കൊച്ചി: ആരാണ് സലീഷ്? മലയാള സിനിമയുടെ ഈ അന്വേഷണം ചെന്ന് നിൽക്കുന്നത് സലീഷ് വെട്ടിയാട്ടിൽ എന്ന യുവാവിലാണ്. ദിലീപിനെതിരെ ബാലചന്ദ്രകുമാർ ഉയർത്തിയ എറണാകുളം പെന്റാ മേനകയിലുള്ള സെല്ലുലാർ കെയർ എന്ന സ്ഥാപനത്തിലുള്ള സലീഷ് എന്ന പയ്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാള സിനിമാ് ലോകവും. ഈ അന്വേഷണം എത്തുന്നത് അങ്കമാലിയിലെ വാഹനാപകടത്തിൽ മരിച്ച സലീഷ് വെട്ടിയാട്ടിൽ എന്ന സംവിധായകനിലേക്കാണ്. ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് മടങ്ങുമ്പോഴുണ്ടായ അപകട മരണം. ഈ അപകടത്തെ കുറിച്ചാണ് ബാലചന്ദ്രകുമാർ അന്വേഷണം ആവശ്യപ്പെടുന്നത് എന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച. എന്നാൽ ഈ മരണത്തിൽ ദുരൂഹതകൾക്കൊന്നും സാധ്യതയില്ലെന്നതാണ് വസ്തുത. ഇതേ കാര്യം ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തിയിരുന്നു.

അരുൺ ഗോപിയുടെ ഫോണുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. ദിലീപ് ജയിലായപ്പോൾ അരുൺ ഗോപിയെ കേരളത്തിലെ ഒരു നേതാവിന്റെ മകൻ വിളിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഈ വിഷയം ദിലീപ് പുറത്തിറങ്ങിയപ്പോൾ അരുൺ ഗോപി ദിലീപിനോട് പറഞ്ഞുവെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. ഈ ഫോൺ സംഭാഷണം വീണ്ടെടുക്കാനുള്ള ശ്രമാണ് സലീഷിന്റെ പേരും ചർച്ചകളിൽ എത്തിച്ചത്. ഈ സലീഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപണം ഇപ്പോൾ എത്തുന്നത്. 

സിനിമയിൽ അസി.ഡയറക്ടറായും മറ്റും പ്രവർത്തിച്ചയാളാണ് സലീഷ്. ബാലചന്ദ്രകുമാറാണ് സലീഷിനെ ദിലീപിന്റെ അടുത്ത് എത്തിച്ചത്. എന്നാൽ അറിയാത്ത ഒരാൾക്ക് തന്റെ ഫോൺ കൊടുക്കാൻ സംവിധായകൻ അരുൺ ഗോപി തയ്യാറായില്ല. എന്നാൽ ദിലീപ് കടുത്ത സമ്മർദ്ദം ചെലുത്തി ഈ ഫോണ് വാങ്ങിച്ചു. തുടർന്ന് സലീഷ് ആവശ്യപ്പെട്ട പ്രകാരം ദിലീപിന്റെ അനുജൻ 90,000 രൂപ മുടക്കി ഡോ. ഫോൺ എന്ന സോഫ്റ്റ് വെയർ വാങ്ങി. എന്നാൽ വേറെ പലതും കിട്ടിയെങ്കിലും ഈ കോൾ റെക്കോർഡ് മാത്രം തിരിച്ചെടുക്കാൻ സലീഷിന് സാധിച്ചില്ല. ഒടുവിൽ അമേരിക്കയിൽ ഐ ഫോൺ കമ്പനിയിൽ ഫോൺ അയച്ച് പത്ത് ലക്ഷം രൂപയോളം മുടക്കി ആ കോൾ റെക്കോർഡ് ദിലീപ് തിരിച്ചു പിടിച്ചു.

സലീഷിനേയും ദിലീപിനേയും പരിചയപ്പെടുത്തി കൊടുത്തത് ബാലചന്ദ്രകുമാർ ആണെങ്കിലും അവർ രണ്ട് പേരും പിന്നീട് അടുത്ത സുഹൃത്തുകളായി. വളരെ കാലം കഴിഞ്ഞ ബാലചന്ദ്രകുമാറിനെ സലീഷ് വിളിച്ചു സൗഹൃദം പുതുക്കിയിരുന്നു. താൻ ദിലീപിനെ വീണ്ടും കാണാൻ പോകുന്നുണ്ടെന്നും അന്ന് സലീഷ് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. അവിടുന്നങ്ങോട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ ആലുവയിൽ അജ്ഞാതവാഹനം ഇടിച്ച് സലീഷ് മരിച്ചു-ഇതായിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ. ഇത് പിന്നീട് ബാലചന്ദ്രകുമാറും ശരിവയ്ക്കുകയായിരുന്നു. തന്റെ കൂട്ടുകാരന്റെ മരണത്തിൽ ദിലീപിന് പങ്കുള്ളതായും സംശയമുയർത്തി.

ഇതോടെയാണ് സിനിമാ ലോകവും ഈ സലീഷിനെ തേടി യാത്ര തുടങ്ങിയത്. അത് എത്തിയത് സലീഷ് വെട്ടിയാട്ടിൽ എന്ന വ്യക്തിയിലും. 2020ലെ ഓണനാളിലായിരുന്നു ഈ അപകടം.

ആ അപകടമുണ്ടായത് ടെൽക്കിന് മുന്നിൽ

കലാഭവൻ മണിയുടെ ചാലക്കുടിയിലെ വസതിയിൽ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസുചെയ്തു മടങ്ങിയ സംവിധായകൻ സലീഷ് വെട്ടിയാട്ടിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ചിത്രം യു ട്യൂബിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അപകടം. സലീഷ് സംവിധാനം ചെയ്ത 'ലോക്ക് ഡൗണായ ഓണം' പോസ്റ്റർ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗൃഹത്തിലാണ് അന്ന് ഉച്ചയോടെ റിലീസ് ചെയ്തത്. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനും അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ജൂബിൽ രാജൻ പി. ദേവും ചേർന്നാണ് റിലീസ് ചെയ്തത്. വൈകിട്ട് ഏഴിന് എസാർ മീഡിയ യൂ ട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചടങ്ങ്.

ചടങ്ങിനുശേഷം എറണാകുളത്തേക്ക് വരുമ്പോൾ സലീഷ് ഓടിച്ചിരുന്ന കാർ ടെൽക്കിന് സമീപം മീഡിയനിൽ ഇടിച്ചുകയറിയാണ് അപകടം എന്നാണ് റിപ്പോർട്ടുകൾ. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ചാലക്കുടി വെള്ളമുക്ക് സ്വദേശിയായ സലീഷ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഈ അപകടത്തിൽ അന്നാരും ദുരുഹത ഉയർത്തിയില്ല. ഇതാണ് ഇപ്പോൾ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും ചർച്ചയാക്കുന്നതെന്നാണ് സൂചന. സലീഷ് സംവിധാനം ചെയ്ത പേരിടാത്ത സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരിന്നു. അനിൽ സച്ചു തിരക്കഥ എഴുതുന്ന മറ്റൊരു സിനിമയുടെ അണിയറപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു അപകടം.

സലീഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാത അങ്കമാലി ടെൽക്കിന് സമീപം റെയിൽവെ മേൽപ്പാലം ഇരുമ്പ് കൈവരിയിൽ ഇടിച്ച് കയറുകയായിരുന്നു. ഉച്ചക്ക് 1.55നായിരുന്നു അപകടം. തകർന്ന കാറിൽ നിന്ന് അഗ്‌നി രക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് സലീഷിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.

സംവിധായകനാക്കിയതും പെന്റാ മേനകയിലെ കട

താൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഉത്രാടനാളിൽ സംപ്രേഷണം ചെയ്യണമെന്ന അതിയായ മോഹമായിരുന്നു സലീഷിന്. അതിന് വിശ്രമമില്ലാതെയാണ് പ്രവർത്തിച്ചതെങ്കിലും സംപ്രേഷണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സലീഷ് ജീവിതത്തിൽ നിന്ന് യാത്രയാവുകയായിരുന്നു. പെന്റ മേനകയിൽ മൊബൈൽ കട നടത്തി വരികയായിരുന്നു സലീഷും. സിനിമയിൽ അഭിനയിക്കണമെന്നത് ചെറുപ്പം മുതലുള്ള മോഹമായിരുന്നു. മൊബൈൽ കട ആരംഭിച്ചതോടെ സിനിമ പ്രവർത്തകരുമായി ബന്ധപ്പെടാൻ അവസരമൊരുങ്ങി.

അതോടെ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി 20-ാമത്തെ വയസുമുതൽ സംവിധായകരെയും മറ്റ് പ്രവർത്തകരെയും കാണാൻ ഓടി നടക്കുകയായിരുന്നു. അതിന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ സലീഷിന് മടിയില്ലായിരുന്നു. ഇതിനകം 15ഓളം സിനിമകളിൽ ചെറിയ വേഷമിട്ടിട്ടുണ്ട്. തിരക്കഥകളും എഴുതിയിട്ടുണ്ട്. മനസിൽ രഹസ്യമായി സൂക്ഷിച്ച തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പും നടത്തിവരുന്നതിനിടെയായിരുന്നു സലീഷിന്റെ അന്ത്യം.

അൽ അമൻ മൂവിസും അമ്മാ സിമന്റ്‌സും ആയിരുന്നു 'ലോക് ഡൗണായ ഓണം' എന്ന ഹ്രസ്വചിത്രത്തിന് പിന്നിൽ. അത് ഉത്രാട നാളിൽ റിലീസ് ചെയ്ത് തിരുവോണ നാളിൽ ജനം കാണണമെന്ന് അതിയായ മോഹമായിരുന്നു. എന്നാൽ ഇടവേള ബാബുവിന്റെ അമ്മയുടെ മരണവും കോവിഡ് പശ്ചാതലത്തിൽ താരങ്ങൾ അഭിനയിക്കാൻ മടിക്കുകയും ചെയ്തു. എന്നിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സിനിമയുടെ നിലവാരത്തിലുള്ള ഹ്രസ്വചിത്രം നിശ്ചയിച്ച ദിവസം തന്നെ റിലീസ് ചെയ്യാൻ വിശ്രമമില്ലാതെ ഓടുകയായിരുന്നു സലീഷ്. ഇതിന് ശേഷമായിരുന്നു അപകടം.

രണ്ട് വർഷവും മഴയും പ്രളയവും കൊണ്ട് ഓണാഘോഷം മുടങ്ങിയ മലയാളിയുടെ ഓണവും അത് കാണാനെത്തുന്ന മാവേലിയുടെ പ്രതികരണവുമാണ് 'ലോക്ഡൗണായ ഓണം' ഷോർട്ട്ഫിലിമിന്റെ പ്രമേയം. കൊറോണ സമയത്തെ ഓണാഘോഷങ്ങൾ എങ്ങനെയാണെന്നും രോഗം പകരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ചിത്രം പറയുന്നു. സീനുലാൽ, സുമേഷ് തമ്പി, അംബിക മോഹൻ, ദേവീക, പ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹ്രസ്വചിത്രത്തിന് തിരക്കഥ എഴുതിയത് റെനി ജോസഫായിരുന്നു.