കാസർകോട്: സ്വത്തുതർക്കം സംബന്ധിച്ച വഴക്കിനെത്തുടർന്ന്‌ അമ്മയെ ഏകമകനും മരുമകളും കൊച്ചുമകനും ചേർന്നു കഴുത്തുഞെരിച്ചു കൊന്നു. ബേഡകം പെർളടുക്കം ചേപ്പനടുക്കം അമ്മാളുഅമ്മ (68)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മാളുഅമ്മയുടെ മകൻ കമലാക്ഷൻ (47), ഭാര്യ അംബിക (40), ഇവരുടെ മകൻ ശരത് (20) എന്നിവരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങിക്കിടന്നപ്പോഴാണ് അമ്മാളുഅമ്മയെ മൂന്നുപേരും ചേർന്നു കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയത്. പിന്നീടു മൃതദേഹം മുറിക്കുള്ളിൽ കെട്ടിത്തൂക്കി. രാവിലെയാണു മരണവിവരം പുറത്തറിയുന്നത്.

അമ്മാളുഅമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് മൂവരും പറഞ്ഞത്. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ പേരിലുണ്ടായിരുന്ന 70 സെന്റ് സ്ഥലം മകൻ കമലാക്ഷൻ വിറ്റിരുന്നു. തുടർന്ന് സ്വന്തം പേരിൽ മറ്റൊരിടത്തു സ്ഥലം വാങ്ങുകയും ചെയ്തു. ഇതാണ് തർക്കത്തിന് കാരണമായത്. കമലാക്ഷൻ വാങ്ങിയ സ്ഥലം തന്റെ പേരിൽ ചേർക്കണമെന്ന് അമ്മാളുഅമ്മ നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നെന്നു പ്രതികൾ പറഞ്ഞു.