ആലപ്പുഴ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ സമ്മേളനം നടത്തുന്നത് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കും. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾ പാടില്ലെന്നാണ് നിർദേശമുള്ളത്.

അതിനാൽ സമ്മേളനം നടത്തുക ദുഷ്‌കരമാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് നാസർ പറഞ്ഞു. ഈ മാസം 28,29,30 തീയതികളിൽ ജില്ലാ സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ആലപ്പുഴ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ തന്നെ അറിയിച്ചിരുന്നു.വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ സിപിഐഎം തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾ രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചിരുന്നു. കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തീരുമാനം.