Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തി; മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു; സിദ്ധാർത്ഥൻ സഹിച്ച വേദന തിരിച്ചറിഞ്ഞ് സിബിഐയും; പൂക്കോട്ടേതുകൊലയാണോ എന്നതിൽ എയിംസ് റിപ്പോർട്ട് നിർണ്ണായകം

സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തി; മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു; സിദ്ധാർത്ഥൻ സഹിച്ച വേദന തിരിച്ചറിഞ്ഞ് സിബിഐയും; പൂക്കോട്ടേതുകൊലയാണോ എന്നതിൽ എയിംസ് റിപ്പോർട്ട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ സിബിഐ ആരോപിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങൾ. സംഭവം കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡൽഹി എയിംസിലെ വിദഗ്ധരുടെ സേവനം സിബിഐ തേടിയിട്ടുണ്ട്. ഇതിനിടെ പ്രാഥമിക കുറ്റപത്രത്തിലെ നിരീക്ഷണം പുറത്തു വരികയാണ്.

സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടന്നതായി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. സിദ്ധാർഥനെ ക്രൂരമായി മർദിച്ചെന്നും സമൂഹവിചാരണയ്ക്കു വിധേയമാക്കിയെന്നും കുറ്റപത്രത്തിലുണ്ട്. മർദനവും അപമാനിക്കലും സിദ്ധാർഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേൽപ്പിച്ചു. വൈദ്യസഹായം നിഷേധിച്ചെന്നും സിബിഐ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ വേണ്ടിയാണ് പ്രാഥമിക കുറ്റപത്രം സിബിഐ നൽകിയത്. കൊലക്കുറ്റം ചുമത്തേണ്ട സാഹചര്യം ഉണ്ടായാൽ പുതിയ കുറ്റപത്രം വരും.

പ്രതികളായ കെ.അഖിൽ, ആർ.എസ്.കാശിനാഥൻ, അമീൻ അക്‌ബറലി, കെ.അരുൺ, സിൻജോ ജോൺസൺ,എൻ.ആസിഫ് ഖാൻ, അമൽ ഇഹ്‌സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി.ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, എസ്.ഡി.ആകാശ്, എസ്.അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ താന്നിക്കോട്, വി.നസീഫ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകൾ, റാഗിങ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ എന്നിവ പ്രകാരമാണു കേസ്.

ഹോസ്റ്റലിൽ സിദ്ധാർഥൻ അനുഭവിച്ച അതിക്രൂരമായ മർദനം കുറ്റപത്രം വിശദമാക്കുന്നു. ലെതർ ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവ ഉപയോഗിച്ചു മർദിച്ചു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും കാണാൻ മറ്റു വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി. മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടുവെന്നും സിബിഐ പറയുന്നു. ഈ മർദ്ദന അപമാനമാണ് മരണ കാരണമെന്നാണ് സിബിഐ ആദ്യ കുറ്റപത്രത്തിൽ പറയുന്നത്.

ഡോർമിറ്ററിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. മരിക്കുന്നതിന്റെ തലേന്നു സിദ്ധാർഥൻ ഭക്ഷണം കഴിച്ചില്ല. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12.30ന് ഡോർമിറ്ററിയുടെ ബാത്ത്‌റൂമിലേക്കു പോയ സിദ്ധാർഥൻ തന്റെ ടവൽ ആവശ്യപ്പെട്ടു. സഹപാഠി ടവൽ കൈമാറി. ബാത്ത്‌റൂമിൽ നിന്ന് മടങ്ങിയെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ബാത്ത്‌റൂമിന്റെ ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നും വിശദീകരിക്കുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫൊറൻസിക് ഡോക്ടറുടെ വിശദമായ വിവരണം, പോസ്റ്റ്‌മോർട്ടം സമയത്തെടുത്ത ഫോട്ടോകൾ തുടങ്ങിയവ വിദഗ്ധ അഭിപ്രായത്തിനായി ഡൽഹി എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് അഭിപ്രായം കാത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP