Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

തന്റേടങ്ങൾ

തന്റേടങ്ങൾ

ഷാജി ജേക്കബ്‌

'If a person doesn't own, his freedom as person cannot realize' - Hegel

1820ലാണ് 'Elements of the Philosophy of Right' എന്ന ഗ്രന്ഥത്തിൽ മനുഷ്യന്റെ അടിസ്ഥാന ചോദനയും മൂല്യവും സത്തയുമായ സ്വാതന്ത്ര്യം സാക്ഷാത്കരിക്കണമെങ്കിൽ സ്വകാര്യസ്വത്തും സാമ്പത്തിക സ്വാശ്രയത്വവും അനിവാര്യമാണെന്ന് ഹെഗൽ ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ സാമൂഹ്യാന്തരീക്ഷത്തിലെന്നപോലെ ഏഷ്യൻ/ഇന്ത്യൻ സമൂഹത്തിലും ഇതിനു വലിയ പ്രസക്തിയുണ്ട്. ജാതിനിർണീതമായ ഇന്ത്യൻ സമൂഹം കീഴാളർക്കുമേൽ അടിച്ചേല്പിച്ചിരുന്ന അടിമത്തങ്ങളുടെ അടിത്തട്ടിലും സാമ്പത്തിക ഘടന പ്രവർത്തിച്ചിരുന്നു. ഭൂമിയുടെയും ഇതര ഭൗതികസ്വത്തുക്കളുടെയും ഉടമസ്ഥതയിലും തൊഴിലിന്റെയും കൂലിയുടെയും വ്യവസ്ഥയിലും. (ആത്മീയസ്വത്തായി മാറിയ വിജ്ഞാനങ്ങളും വ്യവഹാരങ്ങളും ആ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര ന്യായീകരണങ്ങളായും പ്രവർത്തിച്ചു). ഉല്പാദന ഉപാധികളിൽ നിന്നും ഉല്പന്നത്തിൽനിന്നും തൊഴിലിൽ നിന്നുമുള്ള അന്യവൽക്കരണം എന്ന ഹെഗലിന്റെ ആശയം (ഇതാണ് പിന്നീട് മാർക്‌സ് ഏറ്റെടുത്തു വികസിപ്പിക്കുന്നത്) ഇന്ത്യൻ/കേരളീയ ദളിത് സമൂഹത്തിന്റെ സാമ്പത്തിക നിർധനത വ്യാഖ്യാനിക്കാൻ എം. കുഞ്ഞാമൻ ഉപയോഗപ്പെടുത്തുന്ന സന്ദർഭമിതാണ്.

ഓംപ്രകാശ് വാൽമീകി, മനോരഞ്ജൻ വ്യാപാരി, ദയാപവാർ, ശരൺകുമാർ ലിംബാളെ, ബാമ, ലക്ഷ്മൺ ഗയ്ക്ക്‌വാദ് എന്നിവരുടെ ആത്മകഥകൾ വായിക്കൂ. ശ്രേണീബദ്ധമായ ജാതിയും ഭൂമിയെ കേന്ദ്രീകരിക്കുന്ന സമ്പദ്ഘടനയും എങ്ങനെ മനുഷ്യവിരുദ്ധവും ചരിത്രവിരുദ്ധവുമായ ക്രമങ്ങളിലൂടെ ഇന്ത്യൻ ദലിതരുടെ ജീവിതം നരകമാക്കി മാറ്റി എന്നു മനസിലാക്കാം. അർജുൻ ഡാംഗ്‌ളെയും ബിജേന്ദർസിംഗും സമാഹരിച്ച ദലിത് അനുഭവക്കുറിപ്പുകൾ വായിച്ചാലും മതി. നിശ്ചയമായും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമേ ഇവ പങ്കിടുന്നുള്ളു എന്നത് മറക്കരുത്. കൊളോണിയൽ ആധുനികത ഇന്ത്യൻ ദലിതർക്കു നിർമ്മിച്ചുനൽകിയ വിമോചനരാഷ്ട്രീയം അംബേദ്കറിലൂടെ ആധുനികീകൃതമായതിന്റെ പശ്ചാത്തലത്തിൽ മാത്രമെഴുതപ്പെട്ടവയാണ് ഈ ആത്മകഥനങ്ങൾ.

ജാതീയമായി നിർബന്ധിതമാക്കപ്പെട്ടിരുന്ന തൊഴിലുകൾ, ആവാസസ്ഥലങ്ങൾ, ജീവിതക്രമങ്ങൾ, ആരോപിതമായിരുന്ന കുറ്റകൃത്യങ്ങൾ, അവരോധിതമായ നിയന്ത്രണങ്ങൾ.... ഓരോ അനുഭവകഥനവും ഓരോ ജാതിയുടെ ആത്മകഥയായി മാറുന്നു. ഓംപ്രകാശ്, വാൽമീകി സമുദായത്തെയും ലിംബാളെ മഹർസമുദായത്തെയും ബാമ പറയസമുദായത്തെയും ഗയ്ക്ക്‌വാദ് ഉചല്യസമുദായത്തെയും കുറിച്ചെഴുതുന്നു. ഇന്ത്യൻ ഹിന്ദുക്കളുടെ ബാഹ്യ അപരം (external other) മുസ്ലിങ്ങളായിരുന്നുവെങ്കിൽ ആഭ്യന്തര അപര(internal other)-മായിരുന്നു ദലിതർ എന്ന നിരീക്ഷണം ശരിവയ്ക്കുകയാണ് ഓരോ ആത്മകഥയും. ഓംപ്രകാശ് പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ദലിതർ പുറത്തുനിന്നു മാത്രമല്ല എതിർപ്പുകളും സംഘർഷങ്ങളും നേരിടേണ്ടിവരുന്നത്, അകത്തുനിന്നു കൂടിയാണ്. സമൂഹത്തിന്റെ പൊതുധാരയിലെത്താൻ ശ്രമിക്കുന്ന ഓരോ ദലിതനും ഉപരിജാതിസമുദായങ്ങളിൽനിന്നു നേരിടുന്ന എതിർപ്പുകൾ പോലെതന്നെ പ്രധാനമാണ് അവരവരുടെ ഉള്ളിൽ അനുഭവിക്കുന്ന സംഘർഷങ്ങളും. അതിക്രൂരമായി ജന്മികളും പൊലീസും നടത്തിയ നരനായാട്ടുകൾ, സ്ത്രീകൾക്കു നേരെ നടന്ന നിരന്തരമായ ലൈംഗികാതിക്രമങ്ങൾ, അടിമപ്പണി, ദാരിദ്ര്യം, പട്ടിണി, അയിത്തം എന്നിങ്ങനെ ദലിതർ ശരീരത്തിലും ആത്മാവിലും അനുഭവിച്ചുവന്ന മുഴുവൻ ദുരിതങ്ങളോടും കലഹിച്ചുകൊണ്ടാണ് മേല്പറഞ്ഞ ആത്മകഥകൾ ഒന്നടങ്കം എഴുതപ്പെട്ടിട്ടുള്ളത്. എം. കുഞ്ഞാമൻ എഴുതിയ 'എതിര്' എന്ന ഓർമക്കുറിപ്പുകൾ വായിക്കേണ്ടത് ഇവയുടെ തുടർച്ചയായാണ്. തുടക്കത്തിൽ പറഞ്ഞ ഹെഗലിന്റെ നിരീക്ഷണമാണ് കുഞ്ഞാമൻ ഈ പുസ്തകത്തിൽ സാമൂഹ്യവിശകലനത്തിനും ചരിത്രാപഗ്രഥനത്തിനും രാഷ്ട്രീയവിമർശനത്തിനും ആധാരമാക്കുന്നത്. ഒപ്പം വാൽമീകി പറഞ്ഞ ആന്തരപ്രതിസന്ധികളുടെ ശ്വാസം മുട്ടിക്കുന്ന സമ്മർദ്ദങ്ങളും. കുഞ്ഞാമൻ പറയുന്നു:

'സത്യത്തിൽ എന്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളായിരുന്നു: ദാരിദ്ര്യം, ഭയം, അപകർഷതാബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. പിന്നീട്, പഠിച്ച് ജോലി കിട്ടി ദാരിദ്ര്യത്തിൽനിന്ന് മുക്തനായി, സാമ്പത്തികമായി സ്വതന്ത്രനായി. ധാരാളം എഴുതുന്നു. എഴുതുന്നത് ആളുകൾ ശ്രദ്ധിക്കുന്നു. എന്നാലും എന്റെ അധഃകൃതസമൂഹം പൈതൃകമായി തന്ന ഭയത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ധൈര്യമില്ലായ്മയിൽനിന്നും ഇന്നും മുക്തനായിട്ടില്ല. അന്നത്തെ അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. ഇന്നെനിക്ക് എന്തുതരം ഭക്ഷണവും കഴിക്കാനാകുമെങ്കിലും ഭക്ഷണം കാണുമ്പോൾ ഇന്നും ഒരുതരം പ്രത്യേക മാനസികാവസ്ഥയാണ്. മാർക്‌സ് പറഞ്ഞു: 'ഒരു വ്യക്തിയുടെ അവബോധം സൃഷ്ടിക്കുന്നത് അയാളുടെ സാമൂഹിക സാഹചര്യങ്ങളാണ് എന്ന്'. എന്റെ സാമൂഹിക സാഹചര്യങ്ങളാണ് എന്റെ അവബോധം രൂപപ്പെടുത്തിയത്'.

മേലപറഞ്ഞ രണ്ടു സമ്മർദ്ദശക്തികളോടും എതിരിട്ട്, സ്വന്തം ജീവിതവും ചിന്താലോകവും കെട്ടിപ്പടുത്ത ഒരു മനുഷ്യന്റെ സമരകഥയാണ് 'എതിര്'. അതേസമയം മുൻപറഞ്ഞ ശ്രദ്ധേയങ്ങളായ ഇന്ത്യൻ ആത്മകഥകളിൽ നിന്ന് കുഞ്ഞാമന്റെ ജീവിതകഥ കുറച്ചൊക്കെ ഭിന്നമാകുന്നുമുണ്ട്. അടിമപ്പണി ചെയ്തും കായികാക്രമണങ്ങൾക്കിരയായും അതിനിഷ്ഠൂരമായ അയിത്താചാരങ്ങളാൽ വേട്ടയാടപ്പെട്ടും ശാരീരികവും മാനസികവുമായി തകർന്നവരാണ് അവരൊന്നടങ്കം. ഇന്നും ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ജാതിവെറികളുടെ കഥ നമുക്കറിയാം. കുഞ്ഞാമന്റെ ജീവിതവും കാലവും കുറഞ്ഞൊന്നു വ്യത്യസ്തമാണ്. ദാരിദ്ര്യവും പട്ടിണിയും കൊണ്ടുവലഞ്ഞ ബാല്യകൗമാരങ്ങൾ അദ്ദേഹത്തിനുമുണ്ടായിരുന്നു. എങ്കിലും സ്‌കൂൾപഠനകാലം തൊട്ട് കുറെയെങ്കിലും പൊതുസമൂഹത്തിന്റെ ഭാഗമാകാനും തനിക്കുനേരെ ഉയർന്ന ജാതിവിവേചനങ്ങളെ ചെറുക്കാനും ചൂഷണങ്ങൾക്കുനേരെ വിരൽ ചൂണ്ടാനും കഴിഞ്ഞ സാമൂഹ്യസാഹചര്യം കേരളം അദ്ദേഹത്തിനു നിർമ്മിച്ചുനൽകിയിരുന്നു. എന്നുമാത്രവുമല്ല, വൈജ്ഞാനികരംഗത്തു കൈവന്ന മികവും അതിനു ലഭിച്ച പിന്തുണയും അതിജീവിക്കാനുള്ള ത്വരയും അദ്ദേഹത്തെ നിരന്തരം മുന്നോട്ടു നയിക്കുകയും ചെയ്തു.

ഈ പുസ്തകത്തെ രണ്ടു ഭാഗമായി വായിക്കാം. ആദ്യത്തെ എട്ടധ്യായങ്ങൾ കുഞ്ഞാമന്റെ വ്യക്തിജീവിതത്തിന്റെ സ്മൃതിചിത്രങ്ങളാണ്. തുടർന്നുള്ള എട്ടൊൻപതധ്യായങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിശകലനങ്ങളും വിമർശനങ്ങളുമാണ്. രണ്ടും ഒരുപോലെ ആർജ്ജവം നിറഞ്ഞ, ആത്മാർഥത മുറ്റിയ ആഖ്യാനങ്ങൾ. ഇന്ത്യൻ/കേരളീയ ദലിത് സ്വത്വബോധത്തിന്റെ രാഷ്ട്രീയസ്വരൂപം അതിന്റെ ഉള്ളിലും പുറത്തും പേറുന്ന വിപര്യയങ്ങളും സംഘർഷങ്ങളും ഉടനീളം പ്രകടമാക്കിക്കൊണ്ടുതന്നെയാണ് തന്റെ വിചാരലോകങ്ങളെ കുഞ്ഞാമൻ പുനഃസൃഷ്ടിക്കുന്നത്. കുടുംബം, വിദ്യാഭ്യാസം, അദ്ധ്യാപനം, രാഷ്ട്രീയചിന്ത, സാമൂഹ്യവിമർശനം, സമ്പദ്ഘടനാവിശകലനം എന്നിങ്ങനെ കുഞ്ഞാമൻ കടന്നുപോന്ന ജീവിതഘട്ടങ്ങളുടെയും അഭിമുഖീകരിച്ച വൈജ്ഞാനികമണ്ഡലങ്ങളുടെയും ഓർമക്കുറിപ്പുകളും അപഗ്രഥനങ്ങളുമെന്ന നിലയിൽ ഈ പുസ്തകം ആധുനിക കേരളത്തിന്റെ ഒരു സൂക്ഷ്മപരിഛേദമായി മാറുകയും ചെയ്യുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ 'perosnal is political

' എന്ന സങ്കല്പനം ആദ്യന്തം ഇഴചേർന്നുനിൽക്കുന്ന, ആത്മകഥാപരമായ ഇന്ത്യൻ ദലിത് ജീവിതാഖ്യാനമാണ് എതിര്.

ആദ്യഭാഗത്തദ്ദേഹം നടത്തുന്ന ആത്മകഥനം ഉള്ളുലയ്ക്കുന്ന അനുഭവങ്ങൾകൊണ്ട് നമ്മുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും. പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിൽ ജനിച്ച കുഞ്ഞാമൻ പാണൻ എന്ന ദലിത് സമുദായാംഗമായിരുന്നു. ചെറിയ മനുഷ്യൻ എന്നാണ് കുഞ്ഞാമൻ എന്ന പേരിനർഥം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിതം. ജന്മിയുടെ പാടത്ത് കൂലിപ്പണിക്കാരായിരുന്നു മാതാപിതാക്കളും മൂത്ത സഹോദരങ്ങളും. എങ്ങനെയൊക്കെയോ കുഞ്ഞാമൻ സ്‌കൂളിൽ പോയി. ഉച്ചക്കു കിട്ടുന്ന ഉപ്പുമാവായിരുന്നു ഏക ആകർഷണം. അദ്ധ്യാപകർ പലരും കടുത്ത ജാതിവെറിയന്മാരായ സവർണരായിരുന്നു. എല്ലാത്തരത്തിലും അവർ കുഞ്ഞാമനെ ഒറ്റപ്പെടുത്തി. എന്നിട്ടും നല്ല നിലയിൽ സ്‌കൂൾപഠനം പൂർത്തിയാക്കി, പാലക്കാട് വിക്‌ടോറിയ കോളേജിൽ ചേർന്നു. അവിടെ പ്രീഡിഗ്രിയും ഡിഗ്രിയും എം.എ.യും പഠിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം റാങ്ക് നേടി പാസ്സായി. തുടർന്ന് തിരുവനന്തപുരത്ത് സിഡിഎസിൽ എം.ഫില്ലും കൊച്ചി സർവകലാശാലയിൽ പിഎച്ച്.ഡിയും. ഗവേഷണകാലത്തുതന്നെ കേരളസർവകലാശാലാ കാര്യവട്ടം കാമ്പസിൽ ഇക്കണോമിക്‌സ് വകുപ്പിൽ അദ്ധ്യാപകനായി നിയമനം കിട്ടി. 1979 മുതൽ 2006 വരെ അവിടെ പ്രവർത്തിച്ചു. തുടർന്ന് പതിമൂന്നുവർഷം മഹാരാഷ്ട്രയിലെ തുൽജാപ്പൂരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അദ്ധ്യാപകൻ.

കേൾക്കുമ്പോൾ സുഗമമെന്നു തോന്നാവുന്ന ഈ അക്കാദമിക കരിയർ പക്ഷെ തീക്കനലുകൾക്കു മീതെയുള്ള നഗ്നപാദസഞ്ചാരമായിരുന്നു കുഞ്ഞാമന്. ജാതിസൃഷ്ടിച്ച അതിനിന്ദ്യമായ സാമൂഹ്യനില. കൊടിയ ദാരിദ്ര്യം. അയിത്തത്തിന്റെ അസ്ഥിവിറങ്ങലിപ്പിക്കുന്ന മുഹൂർത്തങ്ങൾ. അവഹേളനങ്ങളും പരിഹാസങ്ങളും നിറഞ്ഞ ബാല്യകൗമാരങ്ങൾ. യൗവനത്തിന്റെ തിളപ്പിലും ചോരമരവിപ്പിച്ച ജാതിവെറിയുടെ ഹുങ്കുകൾ. ഗവേഷണരംഗത്തുപോലും നേരിടേണ്ടിവന്ന വൈജ്ഞാനികവും വംശീയവുമായ വിവേചനത്തിന്റെ കൊടും കയ്പുകൾ. കുഞ്ഞാമൻ എന്ന ചെറിയ മനുഷ്യൻ പക്ഷെ തന്റെ ലോകം വലിയ സ്വപ്നങ്ങളും ആത്മവിശ്വാസവും കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ടു പുതുക്കിപ്പണിതു. അകത്തും പുറത്തും രൂപംകൊണ്ട സംഘർഷങ്ങളുടെ കൊടുങ്കാറ്റിൽ അദ്ദേഹം ഉലയാതെ പിടിച്ചുനിന്നു. ഇടയ്ക്ക് വീണു. വീണ്ടും എഴുന്നേറ്റു. എങ്കിലും ആത്യന്തികമായി തന്റെ ജീവിതം ഒന്നടങ്കം പരാജയങ്ങളോടുള്ള പടവെട്ടലായിരുന്നു എന്നദ്ദേഹം കുറിച്ചിടുന്നുണ്ട്. ഉള്ളിലും പുറത്തും നിന്ന് ദലിതരെ വേട്ടയാടുന്ന ചെന്നായ്ക്കൾ ഇനിയും രക്തദാഹം വെടിഞ്ഞു വിശ്രമിച്ചു തുടങ്ങിയിട്ടില്ല. കുഞ്ഞാമന്റെ മക്കൾ ഉത്തരേന്ത്യയിൽ മാത്രമല്ല വാളയാറിലും കോട്ടയത്തും അട്ടപ്പാടിയിലും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. വെറിമൂത്ത ജാതി, അതിന്റെ ദംഷ്ട്രയും നെറ്റിക്കണ്ണും കൂർപ്പിച്ചും തുറന്നും കാവൽനിൽക്കുകയാണ് ഇന്ത്യൻ, കേരളീയ സമൂഹങ്ങളിൽ. എന്തായിരുന്നു കുഞ്ഞാമന് ജീവിതം? വായിക്കൂ, രക്തമിറ്റിച്ചെഴുതിയ ഈ വാക്കുകൾ.

'ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളർത്തി.

മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണവിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും.

വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമില്ല, തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.

പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി.

തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.

ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകെ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധമുണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്റെ കാളൽ. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു.

പുസ്തകവും സ്ലേറ്റും ഷർട്ടുമില്ലാതെ ഞാൻ സ്‌കൂളിൽ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെയിരുന്നാൽ ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.

എൽ.പി. വിദ്യാർത്ഥികൾക്ക് അന്ന് സർക്കാർവക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും.

വാടാനംകുറിശ്ശിയിലെ സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമവരുന്നത് അദ്ധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു:

'എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്'.

അതൊരു വലിയ യാഥാർത്ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം. ഈയൊരു മാനസികാവസ്ഥയിൽനിന്നു കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്‌നം.

മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അദ്ധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവർ കഴിച്ച ഭക്ഷണത്തിൽ ബാക്കിവന്നതിൽ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളിൽവച്ച് ഈ അദ്ധ്യാപകൻ എന്നെ ഭീകരമായി മർദ്ദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാൻ പിന്നെ ആ വീട്ടിൽ പോയിട്ടില്ല. എന്തിനാണ് എന്നെ മർദ്ദിക്കുന്നതെന്നോ അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.

കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുത് 'പാണൻ പറയെടാ' എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു:

'സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം'. 'എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ' എന്നുചോദിച്ച് ചെരിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു:

'നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ'.

അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിന്റെ ചോട്ടിൽ പോയിരിക്കും. എന്നെ മർദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: 'കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്'. അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.

'വേണ്ട സർ'.

'ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?'

'സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത് പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം'.

ആ അദ്ധ്യാപകന്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടർച്ചയായി വായനതുടങ്ങി. വാടാനംകുറിശ്ശിയിലെ വായനശാലയിൽനിന്ന് പുസ്തകം എടുത്തുവായിക്കും.

ഞങ്ങളുടെ ജന്മിക്ക് പത്തു മക്കളാണ്. രണ്ടുപേർ അദ്ധ്യാപകരാണ്. ഒരാൾ വേണുമാഷ്, എന്റെ അദ്ധ്യാപകൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ലംപ്‌സംഗ്രാന്റ് അച്ഛൻ ഒപ്പിട്ടുവാങ്ങി; 40 രൂപ. അത് വേണുമാഷ് അച്ഛന്റെ കൈയിൽനിന്ന് വാങ്ങി കീശയിലിട്ട് പറഞ്ഞു:

'നിന്റെ കൈയിൽ വച്ചാൽ ഇതുകൊണ്ട് അരി വാങ്ങും. ഇത് ഇവനെ അടുത്ത കൊല്ലം കോളേജിൽ അയയ്ക്കാനുള്ളതാണ്'. കോളേജ് എന്ന വാക്ക് എന്റെ മനസ്സിൽ ആദ്യമായി വരികയാണ്.

ഞാൻ മാഷോടു ചോദിച്ചു: 'എനിക്കൊക്കെ കോളേജിൽ പോകാൻ പറ്റുമോ?'. 'പറ്റും. നിനക്ക് പറ്റും, നീ ഉയരേണ്ടവനാണ്' അദ്ദേഹം പറഞ്ഞു.

എനിക്കും കോളേജിൽ പഠിക്കാൻ പറ്റും എന്ന അറിവ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. എന്റെ സമുദായക്കാർ പണിക്കുപോയാൽ ദിവസം ഏഴും എട്ടും രൂപ കിട്ടും. അവർ എന്നോടു ചോദിക്കും:

'കോളേജിൽ പോയാൽ നിനക്ക് എത്ര രൂപ കിട്ടും?'

'മാസം ഏഴര രൂപ'.

'എന്തിനാണ് കോളേജിൽ പോകുന്നത്, ഇവിടെ പണിയെടുത്താൽ ഇതിലും കൂടുതൽ കിട്ടില്ലേ' എന്നാകും അവർ.

ഞങ്ങളുടെ ദേശത്ത് ദലിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഞാനാണ് എസ്.എസ്. എൽ.സി. പാസായത്, വാടാനംകുറിശ്ശി സ്‌കൂളിൽനിന്ന്, നല്ല മാർക്കോടെതന്നെ. ബുദ്ധിശക്തികൊണ്ടാണ് എനിക്ക് കോളേജിൽ പോകാൻ കഴിഞ്ഞത് എന്നുപറയാൻ കഴിയില്ല. പകരം, ഞാൻ ഒരു കഴുതയെപ്പോലെ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.

അന്ന് ഷൊർണ്ണൂർ ടൗണിൽ ചാത്തു എന്നൊരാളുണ്ട്. റെയിൽവേയിലാണ്. വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു ചാത്തുവിനെ കണ്ടാൽ പാലക്കാട് വിക്‌ടോറിയ കോളേജിൽ ചേരാനുള്ള കാര്യം ശരിയാക്കി തരും എന്ന്. ഞാൻ അദ്ദേഹത്തെ പോയി കണ്ടു.

'സർട്ടിഫിക്കറ്റിന്റെ കോപ്പി കൊടുത്തുപൊയ്‌ക്കോ, അഡ്‌മിഷൻ ശരിയാക്കിത്തരാം' എന്ന് ചാത്തു പറഞ്ഞു.

ജന്മിയുടെ മകനായ എന്റെ അദ്ധ്യാപകൻ അച്ഛന്റെ കൈയിൽനിന്ന് ലംപ്‌സംഗ്രാന്റ് വാങ്ങിവച്ചിരുന്നുവല്ലോ. അച്ഛൻ പലതവണയായി അത് തിരിച്ചുവാങ്ങിയിരുന്നു. രണ്ടുരൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു:

'നീ നന്നായി വാ'.

1967-ലെ കർക്കിടകം. കോളേജിൽ ചേരാൻ പോകുന്നതിനുമുമ്പ് അച്ഛനോട് യാത്ര പറയാൻ ചെന്നു. പാടത്ത് കന്നുപൂട്ടുകയായിരുന്നു അദ്ദേഹം:

'കഴുക്കോലിന്റെ വടക്കേപടിഞ്ഞാറുഭാഗത്ത് ഒരു പൊതിയുണ്ട്, അതെടുത്തോ' എന്നു പറഞ്ഞു അച്ഛൻ. മുപ്പത്തേഴു പൈസയുണ്ടായിരുന്നു അതിൽ. അതാണ് ജീവിതത്തിലെ എന്റെ മുടക്കുമുതൽ'.

കോളേജ് പഠനകാലത്ത് നക്‌സൽപ്രസ്ഥാനത്തോടും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയോടും വിശേഷിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയവിശകലന സമീപനങ്ങളോടും വ്യക്തിജീവിതത്തിലദ്ദേഹം പുലർത്തിയ അസമാനമായ മാനുഷികതയോടും കുഞ്ഞാമന് ആഭിമുഖ്യമുണ്ടാകുന്നുണ്ട്. തിരുവനന്തപുരത്തെത്തുമ്പോൾ ഇ.എം.എസിനോടു മാത്രമല്ല, കെ.എൻ. രാജ് ഉൾപ്പെടെയുള്ള അദ്ധ്യാപകരോടും നിരന്തരം വിയോജിക്കേണ്ടിവരുന്നു, കുഞ്ഞാമന്. രാജുമായി സിഡിഎസിൽ വച്ചു നടന്ന ഒരു സംഭാഷണം കുഞ്ഞാമൻ ഓർത്തെടുക്കുന്നു.

'പിഎച്ച്.ഡി. തീസിസ് എഴുതിക്കഴിഞ്ഞ സമയം. അന്ന് സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു:

'യു ആർ ക്വസ്റ്റനിങ് ദി ഹൈറാർക്കി, വാട്ട് യു കാൻ ഡു?'

ഞാൻ പറഞ്ഞു: 'അങ്ങനെ ഉയരത്തിൽനിന്ന് സംസാരിക്കരുത് നിങ്ങൾ പ്രായോഗികമായി വലിയ ആളുകളാണ്, എന്നാൽ ഭരണഘടനാപരമായി നിയമവിധേയരാണ്. ഞങ്ങൾക്കു വ്യവസ്ഥിതിയോട് എതിർപ്പുണ്ട്. അത് അവസരം കിട്ടുമ്പോൾ പ്രകടിപ്പിക്കും. ഭവിഷ്യത്ത് ഓർത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കൾ ബ്രിട്ടീഷുഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽനിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന്, നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്കു നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. എനിക്ക് ആ എതിർപ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഒ.കെ. എന്നുമാത്രമേ പറയാനാകൂ. താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്‌കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാനജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്'.'.

കമ്യൂണിസ്റ്റുകൾ കുഞ്ഞാമനോടു ചെയ്ത നെറികേടുകൾക്ക് നിരവധി തുടർച്ചകളുണ്ട്. ഒരു സന്ദർഭം നോക്കുക.

'2004-ൽ രണ്ടാമത്തെ മകൾ കുക്കു (അനില) മരിച്ചപ്പോൾ ശാരീരികമായും മാനസികമായും തളരാനും തകരാനും തുടങ്ങി. ആ തകർച്ചയ്‌ക്കൊടുവിൽ, 2005-ൽ രോഗബാധിതനായി ഒന്നര മാസം മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയേണ്ടിവന്നു.

കേരളത്തിൽനിന്ന് മാറിനിന്നാൽ, മാനസികമായി അല്പം ആശ്വാസം കിട്ടുമെന്ന് അടുപ്പമുള്ള ചിലർ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. ഒടുവിൽ കേരള സർവകലാശാലയിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചു. അന്ന് പ്രൊഫസറായിരുന്നു. വി സി.യും വകുപ്പും സമ്മതിച്ചില്ല. രാജിക്കത്ത് വാങ്ങിയില്ല. ഡിപ്പാർട്ടുമെന്റിൽ വെറുതേ വന്നിരുന്നാൽ മതിയെന്ന് അവർ പറഞ്ഞു. അങ്ങനെ പിന്നെയും ഒരു വർഷം കടന്നുപോയി.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഒഴിവുണ്ടായിരുന്നു. ഭാര്യ രോഹിണിയാണ് അപേക്ഷ അയച്ചത്. 2006-ൽ അവിടെ പ്രൊഫസറായി നിയമനം കിട്ടി. വി എസ്. അച്യുതാനന്ദൻ ആണ് അന്ന് മുഖ്യമന്ത്രി. കേരളത്തിൽനിന്ന് യാത്രയാകുകയാണ്. യാത്ര പറയാം എന്നു കരുതി വി.എസിനെ കണ്ടു. വി എസ്. മുഖ്യമന്ത്രിയായ ഉടനേയായിരുന്നു ഈ കൂടിക്കാഴ്ച. അദ്ദേഹം ഒരു കസേരയിൽ ഇരിക്കുന്നു. നമ്മളിൽ ഒരാൾ ഇരിക്കുന്നതുപോലെ. ഞാൻ പറഞ്ഞു:

'രണ്ടു കാര്യങ്ങൾക്കാണു വന്നത്, മുഖ്യമന്ത്രിയായതിന് ഒന്നഭിനന്ദിക്കാൻ, പിന്നെ; ഞാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോകുകയാണ്, ആ വിവരം പറയാനും'.

വി എസ്. പറഞ്ഞു: 'എന്തിനാണ് പോകുന്നത്? കുഞ്ഞാമനെ ഒന്നുകിൽ ആസൂത്രണബോർഡിൽ എടുക്കണം, അല്ലെങ്കിൽ വൈസ് ചാൻസലർ ആക്കണം എന്ന് വിചാരിക്കുന്നു. തിരിച്ചുവരാൻ കഴിയുമെങ്കിൽ വരണം'.

ഞാൻ പാർട്ടിയുടെ പല നയങ്ങളെയും വിമർശിക്കാറുണ്ടെങ്കിലും വി.എസിന് എന്നോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. യാത്ര പറഞ്ഞുപോന്നു.

ഇതിനുശേഷം ഒരിക്കൽ മുംബൈയിൽവച്ച് കണ്ടപ്പോൾ ഡോ. തോമസ് ഐസക്കും പറഞ്ഞു:

'ഞാൻ കുഞ്ഞാമനെ കേരള സർവകലാശാല വൈസ് ചാൻസലറാക്കാൻ വിചാരിച്ചതാണ്'.

തോമസ് ഐസക് എനിക്ക് വ്യക്തിപരമായി ബന്ധമുള്ളയാളാണ്, ഗവേഷണത്തിന് എന്നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

ഞാൻ പറഞ്ഞു: 'ഞാൻ ഒരു ചായയ്ക്കും കഞ്ഞിക്കും വേണ്ടി മറ്റുള്ളവരോട് ഇരന്നിട്ടുണ്ട്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ? ഈ മാതിരിയുള്ള ആത്മാർത്ഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണ്? നമ്മൾ സുഹൃത്തുക്കളല്ലേ. നമ്മൾ ഒരു നിറമാണെങ്കിലും എനിക്കു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ഞാൻ പ്രകടിപ്പിക്കാറുമുണ്ട്'.'.

സർവകലാശാലാ അദ്ധ്യാപകനിയമനത്തിൽ ഒന്നാം റാങ്കുണ്ടായിട്ടും തന്നെ നിയമിക്കാത്തതിനെതിരെ പോരാടിയ കാലത്താണ് ഇടതുപക്ഷവും വലതുപക്ഷവും ദലിതർക്കെതിരെ ഒരേ നിലപാടുള്ളവരാണ് എന്ന് കുഞ്ഞാമൻ തിരിച്ചറിയുന്നത്. ഒന്നാം റാങ്ക് കിട്ടിയിട്ടും ഓപ്പൺ പോസ്റ്റിൽ ദലിതനെ നിയമിക്കില്ല എന്ന അതിവിചിത്രമായ നയമായിരുന്നു അന്ന് കേരളസർവകാലാശാല സ്വീകരിച്ചത്. ആ കഥ വായിക്കൂ.

'സി.ഡി.എസിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കെത്തന്നെ കേരള സർവകലാശാലയിൽ ലക്ചറർ തസ്തികയ്ക്ക് അപേക്ഷിച്ചു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് എനിക്കായിരുന്നു, എന്നാൽ, നിയമിച്ചില്ല. മറ്റൊരാൾക്കായിരുന്നു നിയമനം.

ജോലി നിഷേധിക്കപ്പെട്ട വിഷയം എംഎ‍ൽഎ. ആയിരുന്ന സി.ഒ. പരമനോടു പറഞ്ഞു. വൈസ് ചാൻസലർ വി.കെ. സുകുമാരൻ നായരായിരുന്നു. പൊതു ഒഴിവാണ്, എസ്.സി/എസ്.ടിക്കാർക്ക് അപേക്ഷിക്കാൻ പാടില്ലായിരുന്നു എന്നതായിരുന്നു സർവകലാശാലയുടെ വിശദീകരണം. എങ്കിൽ നിങ്ങൾ എന്തിനാണ് കുഞ്ഞാമന് ഒന്നാം റാങ്ക് നൽകിയത് എന്ന് പരമൻ ചോദിച്ചപ്പോൾ, അത് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി.

1977, എ.കെ. ആന്റണി മുഖ്യമന്ത്രി. 37 കാരനായ അദ്ദേഹത്തിന്റെ ആദ്യ ടേം. ഞാൻ അദ്ദേഹത്തെ കണ്ട് വിവരം പറഞ്ഞു. ആന്റണി എന്നോട് തട്ടിക്കയറുകയായിരുന്നു:

'ഞാൻ നിങ്ങൾക്ക് ജോലിതരാൻ ഇരിക്കുകയാണോ? യൂണിവേഴ്‌സിറ്റി സ്വന്തം നിയമമുണ്ടാക്കുന്ന സ്ഥാപനമാണ്, അവർ നിയമമുണ്ടാക്കുന്നു, നടപ്പാക്കുന്നു'.

ഞാൻ പറഞ്ഞു: 'യൂണിവേഴ്‌സിറ്റി അതിന്റെ നിയമത്തിനനുസരിച്ച് പ്രവർത്തിക്കണം എന്നാണ് എന്റെയും ആവശ്യം. ഞാനിവിടെ വന്നത്, മുഖ്യമന്ത്രിയോട് ഒരു സാധാരണ പൗരന് പരാതി ബോധിപ്പിക്കാൻ അവകാശമുണ്ട് എന്ന ധാരണയുടെ പുറത്താണ്. ആ ധാരണ തെറ്റാണെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിക്കുന്നു'.

ഒന്നൊന്നര പേജിൽ ഞാൻ പറഞ്ഞത് എഴുതിക്കൊടുത്ത് ഇറങ്ങിപ്പോന്നു.

എന്റെ വിഷയം പലരും പത്രങ്ങളിൽ എഴുതി. നീലലോഹിതദാസൻ നാടാർ നിയമസഭയിൽ ഉന്നയിച്ചു എന്ന് ഇതിനിടെ അറിഞ്ഞു. അദ്ദേഹത്തെ എനിക്കറിയില്ല. പിന്നീടാണ് പരിചയപ്പെട്ടത്.ചോദ്യമായി വിഷയം സഭയിൽ ഉന്നയിച്ച വിവരം അദ്ദേഹം പറഞ്ഞു. അന്ന് അദ്ദേഹം എല്ലാവരെയും വിറപ്പിക്കുന്ന, വലിയ മാടമ്പികളെ ചോദ്യം ചെയ്യുന്ന പിന്നാക്കക്കാരനാണ്. സഭയിലെ എസ്.സി, എസ്.ടിക്കാരായ എംഎ‍ൽഎമാരുടെ ക്ഷേമസമിതിക്ക് അർധ ജുഡീഷ്യൽ അധികാരമുണ്ട്. അധികാരികളെ വിളിച്ചുവരുത്തി ചോദിക്കാം. ഈ കമ്മിറ്റി സർവകലാശാല അധികൃതരെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ്.

