Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

മുസ്ലിം വോട്ടുകൾ കുത്തനെ തൃണമൂലിനുപോയപ്പോൾ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക്; അധികാരം പോയതോടെ ഗുണ്ടാ സംഘങ്ങളും കാലുമാറി; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പോലെ ക്രൈസ്തവ പ്രോജക്റ്റുമായി ബിജെപി കേരളത്തിലും; സിപിഎമ്മിന് സംഭവിക്കുന്നത് ബംഗാളിന്റെ ചെറു പതിപ്പോ?

മുസ്ലിം വോട്ടുകൾ കുത്തനെ തൃണമൂലിനുപോയപ്പോൾ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക്; അധികാരം പോയതോടെ ഗുണ്ടാ സംഘങ്ങളും കാലുമാറി; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പോലെ ക്രൈസ്തവ പ്രോജക്റ്റുമായി ബിജെപി കേരളത്തിലും; സിപിഎമ്മിന് സംഭവിക്കുന്നത് ബംഗാളിന്റെ ചെറു പതിപ്പോ?

എം റിജു

 'ബംഗാളിൽ സിപിഎമ്മുകാരും ബിജെപിക്കാരനും തമ്മിൽ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും ഇല്ലായിരുന്നു. സിപിഎമ്മുകാരും അവിടെ കാളീഭക്തരാണ്, ബിജെപിക്കാരും അങ്ങനെയാണ്. എന്തിനും ഏതിനും ജ്യോത്സ്യം നോക്കുന്നവരാണ്, ബംഗാളികൾ. അതിൽ സിപിഎം എന്നോ ബിജെപിയെന്നോ ഭേദമില്ല. അന്ധവിശ്വാസം, അനാചാരം എന്നിവയിൽ മാത്രമല്ല, ജീവിത ദുരിതത്തിന്റെ കാര്യത്തിലും അവർ ഒന്നാണ്. ഇത്രകാലം ഭരണം കിട്ടിയിട്ടും സിപിഎമ്മിന് തന്റെ കേഡർമാരുടെ പോലും ദാരിദ്ര്യം മാറ്റാൻ കഴിഞ്ഞിരുന്നില്ല. എല്ലാ നിലക്കും തുല്യർ ആയിരുന്നു അവർ. അതുകൊണ്ടുതന്നെ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് അവർക്ക് എഴുപ്പത്തിൽ മാറാനുമായി''- ബംഗാളിലെ സിപിഎമ്മിന്റെ, സമാനകളില്ലാത്ത തകർച്ചയെക്കുറിച്ച് 'ഗ്യാങ്സ്റ്റർ സ്റ്റേറ്റ്' എന്ന പുസ്തകം എഴുതിയ സൗർജ്യഭൗമിക്ക് എന്ന മുൻ പാർട്ടി നേതാവ് കൂടിയായ മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണിത്.

ലോക ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത കൂട്ട കാലുമാറ്റമാണ്, മൂന്നര പതിറ്റാണ്ടോളം ഭരിച്ച പശ്ചിമ ബംഗാളിൽ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ഉണ്ടായത്. തൃണമൂലിന്റെ അക്രമം വർധിച്ചതോടെ, പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറുകയായിരുന്നു. പല ലോക്കൽ- ഏരിയാ കമ്മിറ്റി ഓഫീസുകളടക്കം ഒന്നടങ്കം, ചുവപ്പ് കൊടി മാറ്റി കാവിക്കൊടി ഉയർത്തുകയായിരുന്നു. ഇന്ന് ബംഗാളിലെ ബിജെപിക്കാരിൽ 90 ശതമാനവും സിപിഎമ്മുകാർ ആണ്.

സമാനമായ ഒരു ചരിത്രം കേരളത്തിലും അവർത്തിക്കുമോ എന്ന ചോദ്യം ചോദിക്കുമ്പോൾ, ആദ്യമൊക്കെ സൈബർ സഖാക്കൾ പരിഹസിക്കുമായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പാറ്റേൺ പരിശോധിക്കുമ്പോൾ, അത് തമാശയല്ലെന്ന് വ്യക്തമാണ്. ബിജെപി നന്നായി സിപിഎമ്മിന്റെ വോട്ടുപിടിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ബംഗാൾ മോഡലിന്റെ ഒരു മിനിയേച്ചർ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

വോട്ട് ഉയർത്തുന്ന ബിജെപി

കേരളത്തിൽ 2019-ൽ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി കുറഞ്ഞിരിക്കയാണ്. എൽഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തിൽ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമാക്കി വോട്ട് ഉയർത്തി. തൃശ്ശൂരിലൂടെ കേരളത്തിൽ അക്കൗണ്ടും തുറന്നു.

11 നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ ഒന്നാമതെത്തിയത്. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ആറ്റിങ്ങലിലും ആലപ്പുഴയിലും ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ വർദ്ധനയുമുണ്ടായി. പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിലൊഴികെ എൻഡിഎയുടെ വോട്ട് വിഹിതം വർദ്ധിച്ചെന്നുമാണ് വിലയിരുത്തൽ.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച വയനാട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മത്സരിച്ച കോഴിക്കോട്ടും വോട്ട് നില കുത്തനെ ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രമേശ് 18,450 വോട്ടും, സുരേന്ദ്രൻ 62,229 വോട്ടും അധികം നേടി. പാർട്ടി കോട്ടയായ കണ്ണൂരിൽ ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിലേറെ വോട്ടുകൾ ബിജെപി സമാഹരിച്ചു. ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ഇവിടെ 1,19,876 വോട്ടുനേടി. കഴിഞ്ഞ തവണ ഇത് 68509 ആയിരുന്നു. അര ലക്ഷത്തിലേറെ വോട്ടുകൾ കൂടുതലാണ് ബിജെപിക്ക് കണ്ണൂരിൽ ഇത്തവണ.

മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ബിജെപി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. മലപ്പുറത്ത് കഴിഞ്ഞ വർഷത്തേക്കാൾ പതിനായിരത്തിലേറെ വോട്ട് കൂടുതൽ നേടാനായി. പൊന്നാനിയിൽ മൂവായിരത്തിലേറെയും. നിരവധി മണ്ഡലങ്ങളിൽ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇടതു-വലതു മുന്നണികളിലെ ആലയങ്ങളിൽ മാത്രം ഒതുങ്ങിനിന്ന കേരള രാഷ്ട്രീയത്തിൽ മറ്റൊരു ബദലായി ബിജെപി ഉയർന്നു വരുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇവിടെയാണ് ബംഗാൾ മോഡൽ ആവർത്തിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

ബംഗാളിലെ പോലെ ഭരണം കുത്തഴിയുന്നു

ബംഗാളിൽ സിപിഎമ്മിന് എറ്റവും വലിയ തിരിച്ചിടിയായത് തുടർച്ചയായ 34 വർഷക്കാലത്തെ ഭരണംകൊണ്ടുണ്ടായ കുത്തഴിഞ്ഞ അവസ്ഥയായിരുന്നു. തൂണിലും തുരുമ്പിലും പാർട്ടിയെന്നാണ് ഈ അവസ്ഥയെ ഗ്യാങ്്സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തകത്തിൽ സൗർജ്യ ഭൗമിക്ക് വിശേഷിപ്പിക്കുന്നത്. സകലമേഖലയിലും പാർട്ടിക്കാരെ തിരുകിക്കയറ്റി. സ്റ്റേറിനെ അവർ ഗുണ്ടാവത്ക്കരിച്ചു. അഴിമതിയും അക്രമവവും വ്യാപകമായി. ഭരണവിരുദ്ധവികാരം ശക്തമായി. നോക്കുക, ഇതിന്റെ ഒക്കെ മിനിയേച്ചർ അല്ലേ, ഈ പിണറായി ഭരണത്തിലും സംഭവിക്കുന്നത്.

പശ്ചിമ ബംഗാളിൽ സിപിഎം ഭരണകാലത്ത് (19772009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോർട്ട് പ്രകാരം 55,408 കൊലകളാണ് നടന്നത്! 1997ൽ ബുദ്ധദേവ് ഭട്ടാചാര്യ ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി ഈ കാലയളവിൽ 28,000 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. മെയിൻ സ്ട്രീം വാരികയുടെ എഡിറ്റർ നിഖിൽ ചക്രവർത്തിയും ഇതേക്കുറിച്ച് എഴുതിയിരുന്നു.

'ഗാങ്സ്റ്റർ സ്റ്റേറ്റ്' എന്ന പുസ്തകത്തിൽ സൗർജ്യ സിപിഎംകാലത്ത് നടന്ന തട്ടിപ്പുകൾ വിശദീകരിക്കുന്നുണ്ട്. സിപിഎം കാലത്ത് പരിപോഷിച്ച് പിന്നീട് തൃണമൂൽ കാലത്ത് തഴച്ചുവളർന്നതാണ് സിൻഡിക്കറ്റ് എന്ന പണംപിടുങ്ങൽ സംഘം. വീടുണ്ടാക്കാനുള്ള ടൈൽസ് തൊട്ട്, പാവപ്പെട്ടവരുടെ വീടിനു മുകളിൽ സ്ഥാപിക്കുന്ന ഷീറ്റിനു വരെ കമ്മിഷൻ വാങ്ങി സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന 'അധോലോക' സംഘം. അതുപോലെ കട്ട് മണി എന്ന പരിപാടിയും ബംഗാളിൽ ഉണ്ട്. നമ്മുടെ നാട്ടിലെ നോക്കുകൂലിപോലെ അതും സിപിഎം സംഭവനയാണ്. എന്തിനും ഏതിനും പാർട്ടിക്ക് കമ്മീഷൻ കൊടുക്കണം. നൂറുരൂപയുടെ സർക്കാർ പെൻഷനിൽനിന്നുപോലും പത്തുരൂപ പാർട്ടി നേതാവിനാണ്. ഈ കട്ട് മണി തൃണമുൽ ഭരണം വന്നപ്പോഴും ശക്തമായി തുടർന്നു. പത്തുശതമാനം എന്നത് 20 ശതമാനം ആയി. ഈയിടെ മുഖ്യമന്ത്രി മമതാ ബാനർജി കട്ട്മണിക്കെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ ഇപ്പോഴും അത് നിർബാധം തുടരുന്നു.

ഇങ്ങനെ കുത്തഴിഞ്ഞ ഭരണമാണ് ബംഗാളിൽ സിപിഎമ്മിനെ നശിപ്പിച്ചത്. ഭരണവിരുദ്ധവികാരം ഒന്ന്കൊണ്ടുമാത്രമാണ് മമത അവിടെ അടിച്ചുകയറിയത്. ഇതിന്റെ ഒരു ചെറിയ മോഡലാണ് കേരളത്തിലും സംഭവിക്കുന്നത്. ഇത്തവണ യുഡിഎഫ് ഈ രീതിയിൽ വിജയിക്കാൻ കാരണം പിണറായി ഭരണത്തോടുള്ള എതിർപ്പായിരുന്നു. ഏറ്റവും വിശ്വസനീയമാണെന്ന് പറയുന്ന സിഎസ്ഡിഎസ്-ലോക്‌നീതി സർവേയിൽ, കേരളത്തിലും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് പറയുന്നു. ഏതു പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുമ്പോൾ നാലിൽ ഒന്ന് പേർ (26%) കേന്ദ്രസർക്കാരിന്റെ പ്രവർത്തനവും, മറ്റൊരു നാലിലൊന്ന് പേർ(24%) സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും പരിഗണിച്ചു. എന്നാൽ, മൂന്നിലൊന്ന് പേർ (32%) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തിയാണ് ആർക്കു വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്. അതിന്റെ അർഥം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ സാന്നിധ്യമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ തിരഞ്ഞെടുപ്പ് ജയത്തിലേക്ക് നയിച്ചത് എന്നാണ്.

അക്രമിസംഘങ്ങൾ കൂറുമാറുന്നു

ബംഗാളിൽ സംഭവിച്ചതിന്റെ ചില രസകരമായ നിരീക്ഷണങ്ങളും ഗ്യാങ്ങ്സ്റ്റർ സ്റ്റേറ്റ് പുസ്തകത്തിലുണ്ട്. ഭരണമാറ്റം ഉണ്ടായതോടെ സിപിഎം ഗുണ്ടാ സംഘങ്ങൾ ഒന്നടങ്കം ത്രിണമൂലിലേക്ക് പോയി. അണികൾ ബിജെപിയിലേക്കും. ഭരണം മാറിയാൽ കേരളത്തിലും സംഭവിക്കാൻ ഇടയുണ്ട്.

ബംഗാളിൽ സിപിഎം മുമ്പ് നടപ്പാക്കിയ ഏരിയാ ഡോമിനേഷൻ ഇപ്പോൾ തൃണമൂലും നടപ്പാക്കിയത്. സിപിഎം അക്രമത്തിന്റെ ഡോസ് നന്നായി അറിയാവുന്ന മമത അതേ രീതിതന്നെ ആക്രമണം അഴിച്ചുവിടാൻ സേനയെയുണ്ടാക്കി. പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ അത് ഒരു ഗണ്ടാപണിയായിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുക്കയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

മമതയുടെ ഭരണംവന്നതോടെ ബൈക്ക് ബ്രിഗേഡുകൾ സിപിഎം പ്രവർത്തകരെ ആക്രമിക്കാൻ തുടങ്ങി. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ വൈറലായിരുന്നു. തല്ലുന്നവനെ തിരിച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് 24 പർഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി ലോക്കൽകമ്മറ്റി ഓഫീസുകളിൽ കാവിക്കൊടി ഉയർത്തി, സെക്രട്ടറിയും, അംഗങ്ങളും, പ്രവർത്തകരുമെല്ലാം കുട്ടത്തോടെ ബിജെപിയിലേക്ക് മാറിയ സംഭവം ഉണ്ടായത്. ലോക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു പാർട്ടിമാറ്റം ഉണ്ടായത്.

കേരളത്തിൽ ഇതുപോലെ ഒരു ഭീകര അവസ്ഥ ഇല്ല. പക്ഷേ കണ്ണൂരിലൊക്കെയുള്ള കില്ലർ സ്‌ക്വാഡുകൾ പണവും അധികാരവും ഇല്ലാതായാൽ ഏത് നിമിഷവും കളംമാറുമെന്ന് സിപിഎം മനസ്സിലാക്കണം.

ഈഴവർ സിപിഎമ്മിനെ കൈവിടുന്നു

ബംഗാളിൽ സിപിഎമ്മിന്റെ വോട്ടുബാങ്ക് ആയിരുന്നു മുസ്ലിം വോട്ട്. എന്നാൽ മമത അതിശക്തയായി ഉയർന്നുവന്നതോടെ മുസ്ലിം വോട്ടുകൾ അങ്ങോട്ടുപോയി. നേരത്തെ തന്നെ സിപിഎമ്മിന്റെ മു്സ്ലീം പ്രീണനത്തിൽ പരാതിയുള്ള ഹിന്ദുവോട്ടുകൾ ബിജെപിയിലേക്കും പോയി. അങ്ങനെ സിപിഎം ബംഗാളിൽ ശൂന്യമായി. ഫലത്തിൽ അതുതന്നെയാണ് കേരളത്തിലും നടക്കുന്നത്. സിപിഎം നടത്തുന്ന മുസ്ലിം പ്രീണനം തന്നെയാണ് അവരുടെ ഹൈന്ദവവോട്ട് ബാങ്ക് ഇളക്കുന്നത്. മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്കും, ഹിന്ദുവോട്ടുകളിലും, ക്രിസ്ത്യൻ വോട്ടുകളിലും ഒരു വിഭാഗം ബിജെപിയിലേക്കും പോയതാണ് ഇടതിന്റെ ്തകർച്ചക്ക് ആക്കം കുട്ടിയത്.

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്ക് ഏതാണെന്ന് ചോദിച്ചാൽ അതിന് ഈഴവർ എന്നാവും ഉത്തരം. കേരളത്തിലെ ഈഴവ കമ്യൂണിറ്റിയുടെ അടിയുറച്ച പിന്തുണയായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും ശക്തിയെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ കണ്ണൂരിലെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും ഈഴവരാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. എസ്എൻഡിപിയുടെ പിന്തുണയോടെ ബിഡിജെഎസ് രൂപീകരിച്ചിട്ടും കേരളത്തിൽ ഭൂരിഭാഗം ഈഴവരും സിപിഎമ്മിന് ഒപ്പമായിരുന്നു.പക്ഷേ ഈ തിരഞ്ഞെടുപ്പിൽ ആ അനുപാതം മാറുകയാണ്.

വോട്ടിങ് രീതിയിൽ വന്ന വ്യത്യാസം കാരണമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയതെന്ന് സർവേയിൽ വിലയിരുത്തി. നായർ വിഭാഗത്തിൽ പെട്ട ഭൂരിപക്ഷം പേരും (45%) എൻഡിഎക്ക് വോട്ട് ചെയ്തു. പരമ്പരാഗതമായി ഇടതുമുന്നണിയെ തുണയ്ക്കാറുള്ള ഈഴവ സമുദായത്തിൽ വലിയൊരു വിഭാഗവും 32 ശതമാനം ബിജെപിയിലേക്ക് മാറി. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ അത് സാരമായി ബാധിച്ചു. ഇതാദ്യമായി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ (5%) ബിജെപിക്ക് പോയി. വോട്ടിങ് പാറ്റേണിലെ ഈ മാറ്റം ഉണ്ടായിട്ടും, യുഡിഎഫ് തങ്ങളുടെ പരമ്പരാഗത മുസ്ലിം, ക്രിസ്ത്യൻ, മറ്റുസമുദായ വോട്ടുവിഹിതം നിലനിർത്തി. അതാണ് 18 സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്.

ബിജെപി ഉയർത്തിയ വോട്ടുവിഹിതത്തിന്റെ ഒരു നല്ല ശതമാനം സിപിഎമ്മിന്റെ ഈഴവ വോട്ടുകളാണ്. വി മുരളീധരൻ ഇഞ്ചോടിച്ച് പ്രകടന കാഴ്ചവെച്ച ആറ്റിങ്ങൽ മണ്ഡലം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.ആറ്റിങ്ങലിൽ 2019ൽ ശോഭ സുരേന്ദ്രൻ 2,48,081 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ വി മുരളീധരൻ അത് 3,11,779 വോട്ടാക്കി ഉയർത്തി. 63,698 വോട്ടുകളാണ് മുരളീധരൻ ഇത്തവണ അധികം നേടിയത്. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കല, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.അതുപോലെ ആലപ്പുഴയിലും ബിജെപി ഈ രീതിയിൽ വോട്ടുനേടിയത്, ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കെ എസ് രാധാകൃഷ്ണൻ 1,87,729 വോട്ടായിരുന്നു നേടിയത്. ഇത്തവണ ശോഭാ സുരേന്ദ്രൻ അത് 2,99,648 വോട്ടായി ഉയർത്തി.ആലപ്പൂഴയിൽ ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളിൽ ഗണ്യമായ ഒരു വിഭാഗവും സിപിഎമ്മിന്റെത് തന്നെയാണ്.

പി സി തോമസ് മുതൽ കണ്ണന്താനം വരെ

സിപിഎം കോട്ടയായ ത്രിപുര എങ്ങനെ ബിജെപി നേടിയെന്ന ചോദ്യത്തിന്റെ ഉത്തരം തേടിയവർ എത്തിപ്പെട്ടത്, കഴിഞ്ഞ കുറേ വർഷങ്ങളായി ആർഎസ്എസ് ആവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൃത്യമായ പ്രവർത്തനത്തിലേക്കാണ്്. റാം മാധവിന്റെ നേതൃത്വത്തിൽ, വിവിധ ജാതി-മത വിഭാഗക്കാരെ അടുപ്പിക്കാനായി വടക്കുകിഴക്കൽ സംസ്ഥാനങ്ങളിൽ ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. ആ മിഷൻ അവർ നേരത്തെ തന്നെ കേരളത്തിലും തുടങ്ങിയതാണ്.

ആദ്യ കാലങ്ങളിൽ ബിജെപിയോട് അകലമിട്ടുനിന്ന ക്രൈസ്തവ സഭകളെ പാർട്ടിയോട് അയിത്തമില്ലാത്തവരാക്കി മാറ്റാൻ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പിസി തോമസ് ആയിരുന്നു ബിജെപി പക്ഷത്ത് എത്തുന്ന ആദ്യ പ്രമുഖ ക്രൈസ്തവ നേതാവ്. 2001-ലാണ് പി സി തോമസ് എൻഡിഎയിലെത്തുന്നത്. അതുവരെ കേരള കോൺഗ്രസ് എമ്മിൽ തലയെടുപ്പുള്ള നേതാവായിരുന്നു, കെ എം മാണിയുടെ വിശ്വസ്തൻ. മകൻ ജോസ് കെ മാണിയെ പാർട്ടിയിൽ വളർത്തിക്കൊണ്ടുവരാനുള്ള കെ എം മാണിയുടെ ശ്രമങ്ങളെ എതിർത്തു തുടങ്ങിയതോടെ മാണിയുടെ കണ്ണിലെ കരടായി. തുടർന്ന് 2001-ൽ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് എൻഡിഎ പാളയത്തിലെത്തി. അന്നത്തെ എ ബി വാജ്‌പേയ് മന്ത്രിസഭയിൽ നിയമസഹമന്ത്രി സ്ഥാനം നൽകിയാണ് ബിജെപി പി സി തോമസിനെ സ്വീകരിച്ചത്. തുടർന്ന് 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഐഎഫ്ഡിപി സ്ഥാനാർത്ഥിയായി മൂവാറ്റുപുഴയിൽ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. പ്രമുഖ ബിജെപി നേതാക്കളെ ഒഴിവാക്കിയായിരുന്നു അന്ന് പി സി തോമസിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

കേരള കോൺഗ്രസ് വിട്ട് എൻഡിഎ സഖ്യത്തിലെത്തിയ പി സി തോമസിന് പക്ഷേ, ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ബിജെപിക്ക് സ്വാധീനമുണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. പിന്നീട് എൻഡിഎ വിട്ട പിസി തോമസ് പി ജെ ജോസഫിന്റെ കേരള കോൺഗ്രസിനൊപ്പം ചേരുകയും എൽഡിഎഫ് പാളയത്തിലെത്തുകയും ചെയ്തു. 2010-ൽ ജോസഫ് മാണി വിഭാഗത്തിനൊപ്പം കൈകോർത്തപ്പോൾ കേരള കോൺഗ്രസ് ലയനവിരുദ്ധ വിഭാഗം എന്ന പേരിൽ ഇടതുപക്ഷത്തുനിന്ന പി സി തോമസ് വീണ്ടും എൻഡിഎക്ക് ഒപ്പം പോകുന്നത് 2015-ലാണ്. എന്നാൽ, മോദി യുഗത്തിൽ പി സി തോമസിന് പഴയപോലെ സ്വീകരണം എൻഡിഎയിൽ കിട്ടിയില്ല. 2021- നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് തർക്കത്തെ തുടർന്ന് പി സി തോമസ് എൻഡിഎ വിട്ട് പി ജെ ജോസഫ് പക്ഷവുമായി തന്റെ പാർട്ടിയായ കേരള കോൺഗ്രസിനെ ലയിപ്പിച്ച് യുഡിഎഫ് പാളയത്തിലെത്തി.

പിസി തോമസിലൂടെ എൻഡിഎയ്ക്ക് കേരളത്തിൽ ആദ്യമായി ലോക്‌സഭാ സീറ്റ് ലഭിച്ചെങ്കിലും ബിജെപിക്ക് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ്, 'വിപ്ലവകാരിയായ' ബ്യൂറോക്രാറ്റ് എന്ന വിശേഷണം ലഭിച്ച അൽഫോൻസ് കണ്ണന്താനത്തെ ബിജെപി തങ്ങളുടെ പക്ഷത്തെത്തിക്കുന്നത്. 2006-ൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇടത് പിന്തുണയോടെ മത്സരിച്ച് ജയിച്ച കണ്ണന്താനം, ബിജെപിയിൽ എത്തിയത് ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്തയാളാണ് കണ്ണന്താനം എന്ന നിലയിലാണ് അന്ന് വിലയിരുത്തപ്പെട്ടത്. ഒന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നൊരാൾ ആദ്യമായി ഇടംപിടിക്കുന്നത് അൽഫോൻസ് കണ്ണന്താനം ആയിരുന്നു. അന്നും സംസ്ഥാനത്തെ പ്രബല ബിജെപി നേതാക്കളെ മാറ്റിനിർത്തിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തിനെ 2017-ൽ മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നല്ലബന്ധം സ്ഥാപിച്ചെടുക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞു. ശേഷം, ബിജെപി നേതൃത്വം നേരിട്ട് സഭാധ്യക്ഷന്മാരിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് കണ്ടത്. 2017-ൽ അമിത് ഷാ, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി. യമനിൽ ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴന്നാലിനെ മോചിപ്പിക്കുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ ഇടപെട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയമാണ് അദ്ദേഹത്തിന്റെ മോചനം എന്ന നിലയിലാണ് ബിജെപി ക്രൈസ്തവ വിശ്വാസികൾക്കിടയിൽ പ്രചാരണം നടത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഉഴന്നാലിനെ കണ്ണന്താനം നേരിട്ടെത്തി സ്വീകരിച്ചു. കണ്ണന്താനത്തിനൊപ്പം മോദിയുടെ വസതിയിലെത്തിയ ഫാ. ഉഴന്നാലുമായി മോദി ചർച്ച നടത്തുകയും ചെയ്തു. ഇത് ബിജെപിയെ ക്രൈസ്തവർക്കിടിൽ 'വിശ്വസിക്കാൻ കൊള്ളാവുന്ന പാർട്ടി' എന്ന പരിവേഷത്തിലേക്ക് കൊണ്ടെത്തിച്ചു.

ക്രിത്യമായ ഇടവേളകളിൽ ക്രൈസ്തവരെ കയ്യിലെടുക്കാനുള്ള പദ്ധതികൾ ബിജെപി പരീക്ഷിച്ചുവന്നു. 2023-ൽ മോദിയുടെ കേരള പര്യടനത്തിനിടെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. അതുപോലെ ക്രിസ്മസിന് കേക്ക് സമ്മാനിച്ചും, ഭവനസന്ദർശനം നടത്തിയും ബിജെപി നേതാക്കൾ പതുക്കെ ക്രൈസ്തവ പ്രീതി നേടിയെടുത്തു. അങ്ങനെയുള്ള തുടർച്ചയായ പ്രവർത്തനത്തിന്റെ ഒടുവിലാണ് ബിജെപി ക്രിസ്ത്യൻ സമുദായത്തിലേക്ക് എത്തുന്നത്.

ഇനി മിഷൻ ജോർജ് കുര്യൻ

പലരും കരുതുന്നതുപോലെ ജോർജ് കുര്യന്റെത് വെറുമൊരു സർപ്രൈസ എൻട്രിയായിരുന്നില്ല. ഒരാൾപോലും ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ബിജെപിക്കുവേണ്ടി ഇല്ലാത്തകാലത്തും, മൂന്ന് പതിറ്റാണ്ടായ കാവിപ്പടക്കുവേണ്ടി പൊരുതിയ വ്യക്തിയാണ് ജോർജ് കുര്യൻ. ക്രിസങ്കിയല്ല, ഒറിജിനൽ സംഘിതന്നെയാണ് അദ്ദേഹം. കേരള ബിജെപിയിലെ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി നിൽക്കുന്ന നേതാവ് ജോർജ് കുര്യന് അർഹമായ പരിഗണയാണ്. മൂന്നാം മോദി സർക്കാരിൽ ലഭിച്ചത്.

2016 നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ ബിജെപി ചിഹ്നത്തിൽ മത്സരിച്ച ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ കൂടിയായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിക്ക് വേണ്ടിയുള്ള സ്ഥിരം സാന്നിധ്യം. കോട്ടയം കാണാക്കരി സ്വദേശിയായ ജോർജ് കുര്യൻ, തുടക്കം മുതൽ ബിജെപിക്കാരനാണ്. വിദ്യാർത്ഥി ജനതയിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. ബിജെപി രൂപീകരിച്ച സമയത്ത് കേരളത്തിൽ പാർട്ടിക്കൊപ്പം ചേർന്നവരിൽ ആദ്യ ബാച്ചുകാരനാണ് 62-കാരനായ ജോർജ്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫായി. ബിജെപി അധികാരത്തിന്റെ വിദൂരസ്ഥാനത്ത് പോലുമില്ലാതിരുന്ന സമയത്ത് പാർട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് ജോർജ് കുര്യൻ. 1991-ലും 1998-ലും കോട്ടയം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു.

മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയ ക്രൈസ്തവ, മുസ്ലിം നേതാക്കളേക്കാൾ ജോർജ് കുര്യന് പാർട്ടിയുടെ പ്രത്യയശാസ്ത്രവും പ്രവർത്തന രീതികളും അറിയാമെന്ന് ചുരുക്കം. ബിജെപിയുടെ ക്രൈസ്തവ പ്രോജക്ടിന്റെ പുതിയ അധ്യായം ജോർജ് കുര്യനിലൂടെ തുടങ്ങുമ്പോൾ, രാഷ്ട്രീയ സമൂഹം ആ വരവിനെ ഗൗരവതരമായി എടുക്കേണ്ടതിന് പിന്നിലെ കാരണവും അതാണ്.

ഇതിന്റെയൊപ്പം സിപിഎമ്മിറെന്റ മുസ്ലിം പ്രീണനവും കാര്യമായി അവർക്ക് േവോട്ട് നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ബംഗാളിൽ സംഭവിച്ചതും അതുതന്നെയാണ്. മാത്രമല്ല, ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ക്രിസ്ത്യൻ സമൂഹം അങ്ങേയറ്റം ഭീതിയിലാണ്. ഈ ഭീതി പരിഹരിക്കുന്നതിന് പകരം ഏകപക്ഷീയമായി ഒരു പക്ഷത്തിന്റെ ഒപ്പം ചേരുന്ന എന്ന തോന്നലാണ് കേരളത്തിലെ ഇടതുപക്ഷം ചെയ്തത്. ഫലസ്തീൻ അനുകൂല റാലിയും, പൗരത്വഭേദഗതി ചർച്ചകളുമെല്ലാം ഫലത്തിൽ ഗുണം ചെയ്തത് ബിജെപിക്കാണ്. ക്രിസ്ത്യൻ വോട്ടുകൾ ഇതുമൂലം സിപിഎമ്മിൽനിന്ന് അകന്നുപോവുകയാണ് ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനും ഇടുക്കി അതിരൂപത രംഗത്തുവന്നു. റബ്ബറിന് വിലകൂട്ടിയാൽ ബിജെപിക്ക് എംപിയെ നൽകാമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയും ബിജെപിയുടെ ഈ 'ക്രൈസ്തവ പ്രോജക്ട്' ഗുണം കാണുന്നു എന്നതിന് തെളിവായിരുന്നു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ബിജെപി കേരളത്തിൽ ഒന്നുമല്ല എന്ന് ഇനി ആർക്കും പറയാൻ കഴിയില്ല. ചരിത്രം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തിയില്ലെങ്കിൽ ആവശേഷിക്കുന്ന തുരുത്തിലും സിപിഎം ഒന്നുമല്ലാതാവം

വാൽക്കഷ്ണം: എന്നാലും ബംഗാളിലെപ്പോലെ കെട്ടിവെച്ച കാശുപോലും കിട്ടാതെ, പുർണ്ണമായും നിഷ്്ക്കാസനം ചെയ്യപ്പെടുന്ന അവസ്ഥ കേരളത്തിൽ സിപിഎമ്മിന് ഉണ്ടാവുമോ? ഇല്ല എന്നാണ് പൊതുവെയുള്ള ഉത്തരം. കാരണം കോടികൾ സമ്പത്തുള്ള പാർട്ടിയാണ് സിപിഎം. ബാങ്കുകളും, ആശുപത്രികളും, ചാനലുമൊക്കെയായി, പിഎഎസ്സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. ഇതുപോലെ ഒരു പണാധിപത്യം ബംഗാളിലെ പാർട്ടിക്ക് ഇല്ലായിരുന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP