Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിമാനം കേടായതിൽ കലിപൂണ്ടത് ഏതാനും യുകെ മലയാളികൾ; ഞായറാഴ്ച കൊച്ചിയിൽ നടന്നത് മലയാളിക്ക് നാണക്കേടായ സംഭവങ്ങൾ; ലണ്ടൻ - കൊച്ചി വിമാനം എന്നന്നേക്കുമായി നിലച്ചേക്കും; എയർ ഇന്ത്യ ജീവനക്കാർ പരാതിയുമായി രംഗത്ത്

വിമാനം കേടായതിൽ കലിപൂണ്ടത് ഏതാനും യുകെ മലയാളികൾ; ഞായറാഴ്ച കൊച്ചിയിൽ നടന്നത് മലയാളിക്ക് നാണക്കേടായ സംഭവങ്ങൾ; ലണ്ടൻ - കൊച്ചി വിമാനം എന്നന്നേക്കുമായി നിലച്ചേക്കും; എയർ ഇന്ത്യ ജീവനക്കാർ പരാതിയുമായി രംഗത്ത്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : കഴിഞ്ഞ ഞായറാഴ്ച ഒട്ടും സുഖപ്രദമായ കാര്യങ്ങളല്ല നെടുമ്പാശേരി എയർപോർട്ടിൽ അരങ്ങേറിയത് എന്ന് സാങ്കേതിക തകരാർ മൂലം യാത്ര മുടങ്ങിയ വിമാനത്തിൽ യുകെയിൽ മടങ്ങിയെത്തിയ മലയാളികൾ മറുനാടൻ മലയാളിയോട്.

നീണ്ട ഒന്നര വർഷക്കാലത്തോളം ലോകമെങ്ങും കോവിഡ് നിയന്ത്രണം മൂലം പാർക്കിങ് ബേകളിൽ കഴിയേണ്ടി വന്ന വിമാനങ്ങൾ ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ യാത്രകൾ പുനരാരംഭിച്ചിട്ട്. ഇക്കാരണത്താൽ ഏതു നിമിഷവും ചെറിയ സാങ്കേതിക തകരാറുകൾ സ്വാഭാവികം.

എയർ കണ്ടിഷനിങ് സംവിധാനത്തിൽ തകരാർ ഉണ്ടെന്നു കണ്ടെത്തിയതോടെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാർ പരിഹരിക്കും വരെ പറക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിനോട് മുതൽ മുഴുവൻ യുകെ മലയാളികൾക്കും നാണക്കേടാകും വിധത്തിലാണ് ഏതാനും യാത്രക്കാർ പെരുമാറിയതെന്ന് വ്യക്തമായി.

ബഹളം കൂട്ടാൻ നാലഞ്ച് പേർ, നാണക്കേടായതു മുഴുവൻ യാത്രക്കാർക്കും

സാധാരണ ഞായറാഴ്ച ഉച്ചക്ക് 1.20 നു പറക്കേണ്ട വിമാനം ചെക് ഇൻ നടപടികൾ പൂർത്തിയാക്കി യാത്രക്കാർ ലോഞ്ചിൽ വിശ്രമിക്കുമ്പോഴാണ് അവിചാരിതമായി യാത്ര മുടങ്ങിയതായി അറിയിപ്പ് എത്തുന്നത്. സ്വാഭാവികമായും ആദ്യം യാത്രക്കാർ ഒന്ന് അമ്പരന്നെങ്കിലും തകരാർ പരിഹരിക്കാൻ വിദഗ്ധ സംഘം മുംബൈയിൽ നിന്ന് എത്തുമെന്നും ചെറിയ തകരാർ മാത്രമേ ഉള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി .

കൂടുതൽ സമയം വേണ്ടിവന്നാൽ യാത്രക്കാർക്ക് ഹോട്ടൽ മുറിയടക്കമുള്ള സൗകര്യം ഒരുക്കാമെന്നും റിഫെർഷ്മെന്റ് നൽകുന്ന വേളയിൽ എയർപോർട്ട് അധികൃതരും വ്യക്തമാക്കി. ഇതോടെ ബഹുഭൂരിഭാഗം യാത്രക്കാരും അടുത്ത അറിയിപ്പിനായി ക്ഷമയോടെ കാത്തിരുന്നു.

എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ഏതാനും യാത്രക്കാർ തയാറായില്ല. അവർക്കു പകരം വിമാനം ഉടൻ എത്തണം. യുകെയിൽ എത്തിയിട്ട് ഒരുപാടു കാര്യങ്ങൾ ബാക്കിയുണ്ട്. ഇങ്ങനെയൊക്കെ വാദങ്ങൾ തുടങ്ങി. പ്രധാനമായും ഒരു സ്ത്രീയും രണ്ടോ മൂന്നോ പുരുഷന്മാരും മാത്രമാണ് വാഗ്വാദത്തിനു തയാറായത്. തങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിയുന്നത് മനസിലാക്കാതെയായിരുന്നു പരിധി വിട്ട ആക്രോശം.

എയർപോർട്ടുകളിൽ അകാരണമായി ജീവനക്കാർക്ക് നേരെ ആക്രോശമുയർത്തിയാൽ എയർ പോർട്ടിനും ചില അധികാരങ്ങൾ ഉണ്ടെന്നു പലവട്ടം യാത്ര ചെയ്തിട്ടുള്ള യുകെ മലയാളികൾ ഇതുവരെ അറിഞ്ഞിട്ടില്ലേ എന്ന മട്ടിൽ സഹയാത്രികർ മൗനം പാലിച്ചപ്പോൾ അവർക്കെതിരെയും ബഹളക്കാർ ശബ്ദമുയർത്താൻ തുടങ്ങി. നിങ്ങൾക്കാർക്കും യുകെയിൽ മടങ്ങി ചെല്ലേണ്ട, ഇവർ എന്താ പകരം വിമാനം അയക്കാത്തതു എന്നൊക്കെയായി ചോദ്യങ്ങൾ.

എന്നാൽ ബഹളം തുടരാൻ ഭാവം എന്ന് കണ്ടതോടെ എയർപോർടിലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ വിശദമാക്കുകയും അല്പം ശബ്ദം ഉയർത്തുകയും ചെയ്തതോടെ പരാതിക്കാർ തങ്ങൾ ഈ നാട്ടുകാരേ അല്ലെന്ന മട്ടിലേക്കു പത്തി താഴ്‌ത്തിയതും ശ്രദ്ധേയമായി .

സിയാൽ നടപടികൾ വേഗത്തിൽ, എയർ ഇന്ത്യയും അവസരത്തിനൊത്തുയർന്നു

തങ്ങളുടെ അഭിമാന സർവീസായ കൊച്ചി ലണ്ടൻ വിമാനം ആഴ്ച തോറും ഉള്ള സർവീസ് മൂന്നു ദിവസമായി ഉയർത്തിയതിന് ആദ്യ സർവീസ് തന്നെ തകരാറിൽ ആയെന്നു അറിഞ്ഞതോടെ മുതിർന്ന ജീവനക്കാർ എല്ലാം സ്ഥലത്തെത്തി മുഴുവൻ യാത്രക്കാരുടെയും ലിസ്റ്റ് എടുത്തു നടപടികൾ വേഗത്തിൽ ആക്കുക ആയിരുന്നു.

എയർ ഇന്ത്യ മുംബൈ ഓഫിസുമായി ബന്ധപ്പെട്ടു സാങ്കേതിക വിഭാഗം ജീവനക്കാർ എത്രയും വേഗത്തിൽ സ്പെയർ പാർട്സ് അടക്കം എത്തുമെന്ന് ഉറപ്പിച്ച ശേഷമാണു യാത്രക്കാരുടെ ഹോട്ടൽ താമസം അടക്കമുള്ള കാര്യങ്ങൾ തീർപ്പാക്കാനായത്. തകരാർ പരിഹരിക്കാൻ ഏതാനും മണിക്കൂർ സമയം വേണ്ടി വന്നേക്കും എന്ന് ഉറപ്പായതോടെ വിമാനത്തിന്റെ അടുത്ത യാത്രയ്ക്കായി ഉദ്യോഗസ്ഥർക്ക് കടമ്പകൾ ഏറെയായിരുന്നു.

ഡിജിസിഎ വൃത്തങ്ങൾ ഉൾപ്പെടെയുള്ളവരെ അറിയിക്കാൻ ഉള്ള നടപടിക്രമങ്ങൾ വേറെ. ഇപ്പോഴും പൂർണ തോതിൽ പ്രവർത്തന സജ്ജം അല്ലാത്തതും കോവിഡ് മൂലം ജീവനക്കാരുടെ എണ്ണം കുറഞ്ഞതും ഞായറാഴ്ച ആണെന്നതും ഒന്നും യാത്രക്കാരിൽ ചിലർക്ക് പ്രശ്‌നമേ ആയിരുന്നില്ല. കോവിഡ് കാലത്തു പലവിധ പ്രയാസങ്ങളാണ് വ്യോമയാന യാത്രയിൽ കാത്തിരിക്കുന്നത് എന്നറിയാത്ത മട്ടിൽ പെരുമാറിയ യാത്രക്കാരിൽ ചിലരുടെ അപക്വ പെരുമാറ്റം സംബന്ധിച്ച് എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. ഏതുവിധേനയും കൊച്ചി ലണ്ടൻ വിമാനം ഇല്ലാതാകട്ടെ എന്ന് കരുതുന്ന ചില ജീവനക്കാർക്ക് കയ്യിൽ കിട്ടിയ പിടിവള്ളിയായി ഞായറാഴ്ചയിലെ സംഭവങ്ങൾ.

അതിനിടെ എയർപോർട്ടിൽ തന്നെ ഫ്ലോറ ഹോട്ടലിൽ പരമാവധി യാത്രക്കർക്കും താമസം ഒരുക്കിയ എയർപോർട്ട് അധികൃതർ എല്ലാ വിവരവും കൃത്യമായി കൈമാറുകയും ചെയ്തിരുന്നു. വൈകുനേരം ഏഴു മണിയോടെ യാത്രക്കാരെ മുഴുവൻ പേരെയും ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. ലഗേജുകൾ കൈയിലെടുക്കണം എന്ന് ആദ്യം എയർപോർട്ട് അധികൃതർ പറഞ്ഞപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏതാനും യാത്രക്കാർ സൂചിപ്പിച്ചപ്പോൾ എയർപോർട്ടിൽ തന്നെ സൂക്ഷിക്കാൻ സിയാൽ അധികൃതർ പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തു. സ്വന്തം നാട്ടിൽ വച്ച് യാത്ര തടസപ്പെട്ടതിൽ ദൈവത്തോട് പ്രാർത്ഥിക്കുക ആയിരുന്നു ഭൂരിഭാഗം യാത്രകകരും.

സഞ്ചാരത്തിനിടയിൽ മറ്റേതെങ്കിലും രാജ്യത്തു അടിയന്തിരമായി ഇറങ്ങേണ്ട സാഹചര്യം ഉണ്ടായില്ലല്ലോ എന്നാണ് യാത്രക്കാരിൽ പലർക്കും പറയാൻ ഉണ്ടായിരുന്നത്. മടങ്ങി വീട്ടിൽ പോകാനായില്ലെങ്കിലും സൗകര്യമായി ഹോട്ടലിൽ ഇരുന്നു വീട്ടുകാരോട് വിഡിയോ കോൾ നടത്തി സമയം ചെലവിടാനാണ് മിക്കവരും ശ്രമിച്ചത്.

എവിടെയും സംഭവിക്കാവുന്ന സ്വാഭാവിക കാര്യം

ഇത്തരം സന്ദർഭങ്ങളിൽ കഴിവതും എയർ ലൈൻ ജീവനക്കാരും എയർപോർട്ട് അധികൃതരും ആയി നല്ല നിലയിൽ പെരുമാറാൻ ആയാൽ അത് യുകെ മലയാളികളെ കുറിച്ച് തന്നെ മതിപ്പുയർത്തുന്ന ഘടകം ആയിരിക്കും. പ്രത്യേകിച്ചും ഈ നോൺ സ്റ്റോപ്പ് വിമാനത്തിൽ മറ്റു യാത്രക്കാർ ആരും ഇല്ലെന്നും മലയാളികൾ ഓർത്തിരിക്കണം എന്നുമാണ് തനിക്കു പറയാൻ ഉള്ളതെന്ന് കാര്യങ്ങൾ വെളുപ്പെടുത്തിയ യാത്രക്കാരൻ വ്യക്തമാക്കി.

നിമിഷ വേഗത്തിൽ ഒരു ദീർഘ ദൂര യാത്രക്കായുള്ള ഒരു വിമാനം ഷെഡ്യൂൾ ചെയ്യാനുള്ള സാങ്കേതിക പ്രശ്ങ്ങൾ സാമാന്യ വിവരം ഉള്ള ആർക്കും ഊഹിക്കാവുന്നതാണ്. മാത്രമല്ല ഇത്തരം വിമാനങ്ങളുടെ ലഭ്യത കുറവ് ലോകത്തെ ഏതു വമ്പൻ വിമാനക്കമ്പനികൾക്കും ഉള്ളതുമാണ്.

എല്ലാ വിമാനങ്ങളും രണ്ടു മണിക്കൂർ മാത്രം ഇടവേള എടുത്തു വീണ്ടും പറക്കുന്നതും വിമാനങ്ങളുടെ ലഭ്യത കുറവ് മൂലവും കൂടിയാണ്. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം ആണെങ്കിലും എവിടെയാണെങ്കിലും അല്പം ബഹളം കൂട്ടുക എന്നത് കൂടപ്പിറപ്പായ സ്വഭാവം ആയതിനാൽ കൊച്ചിയിലും അതാണ് സംഭവിച്ചത് എന്ന ആശ്വാസമാണ് മറ്റു യാത്രക്കാർ പങ്കുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP