Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

റഫയിലും ജബാലിയയിലും ഏറ്റുമുട്ടൽ തുടരുന്നു; ഏഴ് ഇസ്രയേലി സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ഹമാസ്; ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ്‌സ്; റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമല്ലെന്ന് അമേരിക്കൻ മുന്നറിയിപ്പ്

റഫയിലും ജബാലിയയിലും ഏറ്റുമുട്ടൽ തുടരുന്നു; ഏഴ് ഇസ്രയേലി സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ഹമാസ്; ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ്‌സ്; റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമല്ലെന്ന് അമേരിക്കൻ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഗസ്സ സിറ്റി: വടക്കൻ, തെക്കൻ ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ, 82 പേർ കൊല്ലപ്പെടുകയും 234 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 35,173ൽ എത്തി.

ജബാലിയ ക്യാമ്പിലും പരിസരങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം ഇവിടെ ഹമാസ് ശക്തമായ ചെറുത്തു നിൽപ്പ് നടത്തുന്നു എന്നാണ് അവകാശപ്പെടുന്നത്. ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി ഹമാസ് സായുധവിഭാഗം അൽഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. 7 സൈനികരെ വകവരുത്തിയതായും അവർ അവകാശപ്പെട്ടു. 28 സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ഗസ്സയിലെ ആശുപത്രികളിൽ നല്ലൊരു പങ്കും പ്രവർത്തനം നിലച്ച സാഹചര്യത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനോ രക്ഷാപ്രവർത്തനം തുടരാനോ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതെ കുട്ടികൾ ഉൾപ്പെടെ ലക്ഷങ്ങൾ നരകിക്കുകയാണെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. യുനർവ കേന്ദ്രങ്ങളിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം വ്യാപിച്ചതോടെ അവശേഷിച്ച സന്നദ്ധ പ്രവർത്തകർ ആശങ്കയിലാണ്. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി അത്യന്തം ഗുരുതരമായി മാറുമെന്ന് യു.എൻ വീണ്ടും മുന്നറിയിപ്പ് നൽകി.

റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നൽകി. കൂടുതൽ ചർച്ചകൾക്കായി യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേധാവി യെയ്ക് സള്ളിവൻ ഇസ്രയേൽ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളിൽ പര്യടനം നടത്തും. വെടിനിർത്തലിന് ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഈജിപ്തും ഖത്തറുമായി വെടിനിർത്തൽ കരാർ സാധ്യതകൾ സംബന്ധിച്ച് ആശയ വിനിമയം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.


അതേസമയം റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദ്ദേശം നൽകി. തെക്കും വടക്കും മേഖലകളിൽ ഫലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി. അതിനിടെ റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു.

യുണൈറ്റഡ് നാഷൻസ് ഡിപാർട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻ ഇന്ത്യൻ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്.

ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണിത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP