Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്‌സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത

'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്‌സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത

എം റിജു

മ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്ത ഇറാക്കിലെ സദ്ദാം ഹൂസൈൻ മരിച്ചപ്പോൾ, കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഹർത്താൽ നടത്തിയത് ഓർമ്മയില്ലേ. അത്രക്ക് ഒന്നുമില്ലെങ്കിലും ഈയിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോഴും, കേരളത്തിലെ സോഷ്യൽ മീഡിയയിൽ കണ്ണീരനുശോചന പ്രവാഹങ്ങൾ ആയിരുന്നു. പക്ഷേ ഇറാനിൽ തീരെ ചെറുതല്ലാത്ത ഒരു കൂട്ടും, റെയ്സിയുടെ മരണം ആഘോഷിക്കുന്നത് പോലും കാണാം. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കയാണ്. ഹിജാബ് ധരിച്ചില്ലെന്നതിന്റെ പേരിൽ ഇറാനിയൻ മതകാര്യപൊലീസ് തല്ലിക്കൊന്ന മഹ്‌സ അമിനിയുടെ ജന്മനാടായ, കുർദിഷ് സിറ്റി സാക്വസിൽ പടക്കങ്ങൾ പൊട്ടിക്കുന്ന വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യത്തിന് പുറത്തുള്ള ഇറാനികൾ റെയ്സിയുടെ ക്രൂരതകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

അതിവേഗം മുന്നോട്ട് കുതിക്കാൻ വെമ്പുന്ന ഒരു ജനത ഇറാനിലുണ്ട്. വിദ്യാഭ്യാസത്തിലുടെ ഉയർന്ന് അവർ ആധുനികതയെ പുൽകാൻ വെമ്പുമ്പോൾ, ഇസ്ലാമിക കാർക്കശ്യത്തിന്റെ കൂട്ടിലടച്ച ആ സമൂഹത്തെ പിന്നോട്ട് നടത്തുകയാണ് റെയ്സി അടക്കമുള്ള നേതാക്കൾ ചെയ്തത് എന്നാണ്, ഇറാനിലെ പുരോഗമനവാദികളായ എഴുത്തുകാരും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും പ്രതികരിക്കുന്നത്.

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നൂറുകണക്കിന് മരണങ്ങൾക്ക് ഉത്തരവാദിയായ ഒരാളുടെ മരണത്തിൽ വിലപിക്കാൻ അവർ തയാറല്ലെന്നാണ്് ഇറാനിലെ സ്ത്രീപക്ഷോഭങ്ങളുടെ അമരക്കാർ പറയുന്നത്. മഹ്സയുടെ മരണത്തോടെ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യങ്ങളോടെ രാജ്യത്താകെ അലയടിച്ച പ്രതിഷേധങ്ങളിൽ 19,000-ത്തിലധികം പേരയാണ് ജയിലിലടച്ചത്. 60 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 500 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇത് ഔദ്യോഗിക കണക്കാണ്. ശരിക്കും കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ കൂടും. ഹിജാബ് നിയമങ്ങൾ നിരസിച്ചതിന് സ്ത്രീകളെ പൊലീസ് അക്രമാസക്തമായി അറസ്റ്റ് ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

ഇറാൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സംബന്ധിച്ചിടത്തോളം ഞെട്ടലും വേദനയും ആണ് റെയ്സിയുടെ മരണം. സ്ത്രീ പ്രക്ഷോഭത്തെയടക്കം കണ്ണിൽ ചോരയില്ലാതെ അടിച്ചമർത്തിയും, ഇസ്രയേലിനെതിരെ കടുത്ത നടപടികൾ എടുത്തും, ഇസ്ലാമിക കാർക്കശ്യത്തിന്റെ അവസാന വാക്കായിരുന്നു റെയ്സി. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ മരണം, പ്രതിസന്ധിയേക്കാൾ കൂടുതൽ അധികാര പോരാട്ടങ്ങൾക്കുള്ള വേദി തുറക്കുകയാണ് ചെയ്യുന്നത് എന്ന് ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കാരണം, ഇറാനെ സംബന്ധിച്ച പ്രസിഡന്റ് അല്ല പ്രധാനം. പരമോന്നത നേതാവാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയുടെ പിൻഗാമിയായി പലരും കണ്ടിരുന്നത് ഇബ്രാഹിം റെയ്‌സിയെ ആയിരുന്നു. 85കാരായ അലി ഖൊമേനി മാറുമ്പോൾ ഇനി അടുത്ത പരമോന്നത നേതാവ് ആരാണെന്നാണ് ഇറാനെ കുഴക്കുന്ന ചോദ്യം. അല്ലാതെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്നത് അവർക്ക് വെറും സാങ്കേതികകാര്യം മാത്രമാണ്.

ആഗോള ഇസ്ലാമിക നേതൃത്വം

ഇന്ന് ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിലെ നേതൃത്വപദവി ആഗ്രഹിക്കുന്ന രാജ്യമാണ് ഇറാൻ. ആണവശക്തിയും, ആരോടും കിടപിടിക്കുന്ന സൈനിക ശക്തിയുമാണ് ഈ രാജ്യം. അതുകൊണ്ടുതന്നെ ഇറാനിൽ ആരാണ് പരമോന്നത നേതാവായി വരുന്നത് എന്നത് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. ഇന്ന് ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഒക്കെയും, തീവ്രവാദ സംഘടനകള്ൾക്കുള്ള ഫണ്ടിങ്് നിർത്തിയിരിക്കയാണ്. പക്ഷേ അപ്പോഴും ഷിയാ രാജ്യമായ ഇറാൻ, ഹൂത്തി വിമതർ തൊട്ട് ഹമാസിന്വരെ കൃത്യമായി ധനസഹായമെത്തിക്കുന്നു. സത്താനിക്ക് വേഴ്സസ് എന്ന നോവലിന്റെ പേരിൽ സൽമാൻ റുഷ്ദിയെ കൊല്ലാൻ ഫ്ത്വ പുറപ്പെടുവിച്ചത്്, ഇറാന്റെ അൾട്ടിമേറ്റ് ലീഡറായ ആയത്തുള്ള ഖെമേനിയായിരുന്നു. അതിന്റെ പേരിലാണ്, 35 വർഷങ്ങൾക്ക്ശേഷം റുഷ്ദി ക്രൂരമായി ആക്രമിക്കപ്പെട്ടതും, അദ്ദേഹത്തിന്റെ ഒരു കണ്ണ് പോയതും!

ഏത് നിമിഷവും മറ്റുള്ളവരുമായി പേരാടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രം കൂടിയാണ് ഇറാൻ. ഇറാനും, ഇറാഖും തമ്മിൽലുള്ള യുദ്ധം നാം ഏറെ വായിച്ചതാണ്. ഇറാനും അമേരിക്കയുമായുള്ള ശത്രുത തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ ഇറാനും ഇസ്രയേലും തമ്മിലാണ് പ്ര്ശനം. ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളായിരുന്നിട്ടുകൂടി, ഇറാനും, ഇറാഖും, സൗദിയും, പാക്കിസ്ഥാനും തമ്മിലൊക്കെ കടുത്ത ഭിന്നതയാണ്.

ഇസ്ലാമിലെ രണ്ടു അവാന്തര വിഭാഗങ്ങളായ, സുന്നികളും ഷിയകളും തമ്മിലുള്ള നൂറ്റാണ്ടുകൾ മുമ്പുള്ള തർക്കം തന്നെയാണ്, ഇതിന്റെ അടിസ്ഥാനകാരണം.
എ. ഡി 632 -ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മരണശേഷം, സുന്നികൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകൾ, ഇസ്ലാമിക സമൂഹത്തിന്റെ ഖലീഫയായി അബൂബക്കർ വരണമെന്ന് പറയുന്നു. അതേസമയം മറ്റൊരു വിഭാഗം മുഹമ്മദ് നബിയുടെ പിൻഗാമിയായി അലി വരണം എന്ന് വാദിച്ചു. അലിയുടെ പിന്തുടർച്ചക്കാരാണ് ഷിയാക്കൾ. ഈ തർക്കം മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു, ഇതിന്റെ പേരിൽ വലിയ രക്തച്ചൊരിച്ചിലുകളുണ്ടായി. ആ സുന്നി, ഷിയ പിളർപ്പിന്റെ അനുരണനങ്ങൾ ഇന്നും തുടരുകയാണ്.

ഇറാൻ ഒരു ഷിയാ രാഷ്ട്രമാണ്. എന്നാൽ സുന്നി രാഷ്ട്രങ്ങളാണ് പാക്കിസ്ഥാനും, ഇറാഖും. പാക്കിസ്ഥാനിലൊക്കെ ഇന്നും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഷിയാക്കൾ. എന്നാൽ തങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇറാനിൽ അവർ തന്നെ പീഡകർ ആവുന്നു. ഇറാഖിലെയും, പാക്കിസ്ഥാനിലെയും സുന്നി ഗ്രൂപ്പുകൾ തങ്ങളെ ലക്ഷ്യമിടുന്നുവെന്നതാണ് ഇറാന്റെ പ്രധാന പ്രശ്നമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.


യഥാസ്ഥിതികരുമായി പോരാട്ടം

പ്രമുഖ ഷിയാ വിഭാഗമായ 'ട്വെൽവർ ഷിയായിസ'ത്തിൽ ഊന്നിയാണ് ഇറാനും അവിടുത്തെ ഭരണകൂടവും നിലനിൽക്കുന്നത്. ഷിയാ മുസ്ലീങ്ങളിൽ 85 ശതമാനം ഉൾപ്പെടുന്ന ഷിയാ ഇസ്ലാമിന്റെ ഏറ്റവും വലിയ ശാഖയാണ് 'ട്വെൽവർ ഷിയായിസം'. ഇതാണ് ഇറാന്റെ ഔദ്യോഗിക മതം. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം പ്രധാനമായും ഇറാൻ രാഷ്ട്രീയം രണ്ട് വിഭാഗങ്ങളെ ആണ് ഉൾക്കൊണ്ടത്. 'ട്വെൽവർ ഷിയായിസ'ത്തിന്റെ നിബന്ധനകൾ കർശനമായി പാലിക്കുകയും അത് സമൂഹത്തിൽ നടപ്പിലാക്കുകയും ചെയ്യണമെന്ന് വിശ്വസിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗമാണ് ഒന്നാമത്തേത്. പാശ്ചാത്യ സാമ്രാജ്യത്തിന് എതിരായ ആശയപരമായ പോരാട്ടമായാണ് ഇസ്ലാമിക വിപ്ലവത്തെ ഇവർ അവതരിപ്പിക്കുന്നത്. ഇവർക്ക് രാജ്യത്ത് വലിയ തോതിലുള്ള പിന്തുണയുണ്ട്.

സ്വാഭാവികമെന്നോണം പുരോഗമന വാദികളാണ് രണ്ടാം വിഭാഗം. വിപ്ലവത്തോട് ചേർന്ന് നിൽക്കുമെങ്കിലും ആഭ്യന്തര - അന്താരാഷ്ട്ര കാര്യങ്ങളിൽ കൂടുതൽ അയവ് വരുത്തണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ, സിവിൽ സമൂഹത്തെ ശക്തിപ്പെടുത്തൽ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ, പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ ബന്ധം തുടങ്ങിയ ആവശ്യങ്ങൾ ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്. ഈ തർക്കങ്ങൾക്ക് ഇടയിലാണ് ഇറാൻ രാഷ്ട്രീയം വികസിക്കുന്നത്.ശക്തമായ ജനപിന്തുണ ഉള്ളതിനാൽ ഇറാന്റെ വിപ്ലവാനന്തര ചരിത്രത്തിലും ഭരണസ്ഥാനങ്ങളിൽ യാഥാസ്ഥിതികർക്ക് തന്നെയാണ് ആധിപത്യം. എന്നാൽ പുരോഗമനവാദികളെ തൃപ്തിപ്പെടുത്തുന്ന നേതാക്കളും ഉന്നതതലങ്ങളിൽ വന്ന് പോയിട്ടുണ്ട്.

ഇറാന്റെ രാഷ്ട്രീയ സാഹചര്യം യാഥാസ്ഥിതികർക്ക് അനുകൂലമായ നിലയിലാണ് എപ്പോഴും നിലനിന്നിരുന്നത്. ഗസ്സക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളും ഫലസ്തീൻ വിഷയങ്ങളും ഇതിനെ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായി മോശം ബന്ധമാണ് പലപ്പോഴും ഇറാന് ഉണ്ടായിരുന്നത്. 2015-ലെ ഇറാനും പാശ്ചാത്യശക്തികളും തമ്മിലുള്ള സംയുക്ത സമഗ്രമായ ആക്ഷൻ പ്ലാനിൽ നിന്ന് പിന്നീട് ഡൊണാൾഡ് ട്രംപ് പിന്മാറിയതോടെ ഈ ബന്ധത്തിൽ വിള്ളൽ വന്നു. യുഎസ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം ക്രമാനുഗതമായി വഷളായി. 2020-ൽ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങൾ തങ്ങളുടെ സ്വാധീനം നിലനിർത്താൻ യാഥാസ്ഥിതിക വാദികളെ സഹായിച്ചിട്ടുണ്ട്. ഇവിടെയാണ് അടുത്ത പരമോന്നത നേതാവ് എന്ന ചോദ്യം വരുന്നത്.

അടുത്ത പരമോന്നത നേതാവ് ആര്?

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന സ്ഥാനം ഇറാനിൽ രൂപപ്പെട്ടത്. പ്രസിഡന്റും പാർലമെന്റും ജുഡീഷ്യറിയുമെല്ലാം പ്രവർത്തിക്കുമ്പോഴും ഇറാന്റെ സമഗ്രാധികാരം ആത്മീയനേതാവിന്റെ കൈകളിലാണ്. സായുധസേനയ്ക്കുമേൽ പ്രസിഡന്റിനോ പാർലമെന്റിനോ അധികാരമില്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാൻ പ്രത്യേക സമിതിയാണ് പ്രവർത്തിക്കുന്നത്. പരമോന്നത നേതാവാണ് രാജ്യത്തിന്റെ എല്ലാ നയങ്ങളുടേയും തീരുമാനങ്ങളുടേയും യുദ്ധപ്രഖ്യാപനങ്ങളുടേയുമെല്ലാം അവസാനവാക്ക്. സർക്കാരിന്റെ എല്ലാ തലങ്ങളിലും നേതാവിന്റെ പ്രതിനിധികളുണ്ടാവും. പ്രസിഡന്റ്. പാർലമെന്റ്, വിദഗ്ധ സഭ, ഗാർഡിയൻ കൗൺസിൽ, എക്‌സ്പീഡിയൻസി കൗൺസിൽ, ജുഡീഷ്യറി, സുരക്ഷാകൗൺസിൽ തുടങ്ങിയവയാണ് വിവിധ അധികാരഘടന. സായുധ സേന, ജുഡീഷ്യറി, സ്റ്റേറ്റ് ടെലിവിഷൻ, ഗാർഡിയൻ കൗൺസിൽ, എക്‌സ്‌പെഡിയൻസി ഡിസ്സർൺമെന്റ് കൗൺസിൽ തുടങ്ങിയ മറ്റ് പ്രധാന സർക്കാർ സംഘടനകളും പരമോന്നത നേതാവിന് വിധേയമാണ്. പരമോന്നത നേതാവിനെ നിയമപരമായിഅലംഘനീയനാണ്. ഇറാനികൾ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനോ അപമാനിക്കുന്നതിനോ ശ്രമിച്ചാൽ പതിവുചടങ്ങായി ശിക്ഷിക്കപ്പെടും.

ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം റെയ്‌സിയുടെ മരണം ഇറാനെ എത്രത്തോളം ബാധിക്കുമെന്നതാണ്. അതിൽ പ്രധാനം അടുത്ത നേതാവ് ആരാകുമെന്നതാണ്. 85 വയസ്സിലേറെയുണ്ട് നിലവിലെ പരമോന്നത നേതാവിന്. ഇബ്രാഹി റെയ്‌സി ഇറാന്റെ അടുത്ത പരമോന്നത നേതാവാകും എന്ന കണക്കുകൂട്ടലുകൾ നിലനിന്നിരുന്നു. ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു റെയ്‌സി. വളരെ അനുഭവസമ്പത്തും പ്രവർത്തി പരിചയവും ഉള്ള ആളായാണ് റെയ്‌സിയെ ഖൊമേനിയും കണ്ടിരുന്നത്.

എന്നാൽ റെയ്സിയുടെ മരണത്തോടെ ആയത്തുള്ള അലി ഖൊമേനിയുടെ മകൻ മൊജ്താബ ഈ സ്ഥാനത്തേക്കെത്തും എന്നുറപ്പായി. പരമോന്നത നേതാവിലേക്കുള്ള മൊജ്താബയുടെ പ്രധാന എതിരാളിയായിരുന്നു റെയ്‌സി. എന്നാൽ മൊജ്താബ ഈ സ്ഥാനത്തേക്ക് എത്തുന്നതിലും എതിർപ്പുകൾ പ്രകടമാവാൻ സാധ്യതയുണ്ട്. കാരണം അദ്ദേഹം ഒരു സർക്കാർ പദവിയും വഹിക്കുന്നില്ല, മാത്രമല്ല പൊതുവേദികളിൽ നിരന്തരം പ്രത്യക്ഷപ്പെടുകയോ പൊതുജനങ്ങളുമായി സംവദിക്കുകയോ ചെയ്യുന്ന ഒരു നേതാവല്ല മൊജ്താബ. പരമോന്നത നേതാവിന് ഏതെങ്കിലും തരത്തിലുള്ള നിയമസാധുത ലഭിക്കണമെങ്കിൽ നിലവിലെ മതവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ജനങ്ങളിൽ നിന്ന് ആധികാരിക പിന്തുണയുണ്ടായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

പ്രസിഡന്റ് റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഒന്നാം വൈസ് പ്രസിഡന്റായ മൊഹമ്മദ് മൊഖ്ബർ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റിട്ടുണ്ട്. പരമോന്നത നേതാവിന്റെ അനുമതിയോടെയാണ് മൊഖ്ബർ നിയമിതനായത്. ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ച് പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി അധികാരമേൽക്കാം. ഇടക്കാല പ്രസിഡന്റ് ചുമതലയേറ്റ് 50 ദിവസത്തിനുള്ളിൽ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം. പരമോന്നത നേതാവ് അയത്തൊള്ള ഖമീനിയുടെ വിശ്വസ്തനാണ് മൊഖ്ബറും. 2025-ലായിരുന്നു ഇബ്രാഹിം റെയ്സിയുടെ കാലാവധി അവസാനിക്കുന്നത്. റെയ്‌സിയെപ്പോലെ ഖമീനിയുമായി അടുത്ത ബന്ധം പുലർത്തുന്ന മൊഖ്ബർ 2021 ഓഗസ്തിലാണ് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റായി നിയമിതനായത്. 2010-ൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയവരിൽ മൊഖ്ബറും ഉണ്ടായിരുന്നു

വാസ്തവത്തിൽ, ഹുസൈൻ അലി മൊണ്ടസെരി എന്ന ലിബറൽ പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ പിൻഗാമിയായി നിയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ യാഥാസ്ഥിതികനായ ആയത്തുള്ള അലി ഖമേനി, വലിയ അധികാരത്തർക്കത്തിന് ശേഷമാണ് പരമോന്നത നേതാവാകുന്നത്. സമാനമായി അധികാരത്തർക്കം അലി ഖമേനിയുടെ പിൻഗാമിയുടെ കാര്യത്തിലും ഉണ്ടാകാമെന്നാണ് പറയുന്നത്. തീവ്ര മതവാദിയായ അലി ഖമേനിക്ക് പകരം, ഹുസൈൻ അലി മൊണ്ടസെരി എന്ന ലിബറൽ പുരോഹിതനാണ് പരമോന്നത നേതാവ് ആയിരുന്നെങ്കിൽ കുറേക്കൂടി ലിബറലായ രാഷ്ട്രമായി ഇറാൻ മാറുമായിരുന്നു. ഇത് തന്നെയാണ് ഇറാനിലെ പുരോഗമന വാദികൾ ചൂണ്ടിക്കാട്ടുന്നത്. അവർ ഖമേനിയെയും, റെയ്സിയെയും, ചോരപുരണ്ട കൈകളുള്ള നേതാക്കളായാണ് കാണുന്നത്.

അവരുടെത് രക്തം പുരണ്ട കൈകൾ

മഹ്‌സ അമീനിയുടെ മരണത്തെ തുടർന്നാണ്ടായ പേരാട്ടങ്ങളിൽ മാത്രമല്ല, നേരത്തെ തന്നെ ചോരക്കറ കൈയിലുള്ളവരാണ് ഇറാന്റെ ഭരണാധികാരികൾ. 1988ൽ ടെഹ്റാനിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി 30,000ലധികം പേരെ വധശിക്ഷയ്ക്ക് വിധിക്കാൻ കാരണക്കാരനായ ഡെപ്യൂട്ടി പ്രോസിക്യൂട്ടറുമായിരുന്നു അന്ന് 28 കാരനായിരുന്ന ഇബ്രാഹിം റെയ്‌സി.

1988-ൽ സ്ഥാപിതമായ രഹസ്യ ട്രിബ്യൂണലുകളിലെ നാല് ജഡ്ജിമാരിൽ ഒരാളായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 'മരണ കമ്മിറ്റി' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയപ്രവർത്തനങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിന് തടവുകാരെ ട്രിബ്യൂണലുകൾ വീണ്ടും വിചാരണ ചെയ്തു. പീപ്പിൾസ് മുജാഹിദിൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (പിഎംഒഐ) എന്നും അറിയപ്പെടുന്ന ഇടതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീൻ-ഇ ഖൽഖിന്റെ (എംഇകെ) അംഗങ്ങളായിരുന്നു ഭൂരിഭാഗവും. 1980കളിൽ ഈ രാഷ്ട്രീയത്തടവുകാരെ കൂട്ടക്കൊല ചെയ്തു.

ട്രിബ്യൂണലുകൾ വധശിക്ഷയ്ക്കു വിധിച്ചവരുടെ എണ്ണം ഇന്നും കൃത്യമായി അറിയില്ല. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 30,000 പുരുഷന്മാരെയും സ്ത്രീകളെയും വധിക്കുകയും തെളിവുപോലുമില്ലതെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി ആഗോള തലത്തിൽ കണക്കാക്കപ്പെട്ടു. വധശിക്ഷകൾ നടന്നുവെന്ന കാര്യം ഒരിക്കലും ഇറാൻ നിഷേധിച്ചിരുന്നില്ല. എന്നാൽ വധശിക്ഷയിൽ തനിക്കുള്ള പങ്ക് റെയ്‌സി ആവർത്തിച്ച് നിഷേധിച്ചു. എന്നാൽ ആയത്തുള്ള ഖൊമേനിയുടെ ഫത്വ അല്ലെങ്കിൽ മതപരമായ വിധി കാരണമാണ് അവ നടന്നതെന്ന് അദ്ദേഹം ന്യായീകരിച്ചു.2021-ൽ ആൾക്കൂട്ട വധശിക്ഷകളിൽ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഒരു ജഡ്ജി, ഒരു പ്രോസിക്യൂട്ടർ, ജനങ്ങളുടെ സുരക്ഷയെ സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തെ പ്രശംസിക്കണം. ഞാൻ ഇതുവരെ വഹിച്ച സ്ഥാനങ്ങളിലും മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,' എന്നാണ് റെയ്‌സി മാധ്യമപ്രവർത്തകരോട് മറുപടി പറഞ്ഞത്.

2017-ൽ, പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് റെയ്‌സി എല്ലാവരെയും അമ്പരപ്പിച്ചു. അഴിമതിവിരുദ്ധ പോരാളിയായി സ്വയം അവതരിപ്പിച്ച റെയ്‌സി പക്ഷെ തിരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട് മാത്രം നേടി പരാജയപ്പെട്ടു. ഡെപ്യൂട്ടി ജുഡീഷ്യറി ചീഫ് എന്ന നിലയിൽ അഴിമതിയെ നേരിടാൻ കാര്യമായൊന്നും ചെയ്തിരുന്നില്ലെന്ന് പ്രസിഡന്റ് റെയ്‌സിയെ കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും ഈ നഷ്ടം റെയ്‌സിയുടെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലേൽപ്പിച്ചില്ല.

2019-ൽ ആയത്തുള്ള ഖമേനി അദ്ദേഹത്തെ ജുഡീഷ്യറി തലവൻ എന്ന ഉയർന്ന സ്ഥാനത്തേക്കു നാമകരണം ചെയ്തു. അടുത്ത ആഴ്ച, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ഉത്തരവാദിത്തമുള്ള 88 അംഗ പുരോഹിതസമിതിയുടെ ഡെപ്യൂട്ടി ചെയർമാനായി റെയ്‌സി തിരഞ്ഞെടുക്കപ്പെട്ടു. ജുഡീഷ്യറി മേധാവിയെന്ന നിലയിൽ, രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെയും വധിക്കപ്പെട്ടവരുടെയും എണ്ണം കുറയ്ക്കുന്നതിന് കാരണമായ പരിഷ്‌കാരങ്ങൾ റെയ്സി നടപ്പാക്കി. എന്നിരുന്നാലും, ഇറാന്റെ വധശിക്ഷ നിരക്ക് ഉയർന്നനിലയിൽ തുടർന്നു.

2019-ൽ റെയ്‌സിയുടെ പേരിലുള്ള മനുഷ്യാവകാശ രേഖകളുടെ പേരിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തി. പ്രായപൂർത്തിയാകാത്ത വ്യക്തികളുടെ വധശിക്ഷയ്ക്കു ഭരണപരമായ മേൽനോട്ടം വഹിച്ചതായും അക്രമാസക്തമായ അടിച്ചമർത്തലിൽ ഏർപ്പെട്ടതായും റെയ്സിക്കെതിരെ ആരോപണമുയർന്നു. 2009ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷമായ ഗ്രീൻ മൂവ്മന്റ് നടത്തിയ പ്രതിഷേധത്തിലാണ് ഈ ആരോപണങ്ങൾ ഉണ്ടായത്. മൂന്ന് വർഷങ്ങൾക്കുളിൽ തന്നെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രിയപ്പെട്ട ഇബ്രാഹിം റെയ്‌സി ഇറാന്റെ പ്രസിഡന്റുമായി.

റെയ്‌സിയുടെ മരണം മറ്റ് മേഖലകളുമായുള്ള ഇറാന്റെ ബന്ധത്തിനും അനന്തരഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് കരുതപ്പെടുന്നു. ഇസ്രയേലിനെതിരേ പോരാടുന്ന നിരവധി സായുധസംഘങ്ങളെ റെയ്‌സി പിന്തുണച്ചിരുന്നു. കൂടാതെ സൗദി അറേബ്യ, യു.എ.ഇ. എന്നിവയുൾപ്പെടെയുള്ള ഗൾഫ്- അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധത്തിന്റെ ഒരു കാലഘട്ടവും റെയ്‌സിയുടെ അധികാരകാലത്തുണ്ടായിട്ടുണ്ട്. എന്നാൽ അധികാരത്തിലെത്തുന്ന അടുത്ത പ്രസിഡന്റിന് വിഭിന്ന നിലപാടാണുള്ളതെങ്കിൽ അത് ഇറാന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുന്നതിലേക്കാവും നയിക്കുക. കൂടുതൽ ഉപരോധങ്ങൾ ഇറാന് നേരിടേണ്ടിയും വന്നേക്കാം.

ചെകുത്താനും കടലിനും നടുവിൽ

ദീർഘകാലമായ ചോരയുടെ കഥയാണ് ഇറാന്റെത്. അത് സ്വന്തം നാട്ടുകാർക്കും ഒരിക്കലും സമാധാനം തരാറില്ല. ഇതാണ് ഇറാനിലെ ലിബറലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ശരിക്കും ചെകുത്താനും കടലിനും നടുവിലാണ് ഇറാൻ ജനത. ''ഇറാനിൽനിൽക്കുന്ന മതകാർക്കശ്യവും മൗലികവാദവും ഒരു ഭാഗത്ത്. ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് തല്ലിക്കൊല്ലുന്ന പൊലീസ് വേറെ എവിടെയാണുള്ളത്. ഇനി ഈ രാജ്യത്തുനിന്ന്, രക്ഷപ്പെട്ട് പുറത്തുകടന്നാലോ. അവിടെയും ഇറാനി സംശയത്തോടെയാണ് നോക്കപ്പെടുന്നത്. ഇസ്രയേലും, അമേരിക്കയും, സൗദിയും, പാക്കിസ്ഥാനുമൊക്കെയായി നിറയെ ശത്രുക്കളാണ് ഇറാന്. ''- ഫ്രീ സ്പീച്ച് കാമ്പയിന് നേതൃത്വംകൊടുക്കുന്ന എഴൂത്തുകാരൻ ഇംതിയാസ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു. ഏറെ വിദ്യാഭ്യാസമുള്ള, ലോകത്തിന്റെ നെറുകയിൽ എത്തണമെന്ന് താൽപ്പര്യമുള്ള പുതുതലമുറാ സ്ത്രീകൾ ഇറാനിൽ ധാരാളം, പക്ഷേ മതം ഇഴകിച്ചേർന്ന രാഷ്ട്രം അവർക്ക് സ്വാതന്ത്ര്യം നൽകുന്നില്ല.

ഇങ്ങനെ കടുത്ത ഇസ്ലാമിക നിയമങ്ങൾ ആണെങ്കിലും വേശ്യാവൃത്തി അടക്കമുള്ളവ ഇറാനിൽ വ്യാപകമാണ്. മുതുവ വിവാഹങ്ങളുടെ മറവിലാണ് ഈ പരിപാടി. ബാല വിവാഹങ്ങളും, മനുഷ്യക്കടത്ത് സംഘങ്ങളുമൊക്കെയും സജീവവുമാണ്്. അവയവങ്ങൾ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ഏകമാണ് ഇറാൻ.

അവയവ വ്യാപാരം നിയമവിധേയമാണെങ്കിലും ചില നിയന്ത്രണങ്ങളുമുണ്ട്. ഫൗണ്ടേഷൻ ഫോർ സ്പെഷ്യൽ ഡിസീസസ് ആണ് സർക്കാർ പിന്തുണയോടെ വ്യാപാരം നിയന്ത്രിക്കുന്നത്.അവയവ വ്യാപാര വിപണി രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ നിൽക്കണമെന്നാണ് വ്യവസ്ഥ. ഇറാൻ പൗരന്മാരുടെ അവയവങ്ങൾ വാങ്ങാൻ വിദേശികൾക്ക് അനുവാദമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കാനും പാടില്ല. ഇറാൻ പൗരന്മാർക്ക് പരസ്പരം അവയവ കൈമാറ്റത്തിന് മാത്രമാണ് നിയമസാധുത.

ഇറാനിൽ എഴുപത് ശതമാനം ദാതാക്കളും ദരിദ്രർ എന്നാണ് കണക്ക്. ഈ ഇറാനിയൻ സംവിധാനം ഒരു തരത്തിൽ നിർബന്ധിതമാണെന്ന വിമർശനവുമുണ്ട്. ഇറാന്റെ നിയമപരമായ വിപണിയിൽ ഒരു വൃക്കയുടെ വില 23 മുതൽ 37 ലക്ഷംവരെയാണ്. ദാതാക്കൾക്ക് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ നൽകണമെന്ന് നിർബന്ധമുണ്ട്.നിയമപരമായ അവയവ വ്യാപാരത്തിന് ഒരു മറുവശമുണ്ട്, കരിഞ്ചന്ത.

വൃക്കയ്ക്ക് കരിഞ്ചന്തയിൽ 80 ലക്ഷത്തിലേറെയാണ് വില. ഇതിൽ ഏറിയപങ്കും ഇടനിലക്കാർക്ക് ലഭിക്കും. ദാതാക്കൾക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപവരെ മാത്രമാണ്. ഇങ്ങനെയുള്ള അവയവമാറ്റങ്ങളിൽ അപകടവും കൂടുതലാണ്. സർക്കാർ സംവിധാനങ്ങൾ അറിയാതെ ശസ്ത്രക്രിയകൾ നടത്തണം. ഇത് ദാതാവിനും സ്വീകർത്താവിനും അപകടം വിളിച്ചുവരുത്തുന്നു, പലരോഗങ്ങളും പിടിപെടുന്നു. മരണനിരക്കും കൂടുതലാണ്. അവയവ ദാതാക്കളുടെ ആരോഗ്യത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. അങ്ങനെ ഇറാനിലെ ദാതാക്കൾ ആരോഗ്യത്തിലും വൈകാരിക തലത്തിലും പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്ന അവസ്ഥ. പ്രതിവർഷം ഇറാനിൽ 8,000 മസ്തിഷ്‌ക മരണമെന്നാണ് ശരാശരി കണക്ക്. പക്ഷേ പ്രവർത്തനക്ഷമമായ ആയിരത്തിൽ താഴെ അവയവങ്ങളുടെ കൈമാറ്റം മാത്രമാണ് നടക്കുന്നത്.

കഴിഞ്ഞകുറേക്കലായി ഇറാന്റെ സാമ്പത്തി വളർച്ചയും പിറകോട്ടാണ്. ദാരിദ്രവും അസമത്വവും ശക്തമാവുന്നു. ഇത്രയേറെ മത നിയമങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും, അവയവങ്ങൾപോലും കരിഞ്ചന്തയിൽ കിട്ടുന്ന ഒരു രാജ്യമായി ഇറാൻ മാറിക്കഴിഞ്ഞു. ഇവിടെയെല്ലാം ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് വ്യകതമാണ്. എഴുത്തുകാരും, സംഗീതഞ്ജരും, സിനിമാക്കാരും, സംരഭകരുമായി ഒരു അടിപൊളി യുവ തലമുറ ഇറാനുണ്ട്. പക്ഷേ അവരുടെ സ്വപ്നങ്ങൾക്ക് ഒത്തുവളരാൻ ആ രാജ്യത്തെ ഭരണാധികാരികൾക്ക് കഴിയുന്നില്ല. മിതവാദിയായ ഒരു പരമോന്നത നേതാവിനെ ആ നാട്ടിലെ യുവ തലമുറ ആഗ്രഹിക്കുന്നതും അതുകൊണ്ടായിരിക്കും.

വാൽക്കഷ്ണം: പക്ഷേ എന്തില്ലെങ്കിലും ഇറാന് അതി ശക്തമായ ഒരു സൈന്യമുണ്ട്. ഭൂഖണ്ഡാന്തര മിസൈലുകളും, പോർവിമാനങ്ങളുമൊക്കെയായി വലിയ സൈനിക ശക്തിയാണ് അവർ. ലോകം അവരെ ഭയക്കുന്നതും അതുകൊണ്ടുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP