Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രണയിച്ച് വിവാഹം കഴിച്ച് ക്രൈസ്തവ തറവാട്ടിലെ അംഗമായി; കോൺഗ്രസ് എ ഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്നപ്പോൾ സമുദായ പരിഗണനയും മറികടന്ന് മേയർ സ്ഥാനം: കൊച്ചിയിലെ 'നായർ മേയർ' സൗമിനി ജെയിനെ പരിചയപ്പെടാം

പ്രണയിച്ച് വിവാഹം കഴിച്ച് ക്രൈസ്തവ തറവാട്ടിലെ അംഗമായി; കോൺഗ്രസ് എ ഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്നപ്പോൾ സമുദായ പരിഗണനയും മറികടന്ന് മേയർ സ്ഥാനം: കൊച്ചിയിലെ 'നായർ മേയർ' സൗമിനി ജെയിനെ പരിചയപ്പെടാം

കൊച്ചി: കൊച്ചിയിലെ മേയർ തിരഞ്ഞെടുപ്പിൽ ലത്തീൻ ക്രൈസ്തവ സമുദായം പരസ്യമായി ഇടപെടാറുണ്ട് എന്ന കാര്യം പരസ്യമായി തന്നെ കോൺഗ്രസുകാർ പോലും സമ്മതിക്കുന്ന കാര്യമാണ്. ലത്തീൻ സമുദായം ഇവിടുത്തെ പ്രബലമാണ് എന്നതു തന്നെയാണ് ഇതിന് കാരണം. കൊച്ചിയെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ ഇടപെടലിൽ സഭയുടെ താൽപ്പര്യം എല്ലാവരും പണിഗണിക്കാറുമുണ്ട്. പരമ്പരാഗതമായി കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളാണ് ഇവിടുത്തെ പ്രബല വിഭാഗവും. അതുകൊണ്ട് തന്നെ മേയർ ആകുന്നത് ആരായാലും അത് എ ഗ്രൂപ്പിൽ നിന്നാകുമെന്ന കാര്യവും ഉറപ്പായിരുന്നു. ഷൈനി മാത്യു എന്ന ലത്തീൻ സമുദായംഗത്തിലെ തന്നെ അംഗത്തെ മറികടന്നു കൊണ്ടാണ് നായർ അംഗമായ സൗമിനി ജെയിൻ ഇപ്പോൾ കൊച്ചി നഗരത്തിന്റെ നാഥയായി മാറിയിരിക്കുന്നത്.

രണ്ടര വർഷക്കാലം വീതം മേയർ പദവി പങ്കിടാമെന്ന ധാരണ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കർശന നിർദേശത്തിൽ തട്ടി തകർന്നതോടെ ഇനിയുള്ള അഞ്ച് കൊല്ലക്കാലം കേരളത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയർ പദവി സൗമിനി ജെയിനിന് ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. കൊച്ചി രവിപുരത്തെ നായർ തറവാട്ടിലെ അംഗമാണെങ്കിലും വിവാഹം കഴിച്ചത് മുതൽ ക്രൈസ്തവ തുല്യമാണ് ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് സൗമിനി ജെയിൻ. ക്രൈസ്തവനായ ജെയിനിനെ പ്രണയിച്ചാണ് ഇവർ വിവാഹം ചെയ്തത്. എങ്കിലും മതം മാറാതെ തന്റെ വിശ്വാസ പ്രമാണങ്ങളിൽ മുറുക്കെ പിടിച്ച് ജീവിക്കുകയായിരുന്നു അവർ.

രാഷ്ട്രീയത്തിലേക്ക് സജീവമായി രംഗത്തിറങ്ങിയിട്ട് 11 വർഷത്തോളം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി രവിപുരം ഡിവിഷനിൽ നിന്നും മത്സരിച്ചാണ് സൗമിനി ജെയിൻ വിജയിച്ചത്. നായർ മേധാവിത്വമുള്ള ഈ മേഖലയിൽ കോൺഗ്രസിന് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥിയായിരുന്നു അവർ. അവിടെ നിന്നും വിജയിച്ചു കയറിയ സൗമിനിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കോൺഗ്രസ് എ വിഭാഗത്തിനൊപ്പം അടിയുറച്ചു നിന്ന ഇവർ കഴിഞ്ഞ കൗൺസിലിൽ സ്റ്റാൻഡിഗ് കമിറ്റി ചെയർമാൻ കൂടി ആയിരുന്നു. സൗമിനി ജെയിനെ മുൻനിർത്തി ആയിരുന്നു കോൺഗ്രസിലെ എ വിഭാഗം ഇലക്ഷനിൽ പട നയിച്ചതും. മികച്ച കൗൺസിലർ എന്ന ഖ്യാദി നേടിയ ഇവർ ജയിച്ചാൽ മേയർ ആകുമെന്ന വിധത്തിലായിരുന്നു പ്രചരണവും.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ എളംകുളം ഡിവിഷനിൽ നിന്ന് മത്സരിച്ച സൗമിനി ജെയിൻ 94 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവർ സൗമിനിയെ മേയറാക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇവർക്കാണ് മേയർ സ്ഥാനം ലഭിക്കുക എന്ന വ്യക്തമായതോടെ ഐ വിഭാഗത്തിൽ നിന്നു എൻ വേണുഗോപാൽ ലത്തീൻ സമുദായംഗമാകണം മേയറെന്ന വാദമുയർത്തി രംഗത്തുവരികയും ചെയ്തു. അതുവരെ 'നായർ മേയർ' വേണം കൊച്ചിക്കെന്ന് വാദിച്ചിരുന്ന വേണുഗോപാൽ ചുവടുമാറിയാണ് ലത്തീൻ സഭയ്ക്ക് വേണ്ടി രംഗത്തു വന്നത്. ഇത് ഐ വിഭാഗത്തിന് നേട്ടമുണ്ടാക്കാൻ വേണ്ടിയായിരുന്നു.

എന്നാൽ കെപിസിസിയുടെ മാനദണ്ഡങ്ങൾ കൂടി വന്നപ്പോൾ സൗമിനി ജയിന് സമുദായത്തിന് അപ്പുറത്തുള്ള പിന്തുണ ലഭിക്കുകയായിരുന്നു. ലത്തീൻ സമുദായത്തിന്റെ അംഗമായ ഷൈനി മാത്യുവിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ലത്തീൻ സമുദായത്തെ പിണക്കാതെയുള്ള നീക്കമെന്ന നിലയിലായിരുന്നു ഷൈനി മാത്യുവിനെ മേയറാക്കാൻ നേതാക്കൾ നീക്കം നടത്തിയത്. എന്നാൽ, പാർട്ടിയിലെ മികച്ച കൗൺസിലർ എന്ന നിലയിൽ സൗമിനിയെയും പരിഗണിക്കുകയായിരുന്നു.

കൊച്ചി നഗരസഭ ഉൾക്കൊള്ളുന്ന കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ കോൺഗ്രസിന് ലത്തീൻ സമുദായത്തെ അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ സൗമിനിക്കെതിരെ പ്രതിഷേധം ഉയരുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. തേവര കോളേജിൽ നിന്നും എക്കണോമിക്‌സിൽ ബിരുദം നേടിയ സൗമിനി കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്. ഭർത്താവ് ജെയിൻ എറണാകുളത്തു ഓട്ടോമോടിവ് ബാറ്ററി ബിസിനസ് ചെയ്യുന്നു. പത്മിനി ജയിൻ, വരുൺ ജെയിൻ എന്നിവർ മക്കളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP