Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കിട്ടിയത് ഫോൺ നമ്പർ; വർക്കലയിലും ആറ്റിങ്ങലിലും കാത്തു നിന്നെങ്കിലും പിടികൊടുക്കാതെ വഴുതിയ ഗുണ്ടാനേതാവ്; ഒടുവിൽ 'പൈക'യിലെ വീട് സ്‌കെച്ചിൽ വീണു; ചാരനെ നിയോഗിച്ച് 'ബിജു' വിലെ സത്യം കണ്ടെത്തി; ഈച്ച പോലും അറിയാതെ ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയത് അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു;'ഓപ്പറേഷൻ ആറ്റിങ്ങൽ' സിനിമയെ വെല്ലും ക്രൈം ത്രില്ലർ

കിട്ടിയത് ഫോൺ നമ്പർ; വർക്കലയിലും ആറ്റിങ്ങലിലും കാത്തു നിന്നെങ്കിലും പിടികൊടുക്കാതെ വഴുതിയ ഗുണ്ടാനേതാവ്; ഒടുവിൽ 'പൈക'യിലെ വീട് സ്‌കെച്ചിൽ വീണു; ചാരനെ നിയോഗിച്ച് 'ബിജു' വിലെ സത്യം കണ്ടെത്തി; ഈച്ച പോലും അറിയാതെ ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയത് അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു;'ഓപ്പറേഷൻ ആറ്റിങ്ങൽ' സിനിമയെ വെല്ലും ക്രൈം ത്രില്ലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമീറുൾ ഇസ്ലാമിനെ പൊക്കി കേരളത്തിന്റെ കണ്ണീര് തുടച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പികെ മധു. ജിഷാ കൊലക്കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ പ്രധാനി. അസമിൽ നിന്ന് അമീർ ഉൾ ഇസ്ലാമിനെ പൊക്കിയ ഈ പൊലീസ് ഉദ്യോഗ്‌സഥന്റെ അന്വേഷണമാണ് ആറ്റിങ്ങൽ അയ്യപ്പനേയും കുടുക്കിയത്. ഇത് കീഴടങ്ങലായിരുന്നില്ല. 'ഓപ്പറേഷൻ ആറ്റിങ്ങൽ' അതി രഹസ്യ അന്വേഷണമാണ് അയ്യപ്പനെ കുടുക്കിയത്. ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയതല്ല കീഴടങ്ങിയതാണെന്ന അഭ്യൂഹവും സംശവും ശക്തമായിരുന്നു. ഇടത് ബന്ധങ്ങളുള്ള അയ്യപ്പനെ പൊലീസ് പിടികൂടുമോ എന്നതായിരുന്നു സംശയം. ഇതിലെ അന്വേഷണമാണ് സത്യം വ്യക്തമാക്കുന്നത്. ആറ്റിങ്ങൽ അയ്യപ്പനെ പൊലീസ് സിനിമാ സ്‌റ്റൈൽ ഓപ്പറേഷനിൽ പിടികൂടുകയായിരുന്നുവെന്നതാണ് വസ്തുത.

ആറുപേരടങ്ങുന്ന സംഘത്തെ കൃത്യമായ പ്ലാൻ ഉണ്ടാക്കി നിയോഗിച്ചത് റൂറൽ എസ്‌പിയായിരുന്ന പികെ മധുവാണ്. എസ് പിയുടെ നിർദ്ദേശ പ്രകാരം നടത്തിയത് ഓപ്പറേഷനിലൂടെയാണ് ആറ്റിങ്ങൽ അയപ്പനെ കീഴടക്കുന്നത്. ഓപ്പറേഷനെക്കുറിച്ച് ഈ സംഘാംഗങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. പൊലീസിനുള്ളിൽ തന്നെ അയ്യപ്പന് സ്വാധീനമുണ്ട്. സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന ഗുണ്ട. ആ വിശ്വാസത്തിലാണ് ഗൾഫിലും മലേഷ്യയിലും സാമ്രാജ്യമുള്ള അയ്യപ്പൻ അതിരഹസ്യമായി കേരളത്തിലെത്തിയതും ഒളി ജീവിതം തുടങ്ങിയതും. ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം റൂറൽ എസ് പിയായി മധു എത്തുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ സുരക്ഷ ചുമതലുടെ ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഇതിനിടെയിലും അയ്യപ്പനെ പൊക്കാൻ മധു തീരുമാനിച്ചു.

പ്ലാൻ ചെയ്തതിൽ പല തവണ തിരിച്ചടി നേരിട്ടപ്പോഴും തോറ്റു പിന്മാറാതെ ലക്ഷ്യം പൂർത്തീകരിച്ച കേരള പൊലീസിന്റെ വിജയകഥ കൂടിയാണ് ഈ ഓപ്പറേഷൻ. ആറ്റിങ്ങൽ ഡിവൈ.എസ്‌പി. ബി.ഗോപകുമാർ, ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാർ, എസ്ഐ. ജ്യോതിഷ് ചിറവൂർ, പ്രത്യേക സംഘത്തിലെ എസ്ഐ. എം.ഫിറോസ് ഖാൻ, ബിജു എ.എച്ച്., എഎസ്‌ഐമാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ. സുധീർ, സുനിൽരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് എസ് പി മധുവിന്റെ ലക്ഷ്യം നിറവേറ്റത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ എസ് പി ആയി പുതുതായി ചുമതലയേറ്റ പി കെ മധുവിന് ലഭിച്ച ഒരു ഫോൺ നമ്പറിൽ നിന്നാണ് ഈ ഒപ്പറേഷന്റെ തുടക്കം. ആറ്റിങ്ങൽ അയ്യപ്പൻ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫോൺ നമ്പറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇത് വച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലുടെയാണ് അയ്യപ്പൻ പിടിയിലാകുന്നത്. ആരും ഒന്നും അറിയാതിരിക്കാൻ മധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും പുറത്തു പോയാൽ വലയിൽ നിന്ന് രക്ഷപ്പെടുന്ന മികവ് അയ്യപ്പനുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു തന്ത്രങ്ങൾ ഒരുക്കിയത്. മുമ്പും തിരുവനന്തപുരം റൂറലിന്റെ ചുമതല പികെ മധുവിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരേയും നേരിട്ട് അറിയാം. ഇതും ആത്മവിശ്വാസമാക്കിയാണ് ആറ്റിങ്ങൽ അയ്യപ്പനെ മധു കുടുക്കിയത്.

ഓപ്പറേഷൻ അതീവ രഹസ്യമാക്കിയാണ് ആറംഗ സംഘം പ്ലാൻ ചെയ്തത്. സൈബർസെൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ മാത്രം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യം തന്നെ കിട്ടിയ നമ്പറിന്റെ ടവർ ലൊക്കേഷനും കോൾ ഡീറ്റെയിൽസും കണ്ടെത്തുകയായിരുന്നു പ്ലാൻ. പരിശോധനയിൽ ഡിസംബർ മാസം മുതൽ കോട്ടയം ജില്ലയിലെ പൈഗ എന്ന സ്ഥലത്ത് ഉള്ളതായി മനസിലായി. കോട്ടയം പൊൻകുന്നം പൊലീസ് സ്റ്റേഷന്റെയും പാല പൊലീസ് സ്റ്റേഷന്റെയും അതിർത്തി പ്രദേശമാണ് പൈഗ. ഇതോടെ നമ്പറിന്റെ ലൊക്കേഷൻ തുടർച്ചയായി നിരീക്ഷിച്ചതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ഈ വരവ് അവസാനിച്ചത് വർക്കല ഭാഗത്തായിരുന്നു. ഇതോടെ ഇയാളെ പിടികൂടാൻ തീരുമാനിക്കുകയും സംഘം വർക്കലയിലേക്ക് പുറപ്പെടുകയും ചെയ്തു. പക്ഷെ ടവർ ലൊക്കേഷനല്ലാതെ കൃത്യമായി സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആദ്യശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന സംഘം അയ്യപ്പന് വേണ്ടിയുള്ള നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തെത്തിയപ്പോൾ അന്വേഷണസംഘം രണ്ടാം ശ്രമം നടത്തി. പക്ഷെ അയപ്പന്റെ ലൊക്കേഷൻ മാറിമാറി വരുന്നത് സംഘത്തിന് വീണ്ടും തിരിച്ചടിയായി. അങ്ങിനെ രണ്ടാം ശ്രമവും പരാജയപ്പെട്ടു.

അന്ന് രാത്രിയാണ് അന്വേഷണസംഘത്തിന് ആവശ്യമായ ബ്രേക്ക് ്ത്രു ലഭിക്കുന്നത്. നിരീക്ഷണം തുടർന്നിരുന്ന സൈബർ സെല്ലിന് മുന്നിലേക്ക് അയ്യപ്പന്റെ സിംകാർഡ് ആദ്യം കണ്ടെത്തിയ കോട്ടയം ജില്ലയിലെ ലൊക്കേഷനിലേക്ക് തന്നെ എത്തി. കുറെ സമയത്തേക്ക് ലൊക്കേഷൻ മാറ്റമില്ലാതെ കിടന്നതോടെ ഇതാണ് പിടികൂടാനുള്ള യഥാർത്ഥ സമയം എന്നു മനസിലാക്കിയ സംഘം അവിടേക്ക് പുറപ്പെട്ടു. പൈഗയിൽ എത്തിയ സംഘം അവിടെ മുറിയെടുക്കുകയും മൂന്നു ദിവസത്തോളം അയ്യപ്പനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ കൃത്യമായ സ്പോട്ട് ലഭിക്കില്ല. അതുകൊണ്ടാണ് അവിടെ താമസിച്ച് നിരീക്ഷിക്കേണ്ടി വന്നത്.

ഇവിടെ നിന്നാണ് ഇയാളെ പിടികൂടാനുള്ള കൃത്യമായ മാർഗരേഖ അന്വേഷണസംഘം തയ്യാറാക്കുന്നത്. അതിനായി ആദ്യം പരിസരത്തുള്ള ഒരു വ്യക്തിയെ കണ്ടെത്തുകയും അയ്യപ്പനെ രഹസ്യമായി നിരീക്ഷിക്കാനും വിവരങ്ങൾ നൽകാനുമുള്ള ചുമതല ഇയാളെ ഏൽപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്നാണ് അയ്യപ്പൻ കുടുംബമായാണ് ഇവിടെ താമസിക്കുന്നതെന്നും പേര് മാറ്റി ബിജു എന്നാണ് പറഞ്ഞെതുന്നുമുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അന്ന് രാത്രി തന്നെ സംഘം വീടു വളഞ്ഞു. പഴുതിന് ഇടനൽകാതെ ആറ്റിങ്ങൽ അയപ്പനെ പടികൂടുകയുമായിരുന്നു.

തുടർന്ന് എസ് പിയെ വിവരമറിയിച്ച ശേഷം നിർദ്ദേശപ്രകാരം വീട് പരിശോധന നടത്തുകയും ചെയ്തു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിരുവനന്തപുരത്ത് എസ് പി ഓഫീസിൽ ഹാജരാക്കുകയുമായിരുന്നു. ഒരുകാലത്ത് സിപിഎമ്മിന്റെ പ്രധാന ഗുണ്ടയായിരുന്നു അയ്യപ്പൻ. ആറ്റിങ്ങലിൽ നിന്ന് അയ്യപ്പൻ പതിയെ തിരുവനന്തപുരത്തേക്ക് എത്തി. ആർ എസ് എസിനെതിരെ അടങ്ങാത്ത വിരോധം കൊണ്ടു നടന്ന ഗുണ്ടാ തലവൻ. അങ്ങനെ അയ്യപ്പന് ക്വട്ടേഷൻ ഇട്ടു. പരിവാറുകാരുാണ് ഇതിന് പിന്നിലെന്നാണ് അന്നും ഇന്നും ആറ്റിങ്ങലുകാർ കരുതുന്നത്. എന്നും രാവിലെ ചായ കുടിക്കാൻ എത്തുന്ന അയ്യപ്പനെ സംഘം വളഞ്ഞു. തുരുതുരാ വെട്ടി. കൈയും കാലും എല്ലാം അറ്റു. ചലന ശേഷിയും അന്ന് നഷ്ടമായി. പക്ഷേ ജീവന്റെ തുടിപ്പു മാത്രം ബാക്കിയായി. ഇതു മാത്രം വച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങിയ ഗുണ്ടാ നേതാവാണ് അയ്യപ്പൻ. യൂണിവേഴ്സിറ്റി കോളേജിലെ നിയന്ത്രണവും ഒരു കാലത്ത് അയ്യപ്പന്റെ കൈയിലായിരുന്നു. അത്തരത്തിലൊരു ക്രിമിനലിനെയാണ് പൊലീസ് പിടികൂടിയത്.

ഏതാണ് 25 കൊല്ലം മുമ്പാണ് ആറ്റിങ്ങൽ അയ്യപ്പനെ കൊല്ലുകയെന്ന ഉദേശത്തോടെ ഒരു സംഘം ആക്രമിക്കുന്നത്. ആർഎസ്എസ് കര്യാലായങ്ങളും ശാഖകളും ആക്രമിച്ചതിന്റെ പകയായി അതിനെ വിലയിരുത്തുന്നവരുണ്ട്. വളഞ്ഞ സംഘത്തിന്റെ ലക്ഷ്യം കൊലപ്പെടുത്തലാണെന്ന് മനസ്സിലാക്കിയ അയ്യപ്പൻ പ്രതിരോധം തീർത്തത് ജീവൻ തിരിച്ചെടുക്കാനുള്ള തന്ത്രമായി. ചായക്കടയിലുണ്ടായിരുന്ന സ്റ്റൂൾ എടുത്ത് കഴുത്തിൽ ഇടുകയാണ് അയ്യപ്പൻ ചെയ്തത്. ഇതോടെ തലങ്ങും വലിങ്ങുമുള്ള വെട്ടൊന്നും തലയിൽ കൊണ്ടില്ല. സ്റ്റൂളിന്റെ കാലുകളിൽ വെട്ടുകൾ ഒതുങ്ങി. കൈയും കാലും കൊത്തു നുറുക്കിയവർക്ക് തലയിൽ തൊടാൻ കഴിഞ്ഞില്ല. പിന്നെ മാസങ്ങൾ മെഡിക്കൽ കോളേജിലെ ചികിൽസ.

ചലന ശേഷി വീണ്ടെടുത്ത അയ്യപ്പന് രക്ഷയൊരുക്കിയത് ഗുണ്ടുകാട് സാബുവായിരുന്നു. ഗുണ്ടുകാട് ഷാജിയുടെ മരണത്തോടെ ഒറ്റപ്പെട്ടു നിന്ന ഷാജിക്ക് അയ്യപ്പൻ എല്ലാമെല്ലാമായി. ഗുണ്ടാകാട്ടിലെ വീട്ടിൽ അയ്യപ്പനും താമസം തുടങ്ങി. കുന്നുകുഴിയിൽ നിന്ന് പ്രണയവിവാഹവും. അയ്യപ്പന്റെ ഭാര്യയ്ക്ക് കെ എസ് ആർ ടി സിയിൽ ജോലിയുമുണ്ട്. അച്ഛന്റെ മരണത്തോടെ കിട്ടിയ ആശ്രിത നിയമനം. ആരോഗ്യം പൂർണ്ണായും വീണ്ടെടുത്തതോടെ വീണ്ടും സിപിഎമ്മുകാർക്കൊപ്പായി അയ്യപ്പൻ. പേട്ടയിൽ തമ്പടിച്ച് പ്രവർത്തനവും തുടങ്ങി. ഈ മേഖലയിൽ അന്നുണ്ടായ ആർഎസ്എസ് - സി പിഎം സംഘട്ടനങ്ങളുടെ ഒരു വശത്ത് അയ്യപ്പനുമുണ്ടായി. ഇതിനിടെയാണ് ഓംപ്രകാശും ശക്തനാകുന്നത്. പുത്തൻപാലം രാജേഷും നേതാവായി. പതിയെ അയ്യപ്പൻ പിന്മാറ്റം തുടങ്ങി.

ഓംപ്രകാശും രാജേഷും പിടിമുറുക്കിയതോടെ 2007ൽ അയ്യപ്പൻ കേരളം വിടുന്നത്. ഗൾഫിലേക്കും മലേഷ്യയിലേക്കും കൂടുമാറി. മലേഷ്യയിലും സ്വന്തമായ സാമ്രാജ്യം ഉണ്ടായിരുന്നു. കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയായിരുന്നു മുങ്ങൽ. തമിഴ്‌നാട്ടിലെ മേൽവിലാസത്തിലൂടെ കരസ്ഥമാക്കിയ പാസ്പോർട്ടുപയോഗിച്ച് ഇയാൾ ഇടയ്ക്ക് വിദേശത്തേക്കു കടന്നിരുന്നു. നേപ്പാൾ, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നുപോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനേയും തിരുവല്ല അമ്പലത്തറ കല്ലുമൂട്ടിൽ വച്ച് അബ്ദുൽ ജബ്ബാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്.

ബെംഗളൂരുവിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറിമാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമം അടക്കം നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയെ പിടിച്ചത് പൊലീസിന്റെ മികവെന്ന് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP