- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിന് നടക്കു നിന്നു കൈ കാണിച്ചു; വേഗം കുറച്ചപ്പോൾ ബസിന്റെ സൈഡിൽ ശക്തിയായി ഇടിച്ചു; ഡ്രൈവർ നിർത്താതെ മുന്നോട്ടെടുത്തു; മറ്റൊരു ബസിലെത്തി ടെർമിനലിൽ വച്ച് ഡ്രൈവറെ ബസ്സിനുള്ളിൽ കയറി മർദ്ദിച്ചു വിരൽ ഒടിച്ചു; പിടിലായ മറുനാടൻ തൊഴിലാളികൾ കൊടുംക്രിമിനലുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറേയും കണ്ടക്ടറേയും അതിക്രൂരമായി മർദ്ദിച്ച് മറുനാടൻ തൊഴിലാളികൾ. മദ്യലഹരിയിലായിരുന്നവരെ കെഎസ്ആർടിസി ബസിൽ കയറ്റാത്തതിന്റെ പേരിലാണ് ഇവർ ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മർദ്ദിച്ചത്. ഡിപ്പോയ്ക്ക് ഉള്ളിലെത്തി ഡ്രൈവറെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഡ്രൈവറെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ കണ്ടക്ടർക്കും ക്രൂരമായി മർദ്ദനമേറ്റു. തിരുവനന്തപുരത്തെ പോത്തൻകോട് ബസ് ടെർമിനലിലാണ് മറുനാടൻ തൊഴിലാളികൾ അക്രമാസക്തരായത്. കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി ജയപുരിയിൽ കെ.ശശികുമാറി(51)നും കണ്ടക്ടർ പോത്തൻകോട് സ്വദേശി അൻസർഷാ(39)യ്ക്കുമാണ് മർദനമേറ്റത്. ഇരുവരുടേയും പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
കണ്ടക്ടറും ഡ്രൈവറും കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ ചികിത്സതേടയിരിക്കുകയാണ്. ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച മൂന്നും മറുനാടൻ തൊഴിലാളികളെ നാട്ടുകാർ കീഴ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സ്വദേശി സമീർ ഭൗമിക് (27), അസാം സ്വദേശി മിഥുൻദാസ് (27) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടുകൂടിയാണ് സംഭവം നടന്നത്. മറുനാടൻ തൊഴിലാളികൾ പോത്തൻകോട് കെഎസ്ആർടിസി ബസ് ടെർമിനലിന് ഉള്ളിൽ കയറിയാണ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചത്. ഡ്രൈവർ ബസ് നിർത്തിയില്ല എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മറുനാടൻ തൊഴിലാളികളുടെ മർദ്ദനത്തിൽ ഡ്രൈവർ ശശികുമാറിന്റെ വലതുകൈയിലെ വിരലിനു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അൻസർഷായുടെ അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പശ്ചിമ ബംഗാൾ സ്വദേശികളായ സമീർ ഭൗമിക് എന്നിവരാണ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പോത്തൻകോട് ബസ് ടെർമിനലിന് സമീപം പ്ലാമൂട് ബസ്റ്റോപ്പിന്റെ 100 മീറ്റർ അകലെ വച്ചാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ റോഡിന് നടക്കു നിന്നുകൊണ്ടാണ് ബസിനു കൈ കാണിച്ചത്.
ബസ് നിർത്തുവാൻ വേഗം കുറച്ചപ്പോൾ ബസിന്റെ സൈഡിൽ ശക്തിയായി ഇടിക്കുകയും ചെയ്തു. തൊഴിലാളികൾ മദ്യലഹരിയിൽ ആണെന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് നിർത്താതെ മുന്നോട്ടു പോവുകയായിരുന്നു. കെഎസ്ആർടിസി ബസ് ടെർമിനലിൽ എത്തി യാത്രക്കാരെ ഇറക്കി ഒതുക്കിയിട്ട ശേഷമാണ് പിന്നാലെ വന്ന മറ്റൊരു ബസ്സിൽ മറുനാടൻ തൊഴിലാളികൾ ടെർമിനലിലേക്ക് എത്തിയത്. ബസ് ഒതുക്കിയിടുകയായിരുന്ന ഡ്രൈവറെ ബസ്സിനുള്ളിൽ കയറിയാണ് മറുനാടൻ തൊഴിലാളികൾ മർദ്ദിച്ചത്. ഡ്രൈവറുടെ വലതു കൈ പിടിച്ച് തിരിക്കുകയും വിരൽ പിടിച്ചു ഓടിക്കുകയും ചെയ്തു.
ഡ്രൈവറെയും മർദ്ദിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച കണ്ടക്ടറെയും തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ കണ്ടക്ടർ അൻസർഷായുടെ വയറ്റിൽ അക്രമികൾ ശക്തിയായി ചവിട്ടി. തുടർന്ന് പ്രശ്നത്തിൽ നാട്ടുകാർ ഇടപെടുകയും അക്രമികളെ തടഞ്ഞുവച്ച പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് പിടിയിലായ മറുനാടൻ തൊഴിലാളികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. പിടിയിലായവർക്ക് പശ്ചിമ ബംഗാളിലും നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം ബംഗാൾ സ്വദേശികളാണെന്ന് അറിയിച്ചുവെങ്കിലും ഇവരുടെ സ്വദേശം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.



