Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്‌ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ

കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്‌ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ

എം റിജു

നിമൽ ഫാം എന്ന വിഖ്യാതമായ നോവലിൽ ജോർജ് ഓർവൽ സർവാധികാകാരത്തിന്റെ ചില രീതിശാസ്ത്രങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യം നിങ്ങൾ എതിക്കും, പിന്നെ നിങ്ങൾ ഭയക്കും, പിന്നെ അനുസരിക്കാൻ പഠിക്കും, പിന്നെ നിങ്ങൾ അതിന്റെ ആരാധകരും പ്രചാരകരും ആവും. ഉത്തര കൊറിയയിലെ സൈക്കോ ഏകാധിപതി കിങ് ജോങ്് ഉന്നിന്റെ കാര്യത്തിലും ഏറെ ശരിയാണിത്. ഇഷ്ടമുള്ള രീതിയിൽ മുടിവെട്ടാൻ പോലും സ്വന്തം ജനതക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത, പതിനായിരങ്ങളുടെ മരണത്തിന് ഉത്തരവാദിയായ ഈ ക്രൂരന് ആഗോള വ്യാപകമായി വലിയ ഫാൻസ് ഉണ്ട്്!

ഇപ്പോളിതാ കിം ജോങ് ഉന്നിനെ വാഴ്‌ത്തുന്ന പ്രചാരണ ഗാനമായ 'ഫ്രണ്ട്‌ലി ഫാദർ' വൈറലായിരിക്കയാണ്. എറ്റവും വിചിത്രം നോർത്തുകൊറിയയുടെ കടുത്ത ശത്രുക്കളായ സൗത്തുകൊറിയിയിലും ഇത് വൈറലായി എന്നതാണ്. ഒടുവിൽ ദക്ഷിണ കൊറിയ ഈ ഗാനം നിരോധിച്ചിരിക്കയാണ്. സ്വന്തം ജനതക്കുനേരെയും, ലോക ജനതക്കുനേരെയും വലിയ കുറ്റകൃത്യങ്ങൾ ചെയ്തയാളാണ് കിം. ഇനി ലോകത്ത് ഒരു ആണവ യുദ്ധം ഉണ്ടാവുകയാണെങ്കിൽ, അത് ഉത്തരകൊറിയ മൂലമായിരിക്കുമെന്ന്, ലോക മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം ജനത പട്ടിണിയും പരിവെട്ടവുമായി കഴിയുമ്പോൾ സുഖിച്ച് ജീവിക്കുന്ന കിം, പത്തുതലമുറക്കുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടി ലോകത്തെ ഭീഷണിപ്പെടുത്തുകയാണ്.

അടുത്തകാലത്തായി, ചുവന്ന് ലിപ്സ്റ്റിക്ക് നിരോധനവും, പ്രസിഡന്റിന്റെ കാമകേളികൾക്കായി നിയോഗിച്ച പ്ലഷർ ഗ്രൂപ്പിന്റെ വാർത്തകളുമൊക്കെ ഒന്നൊന്നായി ഉത്തര കൊറിയയിൽനിന്ന് പുറത്തുവരികയാണ്. എന്നിട്ടും അയാൾ എങ്ങനെ ജനപ്രിയ നേതാവായി തുടരുന്നു എന്നിടാത്താണ്, സമ്പുർണ്ണമായ അധികാരം വരുത്തിവെക്കുന്ന, നെഗറ്റീവ് അഡ്‌മിറേഷൻ എന്ന മനോവൈകല്യം ചർച്ചയാവുക.

ചുവന്ന ലിപ്സ്റ്റിക്ക് മുതലാളിത്തം

ഉത്തരകൊറിയയിലെ പല നിയമങ്ങളും ഒറ്റനോട്ടത്തിൽ നമ്മെ ചിരിപ്പിക്കുന്നതാണ്. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയൻ സർക്കാർ. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.

ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം. നേരത്തെ തന്നെ കനത്ത തരത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ നിന്ദിക്കുകയും പാശ്ചാത്യ സ്വാധീനത്തിന്റെ അടയാളമായി കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്.

ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നുണ്ട്. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ സർക്കാർ ഇതിനാൽ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദ ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ ഉത്തര കൊറിയൻ സർക്കാർ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗ്യുചാൽഡേ അല്ലെങ്കിൽ ഫാഷൻ പൊലീസ് എന്നാണ് ഇവർ അറിയപ്പെടുക. വ്യക്തിഗത ഫാഷനിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികളും പ്രയോഗിക്കുന്നുണ്ട്. ( ഇറാനിലൊക്കെയുള്ള മതകാര്യ പൊലീസിനെ ഓർത്തുനോക്കുക. സ്ത്രീകൾ ശരിയായ ഹിജാബ് ധരിക്കുന്നുണ്ടോ എന്നാണ് ഇവർ പരിശോധിക്കുന്നത്. ഈ വിഭാഗമാണ് മഹ്സ അമിനി എന്ന യുവതിയെ തല്ലിക്കൊന്നന്നതും അതിന്റെ ഭാഗമായി രാജ്യം വലിയ പ്രക്ഷോഭത്തിലേക്ക് പോയതും. കമ്യൂണിസ്റ്റ് സർവാധിപത്യവും, ഇസ്ലാമിക സർവാധിപത്യവും ഫലത്തിൽ ഒരുപോലെയാണ് പ്രവർത്തിക്കുന്നത്!)

നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും.മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീൻസ് ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഇതിൽ ഉൾപ്പെടുന്നുവെന്നാണ്് റിപ്പോർട്ടുകൾ. എന്നാൽ കിമ്മിന് എല്ലാ സൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിക്കാം. തന്റെ മുത്തഛന്റെ മുഖഛായ കിട്ടുന്നതിനായി പ്ലാസ്റ്റിക്ക് സർജറിവരെ അദ്ദേഹം ചെയ്തിട്ടുണ്ട്!

കിമ്മിനുവേണ്ടി ബാലവേശ്യകൾ

ഭരണാധികാരിയെ ലൈംഗികമായി സുഖിപ്പിക്കുക എന്നത് കമ്യുണിസ്റ്റ് ഡിക്റ്റേറർ ഷിപ്പിൽ സർവസാധാരണമാണ്. മുമ്പ് സ്്റ്റാലിനും മാവോക്കും വേണ്ടി സ്‌കുൾ കുട്ടികളെവരെ വെപ്പാട്ടികൾ ആക്കിയതിന്റെ കഥകൾ പിന്നീട് പുറത്തുവന്നിരുന്നു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും വേണ്ടിയും അത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കിമ്മിന്റെ പ്ലഷർ സ്‌ക്വാഡിനെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരക്കയാണ് ലോകരാജ്യങ്ങൾ. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോന്മി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പ്രതിവർഷം കിമ്മിന്റെ കാമകേളികൾക്കായി 25 കന്യകകളായ യുവതികളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ.

പെൺകുട്ടികളുടെ സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലഷർ സ്‌ക്വാഡിലേക്കുള്ള കന്യകമാരുടെ തിരഞ്ഞെടുക്കൽ. പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.തുടർന്ന് ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ട്,നൃത്തം,മസാജ് എന്നിവയിൽ പരിശീലനം നൽകും. പ്ലഷർ സ്‌ക്വാഡിലെ ആദ്യ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ടിലും നൃത്തത്തിലും മസാജിലും പരിശീലനം നൽകുമ്പോൾ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരുടെ ചുമതല കിമ്മുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. പുരുഷന്മാരെ ലൈംഗിക ബന്ധത്തിലൂടെ തൃപ്തിപ്പെടുത്താനുള്ള പരിശീലനം ഇവർക്ക് നൽകാറുണ്ട്.

ഇത്തരത്തിൽ കന്യകകളെ തിരഞ്ഞെടുക്കുന്നതിനായി ഉന്നിന്റെ കിങ്കരന്മാർ എല്ലാ ക്ലാസ് മുറികളിലും സുന്ദരികളായ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തും. തുടർന്ന് അത്തരത്തിൽ കണ്ടെത്തുന്ന പെൺകുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള പെൺകുട്ടികളോ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും.

പ്ലഷർ സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ അടുത്തഘട്ടം വൈദ്യപരിശോധനയാണ്. തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾ കന്യകയാണെന്ന് ഉറപ്പിക്കാനാണ് വൈദ്യപരിശോധന നടത്തുന്നത്. ദേഹത്ത് ചെറിയ പാടുകൾ കണ്ടെത്തിയാൽ പോലും പെൺകുട്ടികൾ അയോഗ്യരാകും. കർശന പരിശോധനകൾക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്നവരെ പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കുക. പെൺകുട്ടികൾ 25 വയസ് പിന്നിടുന്നതോടെ പ്ലഷർ സ്‌ക്വാഡിലെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ പെൺകുട്ടികളിൽ പലരും ഉന്നിന്റെ അംഗരക്ഷകരെ വിവാഹം ചെയ്യുന്നതും പതിവാണ്. ഇത് തങ്ങൾക്കെതിരായ പ്രൊപ്പഗൻഡയാണെന്ന കൊറിയൻ കമ്യൂണിസ്റ്റ് നേതൃത്വം പറയാറുണ്ട്. പക്ഷേ ഇങ്ങനെ അടിമ ജീവിതം നയിച്ച് പിന്നീട് ആ രാജ്യത്ത്നിന്ന് രക്ഷപ്പെട്ടവർ പറയുമ്പോൾ, അവിശ്വസിക്കേണ്ട കാര്യമെന്താണ്.

നെറ്റുള്ളത് ആയിരത്തോളം കമ്പ്യൂട്ടറുകളിൽ മാത്രം!

ഈ ആധുനിക കാലത്ത് ഇന്റനെറ്റില്ലാത്ത നാട് എന്നത് നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? എന്നാൽ, സ്വകാര്യതയ്ക്ക് യതൊരു വിലയുമില്ലാത്ത ഉത്തര കൊറിയയിൽ ഇന്റർ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ഉണ്ടെങ്കിൽ അയാൾ അവിടെ വിലയേറിയ വ്യക്തിയാണ്. കാരണം കമ്പ്യൂട്ടർ ഉപഭോക്താക്കളുടെ എണ്ണം 11.2 കോടിയിൽ അധികമണെങ്കിലും ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണം വെറും ആയിരം മാത്രമാണ്. ഒഫീഷ്യലുകൾക്കും രാജ്യത്ത് സർക്കാർ അനുമതിയോടെ എത്തുന്ന ഡിപ്ലോമാറ്റുകൾക്കും, നെറ്റ് കണക്ഷൻ കൊടുക്കാറുണ്ട്.

ഇനി കമ്പ്യൂട്ടറിൽ ഏത് സ്‌ക്രീൻ സേവർ ഇടണം, ഏത് വാൾ പേപ്പർ ഇടണം എന്നുള്ളവ തീരുമാനിക്കുന്നത് സർക്കാരാണ്. പോരാത്തതിന് ഇപ്പോഴത്തെ പ്രസിഡന്റ് കിം ജോങ് ഉൻ എന്ന പ്രസിഡന്റിന്റെ പേര് എവിടെയെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് മറ്റുള്ള അക്ഷരങ്ങളേക്കൾ 20 ശതമാനം വലുതായിരിക്കണം എന്നതും നിർബന്ധമാണ്. ഉത്തരകൊറിയയ്ക്കു സ്വന്തമായി ഒരു ഡെസ്‌ക്ടോപ് ഓപ്പറേറ്റിങ് സിസ്റ്റമുണ്ട്. പേര് റെഡ് സ്റ്റാർ. മറ്റ് ഓപ്പറേറ്റിങ് സിസ്റ്റംപോലെ തന്നെ ഉപയോഗിക്കാമെങ്കിലും ഇതിൽ ഇടേണ്ട വാൾപേപ്പറും, സ്‌ക്രീൻ സേവറുമെല്ലാം മുൻകൂറായി സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതിൽ പെടാത്തത് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ അനുമതിയില്ല.ഉത്തരകൊറിയൻ കമ്പനികൾക്ക് ഇ-മെയിൽ സൗകര്യമുണ്ട്. പക്ഷേ, എല്ലാ ജീവനക്കാർക്കുംകൂടി ഒരേയൊരു വിലാസം മാത്രം!

അതേസമയം വേൾഡൈ്വഡ് വെബിനു പകരം തനത് ഇന്റർനെറ്റ് സംവിധാനവും അവർക്കുണ്ട്. ക്വാങ്മ്യോങ് എന്നാണ് പേര്. ആയിരത്തിനും, അയ്യായിരത്തിനുമിടയിലാണ് ഇതിലെ വെബ്സൈറ്റുകളുടെ എണ്ണം. ഏറെയും ഭരണാനുകൂല വാർത്താപ്രചാരണത്തിനു പ്രാമുഖ്യം നൽകുന്നവ. സോണി പിക്ചേഴ്സിലെ ഹാക്കർ ആക്രമണത്തിന്റെ പ്രതികാര നടപടിയെന്ന നിലയിൽ രാജ്യത്തെ ഇന്റർനെറ്റ് ബന്ധം യുഎസ് താൽക്കാലികമായി വിച്ഛേദിച്ചത് ജനജീവിതത്തെ കാര്യമായി ബാധിക്കാതിരുന്നതിനു പിന്നിൽ ക്വാങ്മ്യോങ്ങുണ്ട്. അതുപോലെ സർക്കാർ ഉടമസ്ഥതയിലുള്ളത് അടക്കം ആകെ രണ്ടോ മൂന്നോ ടി വി ചാനലുകളാണ് ഇവിടെയുള്ളത്. അതിൽ ഏറെയും കിമ്മിന്റെ പ്രകീർത്തന ഗാനങ്ങൾ ആയിരിക്കും.

കാർ ഒഫീഷ്യലുകൾക്ക് മാത്രം

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് മാത്രമാണ് ഉത്തര കൊറിയയിൽ കാർ വാങ്ങാൻ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്. ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. അതിനാൽ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നൽകാൻ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്. തത്ഫലമായി കാറുകൾ എന്നാൽ ആഡംബരത്തിന്റെ പ്രതീകമായാണ് രാജ്യം കണക്കാക്കുന്നത്.

ഈ രാജ്യത്തുള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാൽ വളരെ ഉയർന്ന നിരക്കിലാണ് കാറുകൾ ഇവിടങ്ങളിൽ വിൽക്കപ്പെടുന്നതും. 10000 കാറുകൾ വരെ ഉത്പാദിപ്പിക്കാം എന്നിരിക്കെ, നിലവിൽ 300 മുതൽ 400 കാറുകൾ വരെ മാത്രമാണ് പ്രതിവർഷം ഉത്തര കൊറിയയിൽ നിർമ്മിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ അഭാവമാണ് ഇതിനുള്ള കാരണവും.

ഉത്തര കൊറിയയിൽ സാധാരണക്കാർക്ക് കടക്കാൻ അനുവാദമി ല്ലാത്ത റോഡുകളും ഉണ്ട്. ഹൈവേകളിലും, സിറ്റി റോഡുകളിലും സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം. സമൂഹത്തിലെ ഉന്നതർക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കും, വിശിഷ്ട വ്യക്തികൾക്കും മാത്രമായാണ് ഉത്തര കൊറിയയിൽ ഇത്തരം റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ഉത്തര കൊറിയയിൽ ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. പണ്ട്കാലത്ത് നമ്മുടെ നാട്ടിൽ സവർണ്ണർക്ക് മാത്രമായിരുന്നു സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കമ്യൂണിസ്റ്റ് സർവാധിപത്യത്തിൽ അത് ഭരണവർഗത്തിന് മാത്രമായി ചുരുങ്ങുന്നു.

ശവം എലികളെക്കൊണ്ട് തീറ്റിക്കും

ഉത്തരകൊറിയയിലെ ക്രൂരമായ ശിക്ഷാ രീതികൾ ഉപന്യസിക്കയാണെങ്കിൽ, അത് ഒന്നും രണ്ടും പുസ്തകത്തിൽ ഒതുങ്ങില്ല. മറ്റ് രാജ്യങ്ങൾ എവിടേയും കാണാൻ സാധിക്കാത്ത ക്രൂരതകൾ നിറഞ്ഞ ശിക്ഷകളാണ് തടവുകാർക്ക് ഈ ഏകാധിപതി നൽകുന്നത്. നടുറോഡിൽ വച്ചും , പൊതു സ്ഥലങ്ങളിൽ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിർത്തുകൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളിൽ ഒന്ന്. ഒറ്റുകാർ എന്ന സംശയത്തിൽ കൊല്ലപ്പെട്ടവരും പതിനായിരങ്ങളാണ്. ഹോളിവുഡ സിനിമകൾ കാണുന്നതുപോലും, ശിക്ഷാർഹമായ നാട്ടിൽ അതിന്റെ പേരിലും വെടിവെച്ച് കൊല്ലപ്പെട്ടവരുണ്ട്.

ഉത്തരകൊറിയയിൽ തടവുകാർക്ക് വേണ്ടി നിരവധിയായ ക്യാമ്പുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലെ തടവുകാർ അനുഭവിക്കുന്ന ശിക്ഷകൾ അതിക്രൂരമാണ്. . സ്വന്തം അമ്മാവനെ വെട്ടി മുതലക്ക് ഇട്ടുകൊടുത്തതായി പേരുദോഷമുള്ളയാളാണ് കിങ്് ജോങ്് ഉൻ. കുടുംബത്തിലെ എതിരാളികളെപ്പോലും അയാൾ കാലപുരിക്ക് അയക്കുന്നു. ഒരാൾ കുറ്റം ചെയ്താൽ കുടുംബത്തിലെ മുഴുവൻ പേരേയും തടങ്കലിലാക്കുന്ന വിചിത്ര നിയമവും ഇവിടെയുണ്ട്. നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകൾ കഴിയേണ്ടത്. ഇന്ന് ഏകദേശം എൺപതിനാ ഫയിരം മുതൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ജയിലിൽ കഴിയുന്നു. 50 വർഷത്തിനുള്ളിൽ ആയിരങ്ങളെ തൂക്കിലേറ്റിയും, വെടിയുതിർത്തും കൊന്നൊടുക്കിയിട്ടുണ്ട്.

തടവുകാർക്ക് 16 മണിക്കൂർ ജോലി സമയം നൽകി പീഡിപ്പിക്കുന്നു. എലികളെയാണ് പ്രത്യേകമായ ഭക്ഷണമായി തടവുകാർക്ക് നൽകുന്നത്. മുതിർന്ന സൈനികർക്ക് സ്ത്രീതടവുകാരെ തെരെഞ്ഞെടുത്ത് ഉപയോഗിക്കുവാൻ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. ഗർഭം ധരിക്കുന്ന സ്ത്രീകളെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്യും. കഠിന ശിക്ഷകളുടെ ഫലമായി ആരെങ്കിലും മരണപ്പെട്ടാൽ അവരെ എലികൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യും. സ്ത്രീകളെ മണിക്കൂറുകളോളം മേശയിൽ കയറ്റി നിർത്തുകയും, പൂർണ്ണ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് വയറ്റിൽ കത്തി കുത്തിയിറക്കുന്നതും ഇവിടുത്തെ ശിക്ഷാരീതിയാണ്. അങ്ങനെ നിരവധി നിരവധിയായ ക്രൂരതകളുടെ കഥകളാണ് തടവുകാരുടെ ക്യാമ്പുകളിൽ നടക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, യുറോപ്യൻ യൂണിയൻ എന്നിവയും , ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിക്കു കയും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ ശബ്ദമുയത്തുകയും ചെയ്തിട്ടുണ്ട്.

മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദ്ദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക. നേരത്തെ രാജ്യത്തെ യുവാക്കളുടെ വസ്ത്രധാരണ രീതിയെ അപലപിച്ച് കൊണ്ട് അധികൃതർ ലേഖനം പുറത്തിറക്കിയിരുന്നു.

ആണവയുദ്ധത്തിന് തയ്യാർ

രാജ്യത്ത് വലിയ പട്ടിണിയാണെങ്കിലും, ഒരുകാര്യത്തിന് മാത്രം ഉത്തരകൊറിയയിൽ യാതൊരു മുട്ടുമില്ല. അതാണ് ആയുധങ്ങൾ. ആണവശക്തിയായ ഉത്തര കൊറിയ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര മിസൈലുകളുടെയും, ഏറ്റവും പുതിയ റോക്കറ്റുകളുടെയും കാലവറയാണ്. ഈ സൈനിക ശക്തി കാണിച്ചാണ് കിം ജോങ്് ഉൻ ലോകത്തെ ഭയപ്പെടുത്തുന്നത്.

നിരന്തരമുള്ള മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനിടെയാണ് ആവശ്യമെങ്കിൽ ആണവാക്രമണം നടത്താനും തയ്യാറാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ് ഈയിടെ പുറത്തുവന്നത്. പ്യോങ്ങ്യാങ് അടുത്തിടെ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷണ വിക്ഷേപണത്തിൽ പങ്കാളികളായവരെ സൈനിക മിസൈൽ കേന്ദ്രത്തിലെത്തി അഭിനന്ദിക്കുന്നതിനിടെയായിരുന്നു കിമ്മിന്റെ മന്നറിയിപ്പ്. തലസ്ഥാനമായ പ്യോങ്ങാങ്ങിൽ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്നത്. ഉത്തര കൊറിയയുടെ മറ്റൊരു പ്രധാന ആണവനിലയമായ യോങ്ബിയോണിലെ രണ്ടാം ആണവറിയാക്ടർ പ്രവർത്തനസജ്ജമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കിമ്മിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയം. ഉത്തര കൊറിയയുടെ പ്രധാന ആണവനിലയമായ യോങ്ബിയോണിലെ രണ്ടാം ആണവറിയാക്ടർ പ്രവർത്തിച്ചുതുടങ്ങിയതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) ആണ് അറിയിച്ചത്. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതിക്കുള്ള പ്ലൂട്ടോണിയത്തിന്റെ അറിയപ്പെടുന്ന ഏക ഉറവിടമായിരുന്നു ആദ്യ റിയാക്ടർ. ഇതിനുപിന്നാലെയാണ് രണ്ടാം റിയാക്ടറും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്ലൂട്ടോണിയം ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ഉത്തരകൊറിയ കൂടുതൽ ആണവപരീക്ഷണങ്ങൾക്ക് നീങ്ങിയേക്കുമെന്ന ആശങ്കയിലാണ് ദക്ഷിണകൊറിയ അടക്കമുള്ള അയൽരാജ്യങ്ങൾ.

1980-ലാണ് ഉത്തര കൊറിയ രാജ്യത്ത് ആദ്യമായി ആണവോർജകേന്ദ്രം നിർമ്മിക്കുന്നത്. ഇതിന്റെ പേരിൽ നിരവധി തവണ ഉത്തര കൊറിയ അമേരിക്കയുമായി ഉടക്കി.എന്നാൽ 2001കളിൽ ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലേറിയതിനു പിന്നാലെ ഉത്തര കൊറിയയ്‌ക്കെതിരേയുള്ള നിലപാടുകൾ കടുപ്പിക്കുകയും വീണ്ടും ഉപരോധമേർപ്പെടുത്തുകയും ചെയ്തു. ഇറാൻ, ഇറാഖ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളെ 'തിന്മയുടെ അച്ചുതണ്ട്' എന്നാണ് ബുഷ് വിശേഷിപ്പിച്ചത്. എന്നാൽ ഇതൊന്നും ഉത്തര കൊറിയയെ പിറകോട്ട് വലിച്ചില്ല. അവർ ഘട്ടംഘട്ടമായി വളർന്ന് വലിയ സാധുധ ശക്തിയായി.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-18 പരീക്ഷിക്കുന്നതിന് മുമ്പായി ജനറൽ മിസൈൽ ബ്യൂറോയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു കിം ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പരാമർശം നടത്തിയത്. അത്യാധുനിക മിസൈൽ വികസിപ്പിച്ച സൈനികരെ കിം പ്രശംസിച്ചു. കഴിഞ്ഞവർഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കൾക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകൾ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ദ്ധർ പറയുന്നത്.

ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ

2011- ൽ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്-11 ന്റെ മരണത്തിന് ശേഷം അധികാരം കൈകളിലാക്കിയ വ്യക്തിയാണ് കിങ് ജോങ് ഉൻ. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും, നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങൾക്കെതിരെ മിസൈലുകളുടേയും, ആറ്റംബോംബുകളുടേയും പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കി.ആണവായുധ നിർമ്മാണത്തിന്റെ തുടക്കവും, അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉൻ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. സൈനിക അനുഭവങ്ങളോ, ഭരണപരിചയമോ, മിലിട്ടിറി ജ്്ഞാനമോ ഇല്ലാത്ത സേച്ഛാധിപതിയാണ് കിംജോങ് ഉൻ. അയാൾ എന്താണ് ചെയ്യുക പ്രവർത്തിക്കുക എന്ന് ആർക്കും അറിയില്ല. പക്ഷേ ഇത്രയേറെ ക്രുരതകൾ നടത്തിയിട്ടും ഉത്തര കൊറിയയിൽ ഹീറോ ആണ് അയാൾ. തങ്ങളുടെ പ്രസിഡന്റിന് അമാനുഷിക ശക്തികൾ ഉണ്ടെന്ന് കുടി ഉത്തരകൊറിയക്കാർ വിശ്വസിക്കുന്നു.

ഉത്തരകൊറിയയിൽ മാത്രമല്ല, ലോകമെമ്പാടും കിമ്മിന് ആരാധകരുണ്ട്. ഇപ്പോളിതാ കിം ജോങ് ഉന്നിനെ വാഴ്‌ത്തുന്ന പ്രചാരണ ഗാനം 'ഫ്രണ്ട്‌ലി ഫാദർ' വൈറലായിരിക്കയാണ്. ടിക് ടോക്കിൽ ഹിറ്റായ ഉത്തര കൊറിയൻ പ്രചാരണ ഗാനം നിരോധിക്കുമെന്ന് ദക്ഷിണ കൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. കിം ജോങ് ഉന്നിനെ 'സൗഹൃദത്തിന്റെ പിതാവ്' എന്നും 'മഹാനായ നേതാവ്' എന്നും സ്തുതിക്കുന്ന ഗാനം, രാജ്യത്തിന്റെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന് സോളിലെ കൊറിയ കമ്മ്യൂണിക്കേഷൻസ് സ്റ്റാൻഡർഡ് കമ്മിഷൻ അറിയിച്ചു.

കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെയും അതിന്റെ പ്രവർത്തനങ്ങളെയും സ്തുതിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതിനാൽ, ഉത്തരകൊറിയൻ സർക്കാർ അവരുടെ വെബ്‌സൈറ്റുകളിലേക്കും മാധ്യമങ്ങളിലേക്കുമുള്ള ദക്ഷിണ കൊറിയൻ പ്രവേശനം തടഞ്ഞിരുന്നു. ഉത്തര കൊറിയയിലെ ഭരണകൂടത്തെ അനുകൂലിക്കുന്ന ഇടപെടലുകൾക്കും പ്രസംഗങ്ങൾക്കും പിഴ ചുമത്തുന്നതിനിടയിലാണ് ഏപ്രിലിൽ പുറത്തിറങ്ങിയ ഉത്തര കൊറിയൻ മ്യൂസിക് വിഡിയോ ദക്ഷിണ കൊറിയയിലെ ടിക് ടോക്കിൽ ഹിറ്റായത്.

കഴിഞ്ഞ 50 വർഷത്തിനിടെ പ്യോങ്യാങ്ങിൽ നിന്നു പുറത്തിറങ്ങിയ പോപ് ഗാനങ്ങളുടെ നിരയിൽ ഏറ്റവും പുതിയതാണ് 'ഫ്രണ്ട്‌ലി ഫാദർ'. ദക്ഷിണ കൊറിയയുടെ നാഷനൽ ഇന്റലിജൻസ് സർവീസിന്റെ അഭ്യർത്ഥനയെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഫ്രണ്ട്‌ലി ഫാദറിന്റെ ഇരുപത്തിയൊമ്പത് പതിപ്പുകൾ തടയുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.സോളിലെ ദേശീയ സുരക്ഷാ നിയമലംഘനങ്ങൾക്ക് ഏഴു വർഷം വരെ തടവ് ലഭിക്കാം. അടുത്തിടെയായി നിയമം നടപ്പിലാക്കുന്നതിൽ അൽപം ഇളവുകൾ വരുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ നിയമം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഈയിടെ ഉയർന്നിരുന്നു.

വരാനിരിക്കുന്ന നിരോധനം ദക്ഷിണ കൊറിയക്കാർക്കിടയിൽ യോജിപ്പുകളും വിയോജിപ്പുകളും ഉയർത്തിയിട്ടുണ്ട്. മ്യൂസിക് വിഡിയോ തമാശയായി ആസ്വദിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. 'ഫ്രണ്ട്‌ലി ഫാദർ' പഴയ സ്പാനിഷ്, ഫ്രഞ്ച് പോപ് സംഗീതത്തെ ഓർമിപ്പിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, ദക്ഷിണ കൊറിയയ്‌ക്കെതിരായ ഉള്ളടക്കമാണ് മ്യൂസിക് വിഡിയോയിലുള്ളതെന്ന് എതിർപക്ഷം വാദിക്കുന്നു. കിമ്മിനെ ഏകപക്ഷീയമായി വിഗ്രഹവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന വിഡിയോ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ മുറുകുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിൽ വിഡിയോ ഹിറ്റാണ്. നോക്കുക, ഇത്രയേറെ നെഗറ്റിവിറ്റികൾ ഉണ്ടായിട്ടും ഒരു വിഭാഗം ഇപ്പോഴും ഇത്തരം ഏകാധിപതികളെ അനുകൂലിക്കുന്നു! റഷ്യൻ ഏകാധിപതി വ്ളാദിമിർ പുടിന് കിട്ടുന്ന പിന്തുണയും ഇതോടൊപ്പം ചേർത്ത് വായിക്കണം.

വാൽക്കഷ്ണം: സ്വന്തം ജനതക്കുനേരെ ഇത്രയേറെ ക്രൂരതകൾ നടത്തുകയും, ആണവായുധങ്ങളിലൂടെ ലോകത്തിന് തന്നെ ഭീഷണിയായിട്ടും ഈ കൊച്ചുകേരളത്തിലും ഏറെ ആരാധകർ ഉള്ളയാളാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉൻ. സോഷ്യൽ മീഡിയയിലെ അന്തംസിന്റെ ധാരണയനുസരിച്ച് ഈ എകാധിപതിയും അമേരിക്കൻ സാമ്രാജ്വത്വത്തിനെതിരെ പൊരുതുന്ന പോരാളിയാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP