Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം

കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം

എം റിജു

ലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ലോഹിതാദാസിന്റെ രചനയിൽ, സിബി മലയിൽ സംവിധാനം ചെയ്ത, മോഹൻലാൽ, സേതുമാധവനായി നമ്മുടെ കണ്ണുകളുടെ ഈറണിയിപ്പിച്ച 'കിരീടം' എന്ന ക്ലാസിക്ക് ചിത്രം ഒരു വർഗീയ സിനിമയാണെന്ന് നിരൂപണം വന്ന നാടാണിത്! കിരീടത്തിലെ സേതുമാധവൻ നായർ ആണെന്നും, അയാളും ഫിലോമിന അവതരിപ്പിച്ച മുത്തശ്ശി കഥാപാത്രവുമായുള്ള സംഭാഷത്തിലുടെയൊക്കെ ജാതിപോഷണവും, തറവാടിത്ത മേന്മയുമാണ് കാണിക്കുന്നതെന്ന്, പ്രമുഖനായ ഒരു ബുദ്ധിജീവി, ഒരു പ്രമുഖ പോർട്ടലിലൂടെ തള്ളിമറച്ചത് ഈയിടെയാണ്. ഇയാൾ റാംജിറാവ് സ്പീക്കിങ്ങ് എന്ന ജനലക്ഷങ്ങൾ കണ്ട സിദ്ധീഖ് - ലാലിന്റെ ക്ലാസിക്ക് കോമഡി ചിത്രത്തിലും ജാതി കണ്ടെത്തി. സായികുമാർ അവതരിപ്പിച്ച ബാലകൃഷണൻ എന്ന കഥപാത്രം നായരാണെന്ന്! 'ഇൻ ഹരിഹർ നഗർ' എന്ന സിനിമ കണ്ട് പൊട്ടിച്ചിരിച്ചത് ജന ലക്ഷങ്ങളാണ്. പക്ഷേ അവർക്കാർക്കും തോന്നാത്തത് നമ്മുടെ ആധുനിക സിനിമാ പൊക നിരൂപകർക്ക് തോന്നി. ഹരിഹർ നഗറിന്റെ സെക്കൻഡ് പാർട്ടിൽ തോമസ്‌കുട്ടിയെന്ന ആശോകന്റെ കഥാപാത്രം വഞ്ചകനാവുന്നത് അയാൾ കൃസ്ത്യാനിയായതുകൊണ്ടാണെന്ന്!

മസ്തിഷ്‌ക്കം തകർന്നപോകുന്ന പൊ.ക വാദവും ( പൊളിറ്റിക്കൽ കറക്ട്നസ്സ്), ഇരവാദവും, തൊട്ടതിലും പിടിച്ചതിലും സവർണ്ണതയും ജാതിവാദവും കണ്ടെത്താൻ കഴിയുന്ന ഒരു കൂട്ടർ ബുദ്ധിജീവികളെന്ന് പറഞ്ഞ് നമ്മുടെ സിനിമകളെ മലീമസമാക്കുകയാണ്. മുമ്പൊക്കെ രഞ്ജിത്ത- ഷാജി കൈലാസ് സിനിമകളിലെ സവർണ്ണതയും, ന്യൂനപക്ഷ വിരുദ്ധതയുമൊക്കയായിരുന്നു ഇവരുടെ പ്രതിപാദ്യവിഷയം. പക്ഷേ അത് വന്ന് വന്ന് വളർന്ന് എന്തിനെയും ഭൂതക്കണ്ണാടിവെച്ച് ജാതിയും മതവും നോക്കി വിലയിരുത്തുന്ന രീതിയിൽ മാറിയിരിക്കുന്നു. എന്തിന് വയലാറിന്റെ സിനിമാ പാട്ടുകളിൽ പോലും പൊ.ക വാദം കണ്ടെത്തിയിട്ടുണ്ട് സണ്ണി കപിക്കാടിനെപ്പോലുള്ള ബുദ്ധിജീവികൾ. വയലാറിന്റെ ഗാനങ്ങളിൽ ഏറെയും സവർണ്ണ ബിംബങ്ങൾ ആണെന്നാണ് വിമർശനം. ഒരു ആയുഷ്‌ക്കാലം മുഴുവന ജാതീയതക്കും വർഗീയതക്കും എതിരെ എഴുതിയ, വയലാറിലെയാണ് അയാളുടെ സിനിമ ഗാനങ്ങളിൽ നാലഞ്ച്് ബിംബങ്ങളിൽ പിടിച്ച് സവർണ്ണനാക്കുന്നത്! എന്തിന് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലുംപോലും ഇത്തരക്കാരുടെ കാഴ്ചപ്പാടിൽ വെറും ചാണകമാണ്.

എന്തിലും ജാതിയും മതവും തിരുകിക്കയുറ്റുന്ന ഈ തീക്കളിയുടെ പാർശ്വഫലമാണ്, ഇപ്പോൾ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ ജിഹാദിയാക്കിക്കൊണ്ട് ഒരു വിഭാഗം സംഘപരിവാറുകാർ നടത്തുന്ന പ്രചാരണങ്ങൾ. 'പുഴു' എന്ന സിനിമയുടെ സംവിധായിക രീത്തിനയുടെ ഭർത്താവ് ഷർഷാദ് മറുനാടന മലയാളിയോട് നടത്തിയ വെളിപ്പെടുത്തലുക്ക് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിപിഎം നേതാക്കൾക്കും മലയാള സിനിമയിലെ മാഫിയാക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. പക്ഷെ നിർഭാഗ്യവശാൽ ചർച്ചകൾ പുഴു എന്ന സിനിമയെയും മമ്മൂട്ടി എന്ന നടനെയും ചുറ്റി കറങ്ങുകയാണ്. തന്റെ അഭിമുഖത്തിൽ എവിടെയും ഹർഷാദ് മമ്മൂട്ടി ജിഹാദിയാണെന്നോ ഒന്നും പറയുന്നില്ല. തന്റെ ഭാര്യ രത്തീന ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരു എക്സ്ട്രീം ഇസ്ലാമിസ്റ്റിന്റെതാണെന്നും, ഒരു സമുദായത്തിനെതിരെയുള്ള കണ്ടന്റുള്ള സാധനം ചെയ്യേണ്ടിയിരുന്നോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

ഈ 72ാം വയസ്സിൽ മമ്മൂട്ടിക്ക് തന്റെ മതേതരത്വം തെളിയിക്കേണ്ട കാര്യമമൊന്നുമില്ല. അദ്ദേഹത്തെ മലയാളി പൊതുസമൂഹത്തിന് നന്നായി അറിയാം. പക്ഷേ മലയാള സിനിമയിലേക്ക് സ്വത്വ രാഷ്ട്രീയവും, കൃത്യമായ സാമുദായിക പക്ഷപാതിത്വവും, കുത്തിക്കയറ്റിവിടുന്ന ഒരു വിഭാഗമുണ്ട്. മലയാള സിനിമയെ യഥാർത്ഥ ചൊറിയൻ പുഴക്കളെ നാം തിരിച്ചറിയേണ്ടതുണ്ട്.

സിനിമ വഴിയെത്തുന്ന സ്വത്വ രാഷ്ട്രീയം

മലയാള സിനിമയിലെ ഹിന്ദുത്വ പ്രോൽസാഹനം നാം ഏറെ ചർച്ചചെയ്തതാണ്. രഞ്ജിത്തിന്റെ ദേവാസുരം, ആറാംതമ്പുരാൻ സിനിമകൾ തൊട്ട്, ഒറ്റപ്പാലം വള്ളവനാടൻ ബെൽറ്റിനെയൊക്കെ നമ്മുടെ നിരൂപകർ എക്സ്പോസ് ചെയ്യാറുണ്ട്. ഈയിടെ ഉണ്ണിമുകന്ദന്റെ മേപ്പടിയാൻ, മാളികപ്പുറം, എന്നീ സിനിമകൾ ഹൈന്ദവ അജണ്ടകളുടെ പേരിൽ വിചാരണ ചെയ്യപ്പെട്ടു. പക്ഷേ പക്ഷേ 2015നുശേഷം മലയാള സിനിമയിൽ കയറിക്കൂടിയ ഇസ്ലാമിക സ്വത്വവാദികളെ വേണ്ടത്ര തുറന്ന് കാണിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സത്യത്തിൽ മമ്മൂട്ടിയെ കുടുക്കിയതു തന്നെ ഇത്തരം ഇസ്ലമോ- ലെഫ്റ്റായി മേമ്പൊടിയിടുന്ന മൂൻ സിമിക്കാരും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുമായ സിനിമാക്കാർ തന്നെയാണ്.

കെ എൽ പത്ത് എന്ന മുഹ്സിൻ പരാരി എഴുതിയ ചിത്രത്തിലുടെയാണ് ഇസ്ലാമിക സ്വത്വവാദം മലയാള സിനിമയിൽ കയറിക്കൂടുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് വി എസ് ശ്യാംലാൽ ഇങ്ങനെ എഴുതുന്നു. ''പുഴു, ഹലാൽ ലൗ സ്റ്റോറി, കർണ്ണ കഠോരമീ അണ്ഡകടാഹം, വൈറസ്സ്, 2018, തുടങ്ങിയ പടങ്ങളെല്ലാം തീവ്രമത മൗലിക വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ സിനിമാറ്റിക് പ്രോഡക്റ്റുകളാണ്. ഹർഷാദും, സക്കരിയും ഒക്കെ അവരുടെ ഗംഭീര ആശയ പ്രചാരകരുമാണ്. ഹലാൽ ലൗ സ്റ്റോറിയിലെ നായകനായ ഇന്ദ്രജിത്ത് സുകുമാരനോളം നിരപരാധിയാണ് ഇക്കാര്യത്തിൽ പ്രിയ മമ്മൂട്ടിക്കായും!''.

പുഴുവിന്റെ തിരക്കഥയെഴുതിയ ഹർഷാദ് മുൻ സിമിക്കാരനാണെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ വിമർശനം ഉണ്ടായിരുന്നു. തീവ്രവാദ പ്രവർത്തനം നടത്തുന്നത്തിന്റെ പേരിൽ നിരോധിച്ച സംഘടനയുടെ പ്രവർത്തകനെന്നത് കഴിഞ്ഞകാലമാവാം. ഇപ്പോഴും അയാൾക്ക് മാറാന കഴിന്നുണ്ടോ എന്നാണ് ചോദ്യം. പക്ഷേ ഈ ഇസ്ലാമോ ലെഫ്റ്റ് എന്ന് വിളിക്കുന്ന നവ സിനിമാപ്രവർത്തകരിൽ മാറ്റം ഉണ്ടാകുന്നില്ല. ഇരവാദവും, ഷുഡുവാദവും ഉയർത്തുകയാണ് ഇവർ സിനിമകളിലൂടെ ചെയ്യുന്നത്.

ഓൺലി ഹൈക്ലാസ് ഹിന്ദുത്വ വിമർശനമാണ് ഇത്തരക്കാരുടെ മറ്റൊരു പ്രത്യേകത. അവർ മൊത്തമായി വൺസൈഡ് നവോത്ഥാനവാദികളായിരിക്കും. ജനഗണമന എന്ന സിനിമതന്നെ ഉദാഹരണം. അതിനുശേഷ വന്ന ഡിജോയുടെ 'മലയാളി ഫ്രം ഇന്ത്യ' എന്ന ഷാരിസ് മുഹമ്മദ് എഴുതിയ ചിത്രം നോക്കുക. മതത്തെ വിമർശിക്കന്നുവെന്ന് വരുത്തി യഥാർത്ഥ മതം നന്മയാണെന്ന് പറയുകയാണ് ചിത്രം ചെയ്യുന്നത്. അത്തരത്തിലുള്ള ഡയലോഗുകളാൽ സമ്പന്നമാണ് സിനിമ.

ഇതാണ് മലയാള സിനിമ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നവും. ചൊറിയൻ പുഴുക്കളെപ്പോലെ, വൺസൈഡ് നവോത്ഥാനവാദവും, സ്വത്വവാദവും, ഇരവാദവും ഒളിച്ചുകടത്തുന്ന ഒരു സംഘം എഴുത്തുകാരും, സംവിധായകരും ഇവിടെയുണ്ടെന്ന് പച്ചക്ക് പറയേണ്ടിയിക്കുന്നു. മമ്മൂട്ടിയടക്കമുള്ള മഹാനടന്മാരെ കുഴിയിൽ ചാടിക്കുന്നത് അവരാണ്.

പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്

ഈ സ്വത്വവാദ ഗ്രൂപ്പുകൾ എല്ലാം കൂടി ഉണ്ടാക്കുന്ന വാരിയൻ കുന്നൻ എന്ന സിനിമയുണ്ടാക്കിയ വിവാദം മലയാള സിനിമയിൽ വലിയ വിഭാഗീയതയുണ്ടാക്കിയിരുന്നു. വാരിയൻ കുന്നൻെ വിപ്ലവകാരിയാക്കിയാണ് ഇവർ അവതരിപ്പിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം വന്നതോടെയാണ് നടൻ പൃഥ്വിരാജും സംവിധായകൻ ആഷിക് അബുവും പിന്മാറിയത്. നിർമ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പിന്മാറ്റമെന്ന് അവർ പറഞ്ഞിരുന്നുവെങ്കിലും പ്രശനം ആശയപരമാണെന്ന് വ്യക്തമാണ്.

മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

തുടർന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നൻ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്. ബ്രിട്ടീഷുകാരുമായുള്ള ഒറ്റ ഏറ്റുമുട്ടലിലും വാരിയൻകുന്നൻ പങ്കെടുത്തിട്ടില്ലെന്നും, മലയാള നാട് അല്ല 'വിശുദ്ധ രാഷ്ട്രം' എന്ന് അർഥം വരുന്ന 'അൽ ദൗള' എന്നായിരുന്നു അദ്ദേഹത്തിന്റെ രാജ്യത്തിന്റെ പേര് എന്നും സോഷ്യൽ മീഡിയിൽ സ്വതന്ത്രചിന്തകർ അടക്കം സ്ഥാപിച്ചിരുന്നു.

പരുന്ത് പറക്കുന്ന കരിങ്കൊടിയായിരുന്നു പതാക, തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന 'ഫെസ്' എന്ന ചുവന്ന തൊപ്പിയായിരുന്നു കിരീടം. ഇന്ത്യക്ക് വേണ്ടിയല്ല തുർക്കിക്ക് വേണ്ടിയായിരുന്നു ആ സമരം എന്നും അവർ വ്യക്മാക്കിയിരുന്നു. മതഭ്രാന്തന്മാരുടെ ലഹളയെ അവർ കാർഷിക വിപ്ലവമാക്കി മാറ്റുകയായിരുന്നുവെന്നും വിമർശനം വന്നു. ആയിക്കണക്കിന് ഹിന്ദുക്കളുടെ കൂട്ടക്കൊലക്ക് കാരണക്കാരനായ, സ്ത്രീകളെ ബലാത്സഗം ചെയ്യുകയും, മതംമാറാൻ കൂട്ടാക്കാത്തവരെ വെട്ടിക്കൊല്ലുകയും ചെയ്ത ഒരു ക്രൂരന്റെ കഥയാണോ നിങ്ങൾ സിനിമയാക്കുന്നത് എന്ന ചോദ്യം വ്യാപകമായി. ഇതോടെയാണ് പൃഥി പ്രൊജക്റ്റിൽനിന്ന് തടിയൂരിയത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ് മുൻകാല ഫേസ്‌ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയായി. ആഷിക്ക് അബു പൃഥ്വീരാജിനെ നായകനാക്കി വാരിയം കുന്നൻ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം തിരക്കഥാ ടീമിൽ ഉണ്ടായിരുന്നു ആളാണ് റമീസ്. അതോടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിച്ച് ഇയാൾ മുൻകാലത്ത് ഇട്ട പല പോസ്റ്റുകളും ചിലർ കുത്തിപ്പൊക്കി. അതോടെ ആഷിക്ക് അബു തിരക്കഥാ ടീമിൽനിന്ന് റമീസിനെ മാറ്റി നിർത്തുകയായിരുന്നു. ഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്‌ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിൽ അലിഅക്‌ബറിന്റെ സിനിമ മാത്രമാണ് നടന്നത്.

അതിനിടെ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ കിട്ടിയെന്ന് പറഞ്ഞും റമീസ് മുഹമ്മദ് വാർത്തകളിൽ നിറഞ്ഞു. വാരിയം കുന്നന്നന്റെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തിയുള്ള ജീവചരിത്രമാണ് മലപ്പുറത്ത് പ്രകാശനം ചെയ്യപ്പെട്ടത്. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം രചിച്ചത് തിരക്കഥാകൃത്ത്കൂടിയായ റമീസ് മുഹമ്മദ് ആണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞു. 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിലാണ് ഫോട്ടോ അവതരിക്കപ്പെട്ടത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. പക്ഷേ ഈ ഫോട്ടോ വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. വിക്കിപീഡിയ അടക്കം അത് നീക്കം ചെയ്യുകയും ചെയ്തു.

പുഴുവിന്റെ ടോക്സിക്ക് പൊളിറ്റിക്സ്

2022-ൽ ഇറങ്ങിയ പുഴു എന്ന സിനിമയുടെ ടോക്സിക്ക് രാഷ്ട്രീയം അന്നുതന്നെ ചർച്ചയായിരുന്നു. പക്ഷേ അത് ഇത്രമാത്രം വിവാദമാകുന്നത് ഇപ്പോഴാണെന്ന് മാത്രം. ജാതിരാഷ്ട്രീയം, പാട്രിയാർക്കൽ സമൂഹം, ഭരണകൂട ഭീകരത, എന്നിവയൊക്കെ കഥയിൽ സ്വാഭാവികമായി കലരുന്നതിന് പകരം, പലയിടത്തും ഈ ആശയം പറയാൻ വേണ്ടി കഥയുണ്ടാക്കിയതായി തോന്നിയിട്ടുണ്ട്്. 'ജന ഗണ മന' എന്ന പൃഥ്വിരാജ് ചിത്രത്തിനും ഇതേ പൊളിറ്റിക്സിന്റെ ഓവർഡോസ് പ്രകടമായിരുന്നു.

'പുഴുവിലെ' ഒരു രംഗം നോക്കുക. നായകനായ കുട്ടൻ (മമ്മൂട്ടി), ദലിതനെ വിവാഹം കഴിച്ച തന്റെ സഹോദരി താൻ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥനാവുന്നു. അയാൾ ഉടനെ ഫ്ളാറ്റ് സെക്രട്ടറിയായ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തെക്കണ്ട് ചോദിക്കയാണ്, -''ഈ ഫ്ളാറ്റ് നമ്മുടെ ആൾക്കാർക്ക് മാത്രമേ കൊടുക്കു എന്നാണെല്ലോ പറഞ്ഞത്''. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ നോക്കുമ്പോൾ എത്ര അയഥാർഥ്യമായ കാര്യമാണിത്. കേരളത്തിൽ എവിടെയെങ്കിലും ബ്രാഹ്മണർക്ക് മാത്രമായി ഫ്ളാറ്റുകൾ ഉണ്ടോ. ജനസംഖ്യയിൽ ന്യൂനപക്ഷമായ ഈ സമുഹം പൊതുവെ ഫ്ളാറ്റുകളിൽ താമസിക്കാൻ താൽപ്പര്യപ്പെടുന്നവർ പോലുമല്ല. കൽപ്പാത്തി അഗ്രഹാരത്തിൽ ഒക്കെ പോയാൽ അറിയാം, യുവാക്കൾ എല്ലാം വിദേശത്ത് ജോലിതേടി പോയതോടെ വൃദ്ധ സദനങ്ങൾക്ക് സമാനമാണ് അവിടം. പക്ഷേ ചിത്രം മുബൈയിലൊക്കെ മുസ്ലീങ്ങൾക്ക് വാടകക്ക് വീടുകിട്ടാനില്ലാത്തതുപോലെയുള്ള ഒരു പൊളിറ്റിക്സ് കേരളത്തിലേക്ക് കൊണ്ടുവരികയാണ്.

ഒരു അപ്പാർട്ട്മെന്റ് സമുച്ചയം ആകെ സ്വജാതീയമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ബ്രാഹ്മിൺ കമ്മ്യുണിറ്റി പവർ കേരളത്തിൽ എവിടെയാണുള്ളത്. ജനസംഖ്യ കുത്തനെ ഇടിയുന്ന ഒരു സമൂഹമാണത്. മറക്കുടയെടുത്തുള്ള ഫോട്ടോഷൂട്ട് തൊട്ട്, വിവാഹ രജിസ്ട്രേഷന് പോയ മിശ്ര വിവാഹിതരോട് 'കാക്ക തേങ്ങപ്പൂൾ കൊത്തിയത് പോലെ' എന്നു മുഖത്തു നോക്കി പറയുന്ന സർക്കാർ ഉദ്യോഗസ്ഥർ രെയുള്ള പല സീനുകളും ജാതീയമായ ഇങ്ങനെ പ്രോപ്പാഗാണ്ടക്ക് വേണ്ടി കഷ്ടപ്പട്ട് ഉണ്ടാക്കിയപോലെ തോന്നുന്നുണ്ട്. ഏറ്റവും രസം ബ്രാഹ്മണ സമുദായത്തിൽനിന്ന് യാതൊരു ജാതിബോധുമില്ലാതെ, ദലിതനായ കലാകാരനെ പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യക്കൊപ്പം ഇരുന്നുകൊണ്ടാണ്, സമൂഹം മാറില്ല എന്ന ഡയലോഗൊക്കെ നാടകക്കാരൻ പറയുന്നത്!

സത്യത്തിൽ കേരളീയ പൊതു സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന ഒന്നാണ് ജാതി. അത് പ്രകടമായി പറയാൻ പഴയതുപോലെ ആളുകൾക്ക് മടിയാണ്. പക്ഷേ ഈ സിനിമ പറയുന്നത് കറുത്തതിന്റെ പേരിലും ജാതിയുടെപേരിലും സർക്കാർ ഉദ്യോസ്ഥർ തൊട്ട്, വീട്ടുടമവരെ വിവേചനം കാട്ടുമെന്നാണ്. ദുരഭിമാനക്കൊലപോലുമുണ്ട്. ആ അർഥത്തിൽ തീർത്തും റിഗ്രസ്സീവായ, അമാനവികമായ, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഒരു പൊളിറ്റിക്സാണ് പുഴു മുന്നോട്ടുവെക്കുന്നത്. അവസാനം പ്രതീക്ഷിച്ചപോലെ അത് ഒരു ഇസ്ലാമോഫോബിയ ചാപ്പയിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്.

 

നായകനായ കുട്ടൻ അയാളുടെ മസ്തിഷ്‌ക്കത്തിലേക്ക് ചെറുപ്പം മുതലേ അടിച്ചേൽപ്പിക്കപ്പെട്ട ജാതിയുടെയും മതത്തിന്റെയും ഇരയാണ് സത്യത്തിൽ. അത് കൃത്യമായി ചിത്രീകരിക്കാൻ സിനിമക്കാവുന്നില്ല. അതാണ് ഈ പടത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽവന്ന പരാജയം. ബ്രാഹ്മണിക്കൽ ഹെജിമണി, ബ്രാഹ്മണിക്കൽ പാട്രിയാർക്കി എന്നൊക്കെ പറഞ്ഞ് വലിയ ബഹളങ്ങൾ ഉണ്ടാക്കുന്ന സ്യൂഡോ ബുജികൾക്ക്, അതി ഗംഭീരമായ ഊർജം പകരുന്ന ഒരു സിനിമയാണ് ഇത്. പെടോൾ ഒഴിച്ചുകൊണ്ട് തീ കൊടുത്താനാവില്ല എന്ന് പറഞ്ഞതുപോലെ, എവിടെയും ജാതിയുണ്ടെന്ന് ആരോപിച്ചുകൊണ്ട് ജാതി നിർമ്മാർജനം നടപ്പാവില്ല. പുരോഗമനം എന്ന പേരിൽ എടുത്ത ചിത്രം പക്ഷേ ഈ ആംഗിളിൽ പിന്തിരിപ്പനായിപ്പോവുകയാണ്.

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും തിരിച്ചറിയാവുന്ന രീതിയിൽ പ്രകടമായിരുന്നു പുഴുവിനെ വിഭാഗീയ രാഷ്ട്രീയം. ഒരു പൊളിറ്റിക്സും ഒളിച്ചു കടത്തുകയായിരുന്നില്ല പരസ്യമായി പറയകുയാണ് ചിത്രം ചെയ്തത്. ഇവിടെയാണ് മമ്മൂട്ടിയുടെ ഇൻവോൾവ്മെന്റ് സംശയാസ്പദമാവുന്നത്. കാരണം മോഹൻലാലിനെയൊക്കെപ്പോലെ, ഡയറക്ടറെയും, സ്‌ക്രിപ്റ്റ് റൈറ്ററെയും പൂർണ്ണമായി വിശ്വസിച്ച് സിനിമ ചെയ്യുന്ന ആളല്ല മമ്മൂട്ടി. ഒരു സക്രിപിറ്റിന്റെ നൂറുകൊല്ലം മുന്നോട്ടും പിന്നോട്ടും പഠിച്ചാണ് അദ്ദേഹം സിനിമ ചെയ്യുക. 57-നുശേഷം നാളിതുവരെ കേരളത്തിലുണ്ടായ ഒരു ജാതിക്കൊലയിലും ഒരു ബ്രാഹ്മണനും പ്രതിയായിട്ടില്ല. കെവിൻ കൊലക്കേസ് തൊട്ടുള്ളവ എടുത്തുനോക്കാം. ജാതിക്കൊല ഭീകരമായ തമിഴ്‌നാട്ടിലും, ഒബിസി സബ്കാസ്റ്റുകൾ തമ്മിലാണ് കൊല നടക്കാറുള്ളത്. പിന്നെ എന്തിനാണ്, കേരളത്തിൽ ഇല്ലാത്ത ഒരു പ്രശ്നം കുത്തിപ്പൊക്കി, വെറും ഒരു ശതമാനംപോലുമില്ലാത്ത ഒരു സമുദായത്തെ പ്രശ്നവത്ക്കരിക്കുന്നത് എന്ന നിർണ്ണയാകമായ ചോദ്യം, മമ്മൂട്ടിയും ചോദിച്ചില്ല. അല്ലെങ്കിൽ അദ്ദേഹം അതിന്റെ രചയിതാക്കളെ കണ്ണടച്ച് വിശ്വസിച്ചു. അതിനുള്ള 'ശിക്ഷയാണ്' ഇപ്പോൾ ഈ മഹാനാടൻ ഏറ്റുവാങ്ങുന്നതും.

സുലൈഖാ മൻസിലും അണ്ഡകടാഹവും!

പുഴു പോലെ ടൊക്സിക്ക് അല്ലെങ്കിലും ഇരവാദവും, സ്വത്വവാദവും ഒളിച്ചുകടത്തുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. കെ എൽ 10 തൊട്ട്, സുഡാനി ഫ്രം നൈജീരിയ, സുലൈഖാ മൻസിൽ, കഠിനകഠോരം ഈ അണ്ഡകടാഹം തുടങ്ങിയ ഒരുപാട് സിനിമകളിൽ ഇവ രഹസ്യ അജണ്ടയായി വരുന്നുണ്ടെന്ന് വിമർശിക്കപ്പെടുന്നുണ്ട്. കഠിനകഠോരം ഈ അണ്ഡകടാഹം എന്ന സിനിമയെക്കുറിച്ച് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു.- '' ഹർഷദ് തിരക്കഥ എഴുതി മുഹസിൻ സംവിധാനം ചെയ്ത കഠിനകഠോരമീ അണ്ഡകടാഹം എന്ന സിനിമ, അടുത്തകാലത്ത് ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ്. ഹൃദയമുള്ളവർക്ക് കണ്ണീരോടെയല്ലാതെ ആ സിനിമ കണ്ടിരിക്കാൻ കഴിയില്ല. കൊറോണയുടെ പേരിൽ മനുഷ്യനെ ദുരിതത്തിലും സങ്കടത്തിലുമാക്കിയ, ഭരണാധികാരികളോടുള്ള പ്രതിഷേധവും പ്രതികാരവുമാണ് ആ സിനിമ. അതാണ് നിഷ്‌ക്കളങ്കമെന്ന് ഒറ്റക്കാഴ്ചയിൽ തോനുന്ന ആ സിനിമയുടെ രാഷ്ട്രീയം, കഠിനവും കഠോരവുമാണ്. മീഡിയവണ്ണിൽ പ്രമോദ് രാമനോട്, ആഷിക് പറയുന്ന, സ്വത്വരാഷ്ട്രീയ സിനിമകളുടെ തുടക്കക്കാരനാണ് ഹർഷദ് എന്ന് മനസ്സിലാക്കുമ്പോൾ ആ രാഷ്ട്രീയം പിടികിട്ടും.

രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. അതിനെതിരെ സ്വീകരിക്കേണ്ട നിലപാട് ആദ്യമായി വ്യക്തമാക്കിയത് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തിരൂരിൽ സംഘടിത നമസ്്ക്കാരത്തിന് നേതൃത്വം നൽകിയ ജമാഅത്തുകാരനായ ഡോ്കടറെയും ഓർക്കുക. കോവിഡിനെതിരെ ഭരണകൂടം ഏർപ്പെടുത്തിയ, പ്രോട്ടോക്കോളും നിയന്ത്രണങ്ങളും, മനുഷ്യത്വവിരുദ്ധവും, ദൈവ വിരുദ്ധവുമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. ആ വിശ്വാസത്തിന്റെ പ്രൊപ്പഗാൻഡയാണ് ഈ സിനിമ''- സാദിഖ് ചൂണ്ടിക്കാട്ടുന്നു.

''കഠിനകടോരമീ അണ്ഡകടാഹത്തിലെ നായകനായ ബേസിൽ ജോസഫിന്റെ ബച്ചു മാസ്‌ക്കിനെ പുച്ഛിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനാവശ്യവും മനുഷ്യത്വവിരുദ്ധവുമായിരുന്നെന്ന് സിനിമ പറഞ്ഞുവെക്കുന്നു. ....... കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ പരിചരിക്കാനോ, അവസാനമായി ഒരുനോക്ക് കാണാനോ, കഴിയാതെ സങ്കടപ്പെട്ട് കഴിയുന്ന അസംഖ്യം മനുഷ്യരുണ്ട്. അവരെ ഒന്നടങ്കം ഭരണകൂട വിരുദ്ധരാക്കുക, എന്ന രാഷ്ട്രീയത്തോടൊപ്പം, രോഗസംബന്ധമായ മതനിലപാട് അരക്കിട്ട് ഉറപ്പിക്കകൂടിയാണ് ഈ സിനിമ ചെയ്യുന്നത്''- സാദിഖ് ചൂണ്ടിക്കാട്ടുന്നു.

അതുപോലെ അങ്ങേയറ്റം പാട്രിയാർക്കലായ ഒരു സമുഹത്തിൽ നടക്കുന്ന മതവെളുപ്പിക്കലുകളും നോക്കണം. സ്ത്രീകളെ പർദക്കുള്ളിലാക്കുന്ന ആശയത്തെ വിമർശിക്കാതെ, ബഹുഭാര്യാത്വത്തിന്റെ കാരണങ്ങൾ പറയാതെ, മതത്തെ തലോടിക്കടന്നുപോവുന്ന സിനിമകളെ, എന്തിന്റെയും രാഷ്ട്രീയം ചർച്ചചെയ്യുന്ന ഈ സോ കോൾഡ് പുരോഗമനവാദികൾ വിമർശിക്കാത്താണ് ചോദ്യം ചെയ്യപ്പെടുന്നത്. സുഡാനി ഫ്രം നൈജീരിയ, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ നമുക്ക് ഈ അജണ്ട കാണാം.


ലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല

സിനിമയെന്നാൽ സംവിധായകന്റെ കലയാണ് എന്നാണ് പൊതുവെ പറയുക. അതുകൊണ്ട് തന്നെ ആ സിനിമയുടെ രാഷ്ട്രീയത്തിന് അതിൽ അഭിനയിച്ചവർ ഉത്തരവാദിയല്ല. ആറാം തമ്പുരാനിലെയും, നരസിംഹത്തിലെയും സവർണ്ണതക്ക് ഉത്തരവാദി അതിന്റെ എഴുത്തുകാരനായ രഞ്ജിത്തും, സംവിധായകൻ ഷാജി കൈലാസുമാണ്. അതുപോലെ പുഴുവിന്റെ ടോക്സിക്ക് രാഷ്ട്രീയത്തിന് ഉത്തരവാദി മമ്മൂട്ടിയല്ല, അതിന്റെ ഡയറ്ക്ടർ രത്തീനിയും, എഴുത്തുകാരൻ ഹർഷദുമാണ്.

മാത്രമല്ല മമ്മൂട്ടി എന്ന അതുല്യനടന്റെ നാളിതുവരെയുള്ള കരിയർ നോക്കിയാൽ അദ്ദേഹം എന്നും മതേതരപക്ഷത്താണ് നിലകൊണ്ടത്. മുമ്പ് ധ്രുവം എന്ന ജോഷി സിനിമയിൽ 'നരസിഹ മന്നാടിയാർ' എന്ന സവർണ്ണ കഥാപാത്രത്തെ സൃഷ്ടിച്ചതിന് നമ്മുടെ അബ്ദുൽനാസർ മദ്നി ഒരു പ്രസംഗത്തിനിടെ അദ്ദേഹത്തെ വിമർശിച്ചിരുന്നു. 'സിബിഐ ഡയറിക്കുറിപ്പ്' എഴുതിയപ്പോൾ അലി ഇമ്രാൻ എന്നായിരുന്ന അതിന്റെ നായകന് പേരിട്ടത് എന്നും മമ്മൂട്ടി പറഞ്ഞിട്ടാണ് അതിനെ സേതുരാമയ്യർ ആക്കിയത് എന്നു എസ്എൻ സ്വാമി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ആ കഥാപാത്രത്തിന്റെ മുഡ് മാത്രമാണ് അവിടെ നോക്കിയത്.

പാലേരിമാണിക്യത്തിലെ, സ്ത്രീലമ്പടനായ മുരിക്കിൻകുന്നത് അഹമ്മദ് ഹാജി എന്ന മുസ്ലിം കഥാപാത്രം മമ്മൂട്ടി രഞ്ജിത്തിനോട് ചോദിച്ചു വാങ്ങിച്ച കഥാപാത്രമാണ്. അത് രഞ്ജിത്തും പറഞ്ഞിട്ടുണ്ട്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ അങ്ങോട്ട് തേടിപ്പോവുന്ന അതുല്യ കലാകാരനാണ് മലയാളത്തിന്റെ മമ്മൂട്ടി. അപുഴു സിനിമയിലെ ജാതിസ്പിരിറ്റ് ഉള്ള കഥാപാത്രവും അങ്ങനെ തന്നെ ചെയ്തതാണ്. അതിന്റെ ക്ലൈമാക്സിലൊക്കെ മമ്മൂട്ടി എന്ന നടന്റെ റേഞ്ച് പ്രേക്ഷകന് മനസ്സിലാവും. അഹമ്മദ് ഹാജി ഇറങ്ങിയപ്പോൾ ആരും മമ്മൂട്ടിയെ മുസ്ലിം വിരോധിയോ വർഗീയവാദിയോ ആക്കിയില്ല. ഇപ്പോൾ പുഴവിന്റെ പേരിൽ മമ്മൂട്ടിയെ ജിഹാദിയാക്കുന്നവർ യാഥാർത്ഥ പ്രശ്നങ്ങളെ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ ചർച്ചചെയ്യേണ്ട പ്രശ്നം, മലയാള സിനിമയും രാഷ്ട്രീയത്തിലും ഒരുപോലെ കടന്നുകൂടിയ ദല്ലാൾ- മാഫിയാ സംഘമാണ്.

ഇന്ന് മമ്മൂട്ടിയെ ജിഹാദിയാക്കി എന്ന് പറഞ്ഞ് തുള്ളുന്നവിൽ നല്ലൊരു പങ്കും, മോഹൻലാലിലെ സംഘിയും ചാണകവും ആക്കുമ്പോൾ ലൈക്കടിക്കുന്നവരാണ്. ക്ഷേത്ര ദർശനം നടത്തിയതുകൊണ്ടോ, എന്തെങ്കിലും ചടങ്ങിലോ പങ്കെടുത്താൽ ഉടനെ സങ്കി ചാപ്പ അടിച്ചുകൊടുക്കുന്ന ഒരു നാടാണ് നമ്മുടേത്. മമ്മൂട്ടിയെപ്പോലെ ഒരു വിശ്വാസിയാണെങ്കിലും നാളിതുവരെ കേരളത്തിന്റെ മതേതര ഫാബ്രിക്കിന് പരിക്കേൽപ്പിക്കുന്ന ഒരു പ്രസ്താവനയും ഈ നടന്റെ ഭാഗത്തുനിന്നുണ്ടായിട്ടിട്ടില്ല. അഞ്ച് നേരം നിസ്‌കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല. മറിച്ചു സ്വന്തം വിശ്വാസം പുലർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കൂടി കഴിയണം. മമ്മൂട്ടിക്കും മോഹൻലാലിന് ഇത് കഴിയുന്നവരാണ്. അവരല്ല മലയാള സിനിമയിലെ ചൊറിയൻ പുഴുക്കൾ. സിനിമയിൽ ഹിന്ദുത്വ അജണ്ടയുമായി വരുന്നവരെ വിമർശിക്കുന്ന അതേ ശക്തിയിൽ, സ്വത്വരാഷ്ട്രീയവും, ഇരവാദവും ഒളിച്ചുകടത്തുന്നരെ വിമർശിക്കാൻ കഴിയണം. ഈ ചൊറിയൻ പുഴൂക്കളെ ഒറ്റപ്പെടുത്താൻ കഴിയണം.

വാൽക്കഷ്ണം: സിനിമക്ക് നടത്തുന്ന ശുദ്ധീകരണ പക്രിയകൂടി കാണാതെപോവരുത്. ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പാക്കുന്നുവെന്ന് ആദ്യകാലത്ത് വിമർശിക്കപ്പെട്ട മഹുസിൻ പരാരി 'തല്ലുമാല'പോലുള്ള തീർത്തും സെക്കുലർ ആയ പടങ്ങളിലേക്കാണ് മാറുന്നത്. അതേരീതിയിൽ, ഈ സ്വത്വരാഷ്ട്രീയക്കാരെയും ശുദ്ധീകരിക്കാൻ സിനിമക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP