ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പിടിയിൽ. പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ മോഗ പൊലീസ് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ്‌ വിവരം. ഈ വിവരം പഞ്ചാബ്‌പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 'വാരിസ് ദേ പഞ്ചാബ്' തലവനായ അമൃത്പാൽ മാർച്ച് 18നാണ് ഒളിവിൽ പോയത്. പൊലീസ് വ്യപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമൃത്പാൽ വിദേശത്തേക്ക് കടന്നു എന്നും സൂചനകളുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി വിവിധ വേഷങ്ങളിൽ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നെങ്കിലും പിടിക്കൂടാൻ കഴിഞ്ഞിരുന്നില്ല.

പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാൽ പ്രതിയാണ്.

റോഡ് അപകടത്തിൽ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാൽ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബിൽ ഉണ്ടായ വൻ സംഘർഷവും ഇയാൾ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്‌നാന പൊലീസ് പിടികൂടിയപ്പോൾ അമൃത്പാലിന്റെ അനുചരന്മാർ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകൽ അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ട്.

മാർച്ച് 18 നാണ് അമൃത്പാൽ അറസ്റ്റിലായത്. ജലന്ധറിലെ സാകോട്ട് ടെഹ്‌സിലിലേക്ക് അമൃത്പാൽ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. എന്നാൽ പിന്നാലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല.

അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. അമൃത്സറിൽ, ശ്രീ ഗുരു റാം ദാസ് അന്താരാഷ്്ട്ര വിമാനത്താവളത്തിൽ, ലണ്ടനിലേക്ക് വിമാനം കയറാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. കിരൺദീപ് കൗറിനെ ഇമിഗ്രേഷൻ അധികൃതർ ചോദ്യം ചെയ്തതാണ് കീഴടങ്ങലിന് അമൃത്പാൽ സിംഗിനെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.

ഈ വർഷം ഫെബ്രുവരിയിലാണ് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗറിനെ അമൃത്പാൽ സിങ് വിവാഹം ചെയ്തത്. അടുത്തിടെ, ദി വീക്കുമായി ഉള്ള അഭിമുഖത്തിൽ, തനിക്ക് അമൃത്പാൽ സിങ് എവിടെയാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അമൃത്പാലിന്റെ പ്രവർത്തനങ്ങളെ അവർ ന്യായീകരിച്ചു. പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നത് അനധികൃതമായാണ് എന്നും അവർ ആരോപിച്ചിരുന്നു.

ഒരുകാരണവശാലും താൻ അമൃത്പാലിനെ ഉപേക്ഷിച്ച് പോകയില്ലെന്നും ഇപ്പോൾ അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും കിരൺദീപ് കൗർ പറഞ്ഞിരുന്നു. 29 കാരിയായ കിരൺദീപ് യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസിയാണ്. അമൃത്പാലിന്റെ സംഘടനയ്ക്കായി, വിദേശത്ത് നിന്ന് ഫണ്ട സമാഹരിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് പഞ്ചാബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കിരൺദീപ് കൗറിനെതിരേ പഞ്ചാബിലോ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലോ കേസുകളില്ല. പഞ്ചാബ് പൊലീസോ കേന്ദ്ര ഏജൻസികളോ ഇവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ മാസവും കിരൺദീപ് കൗറിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാര്യയിൽനിന്ന് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. ജലന്ധറിൽ കുടുംബവേരുകളുള്ള കിരൺദീപ് കൗർ അമൃത്പാലുമായുള്ള വിവാഹത്തിന് പിന്നാലെയാണ് പഞ്ചാബിലെത്തിയത്.