Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202401Saturday

ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാൻ പഠിപ്പിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത; കുറ്റപ്പുഴയിലെ ആസ്ഥാനത്ത് ദുഃഖം മാത്രം; കെപി യോഹന്നാൻ വേദനയാകുമ്പോൾ

ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാൻ പഠിപ്പിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത; കുറ്റപ്പുഴയിലെ ആസ്ഥാനത്ത് ദുഃഖം മാത്രം; കെപി യോഹന്നാൻ വേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (74) ഓർമ്മയാകുന്നത് വിശ്വാസ സമൂഹത്തിന് വേദന മാത്രം നൽകി.. ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വാഹനാപകടത്തിലെ ദുരൂഹത ഇനിയും പൂർണ്ണമായും മാറിയിട്ടില്ല.

ഡാലസിലെ സിൽവർസിന്റിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ഇന്നലെ രാത്രി 7 മണിയോടെ മരിച്ചു. തിരുവല്ലയിൽ ചേരുന്ന സഭയുടെ എപ്പിസ്‌കോപ്പൽ സിനഡ് കബറടക്കം സംബന്ധിച്ച തീരുമാനമെടുക്കും.

കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തു ദുഃഖം മാത്രമാണ് നിറയുന്നത്. മാർ അത്തനേഷ്യസ് യോഹാന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരി കത്തിച്ച് പ്രാർത്ഥനകൾ തുടരുന്നു. നിറകണ്ണുകളോടെ സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെഅനുസ്മരിച്ചു ' ഞങ്ങൾക്ക് എല്ലാമായിരുന്ന തിരുമേനിയാണ് നഷ്ടപ്പെട്ടത്, അപകടത്തിന്റെ സെക്കൻഡുകൾക്കു മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഫാ സിജോ പന്തപ്പള്ളിൽ പറയുന്നു.

അപകടത്തിനു ശേഷവും അദ്ദേഹം ഇങ്ങനെയൊരു അവസ്ഥയിലേക്കു മാറുമെന്നു ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോൾ ദൈവത്തിന്റെ തീരുമാനമായിരിക്കും. അദ്ദേഹത്തിന്റെ ഓർമകളും പഠിപ്പിച്ചു തന്ന കാര്യങ്ങളാകും ഞങ്ങളെ മുന്നോട്ടു നയിക്കുക. തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ വരെ സേവനം ചെയ്തു മാതൃക കാണിച്ചു തന്നതു പിതാവായിരുന്നു. ഒന്നുമില്ലാത്ത കുട്ടികളെ എടുത്തുവളർത്താനുള്ള വലിയ മനസ്സായിരുന്നു ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാനാണ് അദ്ദേഹം നിർദ്ദേശിച്ചത്' ഫാ. സിജോ പറഞ്ഞു.

അപ്പർ കുട്ടനാട്ടിലെ നിരണം കടപ്പിലാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവർത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാൻ എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുൻപുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യ സാമൂഹിക - സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2003 ലാണ് ബിലീവേഴ്‌സ് ചർച്ച് സ്വതന്ത്ര സഭയായി പ്രവർത്തനം ആരംഭിക്കുന്നത്. സഭയുടെ സ്ഥാപക ബിഷപ്പായി അദ്ദേഹം.

16-ാം വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ ഡാലസിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. തുടർന്നു പാസ്റ്ററായി പ്രവർത്തനം തുടങ്ങി. ഇതേ മേഖലയിൽ സജീവമായിരുന്ന ജർമനിയിൽനിന്നുള്ള ഗിസല്ലയെ വിവാഹം ചെയ്തു. 1978 ലാണ് ഭാര്യയുമായി ചേർന്ന് ഗോസ്പൽ ഫോർ ഏഷ്യ ആരംഭിച്ചത്. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തനം തുടങ്ങി.

മക്കൾ: ഡാനിയൽ മാർ തിമോത്തിയോസ് (ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്, യുഎസ്), സാറാ ജോൺസൺ. മരുമക്കൾ: എറീക്കാ പൂന്നൂസ്, ഫാ.ഡോ. ഡാനിയൽ ജോൺസൺ (ബിലീവേഴ്‌സ് ഈ സ്റ്റേൺ ചർച്ച് സഭാ സെക്രട്ടറി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP