Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ഇ പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉയർന്നിട്ടും യുഡിഎഫ് കേന്ദ്രങ്ങളിൽ മൗനം; ചിരവൈരിയായ കെ സുധാകരനും കളി വീക്ഷിച്ചിരിക്കുന്നു; വിവാദം സിപിഎമ്മിന്റെ ആഭ്യന്തരവിഷയമെന്ന് പറഞ്ഞ് ലളിതവൽക്കരിച്ചു പി കെ കുഞ്ഞാലിക്കുട്ടി; പിണറായി മിണ്ടിയേ തീരൂവെന്ന് പ്രതികരിച്ചത് കെ.പി.എ മജീദ് മാത്രം; കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമെന്ന ആരോപണവും സജീവം

ഇ പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉയർന്നിട്ടും യുഡിഎഫ് കേന്ദ്രങ്ങളിൽ മൗനം; ചിരവൈരിയായ കെ സുധാകരനും കളി വീക്ഷിച്ചിരിക്കുന്നു; വിവാദം സിപിഎമ്മിന്റെ ആഭ്യന്തരവിഷയമെന്ന് പറഞ്ഞ് ലളിതവൽക്കരിച്ചു പി കെ കുഞ്ഞാലിക്കുട്ടി; പിണറായി മിണ്ടിയേ തീരൂവെന്ന് പ്രതികരിച്ചത് കെ.പി.എ മജീദ് മാത്രം; കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമെന്ന ആരോപണവും സജീവം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമായാണ് ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം ഉയർന്നത്. പി ജയരാജൻ പാർട്ടി വേദിയിൽ ഉന്നയിച്ച ആരോപണം തൊടാൻ മടിക്കുകയാണ് യുഡിഎഫും. അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ കൈകെട്ടി മാറി നിൽക്കുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്. കണ്ണൂരിലെ ചിരവൈരിയായ കെ സുധാകരൻ പോലും ഇ പി ജരാജനെതിരെ കടുപ്പിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയം അറിഞ്ഞതായേ നടിക്കുന്നില്ലി. ഇതിനിടെ അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാര വൽക്കിക്കുകയും ചെയ്തു.

ഇതോടെ പൊതു സമൂഹത്തിൽ കേരളത്തൽ നക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമാണെന്ന ആരോപണമാണ് സജീവമാകുന്നത്. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കവേയാണ് വിവാദ ആയുർവേദ റിസോർട്ടിന്റെ നിർമ്മാണം അടക്കം പൊടിപൊടിച്ചത്. അതുകൊണ്ട് തന്നെ ഇത് കേവലം സിപിഎമ്മിലെ രാഷ്ട്രീയ വിഷയമായി ചുരുക്കാനാകില്ല. മുൻ കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനും ഇ പി ജയരാജനൊപ്പം ഈ കൂട്ടു കച്ചവടത്തിൽ പങ്കാളിയാണ്. പ്രവാസികളായ എല്ലാ രാഷ്ട്രീയക്കാർക്കും വേണ്ടപ്പെട്ടവരും നിക്ഷേപകരായുണ്ട് താനും. ഈ സാഹചര്യത്തിൽ ആരോപണം ഏറ്റെടുക്കാൻ എല്ലാവരും മടിക്കുന്ന അവസ്ഥയാണുള്ളത്.

ഇതിതിനിടെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രതികരണം വന്നത് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിൽ നിന്നാണ്. കുന്നിടിച്ചും ജലം ഊറ്റിയും സിപിഎം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മിണ്ടിയിട്ടില്ലെന്നും ഈ അനീതിക്കെതിരെ അദ്ദേഹം മിണ്ടിയേ തീരൂവെന്നും കെ പി എ മജീദ് പ്രതികരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തിയ മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തിയെന്നും അരുതേയെന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ലെന്നും നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ലെന്നും അദ്ദേഹം കുറിച്ചു.

കെ.പി.എ മജീദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കുന്നിടിച്ചും ജലം ഊറ്റിയും സിപിഎം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവെൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പാർട്ടിക്കുള്ളിൽ പോര് മുറുകുന്നുണ്ട്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.

ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്നായിരുന്നു മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. ഒരു പാർട്ടിയുടെയും ആഭ്യന്തര വിഷയങ്ങളിൽ ലീഗ് പ്രതികരിക്കാറില്ല. അത് അവർ കൈകാര്യം ചെയ്യട്ടെയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സിപിഎം. കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി സംസ്ഥാന സമിതി അംഗം പി. ജയരാജനാണ് ആരോപണമുന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി. ജയരാജൻ സംസ്ഥാന സമിതിയിലെ ചർച്ചക്കിടെ ആവശ്യപ്പെട്ടത്. പരാതി തള്ളിക്കളയാതിരുന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ, പി. ജയരാജൻ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇപി ജയരാജന് എതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നാളെ ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തേക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ ജയരാജൻ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളിൽ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാൻ തന്നെയാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP