കൊല്ലം: കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും പടവുകൾ താണ്ടി ജീവിതത്തിന്റെ മധുരമാർന്ന നിമിഷങ്ങളിലേയ്ക്ക് കടക്കുന്ന വേളയിലാണ് കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നത്. വേദിയിൽ ചിരിയുടെ മാലപ്പടക്കമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് പ്രേക്ഷകർ കേട്ടത്. 2020ൽ 'വനിത ഓൺലൈന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ ജീവിതത്തിൽ താൻ അനുഭവിച്ച വിഷമങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയുണ്ടായി. ആ കഥ ഇങ്ങനെയാണ്:

''ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കാലമുണ്ടെന്ന് ഞാൻ ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എല്ലാ കാര്യങ്ങളും. ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.

രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നു കാരണം എന്നാണ് വിവരം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണ്.

രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്.

രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കിൽ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി. ഞാൻ ജനിച്ചതുകൊച്ചിയിലായിരുന്നു. അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീട് ഞങ്ങൾ കൊല്ലത്ത് വന്നു.

എനിക്ക് ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ്. അനിയൻ സുഭാഷ് മരിച്ചു.മിമിക്രിയിലേക്ക് വന്നിട്ട് 30 വർഷമായി. 16 -17 വയസ്സു മുതൽ തുടങ്ങിയതാണ്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിതിരിച്ചത്. അമ്മയ്ക്ക് ഞാൻ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് മുണ്ടയ്ക്കൽ വിനോദ്, ഷോബി തിലകൻ, രാജാ സാഹിബ്, ഷമ്മി തിലകൻ തുടങ്ങിയവരുടെയൊക്കെ ടീമിലാണ്. തുടക്കകാലത്ത് ഞാൻ കൂടുതൽ അനുകരിച്ചിരുന്നത് സുരേഷ് ഗോപി ചേട്ടനെയാണ്. പിന്നീട് ജഗദീഷേട്ടനെയും.