എന്നാൽ, സർക്കാർ ഒരു കാര്യം ചെയ്തു. ഒരു സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി എന്നെ അതിൽ നിയമിക്കാൻ നിർദ്ദേശം നൽകി. സർവകലാശാലയിലെ അദ്ധ്യാപക തസ്തികകൾ സ്റ്റാറ്റിയൂട്ടറി തസ്തികകളാണ്. പുതിയ തസ്തിക വരാൻ ഒന്നൊന്നര വർഷമെടുത്തു. സർവകലാശാല ഇക്കണോമിക്‌സ് വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി, അത് പട്ടികജാതി വർഗത്തിന് സംവരണം ചെയ്തിട്ടാണ് എനിക്ക് ഉത്തരവ് അയച്ചത്. ഒരു ഓപൺ തസ്തികയിലേക്ക് അപേക്ഷിച്ച് ഒന്നാം റാങ്കുള്ള ഒരാളെ നിയമിക്കുന്നത്, എസ്.സി-എസ്.ടി സംവരണത്തിലൂടെ. ചണ്ഡാളൻ സിംഹാസനത്തിനു പുറകിലൂടെ മാത്രം വരണം എന്ന അധീശനിയമം ഇവിടെ കൃത്യമായി പാലിക്കപ്പെട്ടു. അങ്ങനെ കേരള സർവകലാശാലയിൽ അദ്ധ്യാപകനായി.

കാലിക്കറ്റ് സർവകലാശാല തൃശൂരിൽ ജോൺ മത്തായി സെന്റർ തുടങ്ങുന്ന സമയത്ത്, അവിടേക്കും അപേക്ഷിച്ചിരുന്നു. അഭിമുഖത്തിന് ഏറ്റവും അവസാനമാണ് വിളിച്ചത്, ആദ്യ ചോദ്യം do you like teaching? എന്നായിരുന്നു. ഇവിടെയും നിയമനം കിട്ടിയില്ല. അന്ന് പ്രൊ വൈസ് ചാൻസലറായിരുന്ന സുകുമാർ അഴീക്കോട്, സിൻഡിക്കേറ്റിൽ ഒരു പ്രസ്താവന നടത്തിയിരുന്നു:

'പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്ന് അദ്ധ്യാപകരെ കിട്ടുന്നില്ല. അവരുടെ കാര്യത്തിൽ വിദ്യാഭ്യാസയോഗ്യതയിൽ ഇളവു വരുത്തിപ്പോലും നിയമിക്കാൻ സർവകലാശാല തയാറാണ്'.

ഞാൻ അഴീക്കോടിന് ഒരു കത്തെഴുതി: ഞാൻ ഇന്റർവ്യൂവിന് വന്ന ഒരാളാണ്. താങ്കൾ കള്ളം പറഞ്ഞു, അഴീക്കോട് കണ്ണടച്ചാൽ സമൂഹത്തിൽ മൊത്തം ഇരുട്ടാകുമെന്ന് വിചാരിക്കരുത്.

നാലുദിവസത്തിനകം മറുപടി കിട്ടി:'കോഴിക്കോട് സർവകലാശാലയിലെ ചില നിയമനങ്ങളിൽ നടന്ന അപാകത ചൂണ്ടിക്കാട്ടിയതിന് നന്ദി. പഴയ വ്യവസ്ഥകളിലും സമ്പ്രദായങ്ങളിലുമുള്ള തെറ്റുകൾ തിരുത്തി തിരുത്തി മുന്നോട്ടുപോകുന്നു. അങ്ങനെയാണല്ലോ മനുഷ്യർ പുരോഗമിക്കുന്നത്. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം' - സ്വന്തം അഴീക്കോട്.

എനിക്ക് അതുവായിച്ചപ്പോൾ തോന്നിയത്, ഇയാൾക്കു സ്വബോധമില്ലേ എന്നാണ്. ഇങ്ങനെയാണോ ഇത്തരമൊരു വിഷയത്തിന് മറുപടി പറയേണ്ടത്?'.

ഒൻപതാമധ്യായം മുതലങ്ങോട്ടുള്ളത് കുഞ്ഞാമന്റെ നിശിതവും സൂക്ഷ്മവുമായ സാമൂഹ്യ, രാഷ്ട്രീയപഗ്രഥനങ്ങളാണ്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വിശകലനങ്ങൾ രൂപംകൊള്ളുന്നത്. ഒന്ന്, അംബേദ്കറിസത്തിന്റെ തുടർച്ചകളും ഇടർച്ചകളും മുൻനിർത്തി, ദേശരാഷ്ട്രത്തിന്റെ വികസനനയങ്ങളും പരിപാടികളും സൃഷ്ടിച്ച ഫലങ്ങൾ പിന്നാക്ക ദലിത് ആദിവാസി വിഭാഗങ്ങളിൽ പൊതുവെയും ദലിത് വിഭാഗത്തിൽ പ്രത്യേകിച്ചും പ്രകടമാകുന്ന രീതികളുടെ അപഗ്രഥനം. രണ്ട്, ഇടതുപക്ഷരാഷ്ട്രീയം നിരന്തരവും നിർലജ്ജവുമായി തുടർന്നുപോരുന്ന ദലിത് വിരുദ്ധതയുടെ തുറന്നുകാട്ടൽ.

ദലിതരുടെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകൾ മാർക്‌സിയൻ രീതിശാസ്ത്രം മുൻനിർത്തി വ്യാഖ്യാനിക്കുകയാണ് കുഞ്ഞാമൻ. ഹെഗലിൽനിന്ന് മാർക്‌സിലേക്കും മാർക്‌സിൽ നിന്ന് അംബേദ്കറിലേക്കും അംബേദ്കറിൽനിന്ന് അമർത്യാസെന്നിലേക്കും മുന്നേറുന്ന സാമ്പത്തിക വിശകലനത്തിലൂടെ ദലിതരും ദേശരാഷ്ട്രത്തിന്റെ വികസനരാഷ്ട്രീയവും തമ്മിൽ രൂപംകൊണ്ട ഭീമമായ അന്തരത്തിന്റെ ചരിത്രമെഴുതുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഭവിച്ച വികസനപരിപ്രേക്ഷ്യങ്ങൾ നാലായിരുന്നു. ഗാന്ധിയും അംബേദ്കറും നെഹ്രുവും കമ്യൂണിസ്റ്റ് പാർട്ടികളും മുന്നോട്ടുവച്ചവ. നെഹ്രുവിനാണ് മേൽക്കൈ കിട്ടിയത്. തുടർന്നദ്ദേഹം നെഹ്രുവിയൻ ആധുനികതയെ ഇഴകീറി പരിശോധിക്കുന്നു. യഥാർഥ വികസനവും യഥാർഥ ജനാധിപത്യവും യഥാർഥ രാഷ്ട്രീയവും രൂപപ്പെടേണ്ടത് വ്യക്തിയിൽ നിന്നാണെന്നും വ്യക്തിവൽക്കരണം നടക്കാത്ത സമൂഹമെന്ന നിലയിൽ ഇന്ത്യയിൽ ഇവ മൂന്നും പരാജയങ്ങളാണെന്നും കുഞ്ഞാമൻ സമർഥിക്കുന്നു. ദലിതസമൂഹങ്ങളുടെ തുല്യതയിലും നീതിയിലും വിശ്വാസമർപ്പിച്ചുകൊണ്ട് അമർത്യാസെന്നിന്റെ, The Idea of Justice, Development as freedom തുടങ്ങിയ ഗ്രന്ഥങ്ങളെ അദ്ദേഹം സൂക്ഷ്മമായി പിന്തുടരുന്നു. വികസനം, മനുഷ്യാവകാശം, ജനാധിപത്യം എന്നിവയിലൂന്നി രണ്ടാം ലോകയുദ്ധാനനന്തരം വളർന്നുവന്ന രാഷ്ട്രീയ ക്രമം ദലിതർക്ക് എന്തു നേടിക്കൊടുത്തു? അദ്ദേഹം അന്വേഷിക്കുന്നു.

ഭരണഘടനയും നിയമവ്യവസ്ഥകളും തുല്യതയും സമത്വവും വാഗ്ദാനം ചെയ്യുമ്പോഴും പ്രായോഗിക തലത്തിൽ അവ നടപ്പാകുന്നില്ല. 'നിയമം എപ്പോഴും സമ്പന്നന്റെ കൂടെപ്പോകുന്ന അഭിസാരികയാണ്'- കുഞ്ഞാമനെഴുതുന്നു. ഹെഗലിൽനിന്ന് അദ്ദേഹം ജോൺ റോൾസിന്റെ A property owning democracy എന്ന തത്വത്തിലേക്കു ശ്രദ്ധതിരിക്കുന്നു. എല്ലാവർക്കും സാമ്പത്തികാടിത്തറയുള്ള ഇത്തരമൊരു ജനാധിപത്യത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ആദ്യവസാനം കുഞ്ഞാമന്റെ ചിന്തകൾ സഞ്ചരിക്കുന്നത്. മതം, ജാതി, സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവയെല്ലാം ഒരുപോലെ പങ്കിട്ടെടുക്കുന്ന അധികാരരാഷ്ട്രീയത്തിന്റെ ദലിത്‌വിരുദ്ധമാനങ്ങൾ അദ്ദേഹം മറനീക്കുന്നു.

ദലിതരും ഇതര പിന്നാക്ക വിഭാഗങ്ങളും (OBC) തമ്മിലുടലെടുത്ത പുതിയൊരു രാഷ്ട്രീയ-സാമ്പത്തികാന്തരത്തിന്റെ സന്ദർഭം കുഞ്ഞാമൻ വിശദീകരിക്കുന്നുണ്ട് ഇവിടെ. വായിക്കുക:

'രാഷ്ട്രീയാധികാരവും വിഭവാധികാരവും വൈജ്ഞാനികാധികാരവും സാമ്പത്തികാധികാരവും നേടിയെടുക്കാൻ ഒരു ശൂദ്രവിപ്ലവം ഇന്ത്യയിൽ സാധ്യമാണോ? പ്രവചനം നടത്തുന്നതിൽ കാര്യമില്ല. മുതലാളിത്തത്തിനെതിരായ വിപ്ലവം നടക്കുക ഇംഗ്ലണ്ടിലും ജർമനിയിലുമായിരിക്കും എന്നാണ് മാർക്‌സ് പറഞ്ഞത്, അത് നടന്നില്ല. വ്യവസായ തൊഴിലാളികളാകും വിപ്ലവം കൊണ്ടുവരിക എന്നു പറഞ്ഞതും നടന്നില്ല.

ദലിതരും പിന്നാക്കക്കാരും തമ്മിലാണ് യഥാർത്ഥ പ്രശ്‌നം. അല്ലാതെ ദലിതരും സവർണരും തമ്മിലുള്ള സംഘർഷമല്ല. ഇപ്പോൾ ദലിതർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് പിന്നാക്കക്കാരെയാണ്. അവരാണ് സമ്പത്ത് കൈയടക്കിവച്ചിരിക്കുന്നത്. അവർ ഒരു പുനഃക്രമീകരണത്തിന് തയാറാകില്ല. അങ്ങനെയൊരു സാധ്യത കാണുന്നില്ല. ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കിട്ടിയവർക്കു ഹരിതവിപ്ലവത്തിന്റെ പ്രയോജനം കിട്ടി. ബാങ്ക് ദേശസാൽക്കരണത്തിൽ, മൊത്തം ബാങ്ക് ക്രെഡിറ്റിന്റെ നാല്പതു ശതമാനം പിന്നാക്ക മേഖലകൾക്കു വിനിയോഗിക്കണമെന്ന് നിയമമുണ്ടായിരുന്നു. ഭൂമി പണയംവച്ച് അവർക്ക് വ്യവസായം തുടങ്ങാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി. ഇത്തരത്തിൽ പിന്നാക്കക്കാരിൽനിന്ന് ഒരു ഉപരി മധ്യവർഗം ഉയർന്നുവന്നു.

ഭൂപരിഷ്‌കരണം, ഹരിതവിപ്ലവം, ബാങ്ക് ദേശസാൽക്കരണം, മണ്ഡൽകമ്മിഷൻ ശുപാർശ - ഇതെല്ലാം പിന്നാക്ക വിഭാഗക്കാരെ സമ്പന്നരും ശക്തരുമാക്കി. ഓരോ സംസ്ഥാനത്തും സമ്പന്നരായ പിന്നാക്ക വിഭാഗക്കാർ നേതൃത്വത്തിലേക്കുവന്നു. അതിലൂടെ സംഭവിച്ചത്, പുതിയൊരു രാഷ്ട്രീയക്രമം സൃഷ്ടിക്കലാണ്.

സ്വാതന്ത്ര്യം കിട്ടി ആദ്യ ദശകങ്ങളിൽ ശക്തമായ കേന്ദ്രവും അശക്തമായ സംസ്ഥാനങ്ങളുമായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയുടെ മുന്നൂറ്റമ്പത്താറാം വകുപ്പനുസരിച്ച് സംസ്ഥാന സർക്കാറുകളെ പിരിച്ചുവിടാൻ കഴിയുമായിരുന്നു. കേരളത്തിലാണ് അത് ആദ്യം നടന്നത്. ഇന്ന് ശക്തമായ സംസ്ഥാന സർക്കാറുകളും താരതമ്യേന അശക്തമായ കേന്ദ്രവുമാണ്. ഇന്ന് ഒരു സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തിന് ധൈര്യം വരില്ല. കാരണം, പിന്നാക്കക്കാർ നിയന്ത്രിക്കുന്ന സംസ്ഥാനതല രാഷ്ട്രീയപാർട്ടികൾ ഇന്ന് ദേശീയപാർട്ടികളേക്കാൾ ശക്തമാണ്. യു.പിയും ബീഹാറുമൊക്കെ എടുത്തുനോക്കൂ. ഇവിടെയൊക്കെ രാഷ്ട്രീയപാർട്ടികളെ പിന്നാക്കക്കാരാണു നിയന്ത്രിക്കുന്നത്. ലാലു പ്രസാദ് യാദവാണ് അദ്ദേഹത്തിന്റെ പാർട്ടിയെ നിയന്ത്രിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് മൂന്ന് മന്ത്രിമാരാണുണ്ടായത്. ഒരു മകൻ ഉപമുഖ്യമന്ത്രിയായിരുന്നു. അതുപോലെ മുലായം സിങ് യാദവ്.

സംസ്ഥാനങ്ങളിൽ പിന്നാക്കക്കാരിൽനിന്നുവന്ന അതിശക്തരായ നേതാക്കളാണ് രാഷ്ട്രീയവും ഭരണവും സമ്പത്തും നിയന്ത്രിക്കുന്നത്. ബജറ്റിന്റെയും അടിസ്ഥാനതല ആസൂത്രണത്തിന്റെയും രൂപം അവരാണു തീരുമാനിക്കുന്നത്. ഇവിടെയൊക്കെ ദലിതരെയാണ് ഇവർ എതിർപക്ഷത്ത് നിർത്തുന്നത്. ദലിതർ ഭൂമിയും ഉയർന്ന കൂലിയും ആവശ്യപ്പെടുന്നു. സ്വത്വരാഷ്ട്രീയത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നു. ഇതിനെയെല്ലാം പിന്നാക്കക്കാർ എതിർക്കുന്നു.

പിന്നാക്ക വിഭാഗങ്ങൾക്ക് അനുകൂലമായ മാറ്റം വന്നത് രാഷ്ട്രീയരംഗത്ത് പൊളിച്ചെഴുത്തിനു കാരണമായി. എന്നാൽ, പിന്നാക്കവിഭാഗക്കാർ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിൽ ദലിതർക്കു നേട്ടമുണ്ടായില്ല. യു.പിയിലും ബീഹാറിലുമൊക്കെ ദലിതരായ കർഷകത്തൊഴിലാളികളെ അടിച്ചമർത്താൻ പിന്നാക്കക്കാരുടെ സേനകളുണ്ട്. പിന്നാക്കക്കാർ ദലിതരെ കൂട്ടുപിടിക്കുന്നത് സംവരണത്തിന്റെ കാര്യത്തിൽ മാത്രമാണ്'.

ആദിവാസിഭൂമിപ്രശ്‌നത്തിൽ പാർലമെന്റും നിയമസഭയും നടത്തിയ നാടകങ്ങളും സാമ്പത്തികസംവരണമുൾപ്പെടെയുള്ള നയങ്ങളുടെ ദലിത്‌വിരുദ്ധതയും ഭരണഘടനാസ്ഥാപനങ്ങളിലെ ദലിത് പ്രാതിനിധ്യക്കുറവും ദലിതർതന്നെ ദലിതർക്കെതിരെ തിരിയുന്നതിന്റെ രാഷ്ട്രീയവും നവമുതലാളിത്തവും ആഗോളവൽക്കരണവും ദലിതർക്കു നൽകിയ സാമ്പത്തികസ്വാതന്ത്ര്യങ്ങളും കാമ്പസുകളിൽ രൂപം കൊണ്ടുതുടങ്ങിയിരിക്കുന്ന നവദലിത് പ്രസ്ഥാനങ്ങളും രാഷ്ട്രീയവും മതവും തമ്മിലുടലെടുത്തിരിക്കുന്ന അവിശുദ്ധസഖ്യങ്ങളും മതേതരത്വത്തിന്റെ അനിവാര്യതയും സംവരണത്തിന്റെ ആഭ്യന്തരവൈരുധ്യങ്ങളും പ്രികേറിയറ്റിൽ അധിഷ്ഠിതമായ സാമ്പത്തികനയത്തിന്റെയും രാഷ്ട്രീയപരിപാടിയുടെയും ആവശ്യവും.... കുഞ്ഞാമൻ ഇന്ത്യൻ, കേരളീയ സാമൂഹ്യക്രമത്തിന്റെ വിഭാവനങ്ങൾക്കും വിപര്യയങ്ങൾക്കും നേരെ സമഗ്രവും നിശിതവുമായ വിമർശനങ്ങളാണുയർത്തുന്നത്. സ്വാമ്പത്തികസ്വാതന്ത്ര്യം മാത്രമാണ് ജാതിസമത്വത്തിനുള്ള മാർഗം എന്നതിൽ യാതൊരു സംശയവും അദ്ദേഹത്തിനില്ല. ഇവിടെ നിന്നാണദ്ദേഹത്തിന്റെ രാഷ്ട്രീയവിശകലനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ അകംപൊള്ളയായ അസ്തിത്വത്തെക്കുറിച്ച് ഒട്ടൊരു ദുഃഖത്തോടെതന്നെ സംസാരിച്ചുതുടങ്ങുന്നത്.

കമ്യൂണിസ്റ്റ് പാർട്ടികളെ അവയുടെ നയത്തിന്റെയും പരിപാടിയുടെയും ഘടനയുടെയും അടിസ്ഥാനത്തിൽ തള്ളിക്കളയുന്ന മാർക്‌സിസ്റ്റാണ് കുഞ്ഞാമൻ. ഈ പാർട്ടികളെ കേന്ദ്രീകരിച്ച് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവിശകലനം, റോസാലക്‌സംബർഗ് മുതൽ എം. എൻ. റോയിയും എം. ഗോവിന്ദനും വരെയുള്ളവർ മാർക്‌സിസത്തെക്കുറിച്ചുന്നയിച്ച പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ വിമർശനങ്ങളുടെ തുടർച്ചയാണ്. അംബേദ്കറിസത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഇന്ത്യൻ ജാതിസമൂഹഘടനയെ മാർക്‌സിസത്തിനോ, കമ്യൂണിസ്റ്റ് പാർട്ടികൾക്കോ അഭിമുഖീകരിക്കാൻ കഴിയാത്തതിന്റെ അപഗ്രഥനം അദ്ദേഹം നടത്തുന്നു. കമ്യൂണിസ്റ്റ് സർക്കാരുകൾ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌ക്കരണം അടിസ്ഥാനപരമായിത്തന്നെ പാളിപ്പോയ നയവും പരിപാടിയുമായിരുന്നു. അടിസ്ഥാനവർഗങ്ങളിൽപെട്ട കർഷകത്തൊഴിലാളികൾക്കല്ല മധ്യവർഗത്തിൽപെട്ട കർഷകർക്കാണ് കൃഷിഭൂമി ലഭിച്ചത്. വർഗപരവും ജാതിപരവുമായ ഇരട്ടവഞ്ചനയുടെ ഈ രാഷ്ട്രീയം കമ്യൂണിസ്റ്റ് പാർട്ടികളുടെ ഫ്യൂഡൽബോധം മനഃപൂർവം നടപ്പാക്കിയതാണെന്ന് കുഞ്ഞാമൻ വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരിക്കലും ദലിതരെ ഉൾക്കൊള്ളാൻ കഴിയാത്തത്? അദ്ദേഹം എഴുതുന്നു:

'പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ രണ്ട് ധാരകളാണുണ്ടായിരുന്നത് - അംബേദ്കറിസവും മാർക്‌സിസവും. ഇവ സമാന്തര ആശയങ്ങളാണ്, ഒരിക്കലും ഒന്നിക്കില്ല. ഇന്ത്യൻ അവസ്ഥയിൽ ഇവ വേർപിരിയുന്നത് സ്വാഭാവികമാണ്. ഡോ. ബി.ആർ. അംബേദ്കറോടുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം പരിശോധിച്ചാൽ, ഇക്കാര്യം വ്യക്തമാകും. 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുപാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഒന്നിച്ചാണ് അംബേദ്കറെ ബോംബെ നിയോജകമണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റുപാർട്ടികളുടെ ദലിത്‌വികുദ്ധ സമീപനം അംബേദ്കറിൽനിന്നു തുടങ്ങിയതാണ്. അംബേദ്കറെ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റുപാർട്ടികൾക്ക് ഒരിക്കലും കഴിയില്ല.

മാർക്‌സിസത്തിന് അടിച്ചമർത്തപ്പെട്ടവർക്കിടയിലേക്ക് അധികം ഇറങ്ങിച്ചെല്ലാനായില്ല. അത്, ഇവിടെ മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിലും കഴിഞ്ഞിട്ടില്ല എന്നാണ് സെഡ്രിക് റോബിൻസന്റെ 'ബ്ലാക്ക് മാർക്‌സിസം' എന്ന കൃതി പറയുന്നത്. മാർക്‌സിസ്റ്റ് ഐഡിയോളജി തളരുകയും അംബേദ്കറിസ്റ്റ് ഐഡിയോളജി വളരുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ത്യയിലുണ്ടായി. അതുകൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടികൾ അംബേദ്കറിസത്തെ ഏറ്റെടുക്കാൻ ശ്രമിച്ചത്. അതിനെ അംബേദ്കറൈറ്റുകൾ എതിർക്കുന്നു. 1972-നു ശേഷമാണ് യോജിപ്പിന് ശ്രമം നടന്നത്. മാർക്‌സിസവും അംബേദ്കറിസവും ചേർത്ത് മഹാരാഷ്ട്രയിൽ ദലിത് പാന്തേഴ്‌സ് രൂപീകരിച്ചശേഷം. പക്ഷേ, അത് വിജയിച്ചില്ല. അതിന് രാഷ്ട്രീയ പ്രസ്ഥാനമാകാനോ ശക്തിയാകാനോ കഴിഞ്ഞില്ല. എന്തിന്, അംബേദ്കർതന്നെ അവഗണിക്കപ്പെട്ടു.

ഭൂപരിഷ്‌കരണത്തെക്കുറിച്ച് അംബേദ്കറിന്റെ പരിപ്രേഷ്യം മേലാളർ നയിക്കുന്ന കമ്യൂണിസ്റ്റുപാർട്ടികളുടേതിനേക്കാൾ വിപ്ലവകരമായിരുന്നു. ഭൂമിയെക്കുറിച്ച് ഏറ്റവും നല്ല ധാരണയുണ്ടായിരുന്ന ചിന്തകൻ അംബേദ്കറായിരുന്നു. രാജ്യത്തുള്ള മൊത്തം കൃഷിഭൂമിയും ദേശസാൽക്കരിച്ച് ഭരണകൂടത്തിന്റെ ഉടമസ്ഥതയിൽ കൊണ്ടുവന്ന് കർഷകർക്കു വീതിച്ചുകൊടുക്കണമെന്നും കൂട്ടുകൃഷിസമ്പ്രദായം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപ്ലവകരമായ ഈ ആശയങ്ങൾ ആരും കേട്ടെന്നുപോലും നടിച്ചില്ല.

ദലിതർ ഭൂമി ആവശ്യപ്പെടാൻ ബൂർഷ്വാ കമ്യൂണിസ്റ്റുപാർട്ടികൾ അനുവദിക്കില്ല. അത്തരം നീക്കങ്ങളെ അവർ അടിച്ചമർത്തും. കമ്യൂണിസ്റ്റുപാർട്ടികളുടെ ഭയം, അവരുടെ അടിത്തറ നഷ്ടപ്പെടുമെന്നതാണ്. കഴിവുള്ളവരെ അവർ തളർത്തും. പാർട്ടിക്ക് വിശ്വസ്തരായവരെ അവർക്ക് ഇഷ്ടമാണ്. ഇ.എം.എസിനു മുന്നിലൊക്കെ ഞാൻ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഒരു തന്ത്രമുണ്ട്. ഭൂപരിഷ്‌കരണത്തെക്കുറിച്ച്, ദലിത്-ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞാൽ അവർ പ്രതികരിക്കില്ല. ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്, അത് ഇനി പുനഃപരിശോധിക്കേണ്ടതില്ല എന്നാണ് പാർട്ടിനിലപാട്. ദലിതരിൽനിന്ന് അഭിപ്രായങ്ങൾ ഉയർന്നുവരരുത് എന്നൊരു നിർബന്ധമുണ്ടായിരുന്നു പാർട്ടിക്ക്. അടിസ്ഥാന നയസമീപനങ്ങളെയൊന്നും വിമർശിക്കരുത്. അത് അണികളെ നിലനിർത്താൻകൂടിയാണ്. സക്രിയമായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ ഭയമുള്ളവരാണ് ഭരണാധികാരികൾ, ഭരണത്തിൽ താത്പര്യമുള്ളവർ. അതുകൊണ്ട് ഭരണയന്ത്രം ഉപയോഗിച്ച് ആളുകളെ നിശ്ശബ്ദരാക്കുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളിലും ഇതാണ് അവസ്ഥ. വിമർശിക്കുന്നവരെ അവർ വച്ചുപൊറുപ്പിക്കില്ല. ഇതിന് അപവാദം കോൺഗ്രസാണ്. അത് ലിബറൽ ഘടനയുള്ള പാർട്ടിയാണ്. അതുകൊണ്ട് അനഭിമതനായിട്ടും അംബേദ്കറെ അവർ സ്വീകരിച്ചു. കമ്യൂണിസ്റ്റുപാർട്ടികൾ അക്ഷമരാണ്, അവരെ വിമർശിക്കുന്നവരെ തടഞ്ഞുനിർത്തും.

ഇന്ത്യയിലെ സാമൂഹികനീതിയെക്കുറിച്ച് ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പഠിച്ചത് അംബേദ്കറാണ്. അദ്ദേഹം വ്യക്തമായി പറഞ്ഞു; സമത്വമില്ലാത്ത സമൂഹത്തിൽ നീതിയുണ്ടാകില്ല. നീതിയുടെ മൂന്ന് അടിസ്ഥാന ശിലകൾ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ്. നിയമം ഉള്ളതുകൊണ്ട് നീതി ലഭിക്കില്ല. ദലിതർക്ക് എല്ലാ രംഗങ്ങളിലും പ്രാതിനിധ്യവും പങ്കാളിത്തവുമുണ്ട്. എന്നാൽ, അവർക്കു സാമൂഹികനീതി ലഭിക്കാൻ ഇതു സഹായകമായിട്ടില്ല. അംബേദ്കറുടെ വിപ്ലവാത്മകമായ സാമ്പത്തിക-വിഭവാധികാര ആശയങ്ങളെ എതിർക്കാനാണ് കമ്യൂണിസ്റ്റുപാർട്ടി സോഷ്യലിസ്റ്റുപാർട്ടിയുമായി ചേർന്ന് അദ്ദേഹത്തെ തോല്പിച്ചത്.

അംബേദ്കറുടെ കാൻവാസ് വിപുലമാണ്. അത് അടിച്ചമർത്തപ്പെടുന്ന അധഃകൃതന്റെ മോചനത്തിനുള്ളതായിരുന്നു. അതേസമയം, മാർക്‌സിസം ഒരിക്കലും വിമോചനശാസ്ത്രമല്ല. അത്, മുതലാളിത്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശകലനമാണ്. അതുകൊണ്ടുതന്നെ അതിന് ഒരു വിമോചനശാസ്ത്രമായി പരിണമിക്കാൻ കഴിഞ്ഞില്ല. കറുത്തവർഗ്ഗക്കാർക്ക്, അടിമകൾക്ക്, ഇന്ത്യയിലെ അധഃസ്ഥിതർക്ക് മാർക്‌സിസത്തെ വിമോചനശാസ്ത്രമായി കാണാൻ കഴിയാതിരുന്നത് ഇതുമൂലമാണ്. മാർക്‌സിസം അവരുടെ മൗലിക പ്രശ്‌നങ്ങളെ ഒരിക്കലും അഭിസംബോധന ചെയ്തിട്ടില്ല. ഇതുമൂലം ഇന്ത്യയിൽ വർഗസമരം നയരൂപീകരണത്തെ സ്വാധീനിച്ചിട്ടില്ല, സാമൂഹികമാറ്റം കൊണ്ടുവന്നിട്ടില്ല എന്നു പറയാം. വർഗേതര സമരങ്ങളാണ്-അതായത് ജാതിവിരുദ്ധ-സ്ത്രീ-പരിസ്ഥിതി സമരങ്ങളാണ് ഇന്ത്യയിൽ സാമൂഹികമാറ്റം കൊണ്ടുവന്നത്. ഇതിലേറ്റവും മുന്നിൽ ദലിത് സമരങ്ങളാണ്. ദലിത് സമരങ്ങൾക്ക് തനതായ സ്വഭാവമുണ്ട്. പിന്നാക്ക വിഭാഗസമരങ്ങൾ ഉയർന്ന ജാതിക്കാർക്കെതിരായ സമരങ്ങളായിരുന്നു. ജാതിക്കെതിരേ അവർ സമരം ചെയ്തിട്ടില്ല. എന്നാൽ, ദലിത്‌സമരം ജാതിവിരുദ്ധ സമരങ്ങളായിരുന്നു. ജാതിവ്യവസ്ഥയ്‌ക്കെതിരായാണ് അവർ സമരം ചെയ്തത്'.

തുടർന്നദ്ദേഹം ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും ഇടതുപക്ഷപാർട്ടികൾ ബൂർഷ്വാപാർട്ടികളെക്കാൾ ഗൂഢവും ആസൂത്രിതവുമായി ദലിത്‌വിരുദ്ധത നടപ്പിൽവരുത്തുന്നതിന്റെ അന്തർനാടകങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ യാഥാർഥ്യങ്ങൾക്കു കടകവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രം ഇവിടെ വ്യാഖ്യാനിച്ചു സമർഥിക്കുന്നതിലൂടെ കമ്യൂണിസ്റ്റുകൾ നിലനിർത്തിപ്പോരുന്ന കപടരാഷ്ട്രീയത്തെ അതിന്റെ അടിവേരുകളോളം ചെന്നു വിമർശിക്കുന്നു, കുഞ്ഞാമൻ. അദ്ദേഹമെഴുതുന്നു:

'മാർക്‌സ് ഒരിക്കലും വിമോചന സമരങ്ങൾക്ക് പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന് പല പരിമിതികളുമുണ്ടായിരുന്നു. 'മൂലധന'ത്തിന്റെ ആദ്യ വോള്യത്തിൽ അമേരിക്കൻ അടിമസമ്പ്രദായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗേതര (Non class) വിമോചന സമരങ്ങൾക്ക് മാർക്‌സ് പ്രാധാന്യം നൽകിയില്ല.

വർഗേതര പ്രസ്ഥാനങ്ങളെയും വിമോചനമുന്നേറ്റങ്ങളെയും അവഗണിച്ചത് മാർക്‌സിന് പറ്റിയ ഒരു തെറ്റാണ്. മാർക്‌സ് യൂറോപ്യൻ സാമൂഹികാവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടാണ് അപഗ്രഥനം നടത്തിയത്. കിഴക്കൻ സമൂഹങ്ങളെ അദ്ദേഹം ശരിക്ക് പഠിച്ചില്ല. കിഴക്കിന്റെ സാമൂഹികാവസ്ഥ ശരിക്കും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന്, Primitive accumulation എന്ന ആശയം വിശദീകരിക്കുന്നതിൽ ഒരു പ്രശ്‌നമുണ്ട്. ഉടമകളുടെ, ഫ്യൂഡൽ ജന്മിമാരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചിരുന്നത് ഭൂമിയുടെയും അതിനോടനുബന്ധിച്ച അടിമകളുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അത് പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലും അങ്ങനെയായിരുന്നു. എന്നാൽ, ഈ അടിസ്ഥാനത്തിലുള്ള പരിഗണന അടിമകൾക്ക് ചരിത്രപരമായും ദാർശനികമായും ലഭിച്ചില്ല. അതുകൊണ്ടുതന്നെ വർഗേതര സമരങ്ങളെ കണക്കിലെടുക്കാൻ മാർക്‌സിന് കഴിഞ്ഞില്ല. പരിപൂർണമായിട്ടും വളർന്ന മുതലാളിത്ത സമ്പ്രദായത്തിൽ മുതലാളിയും തൊഴിലാളിയും വേർതിരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, ചൂഷണങ്ങൾക്കെതിരെ എങ്ങനെ സമരം ചെയ്യണം എന്ന് വിശദീകരിക്കുന്ന ശാസ്ത്രമായിട്ടേ മാർക്‌സിസത്തിനെ കാണാനാകൂ.

റോസ ലക്‌സംബർഗിനെ (അവരുടെ The Accumulation of Capital/1913) പോലുള്ള ചുരുക്കം ചിലരൊഴികെ, മാർക്‌സിസ്റ്റുകളും പിന്നീട് അവലംബിച്ചത്, വർഗേതര സമരങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു. അതുമൂലം, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾ, പാശ്ചാത്യരാജ്യങ്ങളിലെ വർണവിവേചനത്തിനെതിരായ സമരങ്ങൾ എന്നിവ അവഗണിക്കപ്പെട്ടു. സത്യത്തിൽ, സമരങ്ങളുടെ സാംഗത്യം നമ്മൾ കാണുന്നത് ഇത്തരം സമരങ്ങളിലാണ്. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീ സമരങ്ങൾ നോക്കൂ - മാറുമറയ്ക്കൽ, തലക്കരം, മുലക്കരം സമരങ്ങൾ. ഇവരെ ഏതു വിഭാഗത്തിൽ എടുക്കണം എന്നത് വർഗസമീപനവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ നിർണായകമാണ്. ഇന്ത്യൻ സാഹചര്യത്തിലും, ജാതിയെ ഉപരിഘടനാപ്രതിഭാസമായാണ് കമ്യൂണിസ്റ്റികാർ കണ്ടത്. സ്വത്തവകാശം, സ്വത്തുനിയന്ത്രണം, തൊഴിൽവിഭജനം, സാമൂഹിക ഉത്പന്നത്തിന്റെ വിതരണം, സാമൂഹിക മിച്ചം ഇതൊക്കെ ജാതിവ്യവസ്ഥയായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്, അംബേദ്കർ അതിനെ അടിസ്ഥാനഘടനയായി കണ്ടത്. കമ്യൂണിസ്റ്റുകാർ പറഞ്ഞതുപോലെ, സാമ്പത്തികക്രമം സാമൂഹികക്രമത്തെ നിയന്ത്രിക്കുകയല്ല ഇവിടെയുണ്ടായത്, നേരേമറിച്ച് സാമൂഹിക ബന്ധങ്ങൾ സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിയാതെ പോയത്, ഇവിടത്തെ കമ്യൂണിസ്റ്റുകാരുടെ വിജ്ഞാനത്തിന്റെ പരിമിതിയായി കാണാൻ കഴിയില്ല. ഇത്തരം പ്രസ്ഥാനങ്ങളിൽ വന്ന നേതാക്കൾ ഫ്യൂഡൽ സ്വഭാവത്തിൽനിന്നു വന്നവരാണ്. അവർക്ക് അവരുടെ വർതാത്പര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇ.എം.എസിനെപ്പോലുള്ളവർക്ക് അംബേദ്കറെ അംഗീകരിക്കാൻ കഴിയാതിരുന്നത്. ഇ.എം.എസിനെപ്പോലുള്ളവർ ഫ്യൂഡൽ അടിത്തറയെ എതിർക്കുമ്പോൾതന്നെ അവർ അവരുടെ ഫ്യൂഡൽ അടിത്തറയിൽനിന്ന് മുക്തമാകാൻ ശ്രമിച്ചില്ല. ഇതൊരു കഴിവിന്റെ പ്രശ്‌നമായിട്ടല്ല കാണേണ്ടത്, അവരുടെ വർഗതാത്പര്യമായിരുന്നു ഇതിനുപിന്നിൽ പ്രവർത്തിച്ചത്.

മാർക്‌സിസത്തെ റഷ്യയുടെ സാമൂഹിക സന്ദർഭത്തിലേക്കു സ്വാംശീകരിക്കാൻ ലെനിനും ചൈനയിൽ മാവോയ്ക്കും കഴിഞ്ഞു. ഇന്ത്യയിലെ പ്രത്യേക സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി മാർക്‌സിസത്തെ കാണാൻ ഇ.എം.എസ്. ശ്രമിച്ചില്ല, അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. ഗ്രാംഷിയെയും അൽതൂസറിനെയുംപോലുള്ള ചിന്തകരെപ്പോലെ മൗലികമായ ഒരു ആശയംപോലും മുന്നോട്ടുവെക്കാൻ ഇ.എം.എസിന് കഴിഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ പരാജയമായി വിലയിരുത്തേണ്ടതില്ല, കാരണം, അവരുടെ രാഷ്ട്രീയത്തിന് ഈയൊരു സമീപനം ഉപയുക്തമായിരുന്നു. ഒരു ബൂർഷ്വാ ജനാധിപത്യപ്രക്രിയയിൽ പാർട്ടിയുണ്ടാക്കി, അതിന് വളരാനാവശ്യമായ പരിസ്ഥിതിക്ക് ഇണങ്ങുന്ന രാഷ്ട്രീയത്തെ മുന്നോട്ടുവെക്കുകയായിരുന്നു ഇ.എം.എസിനെപ്പോലുള്ളവർ ചെയ്തത്. ഈയൊരു സന്ദർഭത്തിൽ ഈ സമീപനം പ്രസക്തമായിരുന്നു. ഈയൊരു ലക്ഷ്യത്തിനുവേണ്ടി പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ വ്യാഖ്യാനിച്ച് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അത് മോശം കാര്യമാണെന്ന് പറയാനാകില്ല. പക്ഷേ, അത് ചരിത്രത്തോടുള്ള വർഗസമീപനമായി കാണാൻ കഴിയില്ല എന്നുമാത്രം. ഉത്പാദനത്തിൽ വ്യാപൃതരായ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതായിരിക്കും ചരിത്രത്തിലെ വർഗസമീപനം'.

കേരളം കണ്ട എക്കാലത്തെയും മികച്ച ദലിത് ബുദ്ധിജീവികളിലൊരാളാണ് എം. കുഞ്ഞാമൻ. വരേണ്യപൊതുബോധത്തിന്റെയും സവർണരാഷ്ട്രീയത്തിന്റെയും ബാഹ്യസമ്മർദ്ദങ്ങളിൽ തമസ്‌കരിക്കപ്പെട്ട ഒരു ചിന്താജീവിതമാണ് പക്ഷെ അദ്ദേഹത്തിനുണ്ടായത്. തന്റെ ആത്മകഥയും ദലിത്‌സമൂഹത്തെക്കുറിച്ചുള്ള സൂക്ഷ്മവും സുദൃഢവുമായ രാഷ്ട്രീയവിചാരവുമായി എഴുതപ്പെടുന്ന ഈ പുസ്തകത്തിൽ അദ്ദേഹം സ്വീകരിക്കുന്ന സമീപനങ്ങളും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും ഇങ്ങനെ സംഗ്രഹിക്കാം:

1. സാമ്പത്തികാധികാരഘടനയിലൂന്നി ഇന്ത്യൻ, കേരളീയ ദലിത് ജീവിതങ്ങളുടെ സമീപഭൂതകാലചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്നു.

2. ഭരണകൂടങ്ങളും അവയുടെ നയപരിപാടികളും ദലിതരെ സമസ്ത തലങ്ങളിലും നിശ്ശബ്ദവൽക്കരിക്കുന്നതിന്റെ സാമൂഹ്യാപഗ്രഥനം നടത്തുന്നു.

3. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ ആന്തരശൂന്യതകളും അർഥരാഹിത്യങ്ങളും അടിസ്ഥാനവിഭാഗത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട് വിമർശിക്കുന്നു.

4. ദലിതരുടെ അനുഭവങ്ങളും അവസ്ഥകളും മുൻനിർത്തി കൊളോണിയലിസം, ദേശീയത, ആഗോളവൽക്കരണം എന്നീ മൂന്നു സന്ദർഭങ്ങളെയും താരതമ്യാത്മകമായി മൂല്യനിർണയം ചെയ്യുന്നു.

5.നീതി, പൗര-മനുഷ്യാവകാശം, ജനാധിപത്യം എന്നിവയുടെ മൂർത്തമായ നടപ്പാക്കലിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

6. വ്യക്തിയാണ് പരമപ്രധാനമായ സാമൂഹികസ്വത്വവും രാഷ്ട്രീയകർതൃത്വവും എന്ന തിരിച്ചറിവിലും വ്യക്തിവൽക്കരണത്തിലൂടെ മാത്രമേ വികസനവും സ്വാതന്ത്ര്യവും യാഥാർഥ്യമാകൂ എന്ന ബോധ്യത്തിലും, നിലനിൽക്കുന്ന വ്യവസ്ഥകളെ അകംപുറം മറിച്ചിടുന്ന നിരീക്ഷണങ്ങൾ നടത്തുന്നു.

7. വിജ്ഞാനം, സമ്പത്ത്, അധികാരം എന്നിവയിൽനിന്ന് മാറ്റിനിർത്തപ്പെടുകയും ദാരിദ്ര്യം, അജ്ഞത, ജാതി എന്നിവയുടെ ദുർദൈവങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന അധഃസ്ഥിത മനുഷ്യരുടെ ചരിത്രമെഴുതുന്നു.

8. 'സമ്പത്താണ് സ്വാതന്ത്ര്യം' എന്ന ഹെഗലിയൻ ചിന്തയിൽ ചുവടുറപ്പിച്ച്, സാമൂഹികബന്ധങ്ങൾ നിർണയിക്കുന്ന സാമ്പത്തികബന്ധമാണ് ഇന്ത്യൻ ദലിതരുടെ ദുരവസ്ഥയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു. മാർക്‌സിസ്റ്റുകൾ കരുതുംപോലെ സാമ്പത്തികബന്ധങ്ങൾ നിർണയിക്കുന്ന സാമൂഹികബന്ധങ്ങളല്ല അവരുടെ പ്രശ്‌നം.

9. അടിസ്ഥാനപരമായ ഈ തിരിച്ചരിവില്ലാത്തതുകൊണ്ടാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് ദലിതരുടെ ചരിത്രത്തിലും വർത്തമാനത്തിലും യാതൊരു ഇടപെടലിനും സാധ്യത കൈവരാത്തത്.

10. ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ജീവിതവും നിലനിൽപ്പും മുൻഗണനയായി കാണുന്ന ഒരു രാഷ്ട്രീയം ഇവിടെ രൂപപ്പെടണം. അപ്പോഴേ നീതി, സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയവയൊക്കെ അർഥവത്തായ പരികല്പനകളായി ഇന്ത്യൻ ദലിതർക്ക് അനുഭവപ്പെടൂ.

തന്റേടം എന്ന വാക്കിന് മനുഷ്യരൂപം കൈവന്നതാണ് എം. കുഞ്ഞാമൻ. ബൗദ്ധികകേരളം, വിശേഷിച്ചും ഇടതുപക്ഷകേരളം കുഞ്ഞാമനോടു ചെയ്ത നിതികേടിനോളം നലുതൊന്ന് മറ്റാരോടും ചെയ്തിട്ടില്ല. ചരിത്രപരമായ കാരണങ്ങൾകൊണ്ടുതന്നെ ഇന്ത്യൻ പൊതുമണ്ഡലത്തിലേക്ക് കേരളം ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു ഈ മനുഷ്യനെ. പക്ഷെ ഒത്തുതീർപ്പുകൾ മാത്രമുള്ള രാഷ്ട്രീയവും ഒത്തുതീർപ്പുകളേതുമില്ലാത്ത വ്യക്തിയും തമ്മിൽ ഒരിക്കലുമിണങ്ങാത്ത ഒരു വിടവ് അവശേഷിപ്പിച്ചുകൊണ്ട് കുഞ്ഞാമൻ മാഷിന്റെ ബൗദ്ധിക സാംസ്‌കാരിക ജീവിതം ഏകാന്തതയുടെ ഒരു രാഷ്ട്രീയരൂപകമായി കൂട്ടംതെറ്റിനിന്നു. ഒഴിഞ്ഞുമാറലുകളല്ല ഒത്തുതീർപ്പുകളില്ലായ്മയാണ് അദ്ദേഹത്തിന്റെ രീതി. ഓർമകളായെഴുതപ്പെട്ടിരിക്കുന്ന കുഞ്ഞാമന്മാഷിന്റെ ഈ പുസ്തകം വായിക്കൂ. എച്ചിൽ തിന്നു വളർന്ന, ജാത്യടിമത്തവും ദാരിദ്ര്യവും ചുട്ടുപഴുപ്പിച്ച ഒരു ദലിതന്റെ ജീവിതസമരത്തിന്റെയും വൈജ്ഞാനികവളർച്ചയുടെയും കൊടുങ്കാറ്റുകൾ കുടിയിരിക്കുന്ന വൈചാരിക ഉയരങ്ങളുടെയും തീഷ്ണതകൾ തൊട്ടറിയാം. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സവർണകേരളം ഈ മനുഷ്യന്റെ കുറ്റവിചാരണക്കു മുന്നിൽ ലജ്ജിച്ചു തലതാഴ്‌ത്തും. രാഷ്ട്രീയസമ്പദ്ഘടന മുതൽ ജാതി, മതസംഘങ്ങൾ വരെയും മാർക്‌സിസം മുതൽ വരേണ്യജനാധിപത്യം വരെയുമുള്ള വ്യവസ്ഥകൾ ഇന്ത്യൻ ദലിതരെ നാനാതലങ്ങളിൽ തമസ്‌കരിച്ചതിന്റെ രക്തസ്‌നാനമായ അനുഭവക്കുറിപ്പുകൾ കൂടിയാണ് ഈ പുസ്തകം.

പുസ്തകത്തിൽ നിന്ന്:-

'വ്യവസ്ഥിതി എന്നാൽ മൂന്നു കാര്യങ്ങളാണ്. പൗരസമൂഹം, സാമ്പത്തിക സമൂഹം, രാഷ്ട്രീയ സമൂഹം. ഈ സമൂഹത്തിൽ ഇലക്‌ട്രോണിക് സാധനങ്ങളും കമ്പോള സൗഹൃദ സമീപനങ്ങളുമാണ് പ്രസക്തമാകുന്നത്. രാഷ്ട്രീയ സമൂഹത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സംഗതമാകുന്നത്. മതവും രാഷ്ട്രീയവുമാണ് ഏറ്റവും വലിയ വർഗീയശക്തികൾ. രാഷ്ട്രീയം എന്നു പറഞ്ഞാൽ പാർട്ടി വ്യത്യാസം പ്രസക്തമല്ല.

ബ്രാഹ്മണിസത്തിനുള്ള പ്രതിവിധി മുല്ലായിസമോ ഇവാഞ്ചലിസമോ അല്ല. മതേതരത്വമാണ്. ജാതികളും മതങ്ങളും നിർമ്മാർജനം ചെയ്യപ്പെടണം. വിശ്വാസാധിഷ്ഠിതമായ രാഷ്ട്രീയരൂപീകരണങ്ങൾ മനുഷ്യരാശിക്ക് അപകടകരമാണ്. അത്തരം രാഷ്ട്രീയത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന, മതേതരം എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികളും നേതാക്കളും മനുഷ്യപുരോഗതിയെ പുറകോട്ട് വലിക്കുകയാണു ചെയ്യുന്നത്. ഇവിടെ, രംഗം ധിഷണാവൈഭവമുള്ള, പരാജയഭയമില്ലാത്ത വ്യക്തികൾക്കായി അനാവരണം ചെയ്യപ്പെടണം. സമൂഹത്തെ മുന്നോട്ടുനയിക്കേണ്ടത് ചിന്തകരും ബുദ്ധിജീവികളുമാണ്. അവർ മുന്നോട്ടുവരേണ്ട അവസരമാണിത്.

സമ്പത്തിന്റെ പുനർവിതരണവും സ്വതന്ത്ര ഉത്പാദകരുടെ സമൂഹം സൃഷ്ടിക്കലുമാണ് ആത്യന്തികമായി ചെയ്യേണ്ടത്. അവിടെ കരിയർ രാഷ്ട്രീയം സ്വാഭാവികമായും അപ്രത്യക്ഷമാകും. എല്ലാവർക്കും ഉത്പാദനരംഗത്ത് വ്യാപൃതരാകേണ്ടിവരുന്നു.

ഇന്ത്യയിൽ വർഗരാഷ്ട്രീയമില്ല, കാരണം വർഗങ്ങളില്ല. വ്യത്യസ്ത രാജ്യങ്ങളിൽ, ലോകത്താകെയും ബൂർഷ്വാസിയും തൊഴിലാളികളും ചെറിയ രണ്ടുവിഭാഗങ്ങളാണ്. സംഘടിത തൊഴിലാളിവർഗം ചെറിയ വിഭാഗമാണ്. അത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. മാർക്‌സ് പറഞ്ഞത്, തൊഴിലും തൊഴിലാളിയും ഒരു ചരക്കാകുമ്പോഴാണ് മുതലാളിത്തം നിലവിൽവരുന്നത് എന്നാണ്. ഇങ്ങനെ വരുന്ന സംഘടിത തൊഴിലാളി വർഗം മുതലാളിമാരായി കഴിഞ്ഞാൽ, കൂടുതൽ വിശേഷാധികാരം കിട്ടുന്നുണ്ട്. അവർക്ക് സ്ഥിരമായ തൊഴിലും വരുമാനവുമുണ്ട്. അവർ വിശേഷാധികാരമുള്ള ഒരു വർഗമാണ്. അവരെപ്പോഴും തങ്ങളുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്താനാണ് സമരം ചെയ്തിട്ടുള്ളത്. അടിച്ചമർത്തപ്പെടുന്നവന്റെ മൊത്തത്തിലുള്ള മോചനത്തിന് സംഘടിത തൊഴിലാളിവർഗം ഒരു സംഭാവനയും അർപ്പിച്ചിട്ടില്ല. ഒരിടത്തും.

ഈ ബൂർഷ്വാസിയേക്കാളും സംഘടിത തൊഴിലാളിവർത്തേക്കാളും ഏറ്റവും വലിയ വർഗം പ്രികേറിയറ്റ് (precariat) ആണ് - യാതനകളിൽ ജീവിതം തള്ളിനീക്കുന്നവർ. ഭൂമിയില്ലാത്ത കിടപ്പാടമില്ലാത്ത ഭക്ഷണമില്ലാത്ത വലിയ വിഭാഗം ഇവരാണ്. ഇന്ത്യയെപ്പോലുള്ളിടത്ത്, അസംഘടിതരായവർ. അവർ അടിച്ചമർത്തപ്പെടുന്നവരാണ്, ചൂഷണം ചെയ്യപ്പെടുന്നവരാണ്. ഈ മൂന്നാം വർഗത്തിന്റെ പ്രാധാന്യമാണ്, പ്രസക്തിയാണ് ഏറ്റവും ഗൗരവത്തോടെ കണക്കിലെടുക്കേണ്ടത്. അവരുടെ മോചനത്തിന് ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു പരിപാടിയുമില്ല. സത്യത്തിൽ ഈ വിഭാഗത്തിന്റെ മോചനത്തിന്, അതിലൂടെ മനുഷ്യരാശിയുടെ മൊത്തം മോചനത്തിനും വേണ്ടത്, സാർവത്രിക സ്വത്തവകാശമാണ്. എല്ലാവർക്കും വിഭവങ്ങളുടെ ഉടമസ്ഥാവകാശമുണ്ടായിരിക്കണം. മാർക്‌സ് പറഞ്ഞത്, തൊഴിലാളിയുടെ തൊഴിൽ ഉപാധികളിൽനിന്നുള്ള അന്യവൽക്കരണം അവസാനിക്കണം എന്നാണ്. സ്വതന്ത്ര ഉത്പാദകരുടെ സമൂഹം, തൊഴിലാളികളുടെയല്ല, എല്ലാവരും ഉത്പാദനപ്രക്രിയയിൽ പങ്കാളികളാകുമ്പോൾ ഉത്പാദനം അനിയന്ത്രിതമായി വികസിക്കുന്നു.

ആര് സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരും എന്ന് പ്രവചിക്കാൻ ചരിത്രപശ്ചാത്തലത്തിൽ പ്രയാസമാണ്. ഏതായാലും അത് മുതലാളിത്തത്തിന്റെ എല്ലാ പ്രിവിലേജും അനുഭവിക്കുന്ന സംഘടിത തൊഴിലാളിവർഗമായിരിക്കുകയില്ല. സംഘടിത തൊഴിലാളി വർഗവും പ്രികേറിയറ്റും തമ്മിൽ വിവിധ സ്വഭാവമുള്ള ചൂഷിത-ചൂഷക ബന്ധമാനുള്ളത്. അതുകൊണ്ടുതന്നെ വർഗരാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഒരു മേൽക്കോയ്മ വിരുദ്ധ രാഷ്ട്രീയം ആവിർഭവിക്കേണ്ടിയിരിക്കുന്നു (Counter Hegemony ഗ്രാംഷിയൻ ആശയം). വർഗപ്രശ്‌നമല്ല, മേലാള മേൽക്കോയ്മയാണ് ഇന്നത്തെ പ്രശ്‌നം. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഫ്യൂഡൽ സമൂഹത്തിൽ ആരാണോ മുകൾതട്ടിലുണ്ടായിരുന്നത്, ആ വിഭാഗങ്ങളിൽനിന്നുള്ളവർതന്നെയാണ് ഇന്നുമുള്ളത്. അത് എഴുത്തുകാരായാലും മാധ്യമപ്രവർത്തകരായാലും ശാസ്ത്രജ്ഞരായാലും ശരി, ഈ വിഭാഗക്കാരാണ് ഇന്നും ഉയർന്നുനിൽക്കുന്നത്. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ ചരിത്ര അനുസ്യൂതത്വം മുറിക്കണമെങ്കിൽ കീഴാള പ്രതിരോധം ആവിർഭവിക്കുകയും ശക്തമാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അതുകൊണ്ട്, ഈ കാലഘട്ടത്തിന്റെ ആവശ്യം, പ്രികേറിയറ്റിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക നയവും രാഷ്ട്രീയപരിപാടിയും ആവിഷ്‌കരിക്കുക എന്നതാണ്. ഇന്ത്യയിൽ എല്ലാ ബൂർഷ്വാ രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ ലിബറിസം നയമായി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ അവർ ശ്രേണീബദ്ധവും ബ്യൂറോക്രാറ്റിക്കുമാണ്; ഏകാധിപത്യപരവുമാണ്. അവയിൽനിന്നുവരുന്ന ഭരണകർത്താക്കൾ ഏകാധിപതികളായി പര്യവസാനിക്കുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലൂടെ ഏകാധിപത്യഭരണം സംജാതമാകുന്നു എന്നാണ് പോസ്റ്റ് കൊളോണിയൽ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം നിസ്സംശയം തെളിയിക്കുന്നത്. ലൂയി പതിന്നാലാമനുപോലും ചിന്തിക്കാൻ കഴിയാത്ത അത്ര ഏകാധിപത്യാധികാരമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ആസ്വദിക്കുന്നത്. തുല്യതാമനോഭാവവും അംഗീകാര പാരസ്പര്യവും ഇന്ത്യയുടെ സാമൂഹിക മണ്ണിൽ വേരോടിയിട്ടില്ല. നേതാക്കളുടെ, ഭരണാധികാരികളുടെ 'ദൈവികത്വം' യാഥാർത്ഥ്യമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം സ്വാഭാവികതയോടെ നമ്മൾ അംഗീകരിക്കുന്നു. ന്യായീകരണത്തൊഴിലാളികളാണ് ഇത് അഭംഗുരം സാധ്യമാക്കുന്നത്. ജാതി, വർഗ, മതനിരപേക്ഷ ജനാധിപത്യ സംവിധാന സൃഷ്ടിക്ക് നേതാക്കളും ഭരണാധികാരികളും എതിരാണ്. വോട്ടുബാങ്ക് കേന്ദ്രീകൃതരാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരു രാഷ്ട്രീയപാർട്ടിയും തയ്യാറല്ല. തയാറാവുകയുമില്ല. ഇതാണ് മാറേണ്ടത്. നിലവിലെ സാമൂഹികയാഥാർത്ഥ്യത്തിന്റെ പേരിൽ ഇത് അംഗീകരിക്കാനാകില്ല.

ദലിതർക്കുവേണ്ടി രാഷ്ട്രീയ-സാമ്പത്തിക-വികസനനയങ്ങൾ തീരുമാനിക്കാൻ പണ്ഡിതരും നല്ലവരുമായ തമ്പുരാക്കന്മാരുള്ളപ്പോൾ ദലിതർ എന്തിന് ചിന്തിക്കണം? അവർ സമൂഹത്തിന്റെ അതിജീവനത്തിനുവേണ്ട സാധനങ്ങൾ ഉത്പാദിപ്പിക്കട്ടെ. കായികാധ്വാനം ചെയ്യുക, വിശ്വസ്തരായ രാഷ്ട്രീയപ്രവർത്തകരാകുക. വലിയ കാര്യങ്ങൾ വലിയവർക്ക് വിട്ടുകൊടുക്കുക. പാവങ്ങൾ അന്നത്തിനുവേണ്ടി പ്രയത്‌നിക്കുക. അത് കിട്ടിക്കഴിഞ്ഞാൽ സൗകര്യമായി ജീവിക്കുക. ഇതാണ് നിലനിൽക്കുന്ന മനോഭാവം. ചരിത്രത്തിൽ നോക്കിയാൽ, സമൂഹത്തിന്റെ നിലനില്പിനുവേണ്ട ഭൗതികോപാധികൾ ഉത്പാദിപ്പിക്കുന്നതിനുവേണ്ട കായികാധ്വാനം പ്രദാനം ചെയ്യുന്നത് അന്നും ഇന്നും എന്നും കീഴാളവർഗങ്ങളാണ് എന്ന് മനസ്സിലാക്കാൻ കഴിയും. 'നല്ലവരായ' യജമാനന്മാർ ജനാധിപത്യത്തിന്റെ മാത്രം സംഭാവനയല്ല. കീഴാളരോടും അടിമകളോടും സന്മനസ്സ് കാണിച്ചിരുന്ന 'നല്ല' വ്യക്തികൾ ഫ്യൂഡൽ കാലത്തും അടിമസമ്പ്രദായത്തിലും ഉണ്ടായിരുന്നു. അടിമകളോട് ദാക്ഷിണ്യം കാണിച്ചിരുന്ന ഉടമകളുണ്ടായിരുന്നു. അടിമകൾക്ക് കൊടുക്കുന്ന അടിയുടെ എണ്ണം കുറയ്ക്കുക, അവർക്ക് ഭക്ഷണത്തിന്റെ അളവു കൂട്ടുക എന്നീ കാര്യങ്ങൾ ഉടമകൾ ചെയ്തിരുന്നു. നല്ലവരില്ലാത്തതല്ല ഇവിടുത്തെ പ്രശ്‌നം. സ്വാമി വിവേകാനന്ദന്റെ സമ്പൂർണകൃതികളിൽ പറയുന്നുണ്ട്: He is a mahatma who bleeds for Poor. ബി.ആർ. അംബേദ്കർ പറഞ്ഞത് എന്താണ്? 'Mahatmas have come, Mahatmas have gone; but the Untouchables remain as Untouchables...' ഇന്ത്യ വലിയ മഹാത്മാക്കളെ സൃഷ്ടിച്ച രാജ്യമാണ്. ഇപ്പോഴും പല നല്ല രാഷ്ട്രീയക്കാരും അധികാരത്തിലുണ്ട്. നല്ലവരില്ലാത്തതല്ല പ്രശ്‌നം. ചൂഷിതവർഗങ്ങളെ മോചിപ്പിച്ച് അവർക്ക് സ്ഥായിയായ രീതിയിൽ ജീവിക്കുന്നതിനുള്ള ഭൗതികാടിത്തറ നൽകാൻ പരിപാടിയുള്ള രാഷ്ട്രീയപാർട്ടികൾ ഇല്ല എന്നതാണ്'. 

എതിര്
(ഓർമ)
എം.കുഞ്ഞാമൻ
ഡി.സി. ബുക്‌സ്
2020, വില: 175

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP