Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് റഷ്യ; പ്രതികരണം കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് റിപ്പോർട്ടിനു പിന്നാലെ; പന്നു വധത്തിൽ ഇന്ത്യയെന്നതിന് തെളിവില്ലെന്നും റഷ്യ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് റഷ്യ; പ്രതികരണം കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് റിപ്പോർട്ടിനു പിന്നാലെ; പന്നു വധത്തിൽ ഇന്ത്യയെന്നതിന് തെളിവില്ലെന്നും റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയെ പിന്തുണച്ചു റഷ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമം നടത്തുന്നതായി റഷ്യ പറഞ്ഞു. റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ടിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

ഇന്ത്യയുടെ ദേശീയ മനോഭാവത്തേയും ചരിത്രവും മനസിലാക്കാതെയാണ് യു.എസ് റിപ്പോർട്ട് തയാറാക്കിയതെന്നും, ഇതിലൂടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും രാഷ്ട്രീയ അസ്ഥിരത വരുത്താനുമാണ് അവർ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു. അന്താരാഷ്ട്ര മത സ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മിഷന്റെ വാർഷിക റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാറിനു നേരെ വിമർശനമുയർന്നത്. ഇതിന് പിന്നാലെയാണ് റഷ്യ പ്രതികരണവുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രത്യേക വിഭാഗത്തിന് പ്രാധാന്യം നൽകുന്ന മതസ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവേചന ബുദ്ധിയോടെയുള്ള ദേശീയത നടപ്പാക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ശ്രമിക്കുന്നത്. യു.എ.പി.എ നിയമത്തിന്റെ തുടർച്ചയായ പ്രയോഗം, വിദേശനിക്ഷേപ നിയന്ത്രണ നിയമം, പൗരത്വ ഭേദഗതി നിയമം, ഗോവധ നിരോധനം, മതപരിവർത്തന നിരോധന നിയമം എന്നിവയെല്ലാം രാജ്യത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നു. മതന്യൂനപക്ഷത്തെ സംബന്ധിച്ച മാധ്യമ വാർത്തകളും എൻ.ജി.ഒ റിപ്പോർട്ടുകളും നിരീക്ഷണ വിധേയമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ യു.എസ് കമ്മിഷൻ റിപ്പോർട്ടിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നിരുന്നു. പ്രത്യേക രാഷ്ട്രീയ അജണ്ടയോടെയാണ് യു.എസ് റിപ്പോർട്ട് തയാറാക്കിയതെന്നും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യ സവിശേഷതകളും മനസിലാക്കാൻ കമ്മിഷനു കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺധിർ ജെയ്‌സ്വാൾ പറഞ്ഞു.

അതേസമയം ഖലിസ്ഥാൻ വാദി ഗുർപത്വന്ത് സിങ് പന്നൂൻ കൊല്ലപ്പെട്ട വിഷയത്തിലും റഷ്യ ഇന്ത്യയെ പിന്തുണച്ചു. പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന യു.എസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും മരിയ സഖറോവ പറഞ്ഞു. ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് തെളിയിക്കത്തക്ക വിധത്തിൽ, വ്യക്തമായ യാതൊരു തെളിവും നൽകാൻ യു.എസിന് കഴിഞ്ഞിട്ടില്ല. റോ ഏജന്റിനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് വാഷിങ്ടൻ പോസ്റ്റിൽ വന്ന വാർത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അത് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഗുർപത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന വാർത്ത വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മറുപടി നൽകിയത്. റഷ്യയുടെ പാതയാണ് ഇക്കാര്യത്തിൽ ഇന്ത്യയും പിന്തുടർന്നതെന്നും വാഷിങ്ടൺ പോസ്റ്റ് വിമർശിച്ചിരുന്നു.

പഞ്ചാബിൽ ഉയർന്നു വന്ന വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതായിരുന്നു പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിലകൊണ്ട പന്നു ഖാലിസ്താൻ വാദത്തിനും പിന്തുണ നൽകി. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനായ പന്നു മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ നിരവധി കേസുകളാണ് നടത്തി വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP