Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം

കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം

എം റിജു

ക്കർ ബർഗും, ബിൽഗേറ്റ്സും, ഷാറൂഖ് ഖാനും സൽമാൻഖാനും, ആമിർഖാനും മഹേന്ദ്രസിങ് ധോണിയും, ഡോണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുള്ളവർ അതിഥികളായി എത്തി, 1500 കോടി രൂപ പൊടിച്ച് ഗുജറാത്തിലെ ജാനംഗറിൽ മുകേഷ് അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷം നടക്കുമ്പോൾ, അനിയൻ അനിൽ അംബാനിയും ആരുടെയും കണ്ണിൽപെടാതെ അവിടെ ഉണ്ടായിരുന്നു. സാധാരണക്കാരനെപോലെ വെറും ഒരു ലിനൻ ഷർട്ട്് ധരിച്ച്, ആരോടും അധികം സംസാരിക്കാതെ അനിൽ ആ പരിപാടിയിൽ പങ്കെടുത്തു. പോപ്പ് ഗായിക രിഹാനയുടെ സംഗീതപരിപാടിക്ക് മാത്രമായി 70 കോടിയാണ് ചെലവിട്ട ആ പാർട്ടിയിൽ, ക്യാമറക്കണ്ണിൽപെടാതെ ഒരു മൂലക്കിരിക്കുന്ന, ലോകത്തിലെ പത്താമത്തെ സമ്പന്നന്റെ പാപ്പരായ സഹോദരന്റെ ചിത്രം ആരോ എടുത്തതോടെ ഏറെ വർഷങ്ങൾക്കുശേഷം, അനിൽ അംബാനിയും മുബൈ ടാബ്ലോയിഡുകളുടെ തലക്കെട്ടായി!

ഒരുകാലത്ത് മുബൈ പത്രങ്ങൾ ഫാഷന്റെയും, ട്രെൻഡിന്റെയും, പുതിയ സംരംഭങ്ങളുടെയും ആശയങ്ങളുടെയുമൊക്കെ തലച്ചോറായി ഒരുപാട് എഴുതിപ്പിടിപ്പിച്ച അനിൽ അംബാനി, ഇന്ന് അവഗണയുടെയും, വീഴ്ചയുടെയും പ്രതീകമായാണ് ചിത്രീകരിക്കപ്പെടുന്നത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ ജ്യേഷ്ഠൻ മുകേഷ് അംബാനിക്കുനേരെയായി, സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ സൈബർ ആക്രമണം. സത്യത്തിൽ അനിലിന്റെ തകർച്ചയിൽ മുകേഷിന് യാതൊരു പങ്കുമില്ല എന്നതാണ് സത്യം. അനിലിന്റെ തകർച്ചക്ക് സ്വയം കൃത അനർത്ഥം എന്നാണ് പറയുക. പക്ഷേ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പൊട്ടിപ്പൊളിഞ്ഞ് ദീപാളിയായി കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത അവസ്ഥയില്ല മുകേഷ്. അത് ബാങ്ക് നടപടികളിൽനിന്ന് രക്ഷപ്പെടാൻ ഉണ്ടാക്കിയ പാപ്പർ കണക്കാണ്. അദ്ദേഹത്തിന്റെ നിക്ഷേപങ്ങളും സ്വത്തുക്കളും 83 ദശലക്ഷത്തിലധികം വരുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നത്. അതായത് 728 കോടി രൂപയോളം. അതല്ല, പിതാവിന്റെ ആർജിത സ്വത്തുക്കൾ കൂടി കൂട്ടുമ്പോൾ അയ്യായിരം കോടിവരുമെന്നാണ് പറയുന്നത്.

പക്ഷേ അനിലിന്റെ യാഥാർത്ഥ സ്വത്ത് ഇതൊന്നുമല്ല. മിടുക്കരായ രണ്ട് മക്കളാണ്. ജയ് അന്മോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നീ രണ്ട് ആൾമക്കളും പഠിച്ച് മിടുക്കരായി. അവർ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്നു. മുകേഷ് അംബാനിയുടെയും മക്കളുടെയും പൂർണ്ണ പിന്തുണ ഇവർക്കുണ്ട്. പക്ഷേ മുകേഷും അനിലും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെട്ടിട്ടില്ലെങ്കിലും പുതുതലമുറയിലെ സഹോദങ്ങൾ തമ്മിൽ സമ്പുർണ്ണ സ്നേഹവും ഐക്യവുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിലെ ഇളമുറക്കാർക്ക് കുടിപ്പകയും പാരവെപ്പുമൊന്നുമില്ല. അനിൽ അംബാനി ആ അർത്ഥത്തിൽ നോക്കുമ്പോൾ ഭാഗ്യവാനാണ്.

പതനത്തിന് പിന്നിൽ മുകേഷോ?

ചെറുപ്പത്തിൽ തന്നെ ധീരുഭായി അംബാനിയുടെ രണ്ട് ആൺ മക്കളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു. മുകേഷ് അന്തർമുഖനും, അനിൽ ഉല്ലാസ പ്രിയനും. ശാന്തനും, മൃദുഭാഷിയും ഇൻട്രാവേട്ടുമായ മൂത്തമകനേക്കാൾ ധീരുഭായി അംബാനിക്ക്, അൽപ്പം ഇഷ്ടക്കൂടുതൽ കുസൃതിയും, ഊർജസ്വലനായ ഇളയമകനോട് ആയിരുന്നു. ധീരുഭായിയുടെ രൂപ സാദൃശ്യംപോലും കൂടുതൽ ഉണ്ടായിരുന്നത് അനിലാണ്. അതുകൊണ്ടുതന്നെ ധീരുഭായിയുടെ യഥാർത്ഥ പിൻഗാമി അനിലാണെന്ന് മുംബൈ മാധ്യമങ്ങൾ എഴുതി. പക്ഷേ അധ്വാനത്തിന്റെ കാര്യത്തിൽ മുകേഷ് ആണ് മുന്നിൽ. ധീരുഭായ് ഉണ്ടായിരുന്ന യൗവനകാലത്ത്, അനിൽ സിനിമ താരങ്ങളുടെ കൂടെ ഉല്ലസിക്കുമ്പോൾ, മുകേഷ് വർക്കഹോളിക് ആയി റിലയൻസിന്റെ പ്രോജെക്ടിൽ മുഴുകി കഠിനാധ്വാനം ചെയ്യുകയായിരുന്നു.

1985-ൽ പിതാവിന് മസ്തിഷ്‌കാഘാതമുണ്ടായതിനെത്തുടർന്ന് കമ്പനിയുടെ സാമ്പത്തിക ബന്ധങ്ങളുടെ ദൈനംദിന നടത്തിപ്പ് ഏറ്റെടുത്തയും അനിൽ ആയിരുന്നു. ധീരുഭായ് അംബാനിയുടെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, റിലയൻസ് സാമ്രാജ്യം മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അനിൽ നയിക്കുന്ന റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (എഡിഎ) ആയി വിഭജിക്കപ്പെട്ടു. അംബാനി സഹോദരങ്ങൾ തമ്മിലുള്ള കടുത്ത സംഘർഷത്തിന്റെ ഫലമായിരുന്നു ഇത്. അമ്മ കോകില ബെൻ ഇടപെട്ടിട്ടും തർക്കം തീർന്നില്ല. മഹാഭാതയുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവം വലിയ സ്വത്ത് കേസ് എന്നായിരുന്നു മുകേഷ് -അനിൽ അംബാനി തകർക്കം വിലയിരുത്തപ്പെട്ടത്.

ചേട്ടനും അനിയനും റിലയൻസ്് സാമ്രാജ്യം പങ്കിട്ടെടുക്കുമ്പോൾ മുകേഷിന് കിട്ടിയത് റിലയൻസ് ഇൻഡസ്ട്രീസ് എന്ന കമ്പനി മാത്രമാണ്. അനിയന് കിട്ടിയത് ഉഗ്രൻ ക്യാഷ് ഫ്ളോ ഉള്ള ഒരു പറ്റം കമ്പനികളായിരുന്നു. മുകേഷിന് 65 ബില്യൺ മാത്രം വാല്യൂ ഉള്ള റിലയസ് കിട്ടിയപ്പോൾ, അനിലിന് കിട്ടിയ റിലയൻസ് ക്യാപിറ്റൽ എന്ന കമ്പനിക്ക് മാത്രം 75 ബില്യൺ മാർക്കറ്റ് ക്യാപിറ്റൽ ഉണ്ടായിരുന്നു. കൂടാതെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന മുംബൈ ആൻഡ് ഡൽഹി വൈദ്യുത വിതരണ കുത്തകയുള്ള കമ്പനിയും ടെലികോം ബിസിനസ് എല്ലാം കിട്ടി.

ഇതൊക്കെ കിട്ടിയിട്ടും ധൂർത്തും അമിതമായ കടമെടുപ്പും അനിലിനെ ബാധിച്ചു. എണീറ്റ് നിൽക്കുന്നതിന് മുൻപ് ഓടാനായിരുന്നു അയാളുടെ ശ്രമം. രാജ്യത്തെ ഏറ്റവും വലിയ പവർ കമ്പനി ഉണ്ടാക്കാനായി ലക്ഷക്കണക്കിന് കോടി കടമെടുത്തത് കോർപ്പറേറ്റ് ചൂതാട്ടം തന്നെ ആയിരുന്നു. അവസാനം ചൈനീസ് ബാങ്കുകൾ അറസ്റ്റ് ചെയ്യുമെന്നായപ്പോൾ മുകേഷ് ആണ് 500 മില്യൺ ഡോളർ കൊടുത്ത് അനിയനെ ജയിലിൽനിന്ന് നിന്ന് രക്ഷിച്ചത്.

കഴിഞ്ഞയാഴ്ച റിലയൻസ് ക്യാപിറ്റൽ എന്ന കമ്പനി ഹിന്ദുജയുടെ ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിക്ക് കിട്ടിയത്. റിലയൻസ് ക്യാപിറ്റൽ എന്ന ഒരൊറ്റ ഫിനാൻസ് കമ്പനി വഴിയാണ് ധിരുഭായ് അംബാനിയെന്ന ഈ സാമ്രാജ്യം പടുത്തയർത്തിയത്. അത് അനിൽ അംബാനിയുടെ പക്കൽ എത്തുമ്പോൾ 75,000 കോടി മൂല്യം ഉണ്ടായിരുന്നു. പക്ഷേ അനിൽ എല്ലാം തുലച്ചു. അവസാനം 75,000 കോടിയുടെ ഓഹരി മൂല്യം ഒരു രൂപ പോലും ഇല്ലാതെ നശിച്ചു. കമ്പനി പാപ്പരായി. അവസാനം നാഷനൽ കമ്പനി ലോ ട്രിബ്യൂണലിൽ പോയി ഹിന്ദുജയുടെ കയ്യിലെത്തി.

അനിലിന്റെ തകർച്ചയിൽ മുകേഷിന് വലിയ പങ്കൊന്നുമില്ല. അനിയനുമായുള്ള നോൺ കോംപ്റ്റിങ് ക്ളോസ് കാലാവധി തീർന്നതിനു ശേഷം മാത്രമാണ് മുകേഷ് ടെലികോം രംഗത്ത് വന്നത് തന്നെ. അപ്പോളേക്കും അനിയന്റെ കമ്പനി തകർന്ന് തരിപ്പണമായി കഴിഞ്ഞിരുന്നു. മുകേഷ് എപ്പോളും വളരെ ശ്രദ്ധാപൂർവം ചുവടുകൾ വെക്കുന്ന ബിസിനസുകാരനാണ്. ബാങ്ക് ഓഫ് അമേരിക്കയുടെ ട്രഷറിയിലെ ഉയർന്ന ജീവനക്കാരെ, മോഹശമ്പളം കൊടുത്തുകൊണ്ടുവന്നാണ് കമ്പനിയുടെ മേൽ നോട്ടം നടത്തുന്നത്. ഇപ്പോൾ മക്കളായ ആകാശ്, അനന്ത്, ഇഷ എന്നിവരെ ബിസിനസ് ഏൽപ്പിച്ചു കൊണ്ട് സെമി റിട്ടയേർഡ് ആണ് മുകേഷ് നയിക്കുന്നത്.

പതനത്തിന് പിന്നിൽ അത്യാഗ്രഹം

ഓവർ അംമ്പീഷൻ എന്ന് ഇംഗ്ലീഷിൽ പറയുന്ന സാധനമാണ് അനിലിന്റെ പരാജയത്തിന് കാരണമായി ബിസിനസ് അനലിസ്റ്റുകൾ പറയുന്നത്. 2010 മുതൽ റിസ്‌ക് കൂടിയ വൻ മുതൽമുടക്ക് ആവശ്യമുള്ള അടിസ്ഥാനമേഖലാ പദ്ധതികളാണ് അനിൽ ഏറ്റെടുത്തത്. പൊതുമേഖലാ ബാങ്കുകളിൽനിന്നും ഇവയ്ക്ക് സുലഭമായി ലഭിച്ച വായ്പയാണ് അനിലിനെ ഈ മേഖലയിലേക്ക് ആകർഷിച്ചത്. എന്നാൽ രണ്ടാം യുപിഎ സർക്കാർ പല കുംഭകോണങ്ങളിലും പെട്ടതോടെ ഭരണ/ഉദ്യോഗസ്ഥതലത്തിൽ നയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും വിമുഖതയുണ്ടായി.
പിന്നെ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യവും കൂടിയായപ്പോൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. അവരെടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ വൻസാന്നിധ്യമുണ്ടായിരുന്ന അനിലിനെ ഇത് സാരമായി ബാധിച്ചു. മോദിയുടെ അടുപ്പക്കാരനായിരുന്നു അനിൽ. പക്ഷേ അവർക്കും അവരെ പതനത്തിൽനിന്ന് രക്ഷിക്കാനായില്ല. റഫാൽ യുദ്ധ വിമാന കരാർ അടക്കമുള്ള വിവിധ വിഷയങ്ങളിൽ അനിൽ ആരോപിതനായി.

2020ന്റെ തുടക്കത്തിൽ മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസീനും വൻ കടബാധ്യതയുണ്ടായിരുന്നു. ടെലികോം, റീടെയിൽ എന്നിവയുടെ നിക്ഷേപങ്ങൾക്കായിരുന്നു അത്. പക്ഷെ അന്നത്തെ കോവിഡ് സാഹചര്യത്തിലും ഒന്നരലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയവരിൽനിന്നും സമാഹരിച്ച് കമ്പനിയെ കടമുക്തമാക്കാൻ മുകേഷിനു കഴിഞ്ഞു. അരലക്ഷം കോടിരൂപ അവകാശ ഓഹരിവഴിയും സമാഹരിച്ചു മുകേഷ് പിഎംഎസ് പ്രസാദ്, മനോജ് മോദി തുടങ്ങിയവരെ താക്കോൽ സ്ഥാനങ്ങളേൽപിച്ചു. ഇത്തരത്തിൽ പ്രഗത്ഭരുടെ സഹായം അനിൽ തേടിയില്ല.

ക്രൂഡ്ഓയിൽ, പെട്രോകെമിക്കൽ മേഖലയിൽ മാത്രമായിരുന്ന ഗ്രൂപ്പിനെ മുകേഷ് ഉപഭോക്തൃ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അതിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് വ്യക്തികളുടെ ഡാറ്റാബേസ് ഇന്ത്യ പോലൊരു വലിയ വിപണിയിൽ ഇനിയും വളരാൻ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് ഇതങ്ങേയറ്റം ആവശ്യമാണ്. അത് അവരെ റിലയൻസിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. സൗരോർജ, ഹരിത ഹൈഡ്രജൻ പദ്ധതികളിലും മുകേഷ് വലിയ നിക്ഷേപം തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ ദീർഘ വീക്ഷണത്തോടുകൂടിയ വൈവിധ്യവൽക്കരണമല്ല അനിൽ നടത്തിയത്. മൂലധനം ആകർഷിച്ച് കടം വീട്ടാനുള്ള സാമർഥ്യവും അനിലിനുണ്ടായില്ല. അനിലിന്റെ കമ്പനികൾ ഇത്തരം നിക്ഷേപങ്ങൾ ആകർഷിക്കാൻ പോന്നതായിരുന്നില്ല.

2019-ൽ എറിക്‌സൺ എന്ന ടെലികോം ഉപകരണ കമ്പനി കൊടുത്ത കേസിലാണ് സുപ്രീം കോടതി അനിലിനോട് 453 കോടി രൂപ നാലാഴ്ചക്കുള്ളിൽ കൊടുക്കാൻ നിർദ്ദേശിച്ചു, ഇല്ലെങ്കിൽ ജയിൽ ശിക്ഷയും. ഈ പണം കൊടുത്ത് അനുജനെ രക്ഷിച്ചത് മുകേഷായിരുന്നു.ഇതിന് ജ്യേഷ്ഠന് നന്ദി പറഞ്ഞു അനിൽ പ്രസ്താവനയിറക്കിയിരുന്നു. ഇതോടെയാണ് കുടുംബത്തിൽ ഐക്യവന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിതയാണ്, ഈ ഐക്യത്തിന് മുൻകൈ എടുത്തത്.
ഇപ്പോൾ ജ്യേഷ്ഠനുമുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കയാണ് അനിയൻ.

എന്തായാലും, 13 വർഷങ്ങൾ കൊണ്ട് ജ്യേഷ്ഠന്റെ സമ്പത്ത് ഇരട്ടിയിലധികമാകുന്നു, അനുജന്റേതു പൂജ്യത്തോടടുക്കുന്നു. മൂന്നു ചൈനീസ് ബാങ്കുകൾ ലണ്ടനിൽ കൊടുത്ത വായ്പാകേസിലാണ് സമ്പത്ത് പൂജ്യമാണെന്നു അനിൽ അംബാനി പറഞ്ഞത്. പക്ഷേ ഇത് പുർണ്ണമായും ശരിയല്ല. ഇപ്പോഴും അയാൾക്ക് കോടികൾ ആസ്തിയുണ്ട്.

അഞ്ഞൂറ് കോടിയുടെ വീട്

അനിൽ അംബാനിയുടെ വീടിന് മാത്രം അഞ്ചൂറ് കോടിയോളം വിലവരും. സഹോദരൻ മുകേഷിന്റെ വസതിക്ക് കിടപിടിക്കുന്നതാണിത്. അനിലിന്റെ മുംബൈയിലെ വീട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. 17 നിലകളിൽ ഒരുക്കിയ കൊട്ടാരം എന്നുതന്നെ 'അഡോബ്' എന്ന ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹിൽസിലാണ് അഡോബ് സ്ഥിതി ചെയ്യുന്നത്.

എല്ലാ നിലകളും ചേർത്ത് പതിനാറായിരം അടിയാണ് അഡോബിന്റെ ആകെ വിസ്തീർണ്ണം. 70 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ ഒരു സെവൻ സ്റ്റാർ ഹോട്ടലിലുള്ള എല്ലാ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ എത്തിയാണ് ഈ ആഡംബര കൊട്ടാരത്തിന്റെ അകത്തളം ഒരുക്കിയത്. സ്വിമ്മിങ്പൂൾ, ജിംനേഷ്യം, സ്പാ എന്നുവേണ്ട ഏതാനും ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരിക്കുന്ന ഒരു കൂറ്റൻ ഹെലിപാഡ് അടക്കമുള്ള സൗകര്യങ്ങളാണ് അഡോബിലുള്ളത്.

ഗ്ലാസ് സീലിങ്ങുകളും വലിയ ജനാലകളും ഉൾപ്പെടുത്തി സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് പ്രവേശന കവാടത്തിന്റെ ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യകാര്യത്തിലും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തുന്ന അനിൽ അംബാനി വീട്ടിലുടനീളം പച്ചപ്പിന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. രേഖകൾ പ്രകാരം അഡോബിന്റെ നിർമ്മാണ ചെലവ് 5000 കോടി രൂപ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അനിൽ അംബാനിയുടെ ഭാര്യയും മുൻ ബോളിവുഡ് താരവുമായ ടിന അംബാനി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് അഡോബിന്റെ ചിത്രങ്ങൾ പുറംലോകത്തേക്ക് എത്തുന്നത്.

സമുദ്രത്തിന്റെ മനോഹരമായ കാഴ്ചകൾ അഡോബിലിരുന്നു തന്നെ ആസ്വദിക്കാം. വലിയ സോഫാ സെറ്റുകളും ആഡംബര ഹാങ്ങിങ് ലൈറ്റുകളും ഉൾപ്പെടുത്തി ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കികൊണ്ടാണ് ഓരോ മുറിയും ഒരുക്കിയിരിക്കുന്നത്. ഓഫീസ് മുറികളും വീട്ടിൽ തന്നെ ഒരുക്കിയിരിക്കുന്നു. ആഡംബര കാറുകൾ എല്ലാം പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് അഡോബിലെ മറ്റൊരു കാഴ്ച. അംബാനി കുടുംബത്തിലെ പിൻതലമുറയിൽപ്പെട്ട ഓരോ കുട്ടികൾക്കുമായി പ്രത്യേകം നിലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുൽത്തകിടിയും മരങ്ങളും ചെടികളും ഉൾപ്പെടുത്തിയ പ്രത്യേക ലോൺ ഏരിയ നഗരത്തിന്റെ തിരക്കുകൾക്കിടയിലും കണ്ണിന് കുളിർമ പകരുന്ന കാഴ്ചയാണ്. അനിൽ അംബാനി വിഭാവനം ചെയ്തത് 150 മീറ്റർ ഉയരമുള്ള വീടായിരുന്നു എന്നാണ് വിവരം. ഇത്രയും ഉയരത്തിൽ നിർമ്മാണം നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലകളുടെ എണ്ണം 17 ആയി ചുരുക്കുകയായിരുന്നു.

ആസ്്തി മൊത്തം അയ്യായിരം കോടി

പാപ്പാരാവുക എന്നാൽ ഒരു ടെക്നിക്കൽ നടപടി കൂടിയാണ്. അതിനർഥം അയാൾ മലയാളികൾ കരുതുന്നതുപോലെ വെറും പിച്ചക്കാരനായി എന്നല്ല. 20 കോടിയോളം വരുന്ന കാർ കളക്ഷൻ അനിലിന് ഉണ്ട്. റോൾസ് റോയ്‌സ്, ലെക്‌സസ് എക്‌സ്യുവി, പോർഷെ, ഓഡി ക്യു7, മെഴ്‌സിഡസ് ജിഎൽകെ 350 തുടങ്ങി നിരവധി ആഡംബര കാറുകൾ അനിൽ അംബാനിയുടെ പക്കലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, യുകെ കോടതി കാറുകളുടെ കൂട്ടത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ, തനിക്ക് ഒരു കാർ മാത്രമേയുള്ളൂവെന്നാണ് അനിൽ മറുപടി നൽകിയത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ യാച്ചുകളും, പ്രൈവറ്റ് വിമാനങ്ങളും അനിൽ അംബാനിയുടെ പേരിലുണ്ട്.

അതുകൊണ്ട് പാപ്പരായി എന്ന് അനിലിന് പൂർണമായി അങ്ങനെ പറയാൻ സാധിക്കില്ല. അനിൽ ഇപ്പോഴും ആഡംബരത്തിൽ തന്നെയാണ് ജീവിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ആസ്തിയിൽ കൂറ്റൻ ഇടിവുണ്ടായിട്ടുണ്ട്. 75,000 കോടിയിൽനിന്നാണ് അയാൾ തകർന്നത്. ഇപ്പോഴത്തെ നിക്ഷേപങ്ങളും, കൈയിലുള്ള സമ്പത്തും എല്ലാം ചേർക്കുമ്പോൾ 83 മില്യണാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഇത് 728 കോടിയോളം വരും. മക്കളുടെയും ഭാര്യയുടെയേും പേരിലേക്ക് മാറ്റിയ സ്വത്തുക്കളം, വിവിധ നിക്ഷേപങ്ങളും കേസിൽ നിന്ന് ഇനിയും കിട്ടാനുള്ളവയും എല്ലാം ചേർത്താൽ, അയ്യായിരം കോടിയുടെ ആസ്തി ഇപ്പോഴും അനിലിനുണ്ട്.

കൂടാതെ, മുംബൈയിലെ അംബാനിയുടെ പൂർവ്വിക ഭവനം അനിൽ അംബാനിയുടെ പേരിലാണ്. മുംബൈയിലെ കഫ് പരേഡിൽ സ്ഥിതി ചെയ്യുന്ന സീ വിൻഡ് എന്ന വീട് മുകേഷും അനിലിന്റെ പിതാവ് ധീരുഭായ് അംബാനിയും ചേർന്നാണ് നിർമ്മിച്ചത്. ഇതിനൊക്കെ കോടികൾ വിലവരും. മാത്രമല്ല, ഞാൻ പാപ്പരായി എന്ന് പറഞ്ഞ് വെറുതെ നിലവിളിച്ച് ഇരിക്കുന്ന ആളല്ല അനിൽ. അയാൾ ഇപ്പോഴും ബിസിനസ് ചെയ്യുന്നുണ്ട്്.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (ആർ-ഇൻഫ്ര) ഇപ്പോഴം നിരവധി വർക്കുകൾ ഉണ്ട്. ആർ- ഇൻഫ്രയുടെയും മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംഎംആർഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വൺ അതിലൊന്നാണ്. ഇത് ഏറ്റെടുക്കുന്നതിന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ആർ-ഇൻഫ്രക്ക് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതിന് ഏകദേശം മൂല്യം 4,000 കോടി രൂപയാണെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2007-ൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മാതൃകയിലാണ് നഗരത്തിലെ ആദ്യത്തെ മെട്രോ പദ്ധതിയായ മുംബൈ മെട്രോ വൺ നിർമ്മിക്കുന്നത്.
ഏറെക്കാലമായി സംയുക്ത സംരംഭ പങ്കാളികൾ തമ്മിൽ തർക്കത്തിലാണ്. എംഎംആർഡിഎയ്ക്ക് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് (എംഎംഒപിഎൽ) 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

ഈ രീതിയിലുള്ള വിവിധ ബിസിനസുമായാണ് അനിൽ മുന്നോട്ടുപോകുന്നത്. പലരും കരുതുന്നതുപോലെ ചേട്ടനെ ഓസിയല്ല അയാളുടെ ജീവിതം. പക്ഷേ ലോകത്തിലെ ആറാമത്തെ സമ്പന്നൻ എന്ന ആ സുവർണ്ണകാലം, ഇനി ഒരിക്കലും തിരിച്ച്കിട്ടില്ലെന്നും അനിലിന് നന്നായി അറിയാം.

സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും

സമ്പന്നരെക്കുറിച്ചും, കോർപ്പറേറ്റുകളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ പൊതുധാരണ അവർ കുടിച്ച് കൂത്താടി, ജീവിതം കള്ളിനും പെണ്ണിനും വേണ്ടി ഉഴിഞ്ഞുവെച്ചവർ ആണെന്നാണ്. ഇത് മിഥ്യാധാരണയാണ് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അനിൽ അംബാനി. സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കുമാണ് അയാൾ. ജീവിതത്തിന്റെ നല്ലകാലത്തുപോലും പാർട്ടികളിൽ ഓറഞ്ച് ജ്യൂസാണ് അനിൽ കുടിച്ചിരുന്നത്. ഏറെ ഹെൽത്ത് കോൺഷ്യസ് ആയ അനിൽ മാരത്തോൺ പോലുള്ള ഇവന്റുകളുടെ കടുത്ത ആരാധകനാണ്. പക്ഷേ വ്യക്തിപരമായി അനിലിന്റെ ദൗർബല്യമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കാണുന്നത്, പെട്ടെന്നു ദേഷ്യവും, വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലിയുമാണ്. ബിസിനസ് ജീവിതത്തലും ഇതേ ശൈലി തുടർന്നതാണ് അയാൾക്ക് തിരിച്ചടിയായത്. അല്ലായെ കുടിച്ച് കൂത്താടി ആഡംബര ജീവിതം നയിച്ചതുകൊണ്ട് പറ്റിയതല്ല ഇതൊന്നും.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അനിലും നടത്തുന്നുണ്ട്. മുംബൈ സബർബനിൽ ധീരുഭായ് അംബാനി ഹോസ്പിറ്റൽ സ്ഥാപിക്കാൻ അമ്മ കോകില ബെനിന്റെ അടുത്ത് ഏറ്റവും കുടുതൽ സമ്മർനം ചെലുത്തിയത് അനിൽ ആയിരുന്നു. പാപ്പാരയി പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ട്മുമ്പുവരെ അയാൾ സ്വന്തം നിലക്കും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കൾ ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ മകൻ ആയിട്ടും അധികം പ്രണയങ്ങളും അനിലിന് ഉണ്ടായിരുന്നില്ല. നടി ടീന മുനിമിനെയാണ് വിവാഹം ചെയ്തത് . ഫാഷന്റെയും ഗ്ലാമറിന്റെയും ലോകത്ത് നിന്നാണ് അവൾ വന്നത്. ടീനയെ വിവാഹം കഴിക്കാൻ വലിയ എതിർപ്പുകൾ അംബാനി കുടുംബത്തിൽ ഉണ്ടായിരുന്നു. എന്നാൽ അനിൽ ഇക്കാര്യത്തിൽ പിതാവിനെപ്പോലും വകവെച്ചില്ല. പക്ഷേ വിവാഹശേഷം ടീന സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലുടെ കുടുംബത്തിന്റെ അരുമായി. അംബാനി കുടുംബത്തിൽ ഐക്യം കൊണ്ടുവന്നതിലും വലിയ പങ്ക് അവർക്കുണ്ട്. ജയ് അന്മോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ദമ്പതികൾക്കുള്ളത്. ജയ് അന്മോൾ, മുംബൈ ആസ്ഥാനമായുള്ള വ്യവസായിയായ പരേതനായ നികുഞ്ച് ഷായുടെ മകൾ കൃഷ ഷായെ വിവാഹം കഴിച്ചത്. ഈ വിവാഹവും ആഘോഷമായാണ് നടന്നത്.

മക്കൾ മിടുക്കരാവുന്നു

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ലല്ലോ. ശതകോടീശ്വര പട്ടികയിൽനിന്ന് പുറത്തായിട്ടും, പാപ്പർ ഹരജി കൊടുക്കേണ്ടി വന്നിട്ടും, ഇപ്പോഴും പഴയ ജീവിതശൈലിതന്നെയാണ് അനിൽ തുടരുന്നത്. പക്ഷേ ഈ അപമാനങ്ങളിലൂടെയെല്ലാം കടുന്നവന്ന അദ്ദേഹത്തിന്റെ മക്കൾ അങ്ങനെയല്ല. തീർത്തും ഡൗൺ ടു എർത്ത് ആണ് അവർ.

അംബാനി കുടുംബത്തിലെ എല്ലാ പുതുതലമുറക്കുമെന്നപോലെ, അനിൽ അംബാനിയുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസമാണ് ലഭിച്ചത്. മൂത്തമകൻ ജയ് അന്മോൾ, മുംബൈയിലെ കത്തീഡ്രൽ, ജോൺ കോണൺ സ്‌കൂൾ, യുകെയിലെ സെവൻ ഓക്സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് സ്ുകൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിൽ നിന്നും ബിരുദം എടുത്തു. പഠനകാലത്തുതന്നെ, 18 വയസ്സുള്ളപ്പോൾ റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ഇന്റേൺഷിപ്പ് ചെയ്തു. പഠനം പൂർത്തിയാക്കിയ ശേഷം റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ജോലി ചെയ്യാൻ തുടങ്ങി. 2017ൽ റിലയൻസ് ക്യാപിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. ജയ് അന്മോൾ ഇന്ന് ആർ ഇൻഫ്രയുടെ അടക്കം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

ഇളയ മകൻ ജയ് അൻഷുൽ അംബാനിയാണ്, അംബാനികുടുംബത്തിലെ ഇളമുറക്കാരിൽ ഏറ്റവും മിടുക്കനെന്നാണ് മാധ്യമങ്ങൾ എഴുതുന്നുത്. അമേരിക്കൻ സ്‌കൂളിൽ നിന്നാണ് അന്താരാഷ്ട്ര ബക്കാലോററ്റ് പഠനം അദ്ദേഹം പൂർത്തിയാക്കിയത്. ബിസിനസ് മാനേജമെന്റിൽ ബാച്ചിലേഴ്‌സ് ഡിഗ്രിയുമുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലാണ് അദ്ദേഹം ബാച്ചിലേഴ്‌സ് ഡിഗ്രി പൂർത്തിയാക്കിയത്. പിതാവ് അനിൽ അംബാനിയെ പോലെ കടുത്ത ഹിന്ദു മത വിശ്വാസിയാണ് അദ്ദേഹം. ബിസിനസ് ലോകത്ത് റിലയൻസ് മ്യൂച്ചൽ ഫണ്ടിലായിരുന്നു അൻഷുലിന്റെ തുടക്കം. റിലയൻസ് ക്യാപിറ്റലിന്റെയും ഭാഗമായിരുന്നു അദ്ദേഹം.

റിലയൻസ് ബിസിനസ് ഗ്രൂപ്പിലെ ഭാവിയിൽ നയിക്കാൻ പോകുന്ന പ്രമുഖനായി അൻഷുൽ വളർന്ന് കൊണ്ടിരിക്കുകയാണെന്ന് ബിസിനസ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് റിലയൻസ് ഇൻഫ്ര ബോർഡിന്റെ ഭാഗമായിരുന്നു അൻഷുൽ. എന്നാൽ ആറ് മാസം കൊണ്ട് അവിടെ നിന്ന് രാജിവെച്ചു. റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിൽ മാനേജ്‌മെന്റ് ട്രെയിയായും ജോലിനോക്കി. അനിൽ അംബാനിയും, മുകേഷ് അംബാനിയും തുടങ്ങിയത് ഇതുപോലെ തന്നെയായിരുന്നു.

അംബാനി കുടുംബത്തിൽ ജനിച്ചതിന്റെ ആഡംബരം അൻഷുലിനുമുണ്ട്. കാറുകൾ അടക്കമുള്ള വാഹനങ്ങൾ അദ്ദേഹത്തിനും പ്രിയപ്പെട്ടതാണ്.മേഴ്‌സിഡസ് ജിഎൽകെ350, ലമ്പോർഗിനി ഗല്ലാർഡോ, റോൾസ് റോയ്‌സ് ഫാന്റം, റേഞ്ച് റോവർ വോഗ്, ലക്‌സസ് എസ്യുവി, എന്നിവയെല്ലാം അൻഷുലിന്റെ ശേഖരത്തിലെ പ്രിയപ്പെട്ട വാഹനങ്ങളാണ്. ബോംബാർഡിയർ ഗ്ലോബൽ എക്സ്‌പ്രസ് എക്‌സആർഎസ്, ബെൽ 412 ഹെലികോപ്ടർ, ഫാൽക്കൺ 2000, ഫാൽക്കൺ 7എക്‌സ് എന്നിവയെല്ലാം അൻഷുലിന്റെ ശേഖരത്തിലുണ്ട്. അമ്മാവനായ മുകേഷ് അംബാനിയുമായും, അദ്ദേഹത്തിന്റെ മക്കളായ ആകാശ്, ആനന്ദ്, ഇഷ, എന്നിവരുമായും അടുത്ത ബന്ധം അൻഷുലിനുണ്ട്. നിലവിൽ അംബാനി കുടുംബത്തിന്റെ തറവാട്ടിലാണ് അനിലിനും, ഭാര്യ ടീന, സഹോദരൻ എന്നിവർക്കൊപ്പമാണ് താമസം.

മുകേഷ് അംബാനിയുടെ കൂെടയെും ജയ് അൻഷുൽ അംബാനി പ്രവർത്തിച്ചിട്ടുണ്ട്. അനിയന്റെ മകനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നാണ്, ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഒരിക്കൽ പറഞ്ഞത്. ജയ് അൻഷുൽ അംബാനിയുടെ പുതിയ പല സംരംഭങ്ങൾക്കും ഫണ്ട് ചെയ്യുന്നത് വല്യച്ചനായ മുകേഷ് അംബാനിയാണെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. ലോകത്തിലെ ആറാമത്തെ സമ്പന്നനിൽനിന്ന്, പാപ്പരായി മാറിയ പിതാവിന്റെ അനുഭവം മുന്നിൽ കണ്ടുകൊണ്ടുതന്നെ കരുതലോടെയാണ് അയാൾ മുന്നോട്ട് നീങ്ങുന്നത്. ഒരുപക്ഷേ അനിൽ അംബാനി ഭാവിയിൽ അറിയപ്പെടുക, അൻഷുൽ അംബാനിയുടെ പിതാവ് എന്ന പേരിലായിരിക്കും.

വാൽക്കഷ്ണം: ടൈംസ്ഓഫ് ഇന്ത്യയിൽ വന്ന ഒരു പഠനത്തിൽ പറയുന്നത് അനിലും മുകേഷും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസിഷൻ മേക്കിങ്ങ് എന്നതാണെന്നാണ്. ഈ ഒറ്റ ഘടകത്തിൽവന്ന പിഴവുമൂലം, സഹോദരങ്ങളിൽ ഒരാൾ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും മറ്റെയാൾ പാപ്പരുമാവുന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP