കൊൽക്കത്ത: കൽക്കരി അഴിമതിക്കേസിൽ അന്വേഷണം തുടരുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യയെ കൊൽക്കത്ത വിമാനത്താവളത്തിൽ തടഞ്ഞു. ദുബായിലേക്കു പോകാൻ രാവിലെ 7 മണിയോടെയാണ് രുജിര കുട്ടികൾക്കൊപ്പം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

ഒരു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടിസ് ചൂണ്ടിക്കാട്ടിയാണ് രുജിരയെ തടഞ്ഞത്. ഏതാനും ദിവസം മുൻപു തന്നെ യാത്രാവിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചിരുന്നതായി രുജിരയുടെ അഭിഭാഷകൻ വ്യക്തമാക്കി.

''യാത്രാവിവരങ്ങൾ അറിയിച്ചെങ്കിലും ഇഡിയുടെ ഭാഗത്തു നിന്ന് യാതൊരുവിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. പക്ഷേ, ഇപ്പോൾ രുജിരയുടെ യാത്ര തടഞ്ഞു. ഇപ്പോൾ അവർ വീട്ടിലേക്കു മടങ്ങി. ഇതിനെ ഞങ്ങൾ നിയമപരമായി നേരിടും.'' അഭിഭാഷകൻ വ്യക്തമാക്കി.

കൽക്കരി അഴിമതിയുമായി ബന്ധപ്പെച്ച് രുജിര ബാനർജിയെ പല തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. എന്നാൽ വിദേശയാത്രയ്ക്ക് തടസ്സമില്ലെന്നു കോടതി ഉത്തരവുണ്ടെന്നും രുജിരയുടെ അഭിഭാഷകൻ വ്യക്തമാക്കി.