Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ.... വ്യവസായികൾ 'തെണ്ടികൾ'! ബിസിനസ്സുകാരെ തെറിവിളിക്കാൻ നിങ്ങളാരെന്ന് ചോദിച്ചപ്പോൾ പതറിയ മോട്ടിവേഷൻ സ്പീക്കർ; തല്ലു കിട്ടാതെ അനിൽ ബാലചന്ദ്രനെ രക്ഷിച്ച് സംഘാടകർ; കോഴിക്കോട്ടെ തെറിവിളി 'മോട്ടിവേഷൻ' വൈറൽ

കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ.... വ്യവസായികൾ 'തെണ്ടികൾ'! ബിസിനസ്സുകാരെ തെറിവിളിക്കാൻ നിങ്ങളാരെന്ന് ചോദിച്ചപ്പോൾ പതറിയ മോട്ടിവേഷൻ സ്പീക്കർ; തല്ലു കിട്ടാതെ അനിൽ ബാലചന്ദ്രനെ രക്ഷിച്ച് സംഘാടകർ; കോഴിക്കോട്ടെ തെറിവിളി 'മോട്ടിവേഷൻ' വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കിവിട്ടു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കോഴിക്കോട് സി എസ് ഡബ്‌ള്യു എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം. ബിസിനസ് മോട്ടിവേഷണൽ സ്പീക്കറായ അനിൽ ബാലചന്ദ്രനെയാണ് സദസ്യർ കൂകി വിളിച്ച് പറഞ്ഞുവിട്ടത്. വ്യവസായികളെ പ്രചോദിപ്പിക്കാൻ പറഞ്ഞതെല്ലാം വിനയായി. തെണ്ടിയെന്ന വിളി സദസിലുള്ളവർ ചോദ്യം ചെയ്തു.

നാല് ലക്ഷം രൂപയും ജിഎസ്ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയത്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങിൽ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു.ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം.

ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ മതിയായ ശ്രോതാക്കളില്ലെന്നു പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. പിന്നീട് സംഘാടകർ അനുനയിപ്പിച്ചാണ് ഇയാൾ വേദിയിലെത്തിയത്. ഒരു മണിക്കൂർ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാൾ ശ്രോതാക്കൾക്കുനേരെ തെറിവിളി ആരംഭിച്ചു. 'കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ..' എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്.

തുടർന്നും വ്യവസായികളെ 'തെണ്ടികൾ' എന്നു വിളിച്ച് തെറിവിളി തുടർന്നതോടെ പ്രശ്‌നം തുടങ്ങി. ''നിങ്ങൾ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത്'' എന്ന് ചോദിച്ചുകൊണ്ട് കാണികളിലൊരാൾ രംഗത്തുവന്നതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി എത്തി. ആദ്യമൊക്കെ പ്രതിരോധിക്കാൻ അനിൽ ബാലചന്ദ്രൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പരിപാടി അവസാനിച്ചതായി സംഘാടകർ അറിയിച്ചു. അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നുവെന്നും എന്നാൽ ഇയാൾ കൂടുതൽ സമയം എടുത്തതിനാൽ മറ്റുപരിപാടികളും താമസിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

പണം കൃത്യമായി നൽകിയിട്ടും കോഴിക്കോട് ഹോട്ടലിൽ എത്തിയതിന് ശേഷം പരിപാടിക്ക് വരാൻ കഴിയില്ലെന്ന് അനിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ വകവച്ചില്ലെന്നും സംഘാടകർ പറയുന്നു. റോട്ടറി ഇന്റർനാഷനൽ സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. മെയ്‌ 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ റോട്ടറി ഇന്റർനാഷനലിന്റെ മെഗാ ബിസിനസ് കോൺക്ലേവ് നടന്നത്. പരിപാടിയിൽ 'എന്തുകൊണ്ടാണ് സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?' എന്ന വിഷത്തിലായിരുന്നു അനിൽ സംസാരിച്ചത്.

അധിക്ഷേപവും തെറിവിളിയും തുടർന്നതോടെ സദസിൽനിന്ന് ആളുകൾ ഇടപെട്ടു. പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ശ്രോതാക്കൾ അനിൽ ബാലചന്ദ്രനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP