Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202401Saturday

ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രണ്ടായിരത്തോളം ടെക്‌നോളജി പേറ്റന്റുകൾ; ലോകത്തിലെ പത്ത് പ്രമുഖ സർവകലാശാലകളിൽനിന്ന് ഡി ലിറ്റ്; ഈ 81ാം വയസ്സിലും നടത്തുന്നത് നിരവധി കമ്പനികൾ; എന്നിട്ടും മുറ്റത്തെ മുല്ലക്ക് മണമില്ല; ഡിജിറ്റൽ ഇന്ത്യക്ക് തുടക്കം കുറിച്ച സാം പ്രിട്രോഡയുടെ കഥ

ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രണ്ടായിരത്തോളം ടെക്‌നോളജി പേറ്റന്റുകൾ; ലോകത്തിലെ പത്ത് പ്രമുഖ സർവകലാശാലകളിൽനിന്ന് ഡി ലിറ്റ്; ഈ 81ാം വയസ്സിലും നടത്തുന്നത് നിരവധി കമ്പനികൾ; എന്നിട്ടും മുറ്റത്തെ മുല്ലക്ക് മണമില്ല; ഡിജിറ്റൽ ഇന്ത്യക്ക് തുടക്കം കുറിച്ച സാം പ്രിട്രോഡയുടെ കഥ

എം റിജു

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന വാക്കിന്റെ ആഴവും പരപ്പും അറിയണമെങ്കിൽ, ഇപ്പോൾ ഇന്ത്യയിൽ വിവാദ നായകനായ, സാം പ്രിട്രോഡയെന്ന 81വയസ്സുള്ള, ഇന്ത്യൻ ടെക്ക്നോക്രാറ്റ് കം പൊളിറ്റീഷ്യൻ കം ബിസിനസ്മാന്റെ ജീവിതം അറിയണം. ലോകത്തിലെ വിവിധ സർവകാലാശാലകളിലെ വിദ്യാർത്ഥികൾ ഒരു ക്ലാസ് കിട്ടാൻ കൊതിച്ച് നിൽക്കുന്ന ഈ മനുഷ്യനെ, സ്വന്തം പാർട്ടിയായ കോൺഗ്രസുകാർപോലും കാണുന്നത് എന്തോ കുഴപ്പക്കാരനായാണ്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും, കിഴക്കേന്ത്യക്കാർ ചൈനക്കാരെ പോലെയുമാണ് എന്ന പരാമർശം വിവാദമായതോടെ അദ്ദേഹം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവെച്ചിരിക്കയാണ്. പിട്രോഡയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് സംസാരിക്കവെ സാം പിട്രോഡ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ''കിഴക്കുള്ളവരെ കാണാൻ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയുംാ തെക്കുള്ളവർ ആഫ്രിക്കക്കാരെപ്പോലെയുമായിരിക്കും. എന്നാൽ ചില തർക്കങ്ങൾ അവിടിവിടെയായി നടന്നിട്ടുണ്ടെന്നതൊഴിച്ചാൽ, കഴിഞ്ഞ 70-75 വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്''- സാം പിട്രോഡയുടെ ഈ പരാമർശമാണ് ബിജെപി വിവാദമാക്കിയത്.

വംശീയവും ജനങ്ങളെ വിഭജിക്കുന്ന തരത്തിലുമുള്ള പരാമർശമാണ്, രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയഗുരുവായി കാണുന്ന സാം പിട്രോഡ നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ഒട്ടും വൈകാതെ തന്നെ, നരേന്ദ്ര മോദിയും സാമിന് എതിരെ രംഗത്തെത്തി. ഇന്ത്യക്കാരെ നിറത്തിന്റെയും വർണത്തിന്റെയും പേരിൽ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വർണത്തിന്റെയും പേരിൽ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോൺഗ്രസിലെ ഒരു മുതിർന്ന നേതാവാണ് ഇത്തരത്തിൽ വംശീയ പരാമർശം നടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ 'രാജകുമാരൻ' അതിന് മറുപടി പറഞ്ഞേ മതിയാവൂ'',- മോദി തിരഞ്ഞെടുപ്പ് റാലകളിൽ ആഞ്ഞടിച്ചു.

പക്ഷേ വിഷയത്തിന്റെ മെറിറ്റിലേക്ക് വന്നാൽ ആരെയും അധിക്ഷേപിക്കണമെന്ന ഉദ്ദേശം പിട്രോഡക്ക് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. പല ശരീരഘടനയും രൂപവുമുള്ള ആളുകൾ ഇന്ത്യയിൽ സാഹോദര്യത്തോടെ ജീവിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. അതിന് പറഞ്ഞ ചില ഉദാഹരണങ്ങളിൽ കയറിപ്പിടിച്ച് അത് വംശീയ അധിക്ഷേപമാക്കാൻ ബിജെപിക്ക് കഴിഞ്ഞു. വിവാദം കത്തിക്കറിയതോടെയാണ് അദ്ദേഹം താൻ പറയുന്നതിന്റെ ബാധ്യത കോൺഗ്രസ് പാർട്ടിക്കുവേണ്ട എന്നതിന്റെ അടിസ്ഥാനത്തിൽ, പാർട്ടിയുടെ സ്ഥാനം ഒഴിഞ്ഞത്. പക്ഷേ ഇത്രമാത്രം അപമാനിക്കപ്പെടേണ്ട വ്യക്തിയാണോ, ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഈ 81-കാരൻ എന്നതും പരിശോധിക്കപ്പെടണ്ടേതാണ്.


ഒരു ഗുജറാത്തി ഗാന്ധിയനായി തുടക്കം

ഇന്നും ടെലികോ- ഇലട്രോണിക്സ് സംബന്ധിച്ച കാര്യങ്ങളിൽ ലോകം കാത്തിരിക്കുന്ന ശബ്ദമാണ് പിട്രോഡയുടേത്. ഏകദേശം 2,000 ടെക്‌നോളജി പേറ്റന്റുകൾ ഉണ്ട്. അദ്ദേഹത്തിന്റെ സി -സ്‌കാം എന്ന കമ്പനിയും നമ്പർ വൺ ആണ്. സിംഗപ്പൂർ, ടോക്കിയോ, പൂണെ, മുംബൈ, വഡോദര എന്നിവിടങ്ങളിൽ ഓഫീസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഷിക്കാഗോയിലാണ്. യുഎസിലും യൂറോപ്പിലും ഒരു സീരിയൽ സംരംഭകനാണ് അദ്ദേഹം. വെസ്‌കോം സ്വിച്ചിങ്, അയോണിക്‌സ്, എംടിഐ, മാർക്കറ്റ്, വേൾഡ് ടെൽ, സി-സാം, മുതലായവ ഉദാഹരണം. ഒപ്പം നിരവധി ബിസിനസുകളുമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് , 1992-ൽ അദ്ദേഹത്തിന്റെ ജീവചരിത്രം 'സാം പിട്രോഡ: എ ബയോഗ്രഫി' അഞ്ച് ആഴ്ചത്തേക്ക് ദി ഇക്കണോമിക് ടൈംസ് ലിസ്റ്റിൽ ബെസ്റ്റ് സെല്ലറായി. 1964 മുതൽ അമേരിക്കയിലെ ഷിക്കാഗോയിൽ ഭാര്യയോടൊപ്പം താമസിക്കുന്ന അദ്ദേഹം രണ്ട് മാസം കൂടുമ്പോൾ ഇന്ത്യയിലെത്താറുണ്ട്.

ഗുജറാത്തി മാതാപിതാക്കളുടെ മകനായി ഒഡീഷയിലെ ടിറ്റ്‌ലഗഡിലെ ഒരു ബിസിനസ് കുടുംബത്തിൽ, 1947 നവംബർ 17നാണ് സത്യനാരായണ ഗംഗാറാം പിത്രോഡ എന്ന സാം പിത്രോഡ ജനിച്ചത്. അദ്ദേഹത്തിന് ഏഴ് സഹോദരങ്ങളുണ്ടായിരുന്നു കുടുംബത്തിലെ മൂന്നാമത്തെയാളാണ് അദ്ദേഹം. ചെറുപ്പത്തിൽ സയൻസിൽ ആയിരുന്നില്ല, സോഷ്യൽ സ്റ്റഡീസിലായിരുന്നു താൽപ്പര്യം എന്നായിരുന്നു ആത്മകഥ പറയുന്നു. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ തത്ത്വചിന്തയും കുടുംബത്തെ ആഴത്തിൽ സ്വാധീനിച്ചു. അതോടെ പിത്രോഡയെയും സഹോദരനെയും ഗുജാറാത്തിൽപോയി പഠിപ്പിക്കാൻ കുടുംബം തീരുമാനിച്ചു. അങ്ങനെ അവർ ഒഡീഷയിൽനിന്ന് ഗുജറാത്തിലെത്തി.

ഗുജറാത്തിലെ വല്ലഭ് വിദ്യാനഗറിൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും ഇലക്ട്രോണിക്സിലും ബിരുദാനന്തര ബിരുദം നേടി. സ്‌കൂൾ പഠനത്തിന്റെ അവസാന കാലത്താണ് അദ്ദേഹം സയൻസിൽ അതിതീവ്രമായ കമ്പം കയറുന്നത്. ഫിസിക്സിലും ഇലട്രോണികിസിലുമെല്ലാം, റാങ്കിന് അടുത്ത് മാർക്കുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് വലിയഒരു അവസരമാണ് തുറന്നത്. അദ്ധ്യാപകർ അദ്ദേഹത്തെ അമേരിക്കയിൽ ഉപരിപഠനത്തിന് ക്ഷണിച്ചു. തുടർന്ന്, 1964-ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി, ഷിക്കാഗോയിലെ ഇല്ലിനോയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി.

ആ പഠനമാണ് പിത്രോഡയെ മാറ്റി മറിച്ചത്. 1966-ൽ ഷിക്കാഗോയിൽ ജിടിഇ അഥവാ ജനറൽ ടെലിഫോൺ ആൻഡ് ഇലട്രോണിക്ക്സ് കോർപ്പറേഷൻ എന്ന വിഖ്യാതമായ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. ലോകത്തിലെ ഇലട്രോണിക്സ് -ടെലികോം രംഗം വികസിച്ചുവരുന്ന സമയമായിരുന്നു അത്. അവിടെ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ സാം അമേരിക്കയെയ ഞെട്ടിച്ചു.

1975-ൽ ഇലക്ട്രോണിക് ഡയറി കണ്ടുപിടിച്ചതിനാൽ ഹാൻഡ്-ഹെൽഡ് കമ്പ്യൂട്ടിംഗിന്റെ സ്ഥാപകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1974-ൽ പിട്രോഡ വെസ്‌കോം സ്വിച്ചിംഗിൽ ചേർന്നു. ഇത് ലോകത്തെ ആദ്യത്തെ ഡിജിറ്റൽ സ്വിച്ചിങ് കമ്പനികളിലൊന്നായിരുന്നു. ഏകദേശം നാല് വർഷത്തിനുള്ളിൽ അദ്ദേഹം 580 ഡിജിറ്റൽ സ്വിച്ചുകൾ വികസിപ്പിച്ചെടുത്തു. ഇത് 1978-ൽ പുറത്തിറങ്ങി. 1980-ൽ വിഖ്യാതമായ റോക്ക്വെൽ ഇന്റർനാഷണൽ വെസ്‌കോമിനെ ഏറ്റെടുത്തു.

വെസ്‌കോമിൽ തിളങ്ങിനിന്ന സാമിനെ അവഗണിക്കാൻ റോക്ക്വെല്ലിന് ആയിട്ടില്ല. അവിടെ പിട്രോഡ വൈസ് പ്രസിഡന്റായി. എഞ്ചിനീയറായിരുന്ന നാല് പതിറ്റാണ്ടുകൾക്കിടയിൽ, പിട്രോഡ ടെലികമ്മ്യൂണിക്കേഷനിൽ നിരവധി പേറ്റന്റുകൾ ഫയൽ ചെയ്തു. മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള ഇടപാട് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.

യുഎസ് പൗരത്വം കളഞ്ഞ് ഇന്ത്യയിലേക്ക്

ഒരു ഇന്ത്യക്കാരൻ അമേരിക്കയിൽ നേട്ടം കൊയ്യുന്നത് കണ്ടപ്പോഴാണ് രാജീവ് ഗാന്ധിക്ക് ആ ബുദ്ധി ഉദിച്ചത്. എന്തുകൊണ്ട് പിട്രോഡെയുടെ സേവനങ്ങൾ രാജ്യത്തിന് പ്രയോജനപ്പെടുത്തിക്കൂടാ. നേരത്തെ ഇന്ദിരാഗാന്ധിയുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. ഇന്ദിരയും സാമിന്റെ ഉപദേശങ്ങൾ പരിഗണിച്ചിരുന്നു. 

പിട്രോഡയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയതിൽ രാജീവിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയിൽ ടെലികോം വിപ്ലവം നടക്കുന്ന സമയമായിരുന്നു അത്. മികച്ച സാങ്കേതിക വിദഗ്ദ്ധർ തനിക്കൊപ്പമുണ്ടാകണമെന്ന് രാജീവ് ഗാന്ധിക്ക് നിർബന്ധമുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയുടെ കാലത്ത് തന്നെ, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഉദാരവത്കരണത്തിന്റെ തുടക്കമിട്ടു കഴിഞ്ഞിരുന്നു. രാജീവിന്റെ കാലത്ത് ടെലികോം മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

1985-ൽ ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് വേർപ്പെടുത്തി ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോമിന് രൂപം നൽകിയത് ടെലികോം മേഖലയ്ക്ക് സ്വന്തമായ അസ്തിത്വം നൽകി. പബ്ലിക് കോൾ ഓഫിസുകൾ അഥവാ ടെലിഫോൺ ബൂത്തുകൾ നാട്ടിൽ വ്യാപകമായി സ്ഥാപിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് അങ്ങനെ സാം പിട്രോഡ നേതൃത്വം നൽകിയ സംഘത്തിന് നേടാനായി. ടെലികോം കമ്മീഷന്റെ സ്ഥാപക ചെയർപേഴ്‌സണായി രാജീവ് പിട്രോഡയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ടെക്‌നോളജി മിഷൻ ഉപദേഷ്ടാവായി സാം മാറി.

ടെലികോം മേഖലയിൽ ഒതുങ്ങുന്നതല്ല പിട്രാഡയുടെ സേവനങ്ങൾ.
1987-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന കാലത്ത് ടെലികമ്മ്യൂണിക്കേഷൻ, ജലം, സാക്ഷരത, പ്രതിരോധ കുത്തിവയ്‌പ്പ്, ഡയറി, എണ്ണക്കുരു എന്നിവയുമായി ബന്ധപ്പെട്ട ആറ് സാങ്കേതിക ദൗത്യങ്ങൾക്ക് പിട്രോഡ നേതൃത്വം നൽകി. ഒരു ഇന്ത്യൻ വിവര വ്യവസായം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ നേതാവായി അദ്ദേഹം രാജീവ് ഗാന്ധിയ്‌ക്കൊപ്പം ഒരു ദശാബ്ദത്തോളം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ജനനം പോലെ വിദൂര ഗ്രാമങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഡിജിറ്റൽ ടെലികമ്മ്യൂണിക്കേഷൻ വ്യാപിപ്പിക്കുക എന്നതായിരുന്നു ചുമതല. അതിനായി പിട്രോഡ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) എന്ന സ്ഥാപനവും തുടങ്ങി.

അമേരിക്കയിൽ വർഷങ്ങളായി ജോലിചെയ്യുന്ന അദ്ദേഹത്തിന് സ്വാഭാവികമായി ആ പൗരത്വം കിട്ടി. പക്ഷേ ഇന്ത്യൻ ഗവൺമെന്റിൽ ജോലി ചെയ്യുന്നതിനായി വീണ്ടും ഇന്ത്യൻ പൗരത്വം എടുക്കേണ്ടതുണ്ട്. അതിനായി അദ്ദേഹം യുഎസ് പൗരത്വം ഉപേക്ഷിച്ചു. ഇന്ന് പിട്രോഡയെ രാജ്യസ്നേഹം പഠിപ്പിക്കുന്ന നേതാക്കളിൽ എത്രപേർ, ഇതുപോലെ ചെയ്യും

മന്മോഹൻ വന്നപ്പോൾ മടങ്ങിയെത്തി

കമ്പ്യൂട്ടർ അടങ്ങുന്ന ടെലികമ്യൂണിക്കേഷൻ മേഖലയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് പിട്രോഡ നേരത്തെ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തെ, കോർപ്പറേറ്റകളുടെ ഏജന്റായും, സാമ്രാജ്വത്വ ദാസനായും, അമേരിക്കൽ ചാരനായുമൊക്കെ ചിത്രീകരിക്കയാണ് ഇവിടുത്തെ ഇടതുപക്ഷം അടക്കം ചെയ്തത്. ഒരു കാലത്ത് കേരളത്തിലെ നേതാക്കളുടെ പ്രസംഗത്തിലടക്കം സാം പിത്രോഡ എന്ന ബൂർഷ്വ കടന്നുവരുമായിരുന്നു. പക്ഷേ ലക്ഷങ്ങൾ വരുമാനുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അമേരിക്കയിൽനിന്ന് ഇന്ത്യയിൽ എത്തിയതെന്ന് അവർ മറച്ചുപിടിച്ചു.

രാജ്യത്തിലെ മുക്കിലും മൂലയിലും എത്തുന്ന ഒരു ടെലികോ ശൃംഖല രാജീവ് ഗാന്ധിയുടെയും സ്വപ്നമായിരുന്നുവെന്ന് പിട്രോഡ തന്റെ ആത്മകഥയിലും പറയുന്നുണ്ട്. പക്ഷേ വിർശനങ്ങൾ രാജീവിനെയും തളർത്തി. രാജീവ്ഗാന്ധിയുടെ ദാരുണ മരണത്തോടെ പിത്രോഡക്ക് കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള പിന്തുണയും കുറഞ്ഞു. പിട്രോഡ- രാജീവ്ഗാന്ധി ടീം തുടർന്നിരുന്നെങ്കിൽ ഇന്ത്യ വികസനകാര്യത്തിൽ എത്രയോ മുന്നിലെത്തുമായിരുന്നെന്ന് പിന്നീട് വിലയിരുത്തലുകൾ ഉണ്ടായി.

1990കളിൽ പിട്രോഡ തന്റെ ബിസിനസ് താൽപ്പര്യങ്ങൾ പുനരാരംഭിക്കുന്നതിനായി അദ്ദേഹം ഷിക്കാഗോയിലേക്ക് മടങ്ങി. 1995 മെയ് മാസത്തിൽ അദ്ദേഹം ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ വേൾഡ് ടെൽ സംരംഭത്തിന്റെ ആദ്യ ചെയർമാനായി. 2004- ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വന്ന പ്രധാനമന്ത്രി മന്മോഹൻ സിങ് അദ്ദേഹത്തെ നാഷണൽ നോളജ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ തലവനായി ക്ഷണിച്ചു. പിന്നീടും അദ്ദേഹത്തെ തേടി പദവികൾ എത്തി. മന്മോഹനോടൊപ്പം ജോലി ചെയ്ത കാലം രാജീവ്ഗാന്ധിക്കൊപ്പമെന്നപോലെ നല്ല സമയം ആയിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

2009 ജൂലൈയിൽ, റെയിൽവേയിലെ ഐസിടിയിൽ ഒരു വിദഗ്ധ സമിതിയുടെ തലവനായി പിട്രോഡയെ ഇന്ത്യാ ഗവൺമെന്റ് ക്ഷണിച്ചു. 2009 ഒക്ടോബറിൽ, പിട്രോഡയെ കാബിനറ്റ് മന്ത്രി പദവിയിൽ പബ്ലിക് ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ, ഇന്നൊവേഷൻസ് എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഉപദേശകനായി നിയമിച്ചു. 2013- ൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറായി നിയമിച്ചു .2017ൽ ലിഥിയം മെറ്റൽ ക്ലീൻ ടെക്‌നോളജി കമ്പനിയായ ആൽഫ-എൻ കോർപ്പറേഷന്റെ ചെയർമാനായി നിയമിതനായി.

രാജീവ് ഗാന്ധിയെപ്പോലെ, രാഹുൽ ഗാന്ധിയുമായും നല്ല ബന്ധമാണ് പിട്രോഡ്ക്ക്. ഈ 81ാം വയസ്സിലും അദ്ദേഹം ലോകത്തിന്റെ ഇലട്രോണിക്ക്- ടെലികമ്യുണിക്കേഷൻ മേഖലയിലെ അതോരിറ്റിയാണ്. ലോകത്തിലെ പ്രമുഖമായ പത്ത് സർവകാലാശാലകൾ അദ്ദേഹത്തിന് ഓണററി ഡിലിറ്റ് നൽകിയിട്ടുണ്ട്. ഇപ്പോഴും ലോകത്തിൻെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം ക്ലാസ് എടുക്കുന്നു. പേറ്റന്റുകളിലുടെയും മറ്റും കിട്ടുന്ന ഭീമായ വരുമാനത്തിന്റെ നല്ലൊരു ഭാഗവും പിട്രോഡ ജീവകാരുണ്യ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതും. ആക്ഷൻ ഫോർ ഇന്ത്യ, പീപ്പിൾ ഫോർ ഗ്ലോബൽ ട്രാൻസ്ഫർമേഷൻ, ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ്‌വർക്ക്, ഗ്ലോബൽ നോളജ് ഇനിഷിയേറ്റീവ് തുടങ്ങിയ സംഘടനകളിലൂടെ ദാരിദ്ര്യ ലഘൂകരണത്തിനും, സ്ത്രീ ശാക്തീകരണത്തിനും, ശാസ്ത്ര- സാങ്കേതിക വികസനത്തിനും അദ്ദേഹം പരിശ്രമിക്കുന്നു.


എന്നും വിവാദനായകൻ

ഈ രീതിയിൽ ലോകം ബഹുമാനിക്കുന്ന ഒരു സാങ്കേതിക വിദഗ്ധനാണെങ്കിലും, പ്രസ്താവനകൾ കാരണം നിരന്തരം വിവാദങ്ങളിൽ ചെന്നുചാടുന്നയാളുമാണ് പിട്രോഡ. 2019-ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സാം കാരണം കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു. ''എല്ലാ ദരിദ്ര കുടുംബങ്ങളും മിനിമം വേതനം ഉറപ്പാക്കുന്നതിനായി കൂടുതൽ നികുതി അടയ്ക്കാൻ മധ്യവർഗം തയാറാകണം, സ്വാർത്ഥരാകരുത്'' എന്ന പരാമർശം വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഭരണഘടനയ്ക്കു രൂപം നൽകിയതിൽ ബി.ആർ.അംബേദ്കറെക്കാൾ പങ്ക് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനാണെന്ന പിട്രോഡയുടെ പരാമർശവും വിവാദമായി. വിവാദമായതോടെ, പോസ്റ്റ് പിൻവലിച്ചു. 1984 ലെ സിഖ് വിരുദ്ധ കലാപത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഹുവാ തോ ഹുവാ (കഴിഞ്ഞതു കഴിഞ്ഞു) എന്ന മറുപടി നൽകിയ സാം പിത്രോഡയെ 2019 ൽ രാഹുൽ ഗാന്ധിക്ക് പരസ്യമായി വിമർശിക്കേണ്ടി വന്നു. സാം പിട്രോഡ രാജ്യാന്തര മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാനു നൽകിയ അഭിമുഖവും വിവാദമായിരുന്നു. ''ഒരു വിഭാഗം രാമക്ഷേത്രത്തിനും ദൈവത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം തങ്ങളുടെ പൂർവികർ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് ഒരു ഹിന്ദുരാഷ്ട്രം നിർമ്മിക്കാനല്ല, പകരം ഒരു മതനിരപേക്ഷ രാജ്യത്തിനായാണെന്ന് പറയുന്നു. ഞങ്ങളാണ് ഈ ലോകത്ത് ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണം,''- ഇതാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ രാമക്ഷേത്രത്തിനും ദൈവത്തിനുമെതിവെ കോൺഗ്രസ് പറഞ്ഞു എന്നായി ബിജെപി പ്രചാരണം.

സാം പിട്രോഡയുടെ വാക്കുകളിൽ ബിജെപി കയറിപ്പിടിക്കുന്നതിന് പിന്നിലും മറ്റൊന്നുമല്ല. രാഹുൽ ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ്. രാഹുലിന്റെ രാഷ്ട്രീയ ഗുരുവാണ് സാം പിട്രോഡ എന്നാണ് മോദി ആക്ഷേപിക്കുന്നത്. ഇതിലൂടെ ബിജെപി ശ്രമിക്കുന്നത്, രാഹുലിന് ഉപരിവർഗക്കാരോട് മാത്രമാണ് അടുപ്പമെന്ന പ്രതീതി സൃഷ്ടിക്കാനാണ്.

സ്വത്ത് തട്ടിപ്പറിക്കൽ വിവാദം

ഈ തിരഞ്ഞെടുപ്പിൽ മോദി ഉയർത്തുന്ന ഏറ്റവും ശക്തമായ വാദമാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പൗരന്മാരുടെ സ്വത്ത് തട്ടിപ്പറിക്കുഗെമന്നത്. ഇതിന്റെ തുടക്കവും പിട്രോഡയിൽനിന്നാണ്. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്‌സിനെ കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പിട്രോഡ നടത്തിയ പരാമർശത്തിൽ കയറി പിടിച്ച മോദിയും ബിജെപിയും ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിന് ഈ പ്രസ്താവന ഉപയോഗിക്കയാണ്.

സാം പിട്രോഡയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.''ഇൻഹെറിറ്റൻസ് ടാക്‌സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാൾ മരണപ്പെട്ടാൽ അതിൽ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികൾക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോൾ നിങ്ങൾ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തിൽ ഒരു പങ്ക് പൊതുജനങ്ങൾക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം.

എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ മക്കൾക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങൾക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്‌നങ്ങൾ ജനം ചർച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനർവിതരണത്തേക്കുറിച്ച് ചർച്ചചെയ്യുമ്പോൾ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താത്പര്യത്തെ മുൻനിർത്തിയുള്ളതായിരിക്കും''- ഇത് സാം പ്രിട്രാഡയുടെ ഒരു വിഷൻ മാത്രമാണ്. ഇത് കോൺഗ്രസ് പോലും അംഗീകരിച്ചിട്ടില്ല. പക്ഷേ ഹിന്ദുക്കളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കം എന്നാക്കി വ്യാഖ്യാനിക്കാൻ ബിജെപിക്കായി.

പിട്രോഡയുടെ പരാമർശത്തോടെ കോൺഗ്രസ് പൂർണമായും തുറന്നുകാട്ടപ്പെട്ടെന്നും ഇന്ത്യക്കാർ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. മുസ്ലിംങ്ങൾ പെറ്റുകൂട്ടുന്നവരാണെന്നും സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാർക്ക് നൽകാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും മോദി കടുത്ത പ്രയോഗം നടത്തി.

പിന്നാലെ, നിരവധി വേദികളിൽ മോദി ഈ ആരോപണം ഉന്നയിച്ചു. കൂട്ടിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. പ്രസ്താവനകളിൽ വർഗീയനിറം ചാർത്തി ബിജെപി നേതാക്കൾ പ്രചാരണം കൊഴിപ്പിച്ചു. ഇതോടെ, പ്രതിരോധത്തിലായ കോൺഗ്രസ് സാം പിട്രോഡയെ തള്ളി രംഗത്തെത്തി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാവുക എന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിട്രോഡയുടെ ആശയങ്ങൾ ഞങ്ങളുടെ വായിൽ തിരുകുന്നതെന്നും ഖാർഗെ ചോദിച്ചു. ആ ചോദ്യത്തിൽ കോൺഗ്രസിന് പിട്രോഡയോടുള്ള അമർഷം മുഴുവനുമുണ്ടായിരുന്നു.അതിനുശേഷമാണ് വംശീയ അധിക്ഷേപ വിവാദം ഉണ്ടായത്. അതോടെ കോൺഗ്രസും മടുത്തുപോയി. ഒടുവിൽ, നെഹ്‌റു കുടുംബം സാം പിട്രോഡയോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ തന്നെ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പിട്രോഡ രാജിവച്ച് ഒഴിയുകയും ചെയ്തു.

'ഡിജിറ്റൽ ഇന്ത്യ മോദിയുടേത് അല്ല'

എന്തുകൊണ്ട് സാം പ്രിട്രോഡ അതിഭീകരമായി ആക്രമിക്കപ്പെടുന്ന എന്ന ചോദ്യത്തിനുള്ള മറുപടി അദ്ദേഹം ബിജെപിയുടെ പല കള്ളങ്ങളും പൊളിക്കാറുണ്ട് എന്നത് തന്നെയാണ്. ഡിജിറ്റൽ ഇന്ത്യ മോദിയുടേത് അല്ല എന്ന് അദ്ദേഹം അവർത്തിച്ച് പറയുന്നു. എറ്റവും അവസാനം മാതൃഭൂമി ദിനപ്പത്രത്തിന് നൽകി അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''സാമ്പത്തികാവസ്ഥ കേവലം ചില ഘടകങ്ങളെമാത്രം ആശ്രയിച്ചുനിൽക്കുന്നതല്ല. പണപ്പെരുപ്പം, ഭക്ഷ്യനാണ്യപ്പെരുപ്പം എന്നിവ വളരെ ഉയർന്നതോതിലാണ്. നമ്മുടെ രാജ്യത്ത് ഇരുപതോളം സമ്പന്നർ ഭൂരിഭാഗം സ്വത്തും കൈകാര്യംചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതെന്തുതരം സാമ്പത്തികാവസ്ഥയാണ്. ഈ വസ്തുതകളൊന്നും ചർച്ചചെയ്യപ്പെടുന്നില്ല. ചർച്ചകൾ പലപ്പോഴും ഗ്ലാമർ, ബോളിവുഡ്, ക്രിക്കറ്റ്, പണക്കാരുടെ വിഷയങ്ങൾ, ശക്തരായ ജനങ്ങളുടെ വിഷയങ്ങൾ എന്നിവയെക്കുറിച്ചാണ്.

എല്ലാവരും വിചാരിക്കും ഇതാണ് ഇന്ത്യയെന്ന്. അതുപോലെ രാജ്യം കൈവരിച്ചിരിക്കുന്ന സാങ്കേതികമുന്നേറ്റം കേവലം അഞ്ചുവർഷംകൊണ്ടോ പത്തുവർഷംകൊണ്ടോ സൃഷ്ടിക്കപ്പെട്ടതല്ല. ഞങ്ങളാണ് ഇതിന്റെ വിത്തുകൾ വിതച്ചത്. ടെലികോമിനും ഐ.ടി.ക്കും ഞങ്ങൾ വിത്തിട്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയിരുന്ന് നമുക്ക് സംസാരിക്കാൻകഴിയില്ല. ഡിജിറ്റൽ ഇന്ത്യ ബിജെപി.യുടെ ആശയമല്ല. ഇത് മന്മോഹൻസിങ്ങിന്റെ കാലത്ത് തുടങ്ങിയതാണ്. എൻ.ഐ.സി.ക്ക് രൂപംകൊടുത്തത് രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ്.

അതൊരു 40 വർഷത്തെ യാത്രയാണ്. രാജ്യം ഒരുദശകംകൊണ്ട് നിർമ്മിക്കപ്പെടുന്നതല്ല. പലദശകങ്ങൾകൊണ്ടാണ് രാജ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. ആയിരക്കണക്കിന് ടെലികോം എൻജിനിയർമാർ സൃഷ്ടിച്ചതാണ് ഇന്ത്യയുടെ ടെലികോം വിപ്ലവം. ഇത്രയും ചെയ്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ബിജെപി.യുടെ അവകാശവാദങ്ങളിൽ എനിക്ക് പരാതിയില്ല. എന്നാൽ, ഈ സാങ്കേതികവികാസത്തിന്റെ മറവിൽ നമ്മുടെ അസന്തുലിതാവസ്ഥ, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയൊന്നും മറച്ചുവെക്കരുത്. ബിജെപി. എന്ത് അവകാശവാദവും ഉയർത്തട്ടെ, രാജ്യത്തെ ജനങ്ങൾക്ക് യാഥാർഥ്യമറിയാം. വിക്രം സാരാഭായ് ഇല്ലാതെ രാജ്യത്തിന് ബഹിരാകാശപദ്ധതിയില്ല !''- പിട്രോഡ പറയുന്നു.

അതായത് ഞങ്ങളാണ് എല്ലാം എന്ന് മോദിയും ബിജെപിയും പറയുമ്പോൾ അങ്ങനെ അല്ല എന്ന് കോൺഗ്രസിന് കാണിച്ചുകൊടുക്കാനുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഈ മനുഷ്യൻ. വാക്കുകൾ വ്യാഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടാനുള്ള അജണ്ടക്ക് പിന്നിലും മറ്റൊന്നുമായിരിക്കില്ല.

വാൽക്കഷ്ണം: സാം പിട്രോഡ പറയുന്നത് നോക്കുക.''ഏതു നിലയ്ക്കാണെങ്കിലും 2024-ലെ തിരഞ്ഞെടുപ്പ് ഒരു ഗെയിം ചെയ്ഞ്ചറായിരിക്കും. ബിജെപി.യാണ് വിജയിക്കുന്നതെങ്കിൽ, കൂടുതൽ ഏകാധിപത്യമരങ്ങേറും. ജനാധിപത്യം തകർക്കപ്പെടും. മതാധിഷ്ഠിത മൗലികവാദം ശക്തമാകും. തൊഴിലില്ലായ്മ വർധിക്കും. ഡോളറിന്റെ വില 100 രൂപയാകും. എന്നാൽ, ബിജെപി. പരാജയപ്പെട്ടാൽ, ജനാധിപത്യം തിരികെ ശരിയായ പാതയിലെത്തും. സർവകലാശാലാ വൈസ്ചാൻസലർമാർ കേവലം ആർ.എസ്.എസുകാരാകില്ല. തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമാകും. സുപ്രീംകോടതിക്ക് സ്വാതന്ത്ര്യം ലഭിക്കും''. ഇങ്ങനെ രൂക്ഷമായി വിമർശിക്കുന്നതുകൊണ്ടുതന്നെയാവണം ബിജെപി അദ്ദേഹത്തെ നോട്ടമിടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP