- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാമ്യം കിട്ടിയത് അറിയുന്നത് ജയിലിലെ തയ്യൽ ക്ലാസിലിരിക്കമ്പോൾ; ഫ്‌ളാഷ് ന്യൂസിനെ കുറിച്ച് വാർഡന്മാരിൽ നിന്ന് കേട്ട സിസ്റ്റർ അക്ഷരാർത്ഥത്തിൽ ഞെട്ടി; പ്രാർത്ഥന ഫലം കണ്ടുവെന്ന് കണ്ണു നിറച്ച് ആദ്യ പ്രതികരണം; വാർഡന്മാരോടു ഗുഡ് ബൈ പറഞ്ഞ് അഭയ കേസ് പ്രതി സിസ്റ്റർ സ്റ്റെഫിയുടെ പുറത്തിറങ്ങൽ; മുഖത്ത് നിറഞ്ഞത് ഇനി മടങ്ങി വരില്ലെന്ന ആത്മവിശ്വാസം
തിരുവനന്തപുരം. ഇന്നലെ ജയിലിലെ തയ്യൽ ക്ലാസിലിരിക്കുമ്പോൾ വാർഡന്മാരാണ് സിസ്റ്റർ സ്റ്റെഫിക്കും ഫാദർ കോട്ടൂരാനും ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്ന വാർത്ത സിസ്റ്റർ സ്റ്റെഫിയെ അറിയിച്ചത്. ടി വിയിൽ ഫ്‌ളാഷ് ന്യൂസ് വരുന്ന കാര്യമാണ് വാർഡന്മാർ സ്റ്റെഫിയോടു പറഞ്ഞത്. എന്നാൽ ജാമ്യ വാർത്ത സ്റ്റെഫിയെ തന്നെ ഞെട്ടിച്ചു കളഞ്ഞു. പ്രാർത്ഥന ഫലം കണ്ടുവെന്നാണ് ജാമ്യ വാർത്തയോട് കണ്ണുകൾ നിറഞ്ഞ് സ്റ്റെഫി ആദ്യം പ്രതികരിച്ചത്.
ഉച്ചയോടെ സെല്ലിൽ തിരിച്ചെത്തിയ സ്റ്റെഫി പിന്നീട് ക്ലാസിന് പോയില്ല. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് തിരുവനന്തപുരം സിബിഐ കോടതിയിൽ എത്തിച്ച് ജാമ്യ നടപടികൾക്ക് അംഗീകാരം വാങ്ങി 2.30 ഓടെ സ്റ്റെഫിയുടെ ബന്ധുക്കളും അടുത്ത സഭാ വിശ്വാസികളും ജയിലിലെത്തി. മൂന്ന് മണി കഴിഞ്ഞതോടെ നടപടികൾ പൂർത്തിയാക്കി എല്ലാവർക്കും ഗുഡ് ബൈ പറഞ്ഞ് സിസ്റ്റർ സ്റ്റെഫി യാത്രയായി. 2021 ഡിസംബർ 23നാണ് അഭയാ കൊലക്കേസിലെ മൂന്നാം പ്രതിയായ സിസ്റ്റർ സ്റ്റെഫി ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് അട്ടകുളങ്ങര വനിത ജയിലിൽ എത്തുന്നത്.
ജയിലിൽ എത്തിയ ആദ്യ നാളുകളിൽ തിരു വസ്ത്രം ധരിക്കണമെന്ന് ശാഠ്യം പിടിച്ചുവെങ്കിലും പിന്നീട് സ്റ്റെഫി ജയിൽ ചട്ടങ്ങളോടും നിയമങ്ങളോടും പൊരുത്തപ്പെട്ടു. ജയിൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതിനാൽ സെല്ലിന് പുറത്ത് ഇറങ്ങാൻ അധികം താൽപര്യം കാണിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞതോടെ ജയിലിൽ ചെറിയ സഹായ ജോലികൾക്ക് ചുമതല നൽകിയെങ്കിലും പുറം വേദനയും കാല് വേദനയും പറഞ്ഞ് അതിൽ നിന്ന് ഒഴിവായിരുന്നു. ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങുന്നത് വരെയും പുറം വേദനയും കാല് വേദനയും പറഞ്ഞാണ് സ്റ്റെഫി ജയിലിൽ കഴിഞ്ഞത്.
ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞിരുന്നെങ്കിലുംജയിലിലെ തയ്യൽ ക്ലാസിന് സ്റ്റെഫി സ്ഥിരമായി പോകുമായിരുന്നു. ചെറിയ തയ്യൽ ജോലികൾ പഠിക്കുകയും ചെയ്തു. തയ്യൽ ക്ലാസ് കഴിഞ്ഞാൽ പിന്നെ സ്റ്റെഫിയുടെ ജയിലിലെ ലോകം പ്രാർത്ഥന തന്നെയായിരുന്നു. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ വിനോദത്തിന് പോലും പോകാറില്ല. പ്രാർത്ഥനയും ബൈബിൾ വായനയുമായി കഴിഞ്ഞു കൂടും. സഹതടവുകാരോടും അധികം അടുപ്പം പ്രകടിപ്പിച്ചിരുന്നില്ല എന്നിരുന്നാലും ജാമ്യം കിട്ടിയപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു തന്നെയാണ് സ്റ്റെഫി ഇറങ്ങിയത്.
ഫാ.തോമസ് കോട്ടൂരാൻ തിരുവനന്തപുരം സെന്ററൽ ജയിലിലാണ് തടവിലുള്ളത്. വിധി പകർപ്പ് ഇന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ജയിലിലെത്തിക്കും. ഉച്ചയോടെ അദ്ദേഹവും ജയിലിന് പുറത്ത് ഇറങ്ങും. കോവിഡ് കാലത്ത് ആദ്യം 90 ദിവസവും പിന്നീട് ഒരു വർഷത്തോളവും സിസ്റ്റർ സ്റ്റെഫിക്കും ഫാ. തോമസ് കോട്ടൂരാനും പരോൾ ലഭിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ചായിരുന്നു പരോൾ എങ്കിലും ജോമോൻ പുത്തൻ പുരയ്ക്കൽ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.
ഇന്നലെയാണ് അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്..അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്.
2021ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.28വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും,മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. ഇതായിരുന്നു അഭയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിധിച്ച ശിക്ഷ.