Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202303Saturday

സ്‌കൂളിലോ കോളേജിലോ ഒരു സ്റ്റേജിൽ പോലും കയറാത്ത നടൻ; ആകെ കൈമുതൽ ഡോ. എസ് ജനാർദ്ദനന്റെ ലൊക്കേഷനിലെ പാഠങ്ങൾ; ദൂരങ്ങൾ താണ്ടി മിഠായിയുമായി വന്ന രണ്ട് അമ്മമാർ ഇന്നും മറക്കാനാവാത്ത അനുഭവം; ചെമ്പരത്തി സീരിയലിലെ ആനന്ദ് ജീവിതവും അഭിനയവും പറയുന്നു

സ്‌കൂളിലോ കോളേജിലോ ഒരു സ്റ്റേജിൽ പോലും കയറാത്ത നടൻ; ആകെ കൈമുതൽ ഡോ. എസ് ജനാർദ്ദനന്റെ ലൊക്കേഷനിലെ പാഠങ്ങൾ; ദൂരങ്ങൾ താണ്ടി മിഠായിയുമായി വന്ന രണ്ട് അമ്മമാർ ഇന്നും മറക്കാനാവാത്ത അനുഭവം; ചെമ്പരത്തി സീരിയലിലെ ആനന്ദ് ജീവിതവും അഭിനയവും പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സീ കേരള ചാനലിലെ സൂപ്പർ ഹിറ്റ് സീരിയലിലെ ഏവരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ആനന്ദ്. തന്റെ കരിയറിലെ രണ്ടാമത്തെ സീരിയൽ ആയിരുന്നിട്ടും വർഷങ്ങൾ തഴക്കമുള്ള അഭിനേതാവിനെപ്പോലെ ആനന്ദിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കയറുകയായിരുന്നു സ്റ്റെബിൻ ജേക്കബ് എന്ന യുവതാരം. സ്‌കൂളിലോ കോളേജിലോ പോയിട്ട് വീട്ടിൽ കണ്ണാടിയുടെ മുൻപിൽ പോലും അഭിനയിച്ചു നോക്കാത്ത സ്റ്റബിനാണ് ഇന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്നത്. അതിന് സ്റ്റബിൻ മുഴുവൻ ക്രെഡിറ്റ് കൊടുക്കുന്നതാകട്ടെ സംവിധായകൻ ഡോ എസ് ജനാർദ്ദനനും.

ഫേസ്‌ബുക്കിൽ ഫോട്ടോ കണ്ടിട്ടാണ് ഏഷ്യാനെറ്റിലെ ഒരു സീരിയിൽ അഭിനയിക്കാൻ എസ് ജനാർദ്ദനൻ സ്റ്റെബിനെ വിളിക്കുന്നത്. ആദ്യമൊക്കെ സ്റ്റബിൻ തന്നെ ഉഴപ്പിയെങ്കിലും ഡോക്ടർ പിടിമുറുക്കിയതോടെ സീരിയലിന്റെ ഭാഗമായി. ആദ്യ സീരിയലിൽ നിന്ന് വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് രണ്ടാമത്തെ സീരിയലിലേക്ക് എത്തുമ്പോൾ ഇടവേളകളുടെ പതർച്ചയൊന്നുമില്ലാതെ രണ്ടാം തവണയും കൈയടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആനന്ദ് അഥവ സ്റ്റബിൻ. തന്റെ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്റ്റിബിൻ മനസു തുറന്നു. സിനിമാറ്റിക് വീഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സറ്റബിൻ മനസ്സു തുറന്നത്.

സ്റ്റബിന്റെ വാക്കുകൾ ഇങ്ങനെ: വളരെ യാദൃശ്ചികമായാണ് ഈ മേഖലയിൽ ഞാൻ എത്തിയത്. അഭിനയം തലക്ക് പിടിച്ച് ഈ ഫീൽഡിലേക്ക് വന്ന ആളല്ല ഞാൻ. സ്‌കൂൾ കോളേജ് പഠനകാലത്തൊന്നും ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല. ഫേസ്‌ബുക്കിൽ ഫോട്ടൊ കണ്ടിട്ടാണ് ജനാർദ്ദനൻ സർ തന്നെ ആദ്യമായി സീരിയലിലേക്ക് പരിഗണിക്കുന്നത്. തന്റെ സുഹൃത്ത് വഴിയാണ് ഫോട്ടൊ അദ്ദേഹം കണ്ടത്. അപ്പോൾ മൊബൈലിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ എടുത്ത് അയക്കാൻ പറഞ്ഞു. പക്ഷെ ചമ്മൽ കാരണം അത് പോലും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ എന്നെ വിടാൻ സർ ഒരുക്കമായിരുന്നില്ല.വീണ്ടും വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ നേരിട്ട് സാറിന്റെ അടുത്തേക്ക് വരാം എന്ന്.

അങ്ങിനെ തിരുവനന്തപുരത്ത് വന്ന കണ്ടു. മൂന്നാമത്തെ ദിവസം ഷൂട്ട് തുടങ്ങി. ഏഷ്യാനെറ്റിലെ സീരിയൽ അമ്പത് എപ്പിസോടെ ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞ് ഏതാണ്ട് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് ചെമ്പരത്തിയിലേക്ക് വരുന്നത്. ഞാൻ പഠിച്ചത് ആനിമേഷൻ ആണ്. പിന്നെ പ്രൊഫഷനായി തെരഞ്ഞെടുത്തത് ഇന്റീരിയർ ഡിസൈനാണ്. അങ്ങിനെ കുറച്ചു നാൾ അതിന്റെ ഒരു ബിസിനസ് നടത്തി. ഇപ്പോൾ സീരിയലിൽ സജീവമായപ്പോൾ ബിസിനസ് ഒഴിവാക്കി. പിന്നെ സാറിന്റെ കുടെ വർക്ക് ചെയ്യുന്നത് തന്നെ നമ്മൾ വലിയ എക്സ്പീരിയൻസാണ്.
ഒരു കോളേജിൽ നിന്നൊക്കെ പഠിച്ചിറങ്ങുന്ന ഫീലാണ് ഒരൊ ലൊക്കേഷനും. പിന്നെ എനിക്കറിയാവുന്നിടത്തോളം സീരിയലിൽ എല്ലാരും നല്ല സഹകരമാണ്. എന്റെയൊക്കെ അഭിനയത്തെ ഏറെ സ്വാധീനിക്കുന്നത് ഈ സഹകരണം തന്നെ.

ഏഷ്യാനെറ്റിൽ ചെറിയ വർക്കായതുകൊണ്ട് തന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചെമ്പരത്തിയിൽ എത്തിയതോടെയാണ് ഒരു സ്റ്റാർഡം കിട്ടിത്തുടങ്ങിയത്. ഇപ്പോൾ അത്യാവശ്യം ആൾക്കാരൊക്കെ തിരിച്ചറിയാൻ തുടങ്ങി. മറക്കാൻ പറ്റാത്ത ഒരനുഭവം ലൊക്കേഷനിൽ എന്നെത്തേടി വന്ന രണ്ട് അമ്മമാരാണ്. അന്ന് ചെമ്പരത്തി തുടങ്ങി കുറച്ച് എപ്പിസോഡെ ആയുള്ളൂ. ഒരുപാട് ദുരെ നിന്ന് ലൊക്കേഷന് ഉണ്ടെന്നറിഞ്ഞ് ബസ് പിടിച്ച് വന്നതാണ്. ഞങ്ങൾക്ക് ഇതെ തരാനുള്ളൂ എന്നും പറഞ്ഞത് കുറച്ച് മിഠായിയും തന്നിട്ടാണ് പോയത്. അത് വല്ലാത്ത അനുഭവമായിരുന്നു.

അഭിനയത്തിലേക്ക് വരുന്നതിന് മുൻപുള്ള എന്റെ ജീവിതവും ഇപ്പഴത്തെ ജീവിതവും തമ്മിൽ എനിക്ക് വല്യവ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഞാൻ മുൻപ് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും. ജീവിതത്തിലോ പെരുമാറ്റത്തിലോ ഒന്നും ഒരുമാറ്റവും വരുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ അങ്ങിനെ ഒരു മാറ്റം തോന്നിയിട്ടില്ല.

പുതിയ പ്രൊജ്ക്ടുകളെക്കുറിച്ച് പറയുമ്പോൾ സിനിമ ആഗ്രഹമുണ്ട്. പിന്നെ ഓൾറഡി ഒരു സിനിമ ചെയ്തു. തിമിരം എന്നു പറഞ്ഞിട്ട്.അത് കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 20 ഓളം ഫെസ്റ്റിവലുകളിൽ ചിത്രപ്രദർശിപ്പിച്ചു. പത്തോളം അവാർഡുകളും ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു. കൂടാതെ ഞങ്ങൾ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയുണ്ട്. അതിലും ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളൊക്കെ നടക്കുന്നുണ്ട്. പക്ഷെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല.പിന്നെ കോവിഡ് കാലവുമല്ലെ. നമുക്കൊന്നും പ്രഡിക്ട് ചെയ്യാൻ പറ്റില്ലലോ.

ഇനി കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ വിനിഷ എന്നാണ് ഭാര്യയുടെ പേര്. ഡോക്ടറാണ്. വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടു. നെയ്യാറ്റിൻകരയാണ് സ്വദേശം. പ്രണയവിവാഹമാണോ എന്ന് ചോദിച്ചാൽ അതെ.. എന്നാൽ അല്ലെ എന്ന് ചോദിച്ചാൽ അല്ല. ഞങ്ങൾ മുൻപെ പരിചയക്കാരായിരുന്നു. കല്യാണം കഴിക്കേണ്ട സമയമായപ്പോൾ എന്നാൽ പരസ്പരം തന്നെ ആവാമോ ന്ന് ചോദിച്ചു. അങ്ങിനെയാണ് കല്യാണം നടക്കുന്നത്. എറണാകുളത്താണ് വിനിഷ പഠിച്ചത് പരിചയപ്പെടുന്നത് അങ്ങിനെയാണ്. ഇതാണ് കുടുംബം.

ഇനി കൊറോണയൊക്കെ കഴിഞ്ഞ് എല്ലാ മേഖലയും സജീവമാകും എന്നാണ് പ്രതീക്ഷ.അങ്ങിനെയെങ്കിൽ കൂടുതൽ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തണം എന്നാണ് ആഗ്രഹം. അതിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സ്റ്റെബിൻ പറഞ്ഞു നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP