ന്യൂഡൽഹി: നോയ്ഡയിൽ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ചു കൊല്പപെടുത്തിയപ്പിച്ചുകൊന്ന കേസിലെ പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ഒക്ടോബർ 29 വരെ സുരീന്ദർ കോലിയെ തൂക്കിലേറ്റുന്നതിനാണ് സ്‌റ്റേ അനുവദിച്ചത്. കോലിയുടെ വധശിക്ഷ ഞായറാഴ്ച രാത്രി കോടതി ഒരാഴ്ചത്തേക്ക് താൽക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. പിന്നീട് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ശിക്ഷ ഒക്ടോബർ 29 വരെ സ്‌റ്റേ ചെയ്തത്.

വധശിക്ഷ റദ്ദാക്കണമെന്ന കോലിയുടെ ഹർജി ജൂലായ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഒരാഴ്ചത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് നിർത്തിവച്ചത്.

സപ്തംബർ രണ്ടിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം അഭിഭാഷകർ ഉന്നയിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഈ ഉത്തരവിൽ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് സ്റ്റേ അനുവദിച്ചത്. കോലിയുടെ പുനഃപരിശോധനാ ഹർജി ഒക്ടോബർ 28 ന് പരിഗണിക്കും.

നോയിഡ സെക്ടർ 31ന് സമീപമുള്ള നിതാരി ഗ്രാമത്തിലാണ് കൂട്ടക്കുരുതി നടന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചുകൊന്ന്, ശരീരഭാഗങ്ങൾ മുറിച്ച് ശീതീകരണിയിൽ സൂക്ഷിക്കുകയും പിന്നീട് അവ വീടിന് പിന്നിലുള്ള അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടക്കുരുതി നടന്ന വീടിന്റെ ഉടമ െമാഹീന്ദർ സിങ് പാന്ഥറാണ് ചില കേസുകളിൽ രണ്ടാം പ്രതി. വിചാരണ പൂർത്തിയായ കേസുകളിൽ പാന്ഥറെ വിട്ടയച്ചിരുന്നു.