Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

സംഘർഷത്തിനിടെ പോക്കറ്റിൽനിന്ന് വീണ ഫോൺ പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യം; കായംകുളത്ത് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; ഫോണും വാച്ചും തട്ടിയെടുത്തു; മൂന്നുപേർ അറസ്റ്റിൽ

സംഘർഷത്തിനിടെ പോക്കറ്റിൽനിന്ന് വീണ ഫോൺ പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യം; കായംകുളത്ത് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; ഫോണും വാച്ചും തട്ടിയെടുത്തു; മൂന്നുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി റെയിൽവേ ക്രോസിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ കിഴക്കുമുറിയിൽ പ്രസാദ് ഭവനത്തിൽ പ്രസാദിന്റെ മകൻ അരുൺ പ്രസാദിനെയാണ് (26) ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), രണ്ടാം പ്രതിയും അനൂപിന്റെ സഹോദരനുമായ അഭിമന്യു (24), നാലാം പ്രതി പത്തിയൂർ പുല്ലംപ്ലാവ് ചെമ്പക നിവാസ്സിൽ അമൽ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജിതമാക്കി.

സംഘത്തിലൊരാളുടെ ഫോൺ പൊലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നിന്നെ വെട്ടി റെഡിയാക്കുമെന്നും കൊലക്കേസൊന്നുമല്ല ജാമ്യം കിട്ടുമെന്നും പ്രതികൾ പറയുന്നത് വീഡിയോയിലുണ്ട്. റെയിൽവേ പാളത്തിൽ കൊണ്ടുപോയാണ് അരുണിനെ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. ഫോണും വാച്ചും തട്ടിയെടുത്തു. വടിവാൾ കാണിച്ച് യുവാവിനെ ചോദ്യംചെയ്യുന്നതും അസഭ്യവർഷം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽവച്ച് ഈ സംഘവും പൊലീസുമായി കയ്യാങ്കളി നടന്നിരുന്നു. അതിനിടെ ഒന്നാം പ്രതി അനൂപിന്റെ ഫോൺ നഷ്ടപ്പെട്ടു. ഇത് പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ ഗുണ്ടകൾ തന്നെയാണ് പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

വെള്ളിയാഴ്ച രാത്രി സിവിൽ ഡ്രസിൽ ഹോട്ടലിലെത്തിയ പൊലീസുകാർ, അവിടെവച്ച് ഒരു യുവാവ് സിഗററ്റ് വലിക്കുന്നത് ചോദ്യം ചെയ്തിരുന്നു. ഇവർ പൊലീസുകാരാണെന്ന് അറിയാതെ യുവാവ് വാക്കുതർക്കത്തിനു മുതിർന്നു. യുവാവിന്റെ ഒപ്പമുണ്ടായിരുന്നവരും സംഘടിച്ചതോടെ പൊലീസുകാരും ഇവരും തമ്മിൽ സംഘർഷമുണ്ടായി. ഒടുവിൽ കൂട്ടത്തിലുള്ള ഒരു യുവാവിനെ പൊലീസുകാർ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംഘർഷത്തിനിടെ അനൂപിന്റെ പോക്കറ്റിൽനിന്ന് ചാടിപ്പോയ ഫോൺ അരുൺ പ്രസാദ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അരുൺ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്കനാട് കോളനിക്കു സമീപമുള്ള ഗ്രൗണ്ടിൽവച്ചും റെയിൽവേ ട്രാക്കിനു സമീപത്തുവച്ചും ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. രണ്ടാം പ്രതി അഭിമന്യു, അരുൺ പ്രസാദിന്റെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നാം പ്രതി രാഹുൽ പാറക്കല്ലുകൊണ്ട് അരുണിന്റെ കൈമുട്ടിനും കാൽമുട്ടിനും ഇടിച്ചു പരിക്കേൽപ്പിച്ചു.

നാലാം പ്രതി അമൽ അരുണിന്റെ പുറത്തും ഇടത് കൈത്തോളിനും കമ്പുകൊണ്ട് അടിച്ചും പരുക്കേൽപ്പിച്ചു. ഇതിനു പുറമേ അനൂപും അഭിമന്യുവും ചേർന്ന് മുഖത്തും തലയ്ക്കും ഇടിച്ചതിനെ തുടർന്ന് അരുണിന്റെ വലത് ചെവിയുടെ ഡയഫ്രം പൊട്ടി. നാൽവർ സംഘം അരുണിന്റെ ആപ്പിൾ ഫോണും ടൈറ്റാൻ വാച്ചും തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.

കുപ്രസിദ്ധ ഗുണ്ടയായ അനൂപ് പതിനേഴോളം കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുള്ളയാളുമാണ്. നാലാം പ്രതി അമലും കാപ്പാ നിയമപ്രകാരം ജയിൽ വാസം അനുഭവിക്കുകയും നിലവിൽ ആലപ്പുഴ ജില്ലയിൽനിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തപ്പെട്ടയാളുമാണ്. ഇയാൾക്കെതിരെ കാപ്പാ നിയമം ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP