ പിന്നീട് പ്രശസ്ത സംവിധായകൻ അനുരാഗ് കാശ്യപ് ഈ പടം കണ്ട് അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തോടെയാണ് കപ്പേളയുടെ തലവര മാറിയത്. സാറ്റലൈറ്റ് അന്യഭാഷാ റൈറ്റുകളും കുറഞ്ഞ മുടക്കുമുതലും ചേർത്തുവായിക്കുമ്പോൾ കപ്പേളയും വിജയ ചിത്രങ്ങളിൽ വരും. നീരജ് മാധവ് നായകനായ ഗൗതമിന്റെ രഥവും സാറ്റലൈറ്റ് റൈറ്റിന്റെ ബലത്തിൽ പരാജയം ആയില്ല എന്ന് ആശ്വസിക്കാവുന്ന ചിത്രമാണ്.

ഒ ടി ടിയുടെ രാജാവായി ഹലാൽ ലൗ സ്റ്റോറി

തീയേറ്ററുകൾ അടച്ചതോടെ മറ്റ്മാർഗങ്ങൾ ഇല്ലാതായ മലയാള സിനിമയിൽ ഒ ടി ടി പ്ലാറ്റ്ഫോം കടന്നുവരുന്നതായിരുന്നു പോയവർഷത്തിന്റെ മറ്റൊരു പ്രത്യേകത. ഷാനവാസ് ധരണിപ്പുഴ എന്ന പുതുമുഖ സംവിധായകൻ ജയസൂര്യയെയും ഏതാനും പുതുമുഖങ്ങളെയും നായകനാക്കി ചെയ്ത സൂഫിയും സുജാതയും പ്രേക്ഷകർക്ക് നവ്യാനുഭവമായിരുന്നു. വെറും 35 വയസ്സിൽ ഷാനവാസ് കടന്നുപോയത് മലയാളത്തിന്റെ താങ്ങാനാവാത്ത നൊമ്പരവും.

യുവ സംവിധായകൻ മഹേഷ്നാരായണന്റെ സീ യു സൂൺ എന്ന ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിന് പറ്റിയ ടിപ്പിക്കൽ ചിത്രം ആയിരുന്നു. ഒരു മൊബൈൽ കാമറക്ക് കീഴിലൂടെ പ്രേക്ഷകർ കടന്നുപോകുന്ന രീതിയിൽ കഥ പറയാൻ സംവിധായകന് ആയി. പോയവർഷത്തെ സംവിധാന മികവിനുള്ള പ്രേക്ഷകരുടെ അവാർഡും പോകുന്നത് മഹേഷിന് തന്നെയാണ്. ഫഹദ് ഫാസിലിന്റെ ഉജ്വലമായ മാനറിസങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു.

എന്നാൽ ഒ ടി ടി പ്ലാറ്റ്ഫോമിലെ ഹിറ്റ് ചിത്രം എന്ന് പറയുന്നത്, സുഡാനി ഫ്രം നൈജീരിയ എന്ന സുന്ദര ചിത്രത്തിലൂടെ ശ്രദ്ധേയനായ സക്കറിയ എടുത്ത ഒരു ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രമായിരുന്നു. മത നിർബന്ധങ്ങൾ എങ്ങനെ മനുഷ്യജീവിതത്തെ ബാധിക്കുന്നുവെന്ന് ലളിത സുന്ദരമായ രീതിയിൽ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായത് പെട്ടെന്നാണ്. മതമൗലികവാദികളെ വെള്ളപൂശുന്നുവെന്ന രീതിയിൽ വന്ന ആരോപണവും ചിത്രം അതിജീവിച്ചു. ഇന്ദ്രജിത്തും, ജോജു ജോർജും ഷറഫുദ്ദീനും അടക്കമുള്ള വൻ താരനിര പ്രേക്ഷകരെ ശരിക്കും ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തു.

ലാലേട്ടന് തിരിച്ചടി; നടികൾ പൊടിപോലുമില്ല

കഴിഞ്ഞ കുറച്ചുവർഷമായി മലയാള സിനിമാ വിപണിയെ നിയന്ത്രിച്ചിരുന്നു മോഹൻലാലിനും ഈ കോവിഡ് കാലം തിരിച്ചടിയേൽപ്പിച്ചു. പുലിമുരുകൻ തൊട്ട് ലൂസിഫർവരെ നൂറും ഇരുനൂറും കോടിയിൽ എത്തിച്ച് മലയാള സിനിമയുടെ പാതി ഒറ്റക്ക് താങ്ങിയത് ഈ അത്ഭുതതാരം ആയിരുന്നു. എന്നാൽ 2020ൽ മോഹൻലാലിന്റെ ഏക റിലീസ് ആയ, സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ ബോക്സോഫീസിൽ ദുരന്തമായി.

ലാൽ ഏറെ പ്രതീക്ഷയർപ്പിച്ച, മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമെന്ന് അറിയപ്പെടുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാനും കഴിഞ്ഞില്ല. അതുപോലെ എബ്രിഡ് ഷൈനിന്റെ കുങ്്ഫൂ മാസ്റ്റർ, ജയസൂര്യയുടെ അന്വേഷണം എന്നീ ചിത്രങ്ങളും പരാജയപ്പെട്ടു. ടോവിനോ തോമസിന്റെ 'കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്' വൻ പ്രതീക്ഷ ഉയർത്തിയെങ്കിലും നന്നായില്ല.

പുരുഷൻ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ നടികൾക്ക് ആയില്ല. അയ്യപ്പനും കോശിയും, അഞ്ചാംപാതിര, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൊന്നും നായികാ കഥാപാത്രങ്ങൾ ഇല്ലായിരുന്നു. ആ സിനിമകളുടെ കഥാപരിസരവും അങ്ങനെ ആയിരുന്നില്ല. കപ്പേളയിലെ അന്നാബെൻ, ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസ്, സി യൂ സൂണിലെ നായിക എന്നിങ്ങനെയുള്ള കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ആകെ ഇറങ്ങിയ 45 ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായത് പത്ത് ചിത്രങ്ങൾക്ക് മാത്രമാണ്. ഇതിൽ 15ഓളം ചിത്രങ്ങൾ തീയേറ്റിൽ ഒരാഴ്ചപോലും തികച്ചില്ല. ഒ ടി ടി റിലീസായി അവസാനം ഇറങ്ങിയ മണിയറയിലെ അശോകനും തീരെ ശ്രദ്ധിക്കപ്പെട്ടില്ല.

കോവിഡിൽ ഒലിച്ചുപോയത് 200 കോടി

ലോകത്തെയാകമാനം നിശ്ചലമാക്കിയ കോവിഡ് 19 എന്ന മഹാമാരി മലയാള സിനിമയുടെ സാമ്പത്തിക നട്ടെല്ലിനെയും തകർക്കുന്ന രീതിയിലാണ് ആദ്യം പടർന്നത്. മൊത്തം 200 കോടിയുടെയെങ്കിലും നഷ്ടം ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസറ്റുകൾ പറയുന്നത്. പ്രത്യക്ഷമായും പരോക്ഷമായും സിനിമയെ ആശ്രയിച്ച് കഴിയുന്ന പതിനായിരത്തോളം പേരാണ് ഒറ്റയിടിക്ക് പ്രതിസന്ധിയിലായത്.

പോസ്റ്റർ ഒട്ടിക്കുന്നവർ തൊട്ട് സൂപ്പർ സ്റ്റാറുകൾവരെ ഒരുപോലെ പ്രതിസന്ധിയിലായ ഒരു കാലം ഇതുപോലെ ഉണ്ടായിട്ടില്ലെന്ന് സിനിമാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിക്കും മോഹലാലിനുമൊക്കെ ലക്ഷങ്ങളുടെ നഷ്ടമാണ് ഈ കോവിഡ് കാലം ഉണ്ടാക്കിയത്. തങ്ങളുടെ സിനിമകളുടെ ഫിനാൻസർമാർ ഈ താരങ്ങൾ തന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. ആഗോള റിലീസ് കാത്തിരിക്കുന്ന ലാലിന്റെ മരക്കാറിനൊക്കെ ഉണ്ടായത് കോടികളുടെ നഷ്ടമാണ്.

പട്ടിണി കിടന്ന് മെലിഞ്ഞ കിടിലൻ മേക്കോവറിൽ ഗൾഫിൽ ഷൂട്ടിങ്ങിനുപോയ പൃഥ്വിരാജ് അവിടെ കുടുങ്ങിയതും വാർത്തയായിരുന്നു.

മലയാളസിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷവെക്കുന്ന കാലമാണ് മാർച്ച് മുതൽ ജൂൺ, ജൂലൈ മാസങ്ങൾ വരെയുള്ള കാലങ്ങളും ഓണക്കാലവും. ഈ കാലത്തിലെ വരുമാനം കൊണ്ടാണ് ഒരുവർഷത്തെ തിയേറ്റർ ചെലവുകൾ നടന്നുപോകുന്നത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ഈ സമയങ്ങളിലാണ് വരാറുള്ളത്. പക്ഷേ ഇത്തവണ അത് പുർണ്ണ നഷ്ടക്കച്ചവടമായി. വിഷു, ഓണ റിലീസുകൾ മുടങ്ങിയതുകൊണ്ട് മാത്രം മലയാള സിനിമയ്ക്കുള്ള നഷ്ടം 100 കോടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രീകരണം കഴിഞ്ഞ 9 ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്നത്.ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 26 ആണ്. ഷൂട്ടിങ് പാതിവഴിയിൽ മുടങ്ങിപ്പോയിരിക്കുന്നത് ഇരുപത് ചിത്രങ്ങളുടേതാണ്. ഇവയുടെ നഷ്ടം കൂടെ കണക്കാക്കിയാൽ അത് 300 കോടിക്കും മുകളിൽ വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.ചിത്രീകരണം പൂർണ്ണമായും മുടങ്ങിയതിനാൽ സിനിമാ മേഖലയിലെ ദിവസവേതനക്കാരുടെ ജീവിതവും ഇരുട്ടിലാണ്. ലോക്ക് ഡൗണും നിയന്ത്രണങ്ങളും പിൻവലിച്ചാലും തിയറ്ററുകളിലേക്ക് പ്രേക്ഷകർ സജീവമായി തിരിച്ചെത്താൻ പിന്നെയും സമയമെടുത്തേക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകർ വിലയിരുത്തുന്നത്.

ബിഗ് ബജറ്റ് ചിത്രങ്ങളും ബജറ്റ് കുറഞ്ഞ ചിത്രങ്ങളും ഒരേ പോലെ ആശങ്കയിലാണ്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കൂട്ടത്തിൽ ഏറ്റവും മുടക്കുമുതലുള്ള ചിത്രം. 100 കോടിക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം 'വൺ', ആസിഫ് അലിയുടെ 'കുഞ്ഞേൽദോ', ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ ചിത്രം 'മാലിക്', കുഞ്ചാക്കോ ബോബന്റെ 'മോഹൻ കുമാർ ഫാൻസ്.', ദിലീപിന്റെ 'കേശു ഈ വീടിന്റെ നാഥൻ' തുടങ്ങിയവയെല്ലാം ഈവർഷം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങളായിരുന്നു.

റിലീസ് തടസപ്പെട്ട ചിത്രങ്ങളുടേത് പോലെ തന്നെ ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയ ചിത്രങ്ങളും ഗുരുതരമായ പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചാലും വലിയ രീതിയിൽ ആശയക്കുഴപ്പങ്ങളും സാമ്പത്തികബാധ്യതയും നേരിടാൻ പോകുന്നതും ഇക്കൂട്ടരാകും. ഇനി ഷൂട്ടിങ്ങ് പുനരാരംഭിക്കുമ്പോഴുള്ള കണ്ടിന്യൂവിറ്റിയും വിലിയ പ്രശ്നമാണ്. 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിന് ലക്ഷങ്ങൾ മുടക്കി സെറ്റിട്ടെങ്കിലും 10 ദിവസത്തോളം ഷൂട്ട് ചെയ്തിട്ട് നിർത്തിവെക്കേണ്ടിവന്നു. ഷൂട്ടിങ് പകുതിക്ക് വെച്ച് മുടങ്ങിയ പല സിനിമകളുടേയും അവസ്ഥയാണിത്. ഈ തരത്തിൽ നിർമ്മാതാവ് വലിയ സാമ്പത്തികബാധ്യതയാണ് നേരിടേണ്ടിവരുന്നത്.

ഓടിക്കൊണ്ടിരുന്ന സിനിമകൾ നിർത്തിയത് കൂടാതെ തിയേറ്റർ ഉടമകളെ സംബന്ധിച്ച് തിയേറ്റർ അടച്ചിടുകയാണെങ്കിലും പ്രദർശനമില്ലെങ്കിലും കറന്റ് ചാർജ്ജ് കൊടുക്കണം. സർക്കാർ അത് പിൻവലിച്ചിട്ടില്ല. പിന്നെ മുനിസിപ്പാലിറ്റി ടാക്‌സ്, ജീവനക്കാർക്കുള്ള ശമ്പളം ഇതെല്ലാം വലിയ ഭാരമാണ് വരുത്തിവെക്കുന്നത്. ഇക്കാര്യത്തിലെല്ലാം സർക്കാർ ഇടപെടൽ കുറച്ചുകൂടി കാര്യക്ഷമമാകണമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.\പ്രൊഡ്യൂസേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ സംബന്ധിച്ചിടത്തോളം കോവിഡ് 19 കഴിഞ്ഞാലും ഇനി എത്ര തിയേറ്റർ ലഭിക്കുമെന്നതിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. കേരളത്തിൽ മാത്രം കോവിഡ് 19 ശരിയായാലും പ്രതിസന്ധി മാറില്ല.

'തിയേറ്റർ പൂട്ടിയാലും ഇല്ലെങ്കിലും എന്റെ തിയേറ്റർ കോപ്ലംക്‌സിന് 1,90000 രൂപ ഒരു മാസം ഞാൻ ഏറ്റവും കുറഞ്ഞത് അടക്കണം. തുറന്ന് കഴിഞ്ഞാൽ 5-6 ലക്ഷം രൂപ അടക്കണം. എന്നാൽ അത് പോലും ഈ ദുരിതകാലത്ത് സർക്കാർ നിർത്തിവെച്ചിട്ടില്ല. ഈ മഹാമാരിയുടെ സമയത്ത് സർക്കാർ അതിനുള്ള സന്മനസ് പോലും കാണിച്ചിട്ടില്ല',- പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ പറയുന്നു.വൈദ്യുതിചാർജിലെങ്കിലും സബ്സിഡി നൽകിയില്ലെങ്കിൽ വായ്പയിൽ താങ്ങിനിർത്തിയ തിയറ്ററുകളിൽ പലതും അടച്ചുപൂട്ടേണ്ടിവരുെമന്ന് ഉടമകൾ തുറന്നുപറയുന്നു.തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സാനിറ്റൈസ് ചെയ്യുന്നതുൾപ്പെടെ വലിയ ചെലവും വേണ്ടിവരും. കേരളത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടാലും തമിഴ്‌നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങൾ സാധാരണ അവസ്ഥയിലെത്താതെ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയില്ല.

പ്രീപ്രൊഡക്ഷനിൽ തുടങ്ങി ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും തിയറ്റർ റിലീസും ഡിജിറ്റൽ, സാറ്റലൈറ്റ് റിലീസുകളും വരെ നീളുന്ന ആ ചങ്ങല മുറിയുമ്പോൾ തകരുന്നത് ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ്. മറ്റ് മേഖലകളിൽ നടക്കുന്നത് പോലെ വർക്ക് ഫ്രം ഹോമും സിനിമയിൽ നടക്കില്ല.തിരക്കഥാ രചന, ഗാനരചന, സംഗീത സംവിധാനം എന്നിവ മാത്രമാണിതിനൊരപവാദം.മലയാളസിനിമയിലെ പതിനായിരത്തിൽപരം സാങ്കേതികപ്രവർത്തകരിൽ നാലായിരത്തോളം ദിവസവേതനക്കാരും ഇക്കാലത്ത് പ്രതിസന്ധിയിലാണ്. മോഹൻലാലും മഞ്ജുവാര്യരുമടക്കമുള്ള താരങ്ങളുടെ ധനസഹായം ഈ വിഭാഗത്തിന് ലഭ്യമാക്കാൻ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കഴിഞ്ഞെങ്കിലും എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നതാണ് ചോദ്യം.

സച്ചിയും അനിൽ നെടുമങ്ങാടും അടക്കം വിയോഗപ്പെരുമഴ

മലയാള സിനിമയിൽ ഇത് ദുരന്തങ്ങളുടെ വർഷം കൂടിയായിരുന്നു. നടൻ ശശികലിംഗ, സംവിധായകൻ സച്ചി, നടൻ രവിവള്ളത്തോൾ, നടൻ അനിൽ മുരളി, സിനിമ, സീരിയൽ താരം ഷാജി തിലകൻ, സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ, കന്മദം അടക്കം മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ, സൂഫിയും സുജാതയും സംവിധായകൻ ഷാനവാസ് ധരണിപ്പുഴ.. ഏറ്റവും ഒടുവിൽ നടൻ അനിൽ നെടുമങ്ങാട്.

പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോല നെഞ്ചിലേറ്റിയ താരമായിരുന്നു ശശി കലിംഗ നിര്യാണവും ഈ കോവിഡ് കാലത്തായിരുന്നു. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1998ൽ പുറത്തിറങ്ങിയ 'തകരച്ചെണ്ട' ആയിരുന്നു. തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകങ്ങളിലേക്ക് തിരിച്ചു പോയ ശശി 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നത്. തുടർന്ന് വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.500 ൽ അധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം നിരവധി ടെലിവിഷൻ സീരിയലുകളിലും, നൂറിലധികം മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്‌ബർ അന്തോണി, ഇന്ത്യൻ റുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനമായി അഭിനയിച്ചത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം 2020 ഏപ്രിൽ 7 ന് സിനിമാ ലോകത്തോട് വിടപറയുകയായിരുന്നു.

2020 ൽ പ്രേക്ഷകരെ തളർത്തിയ മറ്റൊരു വിയോഗമായിരുന്നു ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് സൗമ്യമായ മുഖത്തോടെ നമുക്കു മുന്നിലെത്തിയ രവി വള്ളത്തോളിന്റേത്. പ്രശസ്ത നാടകകൃത്ത് ടി.എൻ. ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിലാണ് രവിവള്ളത്തോൾ ജനിച്ചത്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് 1987 ൽ പുറത്തിറങ്ങിയ സ്വാതിതിരുനാൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തി. തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു രവി വള്ളത്തോൾ. അസുഖത്തെ തുടർന്ന് ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്ന താരം 2020 ഏപ്രിൽ 25ന് വിടപറഞ്ഞു.

മലയാളി പ്രേക്ഷകരെ അതീവ ദുഃഖത്തിലാഴ്‌ത്തിയ ഒരു വിയോഗമായിരുന്നു നടൻ അനിൽ മുരളിയുടേത്. കരൾരോഗത്തെ തുടർന്ന് ജൂലൈ 30 ന് ആയിരുന്നു നടന്റെ അന്ത്യം. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. 1993 ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റൺ ബേബി റൺ, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ചേട്ടായീസ്, ബോഡി ഗാർഡ്, രാമലീല, ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും നടൻ സജീവമായിരുന്നു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ തെന്നിന്ത്യൻ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പെരുന്തച്ചൻ തിലകന്റെ മകനും സിനിമ, സീരിയൽ താരവുമായ ഷാജി തിലകൻ വിടപറഞ്ഞത് ഈ വർഷമായിരുന്നു. കരൾ സംബസമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1998ൽ പുറത്തിറങ്ങിയ 'സാഗരചരിത്രം' എന്ന ദൂരദർശൻ പരമ്പരയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അഭിനേതാവ് എന്നതിൽ ഉപരി ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്..

മലയാളചലച്ചിത്രരംഗത്തെ സംഗീതസംവിധായകനായിരുന്ന അർജ്ജുനൻ മാസ്റ്റർ നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. 2020 ഏപ്രിൽ 6ന് തന്റെ 84 ആം വയസ്സിൽ കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ (92) വിടപറഞ്ഞതും 2020 ൽ ആണ്. മോഹൻലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മുത്തശ്ശിയും മോഹൻലാലുമൊത്തുള്ള രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 1999-ൽ അനിൽ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു

.

2020 ലെ നഷ്ടങ്ങളിൽ ഒന്നാണ് സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിയുടെ അകാല വിയോഗം. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയിൽ ഉദിച്ചുയർന്ന് കാലമധികം കഴിയും മുൻപേ പലതും ബാക്കിവച്ചാണ് സച്ചിയുടെ മടക്കം. ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സച്ചി-സേതു കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നിരുന്നു. റൺബേബി റൺ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. 2015 ൽ ഇറങ്ങിയ അനാർക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി. സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം അയ്യപ്പനും കോശിയുമാണ്. ചിത്രം തീയറ്ററുകളിൽ വിജയകരമായ പ്രദർശനം നടക്കുമ്പോഴായിരുന്നു ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ജൂൺ 18ന് സച്ചി സിനിമാ ലോകത്തോട് വിടപറഞ്ഞത്.

പാതിവഴിയിൽ നിലച്ച സൂഫിസംഗീതംപോലെയാണ് പ്രണയവും സംഗീതവും നിറഞ്ഞ 'സൂഫിയും സുജാതയും' എന്ന സിനിമയിൽ സൂഫി വിടപറയുന്നതെങ്കിൽ സമാന രീതിയിൽ ജീവിതത്തോട് വിടപറയുകയായിരുന്നു ഷാനവാസ് ധരണിപ്പുഴയയെന്ന ചലച്ചിത്രകാരനും. 2015-ൽ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.പുതിയ സിനിമയുടെ തിരക്കഥ രചനയ്ക്കിടെ അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില അതിഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് സഹായത്തോടെ റോഡ് മാർഗം അതിവേഗം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2020 ൽ ഏറ്റവുമൊടുവിൽ നടൻ അനിൽ പി. നെടുമങ്ങാടിന്റെ മരണവാർത്തയുടെ ആഘാതത്തിലാണ് മലയാള സിനിമാ പ്രേമികൾ. ടെലിവിഷൻ ചാനലുകളിൽ അവതാരകനായാണ് അനിൽ പി. നെടുമങ്ങാടിന്റെ കരിയർ ആരംഭിക്കുന്നത്. 2014-ൽ രാജീവ് രവി സംവിധാനംചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസി'ലെ 'ഫ്രെഡി കൊച്ചപ്പനി'ലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച അനിൽ കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി . 2020-ൽ 'അയ്യപ്പനും കോശിയും' സിനിമയിലെ സിഐ. സതീഷ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിമാറി.പ്രിയപ്പെട്ട സംവിധായകൻ സച്ചിയുടെ പിറന്നാളിന്, അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിലാണ് അനിൽ അപകടത്തിൽപെട്ട് ഓർമയായത്. 2020 ഡിസംബർ 25 നു തൊടുപുഴയിൽ മലങ്കര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അനിൽ മുങ്ങിമരിക്കുക ആയിരുന്നു.

ജോർജുകുട്ടിയും ബിലാലും തിരിച്ചുവരുമ്പോൾ

പക്ഷേ ഏത് കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചംപോലും ഉണ്ടാവുമെന്ന ആപ്തവാക്യം ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ പ്രതിസന്ധിയെയും അതിജീവിച്ച് മുന്നേറാൻ ഒരുങ്ങുകയാണ് മലയാള ചലച്ചിത്രലോകവും. വൈകാതെ സിനിമാ തീയേറ്റുകൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിനിമാ പ്രവർത്തകർക്ക് ഉള്ളത്.

മരക്കാർ അറബിക്കടലിന്റെ സിഹം, ദൃശ്യം 2 എന്നീ മോഹൻലാൽ ചിത്രങ്ങൾ റിലീസ് ആവുന്നതോടെ വിപണി ഉണരും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബ്രഹ്മാണ്ഡ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പൂരാനും ഈ വർഷം ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് പറയുന്നത്. മമ്മൂട്ടിയുടെ വൺ, രാജീവ് രവിയുടെ നിവിൻ പോളി ചിത്രം തുറമുഖം, ബേസിൽ ജോസഫിന്റെ ടൊവീനോ ചിത്രം മിന്നൽ മുരളി, പ്രഥ്വീരാജിന്റെ ബ്ലെസി ചിത്രം ആടുജീവിതം, ദുൽഖർ സൽമാന്റെ കുറുപ്പ്, ജോഫിൻ ടി ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മഞ്ജുവാര്യർ ചിത്രം ദ പ്രീസ്റ്റ്, പ്രഥ്വീരാജിന്റെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ കോൾഡ് കേസ്, ഷാജികൈലാസിന്റെ പ്രഥ്വീരാജ് ചിത്രം കടുവ, നിധിൻ രഞ്ജി പണിക്കരുടെ സുരേഷ്ഗോപി ചിത്രം കാവൽ, അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ബിലാൽ, ജയസൂര്യയുടെ വെള്ളം, ഫഹദിന്റെ മാലിക്ക്, സന്തോഷ് ശിവന്റെ മഞ്ജുവാര്യർ ചിത്രം ജാക്ക് ആൻഡ് ജിൽ എന്നിവയൊക്കെയാണ് പുതുവർഷത്തിന്റെ മറ്റ് പ്രതീക്ഷകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP